നീ ഇനിയും അവളെ കാത്തിരിക്കുന്നതിൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്ന് തോന്നുന്നുണ്ടോ…

_upscale

പ്രണയാമൃതം

രചന : അപർണ മിഖിൽ

::::::::::::::::::::::::::::

” ഡാ..നിനക്ക് ഇത് എങ്ങനെ കഴിയുന്നു? “

അത്യന്തം വിഷമത്തോടെ ഉള്ള അരുണിന്റെ ചോദ്യം കേട്ട് പ്രശാന്ത് ഒന്ന് ചിരിച്ചു. അതിൽ തെളിച്ചം കുറവായിരുന്നെങ്കിലും തന്നിലെ വേദന മറക്കാൻ ആ പുഞ്ചിരി ധാരാളം ആണെന്ന് അവനറിയാമായിരുന്നു.

” നീ ഇങ്ങനെ ചിരിച്ചോ.എന്താ നിന്റെ ഉദ്ദേശം? “

അരുൺ വിടാനുള്ള ഭാവമില്ല.

” നീ എന്താ ഉദ്ദേശിക്കുന്നത്? “

കൈകൾ മാറിൽ പിണച്ചു കെട്ടിക്കൊണ്ട് പ്രശാന്ത് ചോദിച്ചു.

” പ്രശാന്തേ..നീ ആളെ പൊട്ടൻ ആക്കല്ലേ.നിനക്ക് തന്നെ അറിയാമല്ലോ ഞാൻ എന്താ ഉദ്ദേശിക്കുന്നതെന്ന്. എന്നിട്ടും വീണ്ടും ചോദ്യം എന്തിനാ.? “

അവന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു.

” എടാ നീ ഇനിയും അവളെ കാത്തിരിക്കുന്നതിൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്ന് തോന്നുന്നുണ്ടോ.? “

അരുണിന്റെ ചോദ്യം പ്രശാന്തിന്റെ ഹൃദയ ഭിത്തികളിൽ തട്ടി പ്രതിഫലിച്ചു.

” നീ കേട്ടിട്ടുണ്ടോ ആമിയുടെ പ്രശസ്തമായ വാക്കുകൾ..? “

പ്രശാന്തിന്റെ ചോദ്യം കേട്ട അരുൺ നെറ്റി ചുളിച്ചു. അത് ശ്രദ്ധിക്കാതെ അവൻ തുടർന്നു.

“സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക. അത് തിരികെ വന്നാൽ നിങ്ങളുടേത് ആണ്.അല്ലെങ്കിൽ മറ്റാരുടേതോ ആണ്..”

അനന്തതയിലേക്ക് നോക്കി പ്രശാന്ത് ഉദ്ധരിച്ചു.

” ഓ..അപ്പോൾ ഇതാകും അല്ലേ നിന്റെ തിയറി? കൊള്ളാം. നന്നായിട്ടുണ്ട്. നിന്നോട് ഇനിയും സംസാരിച്ചാൽ ചിലപ്പോൾ എന്റെ പിടി വിട്ടു പോകും. അതുകൊണ്ട് ഞാൻ പോകുന്നു. നീ ഇവിടെ നിന്ന് അവളെ സ്വപ്നം കാണൂ.. “

പ്രശാന്തിനോട് ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അരുൺ നടന്നുനീങ്ങി. പ്രശാന്ത് ചെറിയൊരു ചിരിയോടെ ആൽത്തറ യിലേക്ക് മലർന്നുകിടന്നു. അവന്റെ ചിന്തകൾ തന്റെ കോളേജ് കാലത്തേക്ക് ചിറകടിച്ചു പറന്നു.

❤️🧡❤️🧡❤️🧡

എസ് എൻ കോളേജ് ചെമ്പഴന്തി. തണൽ ഒരുക്കുന്ന വൃക്ഷങ്ങളും പച്ചപ്പുനിറഞ്ഞ പുൽമേടും ഒക്കെയായി ശാന്തസുന്ദരമായ അന്തരീക്ഷം. അവിടെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു അന്ന് താൻ. ബിരുദ പഠനവും അവിടെ ആയിരുന്നതുകൊണ്ട് തന്നെ സൗഹൃദവലയം വലുതായിരുന്നു. അന്നും തനിക്കൊപ്പം നിഴലായി അരുൺ ഉണ്ടായിരുന്നു. ഓർമ്മവെച്ച നാൾ മുതൽ ഒപ്പം കൂടിയവനാണ്.

