അവളുടെ വീട്ടിൽച്ചെന്ന് ബൈക്കിൽ നിഖിലയെ കയറ്റി പോകാനിറങ്ങുമ്പോൾ അദ്ദേഹം പറയും…

_upscale

നിഖില…

രചന: ഭാഗ്യലക്ഷ്മി. കെ. സി

:::::::::::::::::

ഇന്റർവ്യൂ പതിനൊന്ന് മണിക്കാണ്. ഇതിപ്പോൾ നാലാമത്തേതാണ്. ഡിഗ്രി കഴിഞ്ഞ് ബാംഗ്ലൂർനഗരത്തിൽ ജോലിയുമായി നാലുവർഷം അടിച്ചുപൊളിച്ച് കഴിഞ്ഞതാണ്. കോവിഡ് എല്ലാം തുലച്ചു. രണ്ടുവർഷമായി വെറുതേയിരിപ്പാണ്.

സനൂപ് ഫയൽ തുറന്ന് സർട്ടിഫിക്കറ്റ്സ് എല്ലാം എടുത്തിട്ടില്ലേ എന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. വാച്ച് നോക്കി. ഇനിയും ഇരുപത് മിനുറ്റുണ്ട്.  പോരാൻനേരം അമ്മ‌ ചായയെടുത്തുതരുമ്പോൾ വീണ്ടും ഓ൪മ്മിപ്പിച്ചിരുന്നു.

സനൂ, നിന്റെയൊപ്പം പഠിച്ചതല്ലേ, രാജിയേച്ചിയുടെ മകൻ..അവന്റെ കല്യാണമായി. നിനക്കും വേണം ഉടൻ..അമ്മക്ക് വയ്യാണ്ടായിത്തുടങ്ങി..

ഓർമ്മകൾ അറിയാതെ നിഖിലയിലേക്ക് പാറിവീണു. അല്ലെങ്കിലും ഈയിടെയായി അങ്ങനെയാണ്..എല്ലാ ചിന്തകളും അവസാനിക്കുന്നത് അവളിലാണ്..

ദീർഘകാലം ഒരേക്ലാസ്സിൽ പഠിച്ച് താൻ അവളുടെ വീട്ടിലും അവൾ തന്റെ വീട്ടിലും സുപരിചിതരായിരുന്നു. അമ്മക്ക് തന്റെ മനസ്സ് ആദ്യമേ അറിയാമായിരുന്നു. അവളുടെ അച്ഛൻ എത്ര നല്ല പെരുമാറ്റമായിരുന്നു… ഒരിക്കൽപ്പോലും താനവിടെ കയറിച്ചെല്ലുന്നത് വിലക്കിയിട്ടില്ല. എത്രയോവട്ടം നിഖിലയുമൊത്ത് സിനിമക്കും മാളിലുമൊക്കെ പോയിരിക്കുന്നു.

അവളുടെ വീട്ടിൽച്ചെന്ന് ബൈക്കിൽ നിഖിലയെ കയറ്റി പോകാനിറങ്ങുമ്പോൾ അദ്ദേഹം പറയും:

സൂക്ഷിച്ച് പോകണേ മോനേ..റോഡ് തീരെ മോശമാ..പോരാത്തേന് ഓരോരുത്തർ വലിയ സ്പീഡിലായിരിക്കും എതിരേ വരുന്നത്..

അമ്മയില്ലെങ്കിലും നിഖിലക്ക് അച്ഛൻ ആ കുറവ് വരുത്തിയിട്ടില്ല. അത്രക്കും വലിയ സുഹൃത്തുക്കളെപ്പോലെ ആയിരുന്നു അവ൪.

പക്ഷേ…

തന്റെ കാര്യം വന്നപ്പോൾ അദ്ദേഹം ക്ഷോഭിച്ചു:

ദിവാകരൻ മേനോൻ ആരാണെന്നാ നീ വിചാരിച്ചത്? നിഖില എക്സ്പോ൪ട്ടേ൪സ് ഉടമയെ അറിയാത്തവരാരുണ്ട് ഈ നാട്ടിൽ?

വിളറിപ്പോയ തന്റെ മുഖത്തേക്ക് അതുവരെ കാണാത്ത ഒരു ഭാവത്തോടെ നോക്കി അദ്ദേഹം കയ൪ത്തു:

നിന്നെ സുഹൃത്താക്കാനേ ഞാനവളെ അനുവദിച്ചിട്ടുള്ളൂ..അല്ലാതെ…വിവാഹം ചെയ്യാനുള്ള ആളെ ഞാൻ വേറെ കണ്ടെത്തിക്കൊടുത്തോളാം..

പകച്ചുപോയ നിഖിലയുടെ കണ്ണിൽ നോക്കാനാതെ പടിയിറങ്ങി.

ശരിയാണ്..വെറുമൊരു ക്ല൪ക്കായ തന്റെ അച്ഛന് എന്തുണ്ട്..അവിടെ വിവാഹമാലോചിച്ച് ചെല്ലാൻ തനിക്ക് യോഗ്യതയുണ്ടോ..

പിന്നിൽ അച്ഛനോട് കയ൪ക്കുന്ന മകളുടെ ശബ്ദം ഉയ൪ന്നുകേട്ടു. പക്ഷേ പിന്നീട് തന്റെ ഫോണിൽ അവളുടെ വിളിയോ  മെസേജോ വന്നില്ല.

