അവൻ പരുങ്ങി പരുങ്ങി പറഞ്ഞൊപ്പിച്ചു. അവളുടെ മുഖത്തേക്ക് നോക്കാൻ ആവാതെ അവന്റെ തല താണു…

വീണ…

രചന : അപർണ മിഖിൽ

:::::::::::::::::::

തിരക്കേറിയ ആ ആശുപത്രിക്ക് മുന്നിലായി പുറത്ത് നിന്ന് വരുന്ന ഓരോ വണ്ടിയും നോക്കികൊണ്ട് വീണ നിന്നു. താൻ പ്രതീക്ഷിക്കുന്ന ആളെ ഒരു വണ്ടിയിലും കാണാതെ ആവുമ്പോൾ അവൾ വീണ്ടും പുറത്തേക്ക് നോക്കും. കുറെ നേരം ഇത് ആവർത്തിച്ചു കഴിഞ്ഞപ്പോഴേക്കും അവൾക്ക് മടുത്തു. അടുത്ത് കണ്ട ഒരു സ്റ്റോൺ ബെഞ്ചിലായി അവൾ സ്ഥാനം പിടിച്ചു.

വീണ. ഒരു സാധാരണ നാട്ടിൻപുറത്തുകാരി.കർഷകൻ ആയ അച്ഛന്റെയും കൃഷി ഓഫീസർ ആയ അമ്മയുടെയും രണ്ടാമത്തെ മകൾ. അവൾക്ക് ഒരു ചേട്ടൻ കൂടി ഉണ്ട്. വിവാഹിതൻ ആണ്. ഭാര്യ ഗീതു. രണ്ടാളും ഡോക്ടർസ് ആണ്. വീണ അധ്യാപിക ആണ്. വിവാഹനിശ്ചയം കഴിഞ്ഞതാണ്. വരൻ രാഹുൽ.

ഇപ്പോ ഈ ആശുപത്രിയിൽ അവൾ കാത്തുനിൽക്കുന്നതും അവനെ തന്നെ ആണ്. രാവിലെ ഫോണിൽ വിളിച്ചു അത്യാവശ്യം ആയി ഈ ഹോസ്പിറ്റലിലേക്ക് വരണമെന്നും ഒരാളിനെ കാണാനുണ്ട് എന്നും പറഞ്ഞപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് വീണ.

കുറച്ചു സമയത്തെ കാത്തിരിപ്പിനോടുവിൽ രാഹുൽ എത്തി. വീണയെ കണ്ടപ്പോൾ ചെറിയ ഒരു ചിരി നൽകിക്കൊണ്ട് അവൾക്ക് അടുത്തേക്ക് വന്നു.

“എന്താ രാഹുലേട്ടാ… ഇവിടെ ആരെ കാണാൻ ആണ് വരാൻ പറഞ്ഞത്..”

മുഖവുര ഒന്നും കൂടാതെ തന്നെ വീണ ചോദിച്ചു. എന്നാൽ അവളുടെ ചോദ്യത്തിന് മറുപടി പറയാൻ ആകാതെ രാഹുൽ ഒന്ന് പതുങ്ങി.

“അത് പിന്നെ വീണ… എന്റെ അല്ല… അമ്മയുടെ നിർബന്ധം ആണ്..”

എങ്ങനെ ഒക്കെയോ അവൻ പറഞ്ഞു തുടങ്ങി. കാര്യം അറിയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും എന്നോർത്ത് അവന് ഉള്ളിൽ നല്ല പേടി ഉണ്ടായിരുന്നു.

“കാര്യം പറയൂ രാഹുലേട്ടാ…”

“അത്… നമ്മുടെ വിഷ്ണുവിനെ നിനക്ക് അറിയില്ലേ..”

“ആഹ്.. ഏട്ടന്റെ കസിൻ അല്ലേ.. അന്ന് കണ്ടിരുന്നല്ലോ..”

“ആഹ്.. അവൻ തന്നെ.. അവൻ മാരീഡ് ആണെന്ന് അറിയാലോ… അതിപ്പോ രണ്ട് വർഷത്തോളം ആവുന്നു. പക്ഷെ അവർക്ക് ഇത് വരെയും കുട്ടികൾ ഒന്നും ആയിട്ടില്ലല്ലോ..”