അന്നൊരു നാളിൽ ഒരിത്തിരി വൈകി ക്യാമ്പസിലേക്ക് എത്തിയ ദിവസമാണ് അവളെ ആദ്യമായി കാണുന്നത്. എങ്ങോട്ടേക്ക് പോകണമെന്നറിയാതെ ഗേറ്റിനപ്പുറം പകച്ചുനിന്ന ഒരു പെൺകുട്ടി. കണ്ടപ്പോൾ ചിരിയാണ് വന്നത്. പിന്നെ ഓർത്തു പുതിയ അഡ്മിഷൻ ആയിരിക്കുമെന്ന്. അവളെ സഹായിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് അടുത്തേക്ക് ചെന്നത്.

” ഹലോ..എക്സ്ക്യൂസ് മി.. “

എന്നെ കണ്ടിട്ടാകണം അവൾ കൂടുതൽ പരിഭ്രമിച്ചത്.

” എടോ..താൻ പേടിക്കണ്ട.ഞാൻ തന്നെ ഉപദ്രവിക്കാൻ ഒന്നും വന്നതല്ല.താൻ ടെൻഷനടിച്ച് ഇവിടെ നിൽക്കുന്നത് കണ്ടു.എന്താ കാര്യം എന്ന് ചോദിക്കാൻ വന്നതാ. ഞാനിവിടെ സ്റ്റുഡന്റ് ആണ്. പ്രശാന്ത്.. “

അവൾക്കൊരു ഉറപ്പിനു വേണ്ടി ഐഡന്റിറ്റി കാർഡ് കാണിച്ചു. അവളുടെ മുഖത്തെ പരിഭ്രമം തെന്നി നീങ്ങി ആ മുഖം വിടരുന്നത് കൗതുകത്തോടെ ഞാൻ നോക്കിനിന്നു.

” ചേട്ടാ.. ഞാൻ രാഖി.ഇവിടെ ബി എസ് സി കെമിസ്ട്രി രണ്ടാം വർഷം അഡ്മിഷൻ എടുത്തതാണ്. അതുകൊണ്ട് എവിടെയാ ഓഫീസ് എന്നൊന്നുമറിയാതെ നിന്നതാ.ഇവിടെ ആരെയും കണ്ടതുമില്ല. “

കിളി കൊഞ്ചൽ പോലെ മധുരമാർന്ന ശബ്ദം.

” ഓഫീസ് ആ ഭാഗത്താണ്. ഇതിലെ പോയാൽ മതി. അവിടെ പോയി പേപ്പർ ഒക്കെ കാണിച്ചു കഴിഞ്ഞാൽ അവർ ക്ലാസ് പറഞ്ഞുതരും. “

ആദ്യമായി കാണുന്ന ഒരുവളെ കൂടുതൽ സമയം നോക്കി നിന്ന് ഉള്ള മതിപ്പ് കളയണ്ട എന്ന് കരുതി വേഗം തന്നെ പറഞ്ഞു കൊടുത്തു. ഒരു ചിരിയോടെ നന്ദിയും പറഞ്ഞു അവൾ നടന്നകന്നു.

പിന്നീട് പലപ്പോഴും അവളെ കണ്ടു. അപ്പോഴൊക്കെയും ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ നടന്നകലും. പിന്നെയെപ്പോഴോ ഒന്നോ രണ്ടോ വാക്കുകൾ സംസാരിക്കാൻ തുടങ്ങി. പലപ്പോഴും പാഠഭാഗത്തെ സംശയങ്ങൾ ആയിരിക്കും. എനിക്ക് അറിയുന്നതുപോലെ പറഞ്ഞു കൊടുക്കാറുണ്ട്. അറിയാത്തത് അരുൺ സഹായിക്കും. ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം രൂപപ്പെടാൻ ഇതൊക്കെ ധാരാളമായിരുന്നു. ഒന്നിച്ചിരുന്ന് കഥ പറഞ്ഞും,ആഹാരം കഴിച്ചും,ക്യാമ്പസിൽ ചുറ്റിയടിച്ചും ഒക്കെ ഞങ്ങൾ മൂന്നാളും ആ സൗഹൃദം ആഘോഷമാക്കി.

