അല്ല നീ രാവിലെ തന്നെ കറുപ്പ് നിറം പാട്ടൊക്കെ പാടുന്നു .അതും കണ്ണനെക്കൂടി ചേർത്തു. എനിക്കുളള ഊതലാണോ….

_upscale

A story by സുധീ മുട്ടം

:::::::::::::::::::

“എന്തേ കണ്ണനിത്ര കറുപ്പ് നിറം…”

രാവിലെ എഴുന്നേറ്റത് പ്രിയതമയുടെ പാട്ട് കേട്ടാണ്…

“ഇവൾക്കെന്താണ് പതിവില്ലാത്തൊരു പാട്ട്…” ഞാൻ അത്ഭുതപ്പെട്ടു..

“എന്തേ കണ്ണനിത്ര കറുപ്പ് നിറം…വീണ്ടും അതേ പാട്ട് . ഒപ്പം അടുക്കളയിൽ പാത്രങ്ങളുടെ തട്ടലും മൂളലും കേൾക്കാം…”

ഈ പ്രാവശ്യം അവൾ പാട്ട് മൂളിയപ്പോൾ ഞാൻ അറിയാതെ തന്നെ എന്നെയൊന്ന് നോക്കി…

“ശ്ശെടാ ഞാൻ ഫുൾ കറുപ്പാണല്ലോ…അപ്പോൾ കൊട്ട് നമുക്കിട്ട് തന്നെ..ഈ കറുപ്പ് നിറം ഇത്രക്ക് വലിയ സംഭവമാണോ…”

എനിക്കാകെ സംശയം. ഞാൻ എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നു…

“സംശയം വന്നാൽ അപ്പോൾ തന്നെ ചോദിക്കണം. വെച്ചു കൊണ്ടിരുന്നാൽ ശരിയാകില്ല…”

എന്നെ കണ്ടതും ശ്രീമതി അടുത്ത കൊട്ട്..

“അല്ല തടിയൻ എഴുന്നേറ്റാ..ദാ കട്ടൻ കാപ്പി..വായും മുഖവും കഴുകി വന്നാൽ തരാം…”

“എനിക്ക് നിന്റെ കാപ്പിയൊന്നും വേണ്ട. ഒരുസത്യം അറിഞ്ഞാൽ മതി…”

“എന്നതാണ് മനുഷ്യാ കാര്യം…”

“അല്ല നീ രാവിലെ തന്നെ കറുപ്പ് നിറം പാട്ടൊക്കെ പാടുന്നു .അതും കണ്ണനെക്കൂടി ചേർത്തു. എനിക്കുളള ഊതലാണോ…?

“ശ്ശെടാ..എനിക്കിവിടെ ഒരുപാട്ട് പാടാനുളള സ്വാതന്ത്ര്യം കൂടിയില്ലേ…”

“പാടുന്നതിനു കുഴപ്പമില്ല..എന്റെ പേര് ചേർത്തു കറുപ്പ് നിറത്തെ കുറിച്ച് പാടണ്ട….

“ഇതെന്തൊരു കൂത്ത്…കണ്ണനെന്ന പേര് നിങ്ങൾക്ക് ഉണ്ടെന്ന് കരുതി ഞാൻ പാടരുതുന്നുണ്ടോ..ഞാൻ ഭഗവാൻ കൃഷ്ണനെ കുറിച്ച് പാടിയതാ…”

“നീ ആരെക്കുറിച്ചും പാടണ്ട..കറുപ്പ് നിറത്തെ കുറിച്ച് ഒട്ടും…” ഞാൻ അൽപ്പം സ്വാർത്ഥനായി..

“നിങ്ങൾക്കിത് രാവിലെ എന്നാത്തിന്റെ സൂക്കേടാ..തമ്മിൽ തല്ലാമെന്ന് രാവിലെതന്നെ വല്ല നേർച്ചയുമുണ്ടോ…”

ഭാര്യ ദക്ഷിത എന്നെ പോരകോഴിയെപ്പോലെ നോക്കി

ഇടക്കിടെ തട്ടലും മുട്ടലും ഇല്ലെങ്കിൽ എന്ത് രസം ഇല്ലെ. ഞങ്ങൾ അങ്ങനെയാണ് ഇടക്കിടെ തല്ലുകൂടും പിണങ്ങും പിന്നെ കൂട്ടുകൂടും…

“ഭഗവാൻ കൃഷ്ണനും കറുപ്പ് നിറമാണ്. നിങ്ങളെപ്പോലെ ഒരുപാട് ആൾക്കാർ കറുത്തവർ ഉണ്ട്. നിങ്ങളുടെ ഒടുക്കത്തെ അപകർഷതാബോധം  അങ്ങ് കളയ് മനുഷ്യ….”

