സമഞ്ജസം….
രചന: അപർണ മിഖിൽ
::::::::::::::::::::::::::::
“നീയൊക്കെ ഒരു പെണ്ണ് തന്നെയാണോടീ…? “
പുച്ഛത്തോടെ ഉള്ള അന്നമ്മ സാറിന്റെ ചോദ്യത്തിന് മറുപടി കൊടുക്കാൻ തക്കത് ഒന്നും തന്റെ പക്കൽ ഇല്ലാത്തതു കൊണ്ടാകാം അശ്വതി മൗനം പാലിച്ചത്.
“നോക്കുന്ന നോട്ടം കണ്ടില്ലേ..ഒറ്റയടിക്ക് കരണം പുകയ്ക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. വേണ്ട എന്ന് വെക്കുന്നതാണ്. നിന്നെ തല്ലിയാൽ എന്റെ കൈ നാറും.. “
അറപ്പോടെ അവൾക്ക് നേരെ ആക്രോശിച്ചു കൊണ്ട് അന്നമ്മ സാർ നടന്നു നീങ്ങി. അവർ കണ്ണിൽ നിന്നും മറഞ്ഞതും അശ്വതി ചുമരിലേക്ക് ചാഞ്ഞിരുന്നു. അവളുടെ അടഞ്ഞ കൺപോളകളിൽ നിന്ന് നീർത്തുള്ളികൾ ഒഴുകി തുടങ്ങിയിരുന്നു. അവളുടെ മനസ്സ് തന്റെ ഭൂതകാലത്തേക്ക് പറക്കാൻ വെമ്പുകയായിരുന്നു.
***************
അശ്വതി. നാട്ടിൽ ഏവരുടെയും കണ്ണിലുണ്ണി ആയിരുന്നവൾ. ഇന്ന് അതേ നാട്ടുകാർക്ക് മുന്നിൽ കണ്ണിലെ കരടാണ്. അതിന് കാരണക്കാരനായവന്റെ മുഖം ഉള്ളിൽ തെളിയവേ, അവളുടെ ചങ്ക് പിടച്ചു.
കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ കൊ ലപ്പെടുത്തിയവളെ ഈ ലോകം പിന്നെങ്ങനെ കാണാൻ..!!
അവളുടെ ചുണ്ടിൽ പുച്ഛത്തോടെ ഒരു ചിരി വിരിഞ്ഞു. സ്വയം അപഹാസ്യയാവുന്നത് പോലെ..!!!
എന്തെങ്കിലും ഒന്ന് വീണു കിട്ടാൻ കാത്തിരിക്കുന്ന നാട്ടുകാർക്ക് കിട്ടിയ വലിയൊരു വിരുന്ന് ആയിരുന്നു തന്റെ ജീവിതത്തിലെ ആ നിർണായക സംഭവം. നാട്ടുകാർ അതൊരു ആഘോഷമാക്കിയപ്പോൾ അത് ഏറ്റു പാടിയവരുടെ എണ്ണവും കൂടി.
അവളുടെ ഓർമ്മകൾ ആ സമയം തന്റെ മകളിലേക്ക് ചിറകടിച്ചുയർന്നു. സ്നേഹിച്ചു കൊതി തീരും മുൻപേ ദൈവസന്നിധിയിലേക്ക് മടങ്ങിയ തന്റെ മകളെ ഓർക്കവേ, അനിയന്ത്രിതമായി അവളുടെ കണ്ണുകൾ നിറഞ്ഞു.
എത്ര മനോഹരമായിരുന്നു തന്റെ ജീവിതം..! അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുഞ്ഞു കുടുംബം. അച്ഛനും അമ്മയ്ക്കും പ്രിയങ്കരിയായ മകൾ..!അനിയത്തിക്ക് വാത്സല്യനിധിയായ ചേച്ചി..! നാട്ടുകാരുടെ കണ്ണിലുണ്ണി.. ഓളങ്ങളില്ലാതെ ഒഴുകുന്ന പുഴ പോലെ ആയിരുന്നു ഞങ്ങളുടെ ജീവിതം..!ആ പുഴയിലേക്ക് ആരോ എടുത്തെറിഞ്ഞ ഒരു കല്ലായിരുന്നു അയാൾ..!
