അവർ നോക്കുന്നത് കണ്ട അവൻ പെട്ടെന്ന് ഒന്ന് അമ്പരെന്നെങ്കിലും സാധനങ്ങളുടെ പൈസ കൊടുത്ത് കൊണ്ട് അവരെ ലക്ഷ്യമാക്കി നടന്നു..

_upscale

ചങ്ക് ബ്രോയുടെ കല്ല്യാണം…

രചന : പ്രവീൺ ചന്ദ്രൻ

:::::::::::::::::::

“മമ്മി ആ നിൽക്കുന്ന ചേട്ടനെയാണ് നമ്മുടെ ചേച്ചി തേച്ചത്” തൊട്ടടുത്ത ഷോപ്പിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുന്ന ചെറുപ്പ ക്കാരനെ ചൂണ്ടി അവൾ പറഞ്ഞു..

അത് കേട്ട് അവർ തലയുയർത്തി അങ്ങോട്ടേക്ക് നോക്കിയത്..

“നേരാണോ നാൻസി.. ഇതാണോ ആ പയ്യൻ?” അവർക്ക് ആകാംക്ഷയായി..

“അതെ മമ്മി.. പാവം ചേട്ടനാ…ഷിനോജ് എന്നാ പേര്..ഞാൻ ഒരു തവണ ചേച്ചീടെ കൂടെ പോയ് പരിചയപെട്ടിട്ടുണ്ട്..”

അവൾ പറഞ്ഞത് കേട്ട് അവർ അവനെ സൂക്ഷിച്ചൊന്ന് നോക്കി..

അവർ നോക്കുന്നത് കണ്ട അവൻ പെട്ടെന്ന് ഒന്ന് അമ്പരെന്നെങ്കിലും സാധനങ്ങളുടെ പൈസ കൊടുത്ത് കൊണ്ട് അവരെ ലക്ഷ്യമാക്കി നടന്നു..

” ഹായ് മമ്മി… ഹലോ നാൻസി… ഓർമ്മ ഉണ്ടോ എന്നെ… ” ചെറിയ ചമ്മലോട് കൂടെയാണ് അവൻ ചോദിച്ചത്…

“യെസ് ചേട്ടാ.. അങ്ങനെ മറക്കാൻ പറ്റുമോ?.. ചേട്ടാ ഇത് മമ്മി…” അവൾ മമ്മിയെ അവന് പരിചയപെടുത്തി..

“ഹായ് മമ്മി.. എനിക്കറിയാം.. ഞാൻ കണ്ടിട്ടുണ്ട്.. സുഖമാണോ മമ്മിക്ക്” എളിമയോടെയുള്ള അവന്റെ സംസാരം അവർക്ക് നന്നായി ഇഷ്ടപെട്ടു..

“സുഖം മോനേ… മോനെവിടെയാ ജോലി ചെയ്യുന്നത്?”

” ഞാനും ആൻസിയും ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്… ” അത് പറയുമ്പോൾ അവന്റെ മുഖം വാടുന്നത് അവർ ശ്രദ്ധിച്ചു..

“ആഹാ… അത് എനിക്കറിയില്ലായിരുന്നു.. അവൾ കഴിഞ്ഞ ആഴ്ച്ച ഭർത്താവിനൊടൊപ്പം യു.എസി ലേക്ക് പോയി… “

അത് കേട്ടതും അവന്റെ മുഖത്തെ വാട്ടം കൂടി…

പെട്ടെന്ന് അവൻ വിഷയം മാറ്റാൻ ശ്രമിച്ചു…

“മമ്മി പിന്നെ ഈ വരുന്ന ഞായറാഴ്ച്ച എന്റെ കല്ല്യാണമാണ്..എല്ലാവരും വരണം… “

” ആഹാ..കൺഗ്രാറ്റ്സ്.. തീർച്ചയായും വരാം മോനേ…”

“താങ്ക്യൂ മമ്മീ… എന്നാ ഞാൻ നടക്കട്ടെ.. കുറച്ച് തിരക്കുണ്ട്…”

അവരോട് യാത്ര പറഞ്ഞ് അവൻ നടന്ന് നീങ്ങുന്നത് നോക്കി അവർ നിന്നു…

“നല്ലൊരു കൊച്ചനല്ലായിരുന്നോടി അവൻ.. ഇവനെ എന്തിനാ അവൾ തേച്ചത്.. ഇങ്ങനൊരു കാര്യം അവൾ എന്നോട് സൂചിപ്പിച്ചത് പോലുമില്ലല്ലോ? നമുക്ക് എങ്ങനേലും നടത്തായിരുന്നല്ലോ” അവർ കവിളത്ത് കൈവച്ച് കൊണ്ട് പറഞ്ഞു…

“ആ.. എനിക്കറിയില്ല മമ്മി..ഞാനത് ചോദിച്ചപ്പോഴൊക്കെ അവളെന്നോട് ചൂടാവുകയാ ചെയ്തത്.. അവളുടെ സ്വഭാവം മമ്മിക്കറിയാലോ?”