പക്ഷേ എന്റെ ഉള്ളിൽ സൗഹൃദത്തെക്കാൾ ഉപരി അവളോട് മറ്റൊരു വികാരം അലയടിക്കുന്നത് എന്നെക്കാൾ മുന്നേ തിരിച്ചറിഞ്ഞത് അരുൺ ആയിരുന്നു. അത് അവളോട് തുറന്നു പറയാൻ എന്നെ പ്രേരിപ്പിച്ചതും അവൻ തന്നെ. അവൻ പകർന്നു തന്ന ധൈര്യവും, അവന്റെ നിരന്തരമായ പ്രേരണയും തന്നെയാണ് അവളോട് പ്രണയം പറയാൻ എന്നെ പ്രാപ്തനാക്കിയത്.

ഒരുനാൾ ഉച്ച സമയത്ത് ക്യാന്റീനിൽ വച്ചു ഞാനത് അവളോട് തുറന്നു പറഞ്ഞു.

” എടോ.. എനിക്ക് ഒരുപാട് റൊമാന്റിക് ആകാൻ ഒന്നും അറിയില്ല. അതുകൊണ്ട് മനസ്സിലുള്ളത് അതുപോലെ പറയാം. തന്നെ കണ്ട നിമിഷം മുതൽ എന്റെ ഉള്ളിൽ താൻ മാത്രമേയുള്ളൂ. എന്റെ ജീവിത പങ്കാളിയാകാൻ താൻ തയ്യാറാണെങ്കിൽ കണ്ണ് നിറയാതെ നോക്കാം എന്നുള്ള പാഴ്‌വാക്ക് ഒന്നും പറയില്ല. മനുഷ്യനല്ലേ..ജീവിതത്തിൽ അതൊക്കെ ഉണ്ടാകും.തന്നോട് ഒരിക്കലും വിശ്വാസവഞ്ചന കാണിക്കില്ല എന്ന വാക്ക് ഞാൻ തരാം.”

ഞാൻ അത് പറഞ്ഞു കഴിഞ്ഞ നിമിഷം അവളുടെ കണ്ണുകളിൽ നിന്ന് മിഴിനീർ ഒഴുകിയിറങ്ങുന്നത് ഞാൻ കണ്ടു. അത് എന്നിൽ പരിഭ്രമം സൃഷ്ടിച്ചു.

” എടോ..താൻ കരയണ്ട. ഇഷ്ടമല്ലെങ്കിൽ പറഞ്ഞാൽ മതി.ഞാൻ ഇനി അത് പറഞ്ഞ് ശല്യം ചെയ്യില്ല.പക്ഷെ,തന്നോടുള്ള സൗഹൃദം ഉപേക്ഷിക്കാൻ പറയരുത്.. “

അവൾ ഞെട്ടലോടെ തലയുയർത്തി നോക്കി. പിന്നെ പതിയെ പുഞ്ചിരിച്ചു.

” ഞാൻ കരഞ്ഞത് സങ്കടം കൊണ്ടല്ല ചേട്ടാ.. സന്തോഷം കൊണ്ടാ.. ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യമാണ് ഇപ്പോൾ ചേട്ടൻ പറഞ്ഞത്. ഞാൻ പോലും അറിയാതെ എന്നോ എന്റെ ഉള്ളിൽ കുടിയേറിയതാണ് ചേട്ടൻ. “

അത്രയും പറഞ്ഞു നാണത്താൽ തലകുനിച്ചവളെ കാൺകെ ഞാൻ ആനന്ദത്തിന്റെ കൊടുമുടിയേറി. പിന്നീടങ്ങോട്ട് ഞങ്ങളുടെ പ്രണയ നാളുകളായിരുന്നു. ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ രണ്ട് വർഷങ്ങൾ..!