വിനോദ്..തന്റെ ഭർത്താവിന്റെ വേഷം ആടിത്തീർക്കാൻ ഞങ്ങളുടെ ചെറിയ ലോകത്തേക്ക് വിരുന്നെത്തിയവൻ..!ആരോരുമില്ലാത്തൊരു പാവം മനുഷ്യൻ..! ഞങ്ങളുടെ നാട്ടിലേക്ക് കൃഷി ഓഫീസറായി വന്നതായിരുന്നു അയാൾ.അയാളുടെ പുഞ്ചിരിച്ച മുഖവും സ്വഭാവഗുണങ്ങളും നാട്ടുകാർക്ക് അയാൾ പ്രിയങ്കരനാവാൻ ഹേതുവായി.
ഞങ്ങളുടെ വയലിലേക്ക് വേണ്ട പച്ചക്കറി വിത്തുകൾ വാങ്ങാൻ വേണ്ടി കൃഷി ഓഫീസിലേക്ക് പോയപ്പോഴാണ് അയാളെ ഞാൻ ആദ്യമായി കാണുന്നത്. സദാ പുഞ്ചിരിക്കുന്ന മുഖമുള്ള അയാൾ തന്റെ ഉള്ളിലേക്ക് ഇടിച്ചുകയറിയത് ഞാൻ അറിഞ്ഞിരുന്നില്ല. പിന്നീട് അയാളെ കാണുന്നത് തങ്ങളുടെ പാടത്ത് കൃഷി നോക്കാൻ വന്നപ്പോഴായിരുന്നു. ഒന്നോ രണ്ടോ വാക്കുകളിൽ സൗഹൃദം പുതുക്കി പിരിഞ്ഞുപോകുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല അയാൾ എന്റെ ജീവന്റെ ഭാഗമാകും എന്ന്..!
ഒരിക്കൽ കോളേജിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് തനിക്ക് വന്നിരിക്കുന്ന ഒരു വിവാഹാലോചനയെ കുറിച്ച് അറിഞ്ഞത്. ആരാണെന്നോ എന്താണെന്നോ അറിയാത്ത ഒരുവനോടൊപ്പം ആകും ഇനിയുള്ള ജീവിതം എന്നോർത്ത് വിഷമിച്ചിരുന്ന എനിക്ക് മുന്നിൽ എത്തിയത് അയാളായിരുന്നു..വിനോദ്..!!
അയാളുടെ വാചക കസർത്തിൽ ഞാനും മയങ്ങി പോയിരുന്നു എന്ന് തന്നെ പറയാം. അങ്ങനെയാണ് ഞാൻ ആ വിവാഹത്തിന് സമ്മതം മൂളിയത്. ആഘോഷമായി തന്നെ വിവാഹവും കഴിഞ്ഞു. അയാളുടെ വാടക വീട്ടിലേക്ക് ആയിരുന്നു ഞാൻ വലതുകാൽ വെച്ച് കയറിയത്. സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്ന സ്വഭാവമായിരുന്നു അയാളുടേത്.! ആദ്യമൊക്കെ ഞാൻ അത് ആസ്വദിച്ചിരുന്നു. പക്ഷേ പിന്നീട് എപ്പോഴോ അത് എന്നെ വീർപ്പുമുട്ടിക്കാൻ തുടങ്ങി.