“ശരിയാ.. നീ ഇനി ഇതൊന്നും അവളെ വിളിച്ചറിയിക്കണ്ട… “

“ഞാനൊന്നും പറയുന്നില്ല… പിന്നെ മമ്മി എന്തിനാ ആ ചേട്ടനോട് കല്ല്യാണത്തിന് വരാമെന്നൊക്കെ സമ്മതിച്ചത്.. അവളറിഞ്ഞാ കൊ ല്ലും…”

“അതോ… ചുമ്മാ… എനിക്കെന്തോ അങ്ങനെ പറയാൻ തോന്നി.. എന്തായാലും നമുക്ക് ആ കല്ല്യാണത്തിന് പോകണം മോളേ.. എന്നിട്ട് അവരൊടൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്ത് അവൾക്കയച്ച് കൊടുക്കണം…”

“ശരിയാ മമ്മി… അവൾക്ക് ഈയിടെയായി കുറച്ച് അഹങ്കാരം കൂടിയിട്ടുണ്ട്..അവൾക്ക് അങ്ങനെയെങ്കിലും കുറച്ച് കുറ്റബോധം തോന്നട്ടെ.. “

സ്വന്തം മകളോടാണ് ഇത് ചെയ്യുന്നത് എന്ന വിഷമം പോലും അവർക്ക് അപ്പോൾ തോന്നിയില്ല…

അങ്ങനെ ആ ദിവസം വന്നു.. നന്നായി ഒരുങ്ങി തന്നെയാണ് അവർ രണ്ടു പേരും അവന്റെ കല്ല്യാണത്തിനായി ഇറങ്ങിയത്…

ചെക്കന്റെയും പെണ്ണിന്റെയും ഒപ്പം നിന്ന് നന്നായി ചിരിച്ചുകൊണ്ട് തന്നെ അവർ സെൽഫിയും എടുത്തു…

അപ്പോൾ തന്നെ അവൾ അത് അവളുടെ ടൈം ലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു..

” ചങ്ക് ബ്രോയുടെ കല്ല്യാണം” എന്ന അടിക്കുറി പ്പോടെയായാരുന്നു അത്…

കല്ല്യാണമെല്ലാം കഴിഞ്ഞ് അവർ വീട്ടിലെത്തിയതും ആൻസിയുടെ കോൾ വന്നു…

” ആഹാ.. മൂപ്പര് ഫോട്ടോ കണ്ടിട്ടുള്ള വിളിയാണെന്ന് തോന്നുന്നു മമ്മി… കിടുങ്ങി പോയിട്ടുണ്ടാവും.. ഒന്നൂടെ ഒന്ന് മൂപ്പിച്ചേക്ക് മമ്മീ..”

അവൾ പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ടാണ് അവർ ഫോൺ അറ്റന്റ് ചെയ്തത്…

“മമ്മി ഇന്നാരുടെ കല്ല്യാണത്തിനാ നിങ്ങൾ പോയിരുന്നത്? ” ഫോണെടുത്തതും ആൻസിയുടെ ആദ്യ ചോദ്യം തന്നെ അതായിരുന്നു…

“ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ.. എന്താ നീയറിയോ അവനെ?”

“ഏത് ഫ്രണ്ട്.. നിങ്ങക്കെങ്ങനെ അവനെ അറിയാം? “

“അതെന്തിനാ നീ അറിയുന്നത്? ഞങ്ങളുടെ ഫ്രണ്ട്.. ഞങ്ങൾ അവന്റെ കല്ല്യാണത്തിന് പോയി.. ദോഷം പറയരുതല്ലോ നല്ലൊന്നാന്തരം ജോഡിയാ രണ്ട് പേരും.. മെയ്ഡ് ഫോർ ഈച്ച് അദർ”

അവർ പറഞ്ഞത് കേട്ട് ആൻസി പല്ലിറുമ്മുന്നത് അവർക്ക് കേൾക്കാമായിരുന്നു..

നാൻസിയാണെങ്കിൽ ചിരിയടക്കാൻ പാടുപെടു ന്നുണ്ടായിരുന്നു…

“അവനെക്കുറിച്ച് നിങ്ങൾ എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നത്? ഫ്രോ ഡ് ആണ് അവൻ.. ചീ റ്റർ… “

“ഏയ് അത് നിനക്ക് തോന്നുന്നതാ മോളേ.. ആ പയ്യൻ ഒരു പാവം ആണ്… അവനെ ഏതോ ഒരു പെണ്ണ് തേച്ചത്രേ… അതെന്തായാലും നന്നായി അവനെ കെട്ടാൻ ആ കൊച്ചിന് ഭാഗ്യമില്ലെന്ന് അങ്ങട് കരുതിയാ മതി…”

അവർ പറഞ്ഞത് കേട്ട് ആൻസി ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു..

“അവൾക്ക് ഇ ളകിയെന്നാ തോന്നുന്നത്.. ഫോൺ കട്ട് ചെയ്തോടി…” അവർ ചിരിച്ചു കൊണ്ട് ആൻസിയോട് പറഞ്ഞു..