അവസാന പരീക്ഷ കഴിഞ്ഞ ദിവസം കണ്ണീരോടെയാണ് അവൾ യാത്ര പറഞ്ഞത്. പോസ്റ്റ് ഗ്രാജുവേഷന് അതെ കോളേജിലേക്ക് തന്നെ വരും എന്നും പറഞ്ഞു. കോളേജ് കഴിഞ്ഞെങ്കിലും ഇടക്കുള്ള ഫോൺവിളികളും ചാറ്റിങ്ങും ഒക്കെയായി ഞങ്ങളുടെ ബന്ധം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയി. പക്ഷേ പെട്ടെന്നൊരു ദിവസം അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയി. ഒന്ന് രണ്ട് ദിവസങ്ങൾ അങ്ങനെ തുടർന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ വലഞ്ഞു. അവളെ കണ്ടെത്താൻ യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. അവളെന്നോട് പറഞ്ഞു തന്ന ഏകദേശ ധാരണയിൽ അവളുടെ വീട് അന്വേഷിച്ച് ചെന്ന എനിക്ക് നിരാശനായി മടങ്ങേണ്ടി വന്നു. വില്ലേജ് ഓഫീസറായി ജോലി ചെയ്തിരുന്ന അവളുടെ അച്ഛന് ട്രാൻസ്ഫർ ആയത്രേ..!

അവളെ പിന്നീട് എവിടെ അന്വേഷിക്കണമെന്നും എങ്ങനെ കണ്ടെത്തണമെന്നും അറിയാതെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ. അന്ന് താങ്ങായി നിന്നത് അരുൺ ആയിരുന്നു. വീട്ടിൽ ചടഞ്ഞു കൂടാൻ ഒരുങ്ങിയ എന്നെ നിർബന്ധിച്ച് ടെസ്റ്റുകൾ എഴുതിപ്പിച്ചതും അവൻ തന്നെ. ജോലിയിൽ പ്രവേശിച്ചിട്ടും എന്റെ ഉള്ളിൽ നിന്ന് അവളെ പറിച്ചെറിയാൻ കഴിയില്ലായിരുന്നു എനിക്ക്. ഇനി മുന്നോട്ട് നടത്തുന്നത് പോലും അവളെ കുറിച്ചുള്ള പ്രതീക്ഷകളാണ്..!

അവൾ എന്നിൽ നിന്ന് മറഞ്ഞിട്ട് നാല് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇന്നും അവളെ കുറിച്ച് ഒരു അറിവുമില്ല. എന്നാൽ അവളെ തേടാത്ത ഇടങ്ങളും ഇല്ല..!

ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ എത്തിയ കുട്ടികളുടെ ആർപ്പുവിളി ആണ് അവനെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്. നേരം സന്ധ്യ മയങ്ങിയതു കണ്ടു അവൻ ആൽത്തറയിൽ നിന്നെഴുന്നേറ്റ് വീട്ടിലേക്ക് നടന്നു.

❤️🧡❤️🧡❤️🧡

ദിവസങ്ങൾ അതിവേഗം മുന്നോട്ടോടി. ഇതിനിടക്ക് ഒരിക്കൽ ജോലിസംബന്ധമായി ഒരാവശ്യത്തിന് വേണ്ടി പാലക്കാട്ടേക്ക് പോകേണ്ടിവന്നു പ്രശാന്തിന്. അവിടെ വച്ച് അവൻ തീരെ പ്രതീക്ഷിക്കാത്ത ഒരാളെ അവൻ കണ്ടു. തനിക്ക് പരിചിതമാണ് എന്ന് തോന്നിയ ഒരു മുഖം.. രാഖി..!

ഒരു മിന്നായം പോലെ അവൻ കണ്ട രൂപം അവളുടേതാണ് എന്ന് ഉറപ്പ് ഉണ്ടായിരുന്നില്ലെങ്കിലും അവൻ ആ പെൺകുട്ടിക്ക് പിന്നാലെ പാഞ്ഞു. വഴിയിൽ അവളെ തടഞ്ഞുനിർത്തി ആ മുഖത്തേക്ക് നോക്കുമ്പോൾ അവന്റെ ഹൃദയം ദ്രുതഗതിയിൽ മിടിച്ചിരുന്നു. ഒരു വേള അവൻ ശ്വാസമെടുക്കാൻ മറന്നു പോയി. അത് അവൾ ആയിരുന്നു.. രാഖി..!

അവനെ കണ്ടതിന്റെ ഞെട്ടൽ അവളിലും പ്രകടമായിരുന്നു. അവളുടെ കണ്ണും മുഖവും സന്തോഷത്താൽ വിടർന്നു.എന്ത് പറയാമെന്നറിയാതെ ഇരുവർക്കുമിടയിൽ മൗനം കളിയാടിയപ്പോൾ, അതിനെ ഭേദിച്ചത് അവൾ തന്നെ ആയിരുന്നു.

