അപ്പൂസിനെയെടുത്ത് തോളിലിട്ട്, ആശ്വസിപ്പിക്കാൻ ശരണ്യ ആവത് ശ്രമിച്ചെങ്കിലും, അത് ഫലവത്തായില്ല…

രചന: സജി തൈപ്പറമ്പ്

::::::::::::::::::::::::

മണി ,നാലരകഴിഞ്ഞിട്ടും, അപ്പൂസിൻ്റെയമ്മ, അവനെ കൂട്ടികൊണ്ട് പോകാൻ വന്നിട്ടില്ല.

വിശന്നിട്ടാണെന്ന് തോന്നുന്നു, അവൻ വാശി പിടിച്ചുള്ള കരച്ചില് തുടങ്ങി ,എന്നും നാല് മണിക്ക് മുമ്പ് തന്നെ അവൻ്റെയമ്മ വന്ന്, പ്ളേ സ്കൂളിൽ നിന്ന്, അവനെ കൂട്ടികൊണ്ട് പോകാറുള്ളതാണ്.

അപ്പൂസിനെയെടുത്ത് തോളിലിട്ട്, ആശ്വസിപ്പിക്കാൻ ശരണ്യ ആവത് ശ്രമിച്ചെങ്കിലും, അത് ഫലവത്തായില്ല.

“മോന് ഇങ്ക് വേണോടാ ,മോൻ്റെ മമ്മി ഇപ്പം വരുമല്ലോ ,കരയണ്ടാട്ടോ”

പക്ഷേ, അത് കൊണ്ടൊന്നും അപ്പൂസ് അടങ്ങിയില്ല ,ആ ഒന്നര വയസ്സുകാരൻ പാല് കുടിക്കാനായി, ശരണ്യയുടെ മാ റിടത്തിൽ പരതി കൊണ്ടിരുന്നു.

അത് കണ്ട് അവളുടെ അമ്മ മനം തേങ്ങി ,രണ്ട് വയസ്സായ സ്വന്തം കുഞ്ഞിൻ്റെ മു ലകുടി മാറ്റാൻ, കാഞ്ഞിരക്കുരു അരച്ച് പുരട്ടിയിരുന്ന, മു ലക്കാ മ്പുകൾ, പാല് ചുരത്താൻ വെമ്പൽ കൊണ്ടു.

ഒടുവിലവൾ, അപ്പൂസിനെയും കൊണ്ട്, സ്കൂളിനകത്ത് തിരിച്ച് കയറിയിട്ട്, അവൻ്റെ ദാഹിച്ച് വരണ്ടുണങ്ങിയ ഇളം ചുണ്ടുകളിലേക്ക്, മുലഞെട്ട് വച്ച് കൊടുത്തു.

കിനിഞ്ഞിറങ്ങിയ മു ല പ്പാലവൻ, ആർത്തിയോടെ നുണഞ്ഞു.

പതിയെ പതിയെ, അവൻ്റെ ഏങ്ങലടി നിന്നു ,അവൻ്റെ കുഞ്ഞിക്കണ്ണുകൾ തിളങ്ങി.

“ശരണ്യേ ..”

ഒരലർച്ച കേട്ടാണവൾ, വാതില്ക്കലേക്ക് നോക്കിയത്.

അപ്പൂസിൻ്റെ മമ്മി, വേദിക, ഉഗ്രരൂപിണിയെ പോലെ നില്ക്കുന്നത് കണ്ടപ്പോൾ ,ശരണ്യ വല്ലാതെയായി.

“ങ്ഹാ മേഡം വന്നോ ? ഞാനിത്ര നേരവും റോഡിലിറങ്ങി നില്ക്കുവായിരുന്നു, പക്ഷേ കുഞ്ഞ് വിശന്ന് തളർന്നപ്പോൾ, അവൻ്റെ കരച്ചിലടക്കാൻ വേണ്ടി ,ഞാനവന് പാല് കൊടുക്കുകയായിരുന്നു”

“എൻ്റെ കുഞ്ഞിന് പാല് കൊടുക്കാൻ ,നിന്നോടാര് പറഞ്ഞെടീ.. അവന് വിശക്കുമ്പോൾ കൊടുക്കാൻ, ഞാൻ കുപ്പിപ്പാല് കൊണ്ട് തന്നില്ലായിരുന്നോ? പിന്നെന്തിനാടീ…നിൻ്റെയീ പുഴുത്ത മുല, എൻ്റെ കൊച്ചിൻ്റെ വായിൽ വച്ച് കൊടുത്തത്, നിനക്കൊക്കെ എന്തെങ്കിലും അസുഖമുണ്ടോന്നാർക്കറിയാം”

രോഷത്തോടെ ശരണ്യയുടെ കൈയ്യിൽ നിന്നും, കുഞ്ഞിനെ പിടിച്ച് വാങ്ങി, വേദിക അവൻ്റെ ചിറികൾ ,കർച്ചീഫ് കൊണ്ടമർത്തിത്തുടച്ചു.