“കുറച്ച് നീറട്ടെ മമ്മീ… ആ ചേട്ടന് എന്തോരം നീറി ക്കാണും… ആണുങ്ങളെ ചുമ്മാ അങ്ങട് തേക്കു ന്നോർക്ക് ഇത് ഒരു പാഠമാകട്ടെ… അല്ല പിന്നെ”

അങ്ങനെ ഒന്ന് രണ്ട് ദിവസം കൂടെ കടന്നുപോയി…

ആൻസിയുടെ കോൾ വീണ്ടും വന്നു.. ഇത്തവണ നാൻസിയുടെ ഫോണിലേക്കാണ് വന്നത് എന്ന് മാത്രം…

“മമ്മീ ദാ അവള് വീണ്ടും വിളിക്കുന്നുണ്ട്.. കുറ്റസ മ്മതം നടത്താനാവും… “

“നീ സ്പീക്കർ ഓൺ ചെയ്യ്.. ഞാനും കൂടെ കേൾക്കട്ടെ…”

അവർ പറഞ്ഞത് കേട്ട് അവൾ സ്പീക്കർ ഓൺ ചെയ്തു..

“ഹലോ”

“ഹലോ… നാൻസീ..നീയാണോ മമ്മിയോട് ആ കാര്യങ്ങളെല്ലാം പറഞ്ഞത്?”

“ഏത് കാര്യം?” അവളൊന്നും അറിയാത്തത് പോലെ ചോദിച്ചു..

“നീ കൂടുതൽ അഭിനയിക്കല്ലേ? ഷിനോജിന്റെ കാര്യം… ഞാനവനെ തേച്ചെന്നുള്ളത്?”

“അതെ… അത് ശരിയല്ലേ? ചേച്ചിയല്ലേ അത് എല്ലാവരോടും പറഞ്ഞ് നടന്നത്..? “

” എന്ന് വച്ച് അതിന് നീ മമ്മിയേം കൊണ്ട് അവന്റെ കല്ല്യാണത്തിന് പോകുകയാണോ വേണ്ടത്?” അവൾ കുറച്ച് ശബ്ദമുയർത്തിയാണ് അത് പറഞ്ഞത്…

അത് കേട്ടതും അവർ ഇടയിൽ കയറി പറഞ്ഞു..

“നീ അവളുടെ മെക്കട്ട് കയറണ്ട.. ഞാനാ പറഞ്ഞത് കല്ല്യാണത്തിന് പോകണംന്ന്.. അവന് നിന്റെ മേൽ എന്തേലും ദേഷ്യം ഉണ്ടേൽ അത് ഇതോടെ തീരട്ടെ എന്ന് വച്ചു.. പിന്നെ ഒരാളെ പ്രണയിച്ച് വഞ്ചിച്ചതിനോട് എനിക്ക് ഒട്ടും യോചിക്കാനുമായില്ല… ഇനി അത് വിട്ടേക്ക്… അതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട.. “

അത് കേട്ടതും അവൾ കുറച്ച് നേരത്തേക്ക് ഒന്നും സംസാരിച്ചില്ല…

“എന്ത് പറ്റി.. നിനക്ക് ഒന്നും പറയാനില്ലേ? എങ്കിൽ ശരി എന്റെ മോൾ ഫോൺ വച്ചേക്ക്…”

“എന്നാ മമ്മീ ഇതൂടെ കേട്ടോ… ഞാനല്ല അവനെ തേച്ചത്… അവനെന്നെയാ തേച്ചത്… അവനെന്നെ തേച്ച് വേറെ കല്ല്യാണം ഫിക്സ് ആക്കിയപ്പോഴാ ഞാൻ നിങ്ങളോട് എനിക്ക് കല്ല്യാണം കഴിക്കണ മെന്നു പറഞ്ഞത്… അവന്റെ കല്ല്യാണത്തിന് മുന്ന് എന്റെ കല്ല്യാണം നടക്കണമെന്നത് എന്റെ വാശിയായിരുന്നു… കൂട്ടുകാരികളുടെ മുന്നിൽ നാണം കെടണ്ടാന്ന് വച്ചാ ഞാനവനെ ആണ് തേച്ചത് എന്ന് പറഞ്ഞത്… അവനെന്നെ തേച്ചു എന്ന് പറയുന്നത് കുറച്ചിലായി എനിക്ക് തോന്നി.. ഞാൻ വിജയിച്ചു എന്ന് കരുതി സന്തോഷത്തോ ടെ ഇരിക്കുമ്പോഴാ അമ്മയും മോളും കൂടെ പോയി അവന്റെ കല്ല്യാണവും കൂടി ഫോട്ടോയും എടുത്തു വന്നിരിക്കുന്നു… സമാധാന മായല്ലോ എല്ലാം നശിപ്പിച്ചപ്പോ.. അവളുടെ ഒരു ചങ്ക് ബ്രോ “

അവൾ പറഞ്ഞത് കേട്ട് ഷോക്കടിച്ചത് പോലെ ഇരിക്കാനെ കഴിഞ്ഞുള്ളൂ മമ്മിക്കും മോൾക്കും…