” പ്രശാന്തേട്ടന് സുഖമല്ലേ..? “

പതിഞ്ഞ സ്വരം..!

അവൻ ആ ചോദ്യം കേട്ടില്ലെന്ന് തോന്നി. അവൻ അപ്പോഴും അവളിലെ മാറ്റങ്ങൾ തിരയുന്ന തിരക്കിൽ ആയിരുന്നു. അവന്റെ കണ്ണുകൾ ആവേശത്തോടെ അവളുടെ മുഖം മുഴുവൻ ഓടി നടക്കുകയായിരുന്നു..!

അവൾ ഒരിക്കൽ കൂടി ചോദ്യം ആവർത്തിച്ചു. പക്ഷെ, അതിനു മറുപടി ആയി അവൾക്ക് കിട്ടിയത് ഒരു കൂർത്ത നോട്ടം ആയിരുന്നു.കുറ്റബോധത്താൽ അവളുടെ തല താഴ്ന്നു.

“അറിയാം.. പൊറുക്കാൻ ആവാത്ത തെറ്റാണ് ഞാൻ ചെയ്തത്. ഒരുപാട് വേദനിച്ചിട്ടുണ്ടാകും എന്നും അറിയാം. ക്ഷമിക്കണം എന്ന് പറയാനേ എനിക്ക് ആകൂ..”

കൈ കൂപ്പി കണ്ണീരോടെ പറയുന്നവളെ നെഞ്ചോട് ചേർക്കാൻ ആണ് ആദ്യം തോന്നിയത്. പക്ഷെ, അവന്റെ കൈകൾ ചലിച്ചില്ല. പകരം, നാവ് ചലിച്ചു.

“ക്ഷമാപണം ഒക്കെ പിന്നെയാകാം. പെട്ടെന്നൊരു സുപ്രഭാതത്തിൽ ആരോടും ഒന്നും പറയാതെ, നീ എവിടേക്കാ പോയത്..? അത് ആദ്യം പറയൂ..”

ഗൗരവത്തോടെ ഉള്ള അവന്റെ ചോദ്യത്തിൽ അവൾ തെല്ലും പതറിയില്ല. ഒക്കെയും പ്രതീക്ഷിച്ചത് പോലെ ആയിരുന്നു പെരുമാറ്റം.

” പറയാം.. “

വഴിയോരത്തെക്ക് മാറി നിന്നുകൊണ്ട് അവൾ തന്റെ ഭൂതകാലം അവനു മുന്നിൽ കുടഞ്ഞിട്ടു.

” അന്ന് നമ്മൾ അവസാനമായി സംസാരിച്ച ദിവസം കാര്യങ്ങളെല്ലാം അച്ഛൻ അറിഞ്ഞിരുന്നു. അതിന്റെ പേരിൽ വീട്ടിൽ വലിയ വഴക്ക് നടന്നു. എന്നെ തല്ലുക പോലും ചെയ്തു. എന്റെ ഫോൺ വാങ്ങി വെച്ചു. പിറ്റേന്നു തന്നെ അമ്മയുടെ വീട്ടിലേക്ക് എന്നെയും അമ്മയെയും പറഞ്ഞയച്ചു. അച്ഛനും ഞങ്ങൾക്ക് പിന്നാലെ ട്രാൻസ്ഫർ വാങ്ങി അവിടെനിന്ന് പോന്നു. പിന്നീട് ഇവിടേക്ക് വന്നു ഇവിടെ വീട് വച്ചു. പ്രശാന്ത് ചേട്ടനെ വിവരമറിയിക്കാൻ ഒരുപാട് ശ്രമിച്ചതാണ്. പക്ഷേ എനിക്കു മുന്നിൽ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല. എന്റെ ഫോണിൽ ഉണ്ടായിരുന്ന എല്ലാ നമ്പറുകളും ഡിലീറ്റ് ചെയ്തിട്ടാണ് ഫോൺ എനിക്ക് തിരികെ കിട്ടിയത്. എന്നോടൊപ്പം പഠിച്ചവരോ ആ കോളേജിൽ പഠിച്ചവരോ ആയി ആരുമായും എനിക്ക് ഒരു ബന്ധവും ഉണ്ടാകാൻ പാടില്ല എന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. അന്നൊക്കെ ചേട്ടന്റെ നമ്പർ മനപ്പാഠം ആക്കാത്തതിന് ഞാൻ എന്നെത്തന്നെ ശകാരിക്കാത്ത ദിവസങ്ങളില്ല. വീട്ടുതടങ്കൽ പോലെ തന്നെയായിരുന്നു എന്റെ അവസ്ഥ. എത്രയും പെട്ടെന്ന് എന്നെ വിവാഹം കഴിപ്പിച്ച് അയക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ കഴിയുന്ന തരത്തിൽ ഒക്കെ ഞാൻ എതിർത്ത് നിന്നു. പക്ഷേ എന്റെ എതിർപ്പുകളെ മറികടന്നു കൊണ്ട് ഒരു വിവാഹം ഉറപ്പിച്ചു. അത് വിവാഹ പന്തൽ വരെ എത്തുകയും ചെയ്തു. പക്ഷേ അന്ന് കല്യാണച്ചെക്കൻ മറ്റൊരു പെണ്ണിനൊപ്പം ഒളിച്ചോടി. അതോടെ കല്ല്യാണം മുടങ്ങി. പക്ഷേ അതിന്റെ പരിണിതഫലമായി എനിക്ക് നാട്ടുകാർ ഒക്കെ കൂടി ഒരു ജാതകദോഷം ചാർത്തി തന്നു. എന്റെ ദോഷം കൊണ്ടാണത്രേ ആ ചെക്കൻ ഒളിച്ചോടി പോയത്. “