വിവാഹം കഴിഞ്ഞതോടെ അച്ഛനെയും അമ്മയെയും കാണാൻ പോകാനും അവർക്ക് ഒപ്പം ഒരുപാട് സമയം ചെലവഴിക്കാനും എനിക്ക് കഴിഞ്ഞിരുന്നില്ല. എന്നെ പിരിഞ്ഞ് ഒരു രാത്രി പോലും കഴിയാനാവില്ല എന്ന അയാളുടെ മോഹന വാക്കുകളിൽ ഞാൻ മയങ്ങി പോയിരുന്നു. കോളേജിലെ അവസാന വർഷ വിദ്യാർഥിയായ എന്റെ പഠനം വിവാഹത്തോടെ നിലക്കാൻ കാരണവും അതു തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ ഒരു മൂഡ സ്വർഗ്ഗത്തിൽ ആയിരുന്ന ഞാൻ അതൊക്കെ അപ്പാടെ വിശ്വസിക്കുകയും ചെയ്തു. വിവാഹശേഷം മൂന്നാം മാസം എന്നിലെ സ്ത്രീ ഒരു അമ്മയാകാൻ തയ്യാറെടുക്കുന്നു എന്നറിഞ്ഞപ്പോൾ സ്വർഗം കിട്ടിയ പോലെ ആയിരുന്നു എനിക്ക്. പക്ഷേ എന്റെ സന്തോഷങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.
“നമ്മൾ ജീവിതം ആസ്വദിക്കാൻ തുടങ്ങിയിട്ടേയുള്ളൂ..ഇപ്പോൾ നമുക്കിടയിൽ ആരും വേണ്ട.. “
എന്ന് സ്നേഹത്തോടെ അയാൾ പറഞ്ഞപ്പോൾ ചങ്കു പിടയ്ക്കുന്ന വേദനയോടെ ആണെങ്കിലും അയാളുടെ ആവശ്യം ഞാൻ അംഗീകരിച്ചു. ഭർത്താവിന്റെ വാക്കുകളെ അനുസരിക്കണം എന്നാണല്ലോ പഠിപ്പിച്ചു വിട്ടത്.! പക്ഷേ പിന്നീട് പലപ്പോഴും വയറ്റിൽ ഉരുത്തിരിഞ്ഞ കുഞ്ഞ് ജീവനെ ഇല്ലായ്മ ചെയ്യാൻ അയാൾ ആവശ്യപ്പെട്ടപ്പോൾ ഒക്കെ എന്നിലെ സ്ത്രീ മരണപ്പെടുകയായിരുന്നു. അയാളെ എതിർക്കാനും അനുസരിക്കാനും കഴിയാത്ത വിധം ഒരു നിർവികാരതയിൽ ആയിരുന്നു എന്റെ മനസ്സ്. അതൊരു തുടർക്കഥ ആയപ്പോൾ ഇനി ഒരു കുഞ്ഞിനെ കുരുതി കൊടുക്കാൻ അനുവദിക്കില്ല എന്ന് എന്റെ മനസ്സ് തീരുമാനമെടുത്തു. അതിന്റെ ഫലം ആയിരുന്നു ഞങ്ങളുടെ മകൾ.. അല്ല, എന്റെ മകൾ.. കണ്മണി!!
ഗർഭിണി ആണെന്ന് സംശയം ഉണ്ടായിട്ടു കൂടി ആരോടും ഞാൻ അതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. അയാൾ ഒഴികെ മറ്റാരോടും എനിക്കത് പറയാൻ കഴിയില്ലല്ലോ. എന്റെ അച്ഛനും അമ്മയ്ക്കും അനിയത്തിക്കും എന്റെ അടുത്തേക്ക് വരാനും എനിക്ക് അവർക്ക് അടുത്തേക്ക് പോകാനും ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഒരേ നാട്ടിൽ താമസം ആയിട്ട് പോലും അതായിരുന്നു അവസ്ഥ. കല്യാണം കഴിഞ്ഞ പെൺകുട്ടികൾ സ്വന്തം വീട്ടിൽ ചെന്നാൽ എത്രയും വേഗം മടങ്ങി പോകണം എന്ന് തന്നെയാണല്ലോ അച്ഛനുമമ്മയും ഉൾപ്പെടെ എല്ലാവരും ആഗ്രഹിക്കുക. അങ്ങനെ അല്ലെങ്കിൽ അത് ആ ബന്ധത്തിൽ ഉലച്ചിൽ തടിക്കുമെന്ന് തന്നെയാണ് അവരുടെ വിശ്വാസം.!