കൃഷ്ണന്റെ പേര് അവൾ പറഞ്ഞതും വഴക്ക് മറ്റൊരു തലത്തിലേക്കായി…

“ആ പേരും ഇവിടെ പറയരുത്. നിങ്ങൾ പെണ്ണുങ്ങൾക്ക് ഭഗവാനെ വലിയ ഇഷ്ടമാണ്. അമ്പലത്തിൽ പോകും തൊഴും. എപ്പോഴും വിളിക്കും. ഭർത്താക്കന്മാർ കൃഷ്ണനായാൽ പിന്നെ പറയുകയും വേണ്ട…”

“നിങ്ങൾ സാധാരണ മനുഷ്യൻ ആയാൽ മതി.ഭഗവാനൊന്നും ആകണ്ട.അങ്ങനെ ആയാലുണ്ടല്ലോ ഇല്ലാത്ത പുകിലുണ്ടാകും..നിങ്ങളെ ഡൈവോഴ്സ് ചെയ്തു ഞാനെന്റെ വഴി നോക്കും.”

ദേഷ്യപ്പെട്ട് മറുപടി നൽകുന്നതിനോടൊപ്പം ദക്ഷിത കയ്യിൽ കിട്ടിയ പാത്രങ്ങളെടുത്ത് നിലത്തേക്ക് എറിഞ്ഞു.പിന്നെ അടുത്ത ഘട്ടം നെഞ്ചത്തടിച്ച് അലറിക്കരച്ചിലായി…

നാട്ടുകാരും വീട്ടുകാരും ഓടിക്കൂടി. പറഞ്ഞു പറഞ്ഞു പ്രശ്നം കാടു കയറി..

അമ്മയെ തല്ലിയാലും രണ്ടുപക്ഷം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഇവിടെ ഭാര്യയെ സപ്പോർട്ട് ചെയ്യാനെ എല്ലാവരും ഉണ്ടായിരുന്നുള്ളൂ…

“അതിനി കണ്ണുനീരിന്റെ ശക്തിയാണോ…” എനിക്ക് വീണ്ടും സംശയം..

സംശയം ഞാൻ മനസിലിട്ട് തന്നെ കുഴിച്ചുമൂടി. അല്ലെങ്കിൽ പ്രശ്നം ഇനിയും രൂക്ഷമായെങ്കിലോ….

ഒടുവിലവളുടെ സൗന്ദര്യപ്പിണക്കം മാറ്റാൻ ഒരു ചുരീദാറും സാരിയും വാങ്ങിക്കൊടുക്കണ്ടി വന്നു.കൂടെ അവളുടെ പ്രിയപ്പെട്ട മസാലദോശയും…

എല്ലാം കിട്ടിക്കഴിഞ്ഞു അവൾ വീണ്ടും പാടി…

“എന്തെ കണ്ണനിത്ര കറുപ്പ് നിറം…

നല്ല രീതിയിൽ ബജറ്റ് കാലിയായെങ്കിലും ഞാനൊന്നും മിണ്ടിയില്ലെങ്കിലും അവളെന്റെ കാതിലടക്കം പറഞ്ഞു…

“അടുത്ത ഉണ്ണി വരാൻ തയ്യാറെടുക്കുന്നുണ്ട് ട്ടാ കളള തടിയാ….

ദക്ഷിത പറഞ്ഞതു കേട്ട് ഞാനവളെ പൊക്കിയെടുത്ത് വട്ടം കറക്കി ആഹ്ലാദം പ്രകടിപ്പിച്ചു

പുതിയൊരു അതിഥിയുടെ കൂടി വരവിനായിട്ട്….

(അവസാനിച്ചു)