അവൾ സ്വയം പുച്ഛിച്ചു ചിരിച്ചു.

” എന്തായാലും അതോടെ കല്യാണത്തിന്റെ ബഹളങ്ങൾ കഴിഞ്ഞു. പിന്നീടും ആലോചനകൾ ഒക്കെ ഒരുപാട് വന്നു. അതൊന്നും കല്ല്യാണത്തിലേക്ക് എത്തിയില്ല. നാട്ടുകാർ തന്നെ എന്റെ ജാതകദോഷം പറഞ്ഞ് അത് മുടക്കി തരും. ഈ നാട്ടുകാരെ കൊണ്ട് എനിക്കുണ്ടായ ഒരു ഉപകാരം അതാണ്. ” അവൾ താണ്ടിയ കനൽവഴികൾ ഓർക്കവേ അവന് അവളോട് വല്ലാത്തൊരു ഇഷ്ടം തോന്നി.

” പ്രശാന്ത് ചേട്ടന്റെ ഫാമിലി ഒക്കെ..? “

അവൾ സൗഹൃദം പുതുക്കാനായി ചോദിച്ചു.

” എന്റെ ഹൃദയത്തിൽ ചേക്കേറിയ ഒരുവളേയുള്ളൂ. അവൾക്കായുള്ള കാത്തിരിപ്പ് ആയിരുന്നു ഇത്രയും നാൾ. ഇനി അതിന്റെ ആവശ്യമില്ലല്ലോ..! ഇനിയും കാത്തിരിക്കാൻ വയ്യ..ഒപ്പം കൂട്ടിക്കോട്ടെ നിന്നെ ഞാൻ..? “

അത്രയും നേരം കരുതിവെച്ചിരുന്ന ഗൗരവം ഒഴിവാക്കി ഒരു പുഞ്ചിരിയോടെ അവൻ ചോദിച്ചു.

” അന്നും ഇന്നും ഇനി എന്നും എൻ ഹൃത്തിൽ ഒരേ ഒരു മുഖം മാത്രമേ ഉള്ളൂ..”

അവന്റെ കണ്ണുകളിലേക്ക് മിഴി നട്ട് അവൾ പറഞ്ഞു അവസാനിപ്പിച്ചപ്പോഴേക്കും അവൻ അവളെ ഇറുകെ പുണർന്നിരുന്നു.ഇനി ഒരിക്കലും കൈവിട്ടു കളയില്ല എന്ന് പരസ്പരം വാഗ്ദാനം ചെയ്യുന്നതുപോലെ ഇരു ഹൃദയങ്ങളും ഒരേ താളത്തിൽ മിടിച്ചു തുടങ്ങിയിരുന്നു.

സസ്നേഹം,

അപർണ മിഖിൽ