മൂന്നുമാസം..! ഓരോ രാത്രിയും അയാൾതന്നെ സമീപിക്കുമ്പോൾ ഭയത്തോടെ ആയിരുന്നു കഴിഞ്ഞിരുന്നത്. പലപ്പോഴും അസ്വസ്ഥതകൾ പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി. എന്നെ ജീവനായി കരുതിയിരുന്ന അയാൾ എന്നെ പരിചരിച്ചു. മൂന്നു മാസത്തിനു ശേഷമാണ് എനിക്ക് ഇങ്ങനെ ഒരു സംശയം ഉണ്ടെന്നു പോലും അയാളോട് പറഞ്ഞത്. അന്നായിരുന്നു ആദ്യമായി ഞാൻ അയാളെ ഭയത്തോടെ നോക്കിയത്. ഞാൻ ആ വിവരം പറഞ്ഞ ഉടനെ അയാൾ വല്ലാതെ അസ്വസ്ഥനാകുന്നത് ഞാൻ കണ്ടു. എന്നെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോൾ അയാൾ ആകെ പരിഭ്രാന്തനായിരുന്നു. ഞാൻ അത് മനപൂർവം കണ്ടില്ലെന്നു നടിച്ചു.
ടെസ്റ്റ് റിസൾട്ടിനു വേണ്ടി കാത്തിരുന്ന സമയം മുഴുവൻ ഞാൻ പ്രാർത്ഥനയിൽ ആയിരുന്നു. ആ കുഞ്ഞിനെ കൂടി എനിക്ക് നഷ്ടമാകരുത് എന്ന്..! എന്റെ കണ്ണീരിൽ ദൈവം അലിഞ്ഞിട്ടുണ്ടാകണം. ഡോക്ടറുടെ നാവിൽനിന്നും ഞാൻ പ്രഗ്നന്റ് ആണെന്ന് കേട്ട ആ നിമിഷം വല്ലാത്ത സന്തോഷമായിരുന്നു എനിക്ക്. പക്ഷേ അയാൾക്ക് അത് വല്ലാത്ത നിരാശയായിരുന്നു. ഇനിയൊരു അബോഷൻ എന്റെ മരണത്തിന് ഇടയാക്കുമെന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ ഒന്നുകൊണ്ടുമാത്രം അതിനെ വളരാൻ അനുവദിക്കുകയായിരുന്നു അയാൾ..!
ഇഷ്ടമില്ലാത്ത ഒരു അതിഥി വീട്ടിലേക്ക് വരുന്നത് പോലെയായിരുന്നു അയാളുടെ ഓരോ ഭാവങ്ങളും. എന്നോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രമായിരുന്നു അയാൾ ദേഹോപദ്രവത്തിനു മുതിരാത്തത്. എന്റെ ആരോഗ്യം മോശമാണെന്ന് ഡോക്ടർ പറഞ്ഞതോടെ എനിക്ക് പഴവർഗ്ഗങ്ങൾ ആയും നട്സ് ആയും ഒക്കെ ഒരുപാട് സാധനങ്ങൾ വാങ്ങി തന്നു. അതൊന്നും ഒരിക്കലും കുഞ്ഞിനുവേണ്ടി ആയിരുന്നില്ല. ഞാൻ ഒരാൾക്ക് വേണ്ടി മാത്രം. കുഞ്ഞിനെ കുറിച്ചുള്ള ഒരു കാര്യങ്ങളോടും അയാൾ പ്രതികരിച്ചില്ല. അതൊന്നും കേൾക്കുന്നത് പോലും അയാൾക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ അതൊന്നും അയാളോട് പറയാനും ശ്രമിച്ചില്ല. അന്ന് ആശുപത്രിയിൽ പോകാൻ എനിക്ക് കൂട്ടു വന്നിരുന്നത് അമ്മയായിരുന്നു. ജോലിത്തിരക്കു പറഞ്ഞു അയാൾ ഒഴിഞ്ഞു മാറൽ ആയിരുന്നു പതിവ്..!