“അയ്യോ മാഡം , കുപ്പിപ്പാല് പിരിഞ്ഞ് പോയിരുന്നു ,ആ സമയത്ത് അവൻ മു ലപ്പാ ലിന് വേണ്ടി നിർബന്ധം പിടിച്ചത് കൊണ്ടാ ഞാൻ..”

“നിർത്തെടീ .. നിൻ്റെ വേഷംകെട്ടൊന്നും എൻ്റെയടുത്ത് വേണ്ട ,നിൻ്റെ മേഡമെവിടെ, സൂസൻ? ഞാനവളോട് ചോദിക്കട്ടെ, ഇവിടെ കെയറിങ്ങിനായി കൊണ്ട് വിടുന്ന കുട്ടികൾക്കെല്ലാം, മു ല പ്പാല് കൊടുക്കാനാണോ നിന്നെയൊക്കെ നിർത്തിയിരിക്കുന്നതെന്ന്, അങ്ങനെയാണെങ്കിൽ, എൻ്റെ കുഞ്ഞിനെ ഞാൻ ,നാളെ മുതൽ വേറെ ഡേ കെയറിൽ ആക്കിക്കൊള്ളാം”

വേദിക കലി തുള്ളിക്കൊണ്ട് ചോദിച്ചു.

“അയ്യോ മേഡം , സൂസൻമേഡം പുറത്ത് പോയിരിക്കുവാ ,ദയവ് ചെയ്ത് എന്നോട് ഇപ്രാവശ്യത്തേക്കൊന്ന് ക്ഷമിക്കണം ,ഇനി ഞാനിത് ആവർത്തിക്കില്ല ,ഈയൊരു വരുമാനം കൊണ്ടാണ് വിധവയായ ഞാൻ, എൻ്റെ രണ്ട് കുഞ്ഞുങ്ങളെ വളർത്തുന്നത്, എന്നെ ജീവിക്കാൻ അനുവദിക്കണം, പ്ളീസ്..

അതും പറഞ്ഞ് കരഞ്ഞ് കൊണ്ട്, ശരണ്യ വേദികയുടെ കാലിൽ വീണു.

അവളെ അവഗണിച്ച് കൊണ്ട് ,അമർഷത്തോടെ വേദിക അപ്പൂസിനെയും കൊണ്ട്, താൻ വന്ന കാറിൽ കയറി, ഓടിച്ച് പോയി.

രാത്രിയിൽ അത്താഴം വിളമ്പി, മക്കൾക്ക് കൊടുത്ത് കൊണ്ടിരുന്നപ്പോഴാണ്, ശരണ്യയെ ഡേ കെയറിലെ സൂസൻ വിളിക്കുന്നത്.

ഒരു ഞെട്ടലോടെയാണ് അവൾ ഫോൺ അറ്റൻറ് ചെയ്തത്.

“ങ്ഹാ ശരണ്യേ… നീ എത്രയും വേഗം ഇവിടെവരെയൊന്ന് വരണം, ബാക്കി വന്നിട്ട് പറയാം”

അത്രയും പറഞ്ഞ്, ഫോൺ കട്ടായപ്പോൾ, ശരണ്യക്ക് മനസ്സിലായി,വേദിക മാഡം കംപ്ളയിൻറ് ചെയ്തിട്ടുണ്ടെന്നും ,അതിന് തന്നോട് വിശദീകരണം ചോദിക്കാനാണ് ഈ വിളിക്കുന്നതെന്നും, എന്തായാലും തൻ്റെ ജോലി പോകുമെന്ന് അവൾക്ക് മനസ്സിലായി.

നഷ്ടബോധത്തോടെ ശരണ്യ, മക്കളെ അടുത്ത വീട്ടിലേല്പിച്ചിട്ട്, ഡേകെയറിലേക്ക് ചെന്നു.

റോഡരികിൽ, വേദികയുടെ കാറ് കിടക്കുന്നത് കണ്ടപ്പോൾ, തൻ്റെ ഊഹം ശരിയാണെന്ന് അവളുറപ്പിച്ചു.

