എഴുന്നേറ്റ്  അവനോട് ചേർന്ന് ഒന്ന് ഉയർന്ന് അവന്റെ മുഖം പിടിച്ചു നെറ്റിയിൽ മുത്തുമ്പോൾ അവളും കരഞ്ഞു…

_upscale

A story by സുധീ മുട്ടം

::::::::::::::::::::::

“നീ ഇനി ഇങ്ങോട്ട് വരരുത്.”

സിത്താരയ്ക്ക് മിന്നലേറ്റത് പോലെ തോന്നി. അത്രയും ഉച്ചത്തിൽ ഇതാദ്യമായാണ് ഹരി സംസാരിക്കുന്നത്. ആ ശബ്ദത്തിൽ തന്നോടുള്ള വെറുപ്പും ദേഷ്യവും തെളിഞ്ഞിരുന്നു.

“ഹരിയേട്ട ഞാ..”

“വേണ്ട. നിനക്ക് പോകാം..” അവൾക്കെന്തെങ്കിലും പറയാൻ ആകും മുന്നേ അവസാനത്തെ താക്കീത് നൽകി ഹരി വാതിൽ അടച്ചു.

ആകെ വിയർത്തു ഒന്നും പ്രതികരിക്കാൻ പോലുമാകാതെ സിത്താര അടഞ്ഞ വാതിൽ നോക്കി നിന്നു. ശേഷം പതിയെ താഴേക്ക് ഇറങ്ങി.

ഹരിയുടെ ‘അമ്മ എല്ലാം കേട്ടെന്ന പോലെ ഊണ് മേശയിൽ കയ്യൂന്നി ഇരുന്നു. അവളെ കണ്ടതും അവർ ഒന്ന് തേങ്ങി. ആ അമ്മയുടെ കയ്യിൽ വെറുതെ പിടിച്ചു നിന്നതല്ലാതെ അവൾ ഒന്നും ചോദിച്ചില്ല. ശക്തിയായി അവളെ ഉന്തി പുറത്തേക്ക് ഇറക്കുമ്പോ അവർ നിശബ്ദമായി തേങ്ങി.

ഒറ്റ ദിവസം കൊണ്ട് തന്റെ ജീവിതത്തിനും സ്വപ്നങ്ങൾക്കും ഇതെന്ത് സംഭവിച്ചു. തന്റെ ഹരിയേട്ടൻ കഴിഞ്ഞ ആറ് വർഷമായി തന്നെ പ്രാണനെ പോലെ സ്നേഹിച്ചിരുന്ന ഹരിയേട്ടൻ മകളെ പോലെ തന്നെ കൊണ്ട്  നടന്നു സ്നേഹിച്ച ‘അമ്മ. എല്ലാർക്കും ഇതെന്താണ് പറ്റിയത്.

എൻജിനീയറിങ് പഠിക്കാൻ കൊച്ചിയിലെ പ്രമുഖ കോളേജിൽ വന്ന നാൾ അവിചാരിതമായി തനിക്ക് മുന്നിൽ വന്നുപെട്ടതാണ് ഹരീഷ് നാരായൺ. എങ്ങനെ എന്നോ എന്തിനെന്നോ അറിയാതെ തുടർച്ചയായി ആ നഗരത്തിൽ പിന്നെയും പിന്നെയും തങ്ങൾ കണ്ടുമുട്ടി.

അപരിചിത്വം പരിചിതരിലേക്കും പിന്നെ സൗഹൃദത്തിലേക്കും ഒടുവിൽ അപ്രതീക്ഷിതമായി തനിക്ക് മുന്നിൽ ഒരു ഡയമണ്ട് റിംഗുമായി മുട്ട് കുത്തി തന്നെ പ്രൊപോസ് ചെയ്യുന്ന ഹരിയോട് പ്രണയത്തിലേക്കും വഴി നീക്കി.

നീണ്ട യാത്രയായിരുന്നു ഹരിക്കൊപ്പം ഈ ആറു വർഷവും. ഇതിനിടയിൽ ചെറുതായി കലഹിച്ചു മത്സരിച്ചു സ്നേഹിച്ചു. വിഷമങ്ങൾക്ക് തനിക്ക് താങ്ങായി എന്നും നല്ലൊരു കൂട്ടായി. എന്തിന് തന്റെ ഒരു ദിവസത്തെ ഓരോ നിമിഷം പോലും ഹരിയായി മാറി.