“അതിനും മാത്രം സമയം ഒന്നും ആയിട്ടില്ലല്ലോ.. ഇനിയും കുട്ടികൾ ആകാവുന്നതല്ലേ ഉള്ളൂ…”

“അത്.. അവന്റെ വൈഫിനു ചെറിയൊരു പ്രശ്നം.. അവൾക്ക് കുട്ടികൾ ഉണ്ടാകില്ല…”

“ഡോക്ടറെ കണ്ടിരുന്നോ..”

“മ്മ്..”

“അതിനു ചികിത്സ ഒന്നും ഇല്ലെന്ന് പറഞ്ഞോ..”

“അല്ല.. ട്രീറ്റ്മെന്റ് നടക്കുന്നുണ്ട്..”

“പിന്നെന്താ പ്രശ്നം…”

“ആ കാര്യത്തിൽ വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ… അപ്പോ അമ്മയാണ് പറഞ്ഞത് തന്നെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്കാൻ…”

അവൻ പറഞ്ഞത് മനസ്സിലായില്ല എന്ന വണ്ണം അവളുടെ നെറ്റി ചുളിഞ്ഞു.

“അതിനു എനിക്ക് എന്താ അസുഖം.. ഇതും ഞാനും തമ്മിൽ എന്താ ബന്ധം…”

“അത്.. പിന്നെ… വീണക്ക് കുഴപ്പം ഒന്നും ഇല്ലെന്ന്… കുട്ടികൾ ഉണ്ടാകുമെന്ന്…”

അവൻ പരുങ്ങി പരുങ്ങി പറഞ്ഞൊപ്പിച്ചു. അവളുടെ മുഖത്തേക്ക് നോക്കാൻ ആവാതെ അവന്റെ തല താണു.

“വാട്ട്‌… നിങ്ങൾ ഇത് എന്തൊക്കെയാ രാഹുലേട്ടാ പറയുന്നത്… വാട്ട്‌ നോ ൺസെൻസ്…”

അവൾ ദേഷ്യത്തോടെ ചോദിച്ചു.

“അത് ചെക്ക് ചെയ്തു സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ കല്യാണം നടത്താൻ അമ്മ സമ്മതിക്കില്ലെടോ… ഇതിപ്പോ ചെക്ക് ചെയ്യുന്നത് കൊണ്ട് തനിക്ക് എന്താ നഷ്ടം… അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.. തന്നെ എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടു പോയി.. ഇനി ഈ കല്യാണം നടക്കില്ല എന്ന് ആലോചിക്കാൻ കൂടി വയ്യ… അതുകൊണ്ട് ആണ്.. നമുക്ക് വേണ്ടി അല്ലേ.. താൻ എതിരൊന്നും പറയല്ലേ..”

ധൈര്യം സംഭരിച്ചു കൊണ്ട് അവളോട് അവൻ പറഞ്ഞു. കുറച്ചു സമയത്തേക്ക് അവൾ ഒന്നും പറയാതെ അവനെ നോക്കി നിന്നു.

“മിസ്റ്റർ രാഹുൽ… നിങ്ങൾ പറഞ്ഞത് ശരിയാണ്.. ഇതിപ്പോ ചെക്ക് ചെയ്യുന്നത് കൊണ്ട് എനിക്ക് നഷ്ടം ഒന്നും ഇല്ല.. പക്ഷെ എനിക്ക് ആത്മാഭിമാനം എന്നൊന്നുണ്ട്. അത് പണയം വെയ്ക്കാൻ ഞാൻ തയ്യാറായില്ല.. എനിക്ക് കുട്ടികൾ ഉണ്ടാകുമെന്ന് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കല്യാണം നടക്കൂ എങ്കിൽ ഈ കല്യാണത്തിനോട് എനിക്ക് താല്പര്യം ഇല്ല.. ഇന്ന് ഇങ്ങനെ ചോദിച്ച നിങ്ങളുടെ അമ്മ, എന്തുകൊണ്ട് നിങ്ങളോട് ഇത് ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞില്ല… പെണ്ണിന് മാത്രം അല്ലല്ലോ..ആണുങ്ങൾക്കും ഉണ്ടാകാമല്ലോ പ്രശ്നം.. ഞാൻ ടെസ്റ്റ്‌ ചെയ്തു ഞാൻ ഓക്കേ ആണെന്ന് സർട്ടിഫിക്കറ്റ് തന്നിട്ട് കല്യാണം നടന്നു കഴിഞ്ഞു നിങ്ങൾക്ക് ആണ് കുട്ടികൾ ഉണ്ടാകാത്തത് എങ്കിലോ.. എന്റെ ജീവിതം തുലഞ്ഞില്ലേ…. “

അവളുടെ ചോദ്യത്തിന് അവന് മറുപടി ഉണ്ടായിരുന്നില്ല.