പ്രസവിച്ച കുഞ്ഞിനെ കണ്ട നിമിഷം ഞാൻ ഒരിക്കലും മറക്കില്ല. എന്റെ കണ്ണ് നിറഞ്ഞ് എനിക്ക് അവളെ നേരെ കാണാൻ കൂടി പറ്റുന്നുണ്ടായിരുന്നില്ല. കുഞ്ഞിനെ ആദ്യമായി ഏറ്റുവാങ്ങിയത് എന്റെ അച്ഛനായിരുന്നു. അയാൾക്ക് അതാണ് ആഗ്രഹം എന്ന് അയാൾ പറഞ്ഞുവത്രേ.!! അയാൾക്ക് കുഞ്ഞിനോടുള്ള ഇഷ്ടക്കേട് മറച്ചുവെക്കാൻ അയാൾ കണ്ടെത്തിയ മാർഗം.!! പ്രസവശേഷം എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടു പോയപ്പോൾ എല്ലാ ദിവസവും എന്നെ കാണാൻ അയാൾ എത്തുമായിരുന്നു. അപ്പോഴൊക്കെയും അയാൾ കുഞ്ഞിനെ അവഗണിച്ചു. എന്റെ വീട്ടുകാർക്ക് മുന്നിൽ കുഞ്ഞിനെ ലാളിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്ന നല്ല അച്ഛൻ ആയി അയാൾ. എന്നാൽ തനിച്ചാകുന്ന ഓരോ നിമിഷവും കുഞ്ഞിനെ അറപ്പോടും വെറുപ്പോടും നോക്കി. അയാളുടെ ഈ രണ്ടു ഭാവ മാറ്റങ്ങളും ഞാൻ അമ്പരപ്പോടെയാണ് നോക്കി കണ്ടത്.
എന്നെ ചികിത്സിച്ച ഡോക്ടറുടെ സഹായത്തോടെയാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്. അയാൾ ഒരു മാനസിക രോഗത്തിന് അടിമയാണ്. അതൊരിക്കലും ഒരു രോഗം എന്ന് പറയാനാകാത്ത അവസ്ഥയാണ്. ചെറുപ്പകാലത്ത് തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട അയാൾക്ക് ആകെ ഉണ്ടായിരുന്ന ആശ്രയം ഞാനാണ്. അയാളുടെ സ്വന്തം എന്ന് പറഞ്ഞു ചേർത്തുപിടിക്കാൻ ആകെയുള്ള ഒരേ ഒരാൾ. എന്നിൽ മറ്റാരും അവകാശം സ്ഥാപിക്കുന്നത് അയാൾക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. അതുതന്നെയായിരുന്നു ഓരോ അ ബോഷന് പിന്നിലുള്ള കാരണവും.!
എന്റെ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ഒക്കെ എന്നെ അകറ്റിയത് അയാളുടെ അസൂയ കൊണ്ടാണെന്ന് ഞാൻ പലപ്പോഴും കളിയായി പറഞ്ഞിരുന്നു. പക്ഷേ അതൊരു ഗുരുതര പ്രശ്നമായി മാറിയത് ഞാനറിഞ്ഞിരുന്നില്ല. പിന്നീട് ഡോക്ടറുടെ സഹായത്തോടെ തന്നെ അയാൾക്ക് കൗൺസിലിംഗ് നൽകി. അയാൾ കുഞ്ഞിനെ തന്റെ ജീവിതത്തിലേക്ക് ചേർത്തുപിടിച്ചു എന്ന് തന്നെ ഞാൻ വിശ്വസിച്ചു. കാരണം എനിക്ക് മുന്നിലും അയാൾ നല്ലൊരു അച്ഛൻ ആവാൻ തുടങ്ങുകയായിരുന്നു. കുഞ്ഞിനെ ലാളിക്കാനും കൊഞ്ചിക്കാനും ഒക്കെ തുടങ്ങി. എനിക്ക് സന്തോഷം നൽകുന്ന കാഴ്ചകൾ തന്നെയായിരുന്നു ഒക്കെയും.