അധികം താമസിയാതെ ഒരു അമേരിക്കക്കാരനുമായി അവളുടെ വിവാഹം കഴിഞ്ഞെന്നുകേട്ടു. ബാംഗ്ലൂർനിന്നും നാട്ടിൽപോകുന്നത് കുറഞ്ഞു. അച്ഛന്റെ മരണത്തോടെ തനിച്ചായിപ്പോയ അമ്മയെ അങ്ങോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഇടിത്തീപോലെ കോവിഡിന്റെ വരവ്.

ആരതി, രഹന, സനൂപ്…

ഓഫീസിൽനിന്നും ഒരാൾ വഴിക്കുവഴിയേ പേര് വിളിച്ചു.

സനൂപ് റെഡിയായി നിന്നു. കോറിഡോറിലൂടെ ആരൊക്കെയോ ബോസിന്റെ മുറിയിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നത് റൂമിലിരുന്ന് അറിയുന്നുണ്ടായിരുന്നു.

എങ്ങനെയുള്ള ആളായിരിക്കും, എന്തായിരിക്കും ചോദിക്കുക, രണ്ട് വർഷത്തെ ഗ്യാപ് ഒരു പ്രശ്നമാകുമോ..

സനൂപിന്റെ മനസ്സ് ആകുലമായി.  തന്റെ ഊഴം വന്നു. അകത്ത് കയറിയതും ദിവാകരൻ സാറിനെക്കണ്ട് പെരുവിരലിൽനിന്ന് ഒരു തരിപ്പ് മേലോട്ട് കയറി.

സാറിന്റെ ഓഫീസാണെന്നറിഞ്ഞില്ല..

സനൂപ് തിരിഞ്ഞുനടക്കാനൊരുങ്ങി.

സനൂ..ഏതായാലും വന്നതല്ലേ, ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടുപോ..

അദ്ദേഹത്തിന്റെ പതിഞ്ഞശബ്ദം തനിക്ക് ആശ്ചര്യമായി.

സർട്ടിഫിക്കറ്റ്സ് അടങ്ങിയ ഫയൽ നീട്ടുമ്പോൾ അദ്ദേഹം ഇരിക്കാൻ പറഞ്ഞു.

നിനക്ക് ബാംഗ്ലൂ൪ ജോലിയുണ്ടായിരുന്നതല്ലേ..?

അത് കോവിഡ് കാരണം വിട്ടു.

എക്സ്പീരിയൻസുണ്ടല്ലോ..പിന്നെന്താ..തിങ്കളാഴ്ച ഇവിടെവന്ന് ജോയിൻ ചെയ്തോളൂ…

അദ്ദേഹം സാധാരണമട്ടിൽ അത് പറഞ്ഞപ്പോൾ സന്തോഷിക്കണോ നിസ്സംഗതയോടെ ഇരിക്കണോ എന്നറിയാതെയായി സനൂപിന്.

അവൻ ഫയൽ വാങ്ങി തിരിഞ്ഞുനടക്കുമ്പോൾ ദിവാകരൻ മേനോൻ വിളിച്ചു:

സനൂ, നീ നിഖിലയെക്കുറിച്ച് ഒന്നും ചോദിച്ചില്ലല്ലോ..

തന്റെയുള്ളിൽ ഒരായിരം ചോദ്യങ്ങളുണ്ട് സ൪ എന്ന് പറയാൻ തോന്നി. പക്ഷേ മൌനമായി നിന്നതേയുള്ളൂ.

അദ്ദേഹം തുട൪ന്നു.

അവൾ അമേരിക്കയിലാണ്. ഒരു മകളുണ്ട്. കഴിഞ്ഞവർഷം വന്നിരുന്നു, എനിക്ക് അറ്റാക്ക് വന്നതറിഞ്ഞ്..ഏറെനാളുകൾക്ക് ശേഷമാണ് അവളെന്നോട് സംസാരിച്ചുതുടങ്ങിയത്..

സാറിന് സുഖമില്ലാതായോ? എപ്പോൾ?ആരും പറഞ്ഞുകേട്ടില്ല..

അങ്ങനെ ചില അവസരങ്ങൾ ദൈവം തരുമല്ലോ.. അഹങ്കാരം കുറക്കാനും,‌ ജീവിതത്തെ തിരിഞ്ഞുനോക്കാനും..

അദ്ദേഹം ദീർഘമായി നിശ്വസിച്ചു.

നിഖില എക്സ്പോ൪ട്ടേഴ്സ് പൂട്ടി. കുറച്ചുനാൾ വിശ്രമത്തിലായിരുന്നു. വെറുതേയിരിക്കാൻ മനസ്സില്ലാത്തതുകൊണ്ട് ഈയ്യിടെ തുടങ്ങിയതാ ഈ കമ്പനി. തന്നെപ്പോലുള്ള ചെറുപ്പക്കാരെയാണ് എനിക്കാവശ്യം. നമുക്ക് ഈ കമ്പനിയൊന്ന് ഉഷാറാക്കിയെടുക്കണം..

നിശ്ശബ്ദം തലയാട്ടി ഇറങ്ങി നടക്കുമ്പോൾ മനസ്സിൽ വലിയ തീരുമാനങ്ങൾ ഉയ൪ന്നുതുടങ്ങിയിരുന്നു. തന്റെ കഴിവുകൾ മുഴുവൻ താനിവിടെ പുറത്തെടുക്കണം..കഴിഞ്ഞതെല്ലാം മറക്കണം..അദ്ദേഹത്തിന്റെ സനൂ എന്ന പഴയതുപോലെ സ്നേഹമുള്ള വിളി കേട്ടാലറിയാം ആ മനസ്സ് നിറയെ പശ്ചാത്താപമാണെന്ന്…