നെഞ്ചിടിപ്പിൻ്റെ ദ്രുതതാളം, സ്വന്തം ചെവിയിൽ മുഴങ്ങുന്നത് കേട്ട് കൊണ്ട്, അവൾ അകത്തേയ്ക്ക് ചെന്നു.

വേദികയുടെ മടിയിലിരുന്ന കുഞ്ഞ്, ശരണ്യയെ കണ്ടയുടനെ, കരഞ്ഞ് കൊണ്ട് അവളുടെ നേരെ രണ്ട് കൈയ്യും നീട്ടി.

എന്ത് ചെയ്യണമെന്നറിയാതെ ശരണ്യ, വേദികയെയും സൂസനെയും, ദയനീയതയോടെ മാറി മാറി നോക്കി.

“ശരണ്യേ… കുഞ്ഞ് കരയുന്നത് മു ല പ്പാലിന് വേണ്ടിയാണ് ,ഇവിടുന്ന് പോയതിന്ശേഷം കുപ്പിപ്പാലോ ,ടിൻഫുഡോ ഒന്നും തന്നെ, അവൻ കഴിക്കുന്നില്ലെന്ന പരാതിയുമായാണ്, വേദിക ഇപ്പോൾ വന്നിരിക്കുന്നത് ,അതിന് കാരണക്കാരി ,നീയാണെന്നാണ് വേദിക പറയുന്നത്”

സൂസൻ അവളെ കുറ്റപ്പെടുത്തുന്നത് പോലെ പാഞ്ഞു.

“അയ്യോ മേഡം, വൈകുന്നേരം അപ്പൂസ് നിർത്താതെ നിലവിളിച്ചപ്പോൾ, അവന് കൊടുക്കാൻ ഏല്പിച്ചിരുന്ന കുപ്പിപ്പാല്, പിരിഞ്ഞ് പോയിരുന്നു, അത് മാത്രമല്ല ,ഞാനവനെയെടുത്ത് മാറോട് ചേർത്ത് ,അവൻ്റെ കരച്ചിലടക്കാൻ ശ്രമിച്ചെങ്കിലും, എൻ്റെ ബ്ളൗസ് പിടിച്ച് പറിക്കുന്നത് കണ്ടപ്പോൾ, മു ല പ്പാലിന് വേണ്ടിയാണെന്ന് എനിക്ക് മനസ്സിലായി, ഞാനും എൻ്റെ രണ്ട് കുഞ്ഞുങ്ങളെ മു ലയൂട്ടിയതല്ലേ?അപ്പൂസിൻ്റെ നിലവിളി കൂടിയപ്പോൾ , കൊടുക്കാതിരിക്കാൻ എൻ്റെ മനസ്സ് അനുവദിച്ചില്ല, ഒരു സത്രീയുടെ എളിയിലിരിക്കുന്ന കുഞ്ഞ്, എപ്പോഴും വിശക്കുമ്പോൾ തപ്പി നോക്കുന്നത്, അവളുടെ മാ റിടങ്ങളെയാണ് ,ആ സമയത്ത് അത് തൻ്റെ സ്വന്തം അമ്മ തന്നെയാണോന്ന്, പിഞ്ച് കുഞ്ഞുങ്ങൾ അന്വേഷിക്കാറില്ല, മു ലപ്പാലെന്ന് പറയുന്നത് ഏതൊരു കുഞ്ഞിൻ്റെയും അവകാശമാണ് ,മക്കളുള്ള ഒരമ്മയ്ക്കും കുഞ്ഞുങ്ങളുടെ അവകാശം നിഷേധിക്കാനാവില്ല ,ഞാൻ തെറ്റ് ചെയ്തെന്ന് ഇപ്പോഴും എനിക്ക് തോന്നുന്നില്ല ,അത് കൊണ്ട് മാഡത്തിന് ഇഷ്ടമുള്ളത് പോലെ ചെയ്തോളു”

അവസാനം ,തൊണ്ടയിടറിയെങ്കിലും, ശരണ്യയുടെ വാക്കുകൾ ഉറച്ചതായിരുന്നു.

“തെറ്റ് പറ്റിയത് എനിക്കാണ് ശരണ്യേ .. എൻ്റെ കുഞ്ഞിന് വിശക്കുമ്പോൾ ആദ്യം കൊടുക്കേണ്ടത്, മു ലപ്പാലാണെന്നുള്ള കാര്യം ഞാൻ മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു ,എന്നിട്ട് അവനിഷ്ടമില്ലാത്ത ടിൻഫുഡ്ഡുകൾ അവനിലേക്ക് ഞാൻ നിർബന്ധപൂർവ്വം കുത്തിയിറക്കി”

വേദികയുടെ നിസ്സഹായത കലർന്ന സംസാരം കേട്ട്, ശരണ്യ അമ്പരന്നു.