അന്ന് ആ നശിച്ച ദിവസം…അയാൾക്ക് അടുത്ത് കുഞ്ഞിനെ ഏൽപ്പിച്ചിട്ട് അങ്കണവാടിയിലേക്ക് പോയതാണ് ഞാൻ. കണ്മണിക്ക് അവിടെനിന്ന് കിട്ടാറുള്ള അമൃതം പൊടി വാങ്ങാൻ ആയിരുന്നു പോയത്. കുഞ്ഞു ഉറങ്ങുകയായിരുന്നു അതുകൊണ്ടു തന്നെ അവളുണരും മുൻപ് തിരികെ എത്തണമെന്ന് കണക്കുകൂട്ടിയിരുന്നു. പക്ഷേ വഴിയിൽ ഒന്നുരണ്ടു പേരെ കണ്ടപ്പോൾ അവരോട് സംസാരിച്ചു നിന്ന് വീട്ടിൽ എത്തിയപ്പോൾ നേരം വൈകിയിരുന്നു. അകത്തു കയറിയ ഞാൻ കണ്ടത് എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അയാളെ ആണ്. അമ്പരന്ന് നോക്കിയ എന്റെ മുന്നിലേക്ക് അയാളൊരു ചാക്കുകെട്ട് നീക്കിവെച്ചു.
“ദേ..എന്റെ കുറച്ച് പഴയ സാധനങ്ങൾ ആണ്. നീ ഇതു കൊണ്ടുപോയി പിന്നിലെ പൊട്ട കിണറ്റിലേക്ക് ഇട്ടേക്ക്..”
അയാൾ പറഞ്ഞത് കേട്ട് നെറ്റി ചുളിഞ്ഞെങ്കിലും എതിർത്തൊന്നും പറയാതെ ഞാൻ അത് വാങ്ങി കൊണ്ടു പോയി കിണറ്റിലെറിഞ്ഞു. മതിലിനു അടുത്ത് നിന്ന സുബൈദയെ നോക്കി ചിരിച്ചിട്ട് വേഗം വീട്ടിലേക്ക് ഓടി. കുഞ്ഞിനെ കാണാത്തതിന്റെ വൈഷമ്യം എന്റെ മുഖത്ത് പ്രകടമായിരുന്നു. വീട്ടിലെത്തി അവളെ കിടത്തിയിരുന്ന മുറിയിൽ നോക്കിയപ്പോൾ കുഞ്ഞിനെ കാണാതായതോടെ പരിഭ്രാന്തയായി ഞാൻ അയാൾക്ക് അടുത്തെത്തി.
“കൺമണി എവിടെ..? “
പരിഭ്രാന്തിയോടെ ഉള്ള എന്റെ ചോദ്യത്തിന് മറുപടിയായി അയാൾ പൊട്ടിച്ചിരിച്ചു. അത് എന്റെ ഭയത്തിന് ആക്കം കൂട്ടി.
“എന്റെ മോൾ എവിടെ..? “
അലറുകയായിരുന്നു താൻ.
“അതിനെ തന്നെയാ നീ കൊണ്ടുപോയി കിണറ്റിൽ എറിഞ്ഞത്.. “
നിസ്സാരമായി പറഞ്ഞയാളെ പകപ്പോടെ നോക്കിപ്പോയി ഞാൻ.