“അതുകൊണ്ട്… നമുക്ക് ഒരു കാര്യം ചെയ്യാം… ഇപ്പൊ സൗഹൃദപരം ആയി പിരിയുന്നതല്ലേ നല്ലത്..”

അവൾ സൗമ്യമായി അവനോട് ചോദിച്ചു.

“എനിക്ക്… പറ്റില്ല വീണ… ഞാൻ തന്നെ അത്രയും ഇഷ്ടപ്പെട്ടു പോയി… “

“ശരി.. എങ്കിൽ ഞാൻ ഒരു ചാൻസ് തരാം… നിങ്ങൾ ആദ്യം ടെസ്റ്റ്‌ ചെയ്യ്.. റിസൾട്ട്‌ കൊണ്ട് എന്റെ വീട്ടിലേക്ക് വാ… എന്നിട്ട് നമുക്ക് തീരുമാനിക്കാം… വരുമ്പോൾ അമ്മയെ കൂടെ കൂട്ടാൻ മറക്കണ്ട… അപ്പോ ഞാൻ പോട്ടേ… “

അത്രയും പറഞ്ഞു കൊണ്ട് അവൾ നടന്നു നീങ്ങി.അപ്പോഴേക്കും അവന്റെ ഫോണിലേക്ക് അമ്മയുടെ കാൾ വന്നിരുന്നു. അവൻ കാൾ എടുത്ത് അവൾ പറഞ്ഞത് മുഴുവൻ അവരോട് പറഞ്ഞു.

“ഹ്മ്മ്.. എത്ര അഹങ്കാരം ഉണ്ടായിട്ടാ അവൾ നിന്നോട് ഇങ്ങനെ പറഞ്ഞത്.. അവളെ നമുക്ക് വേണ്ടാ മോനെ… നമ്മുടെ അഭിമാനത്തെ ആണ് അവൾ ചോദ്യം ചെയ്തത്.. ഇത്.. വേണ്ടാ…”

തീരുമാനം പോലെ അവർ പറഞ്ഞു.

“അപ്പോ പിന്നെ നമ്മൾ ചെയ്തത് എന്താണമ്മേ… അവൾക്കും ഇല്ലേ ഈ പറയുന്ന അഭിമാനം… നമ്മുടെ മായയോട് ആണ് ആരെങ്കിലും ഇങ്ങനെ പറഞ്ഞതെങ്കിൽ അമ്മ എങ്ങനെ പ്രതികരിക്കും… പിന്നെ അമ്മ പറഞ്ഞത് പോലെ ഈ വിവാഹം വേണ്ടെന്ന് വെയ്ക്കാം… അത് ഈ കാരണം കൊണ്ടല്ല… അവളെ ഞാൻ അർഹിക്കാത്തത് കൊണ്ടാണ്.. ഇപ്പോ ഇങ്ങനെ ഒരു കല്ലുകടിയോടെ ഞങ്ങളുടെ ജീവിതം തുടങ്ങിയാൽ ഒരിക്കലും ഞങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാവില്ല.. അമ്മ തന്നെ ആവും അവളെ ശത്രു ആയി കണ്ടു പ്രശ്നങ്ങൾ ഉണ്ടാക്കുക.. അതുകൊണ്ട് അവളെ മനസ്സിലാക്കുന്ന ആരെങ്കിലും അവളുടെ കൈപിടിക്കട്ടെ..”

അത്രയും പറഞ്ഞു അവൻ ഫോൺ വച്ചു. തന്റെ ഇടത് കൈയിലെ മോതിരവിരലിൽ കിടക്കുന്ന അവളുടെ പേര് കൊത്തിയ മോതിരത്തിലേക്ക് അവൻ ഒന്ന് നോക്കി. അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി നീര് അടർന്നു അതിലേക്ക് പതിച്ചു.