“അതെനിക്കറിയാം മേഡം, നിങ്ങളെപ്പോലെയുള്ള സൊസൈറ്റി ലേഡികൾ, കുഞ്ഞുങ്ങൾക്ക് മു ല കൊടുത്താൽ മാറിടം ഇടിയുമെന്നും, ആകാര വടിവ് നഷ്ടപ്പെടുമെന്നും കരുതി, അവരെ കൊണ്ട് കുപ്പിപ്പാല് കുടിപ്പിക്കുന്നതല്ലേ?

തൻ്റെ ജോലി നഷ്ടപ്പെടുത്താൻവന്ന വേദികയോട് ,ശരണ്യ പകയോടെയാണ് പ്രതികരിച്ചത് .

“ശരണ്യേ… നീയെന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്.”

സൂസൻ ഇടയ്ക്ക് കയറി, അവളെ വിലക്കി.

“സാരമില്ല സൂസൻ ,ആ കുട്ടിയോട് ഞാൻ സംസാരിക്കാം ,വൈകുന്നേരം ആ കുട്ടി, എൻ്റെ കാല് പിടിച്ചില്ലേ? പകരം, ഞാൻ കുട്ടിയുടെ കാല് പിടിക്കാനാണിപ്പോൾ വന്നത് ,വിശന്ന് കരയുന്ന എൻ്റെ അപ്പൂസിന് ശരണ്യ കുറച്ച് മു ല പ്പാല് കൊടുക്കണം , പ്ളീസ്…, എനിക്കതിന് കഴിയാത്തത് കൊണ്ടാണ്, ആ നിരാശ എൻ്റെ മനസ്സിനെ വികലമാക്കിയത് കൊണ്ടാണ്, ഞാൻ കുട്ടിയോട് മോശമായി സംസാരിച്ചത്”

അതും പറഞ്ഞ് വേദിക, തൻ്റെ ശൂന്യമായ മാറിടങ്ങളെ തുറന്ന് കാണിച്ചപ്പോൾ, ശരണ്യ ഞെട്ടിത്തരിച്ച് പോയി.

മാ റിടത്തിലെ വൃണങ്ങളുണങ്ങിയ കറുത്തവഡുക്കളെ മറയ്ക്കാനും, തൻ്റെ കുറവുകൾ മറ്റുള്ളവരെ അറിയിക്കാതിരിക്കാനുമായി, പൊതിഞ്ഞ് വച്ചിരുന്ന പാഡുകൾ നേരെയാക്കി, ചുരിദാറിൻ്റെ ഹുക്കുകളിടുമ്പോൾ, വേദികയുടെ കണ്ണുകളിൽ നിന്നും ഇറ്റുവീണ ചുടുകണങ്ങൾ, ശരണ്യയുടെ നെഞ്ചകം പൊള്ളിച്ചു.

“എൻ്റെ മു ല പ്പാല് വറ്റുന്നത് വരെ അപ്പൂസിൻ്റെ വിശപ്പടക്കാൻ ഞാനുണ്ടാവും ,മേഡം ഒന്ന് കൊണ്ടും വിഷമിക്കേണ്ട”

അപ്പൂസിനെ തൻ്റെ ഹൃദയത്തോട് ചേർത്ത് വച്ച് , അവന് മുലപ്പാല് കൊടുത്ത് കൊണ്ടിരിക്കുമ്പോൾ, ശരണ്യ വേദികയ്ക്ക് ഉറപ്പ് കൊടുത്തു.

NB :- സ്വന്തം മക്കൾക്ക്, പല കാരണങ്ങൾ കൊണ്ടും, മു ല പ്പാല് കൊടുക്കാനും, അവരെ നേരാംവണ്ണം നോക്കാൻ കഴിയാതെയും, വരുന്ന അമ്മമാർക്ക്, പകരക്കാരായി ,ശരണ്യയെപ്പോലെആത്മാർത്ഥതയുള്ള അനേകായിരം അമ്മമാർ, ഡേ കെയർ സെൻ്ററിലും , അംഗൻവാടികളിലും ജോലി ചെയ്യുന്നുണ്ട് ,അവരുടെ സദുദ്ദേശ്യത്തെ വിസ്മരിക്കാതിരിക്കുക ,ഈ കഥ അവർക്കായി സമർപ്പിക്കുന്നു.