“വെറുതെ പറയല്ലേ.. “
ഉള്ളിൽ ഭയം കളിയാടുന്നുണ്ടെങ്കിലും അത് പുറത്തുകാണിക്കാതെ നേരിയ പ്രതീക്ഷയോടെ അയാളോട് ചോദിച്ചു.
“ഞാൻ തമാശ പറഞ്ഞതാണ് എന്ന് തോന്നിയോ നിനക്ക്..? എന്നാൽ തമാശയല്ല. നാളുകളായി എന്നെ അസ്വസ്ഥമാക്കിയ ഒരു സാധനം ആണത്. നിന്നെ ഒന്ന് സ്നേഹിക്കാൻ അനുവദിക്കാതെ നിന്റെ അടുത്തേക്ക് എന്നെ ഒന്ന് വരാൻ പോലും സമ്മതിക്കാതെ എല്ലായിപ്പോഴും എനിക്ക് തടസ്സമായി നിന്ന വസ്തു. നീ എന്റെ അല്ലേ..? അപ്പോൾ എപ്പോഴും നീ എന്നോടൊപ്പം അല്ല ഉണ്ടാകേണ്ടത്..?എന്നിട്ടും ഇപ്പോൾ അതാണോ ചെയ്യുന്നത്..? എപ്പോഴും അതിന് പിന്നാലെ. ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. ഇന്നാണ് അത് വീണു കിട്ടിയത്. കിട്ടിയ അവസരം പാഴാക്കാതെ ഉറങ്ങിക്കിടന്ന അതിന്റെ മുഖത്തേക്ക് തലയണ എടുത്തു വച്ച് അമർത്തി കൊന്നതാണ് ഞാൻ. പാവം ഉറക്കത്തിൽ തന്നെ മരിച്ചു പോയി. ഇവിടെ ചാക്കിൽ കെട്ടി വച്ച അതിനെ നീ തന്നെയാണ് കൊണ്ടുപോയി കിണറ്റിൽ ഇട്ടത്.”
അത്രയും പറഞ്ഞ് അയാൾ പൊട്ടിച്ചിരിക്കുമ്പോൾ അലറി കരയുകയായിരുന്നു ഞാൻ. പിന്നീട് എപ്പോഴോ ഞാൻ ബോധം മറഞ്ഞു നിലത്തുവീണു. ബോധം തെളിഞ്ഞ എന്നെ വരവേറ്റത് നാട്ടുകാരുടെ കൂക്കിവിളി ആണ്. കാര്യമറിയാതെ പകച്ചു നിന്ന എനിക്ക് മുന്നിലേക്ക് വിലങ്ങ് നീട്ടി കൊണ്ടാണ് പോലീസുകാർ പ്രതികരിച്ചത്. എപ്പോഴോ ഞാൻ കണ്ടിരുന്നു കണ്ണീരോടെ നിൽക്കുന്ന അയാളെ. അയാളുടെ ആ ഭാവം എന്തിനെന്ന് പോലും തിരിച്ചറിയാനാകാതെ എന്റെ ഉള്ളം നിർവികാരം ആയിരുന്നു. അമ്മയും അച്ഛനും എന്റെ നേരെ നോക്കിയ നോട്ടം അത്ര മേൽ വെറുപ്പോടെ ആയിരുന്നു. അവരുടെ ശാപവചനങ്ങൾ എന്തിനായിരുന്നു എന്നുപോലും എനിക്ക് ആ സമയം മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്റെ പൊന്നോമനയെ നഷ്ടമായതിന്റെ ഷോക്കിൽ ആയിരുന്നു ഞാൻ.
പിറ്റേന്ന് പോലീസ് സ്റ്റേഷനിൽ വച്ചാണ് ഞാനറിയുന്നത് കാമുകനൊപ്പം പോകാൻ സ്വന്തം കുഞ്ഞിനെ ഒരു ഇല്ലായ്മ ചെയ്ത ക്രൂ രയായ അ മ്മയാണത്രേ ഞാൻ. കേട്ടാലറയ്ക്കുന്ന അസഭ്യ വർഷത്തോടൊപ്പം പോലീസുകാർ അത് വെളിപ്പെടുത്തിയപ്പോൾ ആദ്യം ഒരു മരവിപ്പ് ആയിരുന്നു. സത്യം പറഞ്ഞ് ബോധ്യപ്പെടുത്താൻ ഒരുപാട് ശ്രമിച്ചിട്ടും ഞാൻ പരാജിതയായി. എന്റെ വാക്കുകൾ കേൾക്കാൻ പോലും ആരും താല്പര്യം പ്രകടിപ്പിച്ചില്ല.
കോടതിയിൽ ഹാജരാക്കിയപ്പോഴോ ജയിലിലേക്ക് അയച്ചപ്പോഴോ എനിക്ക് ആരോടും ഒന്നും പറയാനില്ലായിരുന്നു. അല്ലെങ്കിൽ തന്നെ എന്തു പറയാൻ..?എനിക്കെതിരെ സാക്ഷിപറയാൻ എന്റെ ഭർത്താവ് ഉൾപ്പെടെ ആളുകൾ അനവധി ആയിരുന്നു. ഞാൻ കുഞ്ഞിനെ കൊണ്ട് എറിഞ്ഞതിനു ദൃക്സാക്ഷി സുബൈദയും ഉണ്ടായിരുന്നല്ലോ..!! അവസാനമായി ഞാൻ അച്ഛനെയും അമ്മയേയും കണ്ടത് അന്നാണ്. അയാൾക്ക് താങ്ങായും തണലായും ആശ്വാസമായി നിൽക്കുന്ന അച്ഛനെയും അമ്മയെയും അമ്പരപ്പോടെയാണ് ഞാൻ നോക്കിയത്. സ്വന്തം മകളെ വിശ്വാസമില്ലാത്ത മാതാപിതാക്കൾ..!അല്ലെങ്കിൽ ഒരിക്കൽ എങ്കിലും അന്വേഷിക്കില്ലായിരുന്നോ എന്താണ് സത്യം എന്ന്..! ഒന്നും ഒന്നും ഉണ്ടായില്ല..എങ്കിലും അയാൾ എന്തിനുവേണ്ടിയായിരുന്നു ഇങ്ങനെ ഒരു കുറ്റം എന്റെ മേൽ ചുമത്തിയത് എന്ന് ഇന്നും എനിക്ക് അറിയില്ല.!
കോടതി പന്ത്രണ്ട് വർഷത്തെ തടവിന് എന്നെ ശിക്ഷിച്ചപ്പോൾ, ജയിലിലെത്തിയ അന്നുമുതൽ ഞാൻ കേൾക്കുന്നതാണ് ഓരോരുത്തരുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പരിഹാസങ്ങൾ. ആദ്യമൊക്കെ അതുകേട്ട് വിഷമിച്ചിരുന്ന എനിക്ക് ഇപ്പോൾ അത് ശീലം ആയി. ഒന്നിനോടും പ്രതികരിക്കാതെ ഞാൻ എന്റെ മകളുടെ ലോകത്താണ്. എനിക്ക് കൈമോശം വന്ന പൊന്നോമനയുടെ ലോകത്ത്..!!
കാലം അയാൾക്കായി ഒരു കാവ്യനീതി കരുതി വച്ചിട്ടുണ്ടാകും എന്ന പ്രതീക്ഷ മാത്രമാണ് എനിക്ക് ഉള്ളത്..! അയാൾ സത്യം തുറന്നു പറയാതെ ഇനി ഒരാളും ഇതിനെക്കുറിച്ച് അറിയാൻ പോകുന്നില്ല. എന്നെ ആരും വിശ്വസിക്കുന്നുമില്ലല്ലോ.. അതുകൊണ്ട് അതൊക്കെ ഒരു പ്രതീക്ഷ മാത്രം..!!!
സസ്നേഹം
അപർണ മിഖിൽ