ഒരാഴ്ചയ്ക്ക് മുന്നേ അടുത്ത മാസത്തേക്ക് വിവാഹം നിശ്ചയിച്ചു മോതിരം മാറുമ്പോൾ സാക്ഷാത്കരിക്കപ്പെടാൻ പോകുന്ന സ്വപ്നത്തെ കുറിച്ച് വാചാലനായത് ഹരിയേട്ടനായിരുന്നു.

നമ്മുടെ വീട്ടിലെ ഓരോ കുഞ്ഞി ചെടിയിലും ഇരുകൈകളും എത്തുന്നതും ഒരു കുഞ്ഞി പുഷ്പം സമ്മാനിക്കുന്ന പുലരികളും മഴയും മുറ്റത്ത് അമ്മയ്ക്കൊപ്പം ഓടി കളിക്കുന്ന നമ്മുടെ മക്കളും അവരുടെ വളർന്ന് വളർന്നു വരുന്ന ആവശ്യങ്ങളും തിരക്കുള്ള അച്ഛനും അമ്മയും അങ്ങനെ അങ്ങനെ എല്ലാം കഴിഞ്ഞു ഒറ്റയ്ക്കാകുന്ന നിമിഷങ്ങളിൽ വാർധക്യം നൂലിട്ട കണ്ണുകൾ കൊണ്ട് കഥ പറയുന്നതും ആയി വിവാഹത്തെ കുറിച്ച് നൂറ് നൂറ് മോഹങ്ങൾ പറഞ്ഞതും ഹരിയേട്ടനാണ്. അത്രമേൽ ഹരിയേട്ടന് ജീവനായിരുന്നു ഈ ഞാൻ.

ആ ഹരിയേട്ടനാണ് തന്നെ ഇന്ന് വെറുപ്പോടെ നോക്കിയത്, ആട്ടിപ്പായിച്ചത്. എന്തിനാണ് ഹരിയേട്ട…ഒരു ദിവസം കൊണ്ട് വേണ്ടെന്ന് വെക്കാൻ മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത്. അവൾ തന്നോട് തന്നെ നൂറാവർത്തി ആ ചോദ്യം ചോദിച്ചു…തുടരെ തുടരെ റിങ് ചെയ്ത് നിലയ്ക്കുന്ന കാൾ അവൾ പിന്നെയും പിന്നെയും വിളിച്ചു നോക്കി.

ഫോൺ വിളികൾക്കോ മെസ്സേജുകൾക്കോ മറുപടി ഇല്ലാതെ വാളിൽ തിളങ്ങുന്ന അവന്റെ ചിരിക്കുന്ന മുഖം നോക്കി വിതുമ്പി…

രണ്ട് ദിവസങ്ങൾക്ക് ശേഷം ഹരിയേട്ടന്റെ അമ്മാവൻ വന്ന് വിവാഹം മാറ്റി വെക്കാൻ ആവശ്യപ്പെടുമ്പോൾ ചങ്ക് പൊടിഞ്ഞു പോയിരുന്നു.

അച്ഛൻ നോക്കിയ നോട്ടത്തിൽ താൻ ഉരുകി പോയിരുന്നു. ഏറെ കൊതിച്ചു കൊണ്ട് മോഹിച്ചു കൊണ്ട് അച്ഛനോട് താൻ ആവശ്യപ്പെട്ടത് ഹരിയേട്ടനെ മാത്രമാണ്.

ഹാളിൽ നിന്ന് തിരിഞ്ഞു നടക്കാൻ ഭാവിച്ചപ്പോൾ ‘അമ്മ വന്നെന്റെ കയ്യിൽ പിടിച്ചു എന്താണെന്ന് ചോദിക്കുമ്പോ മറുപടിയായി ഒന്ന് കരയാൻ പോലും കഴിഞ്ഞില്ല.

ലോകം തലകീഴായി മറിയുന്നത് പോലെ തോന്നിയിട്ടും എങ്ങനെയൊക്കെയോ മുറിയിൽ എത്തി ആ ഫോണിൽ അവസാനമായി ഒന്നൂടെ ഹരിയേറ്റന് വേണ്ടി ഡയൽ ചെയ്യുമ്പോ കത്തി തീരാൻ ഒരിഞ്ച് തിരിയെ ഉള്ളിൽ ബാക്കി ഉണ്ടായിരുന്നുള്ളു.

ആ കാളും ഉത്തരമില്ലാതെ അവസാനിച്ചു. കട്ടിലിലേക്ക് മറിഞ്ഞു വീഴുമ്പോ മനസ്സ് ശൂന്യമായിരുന്നു. മുകളിൽ കറങ്ങുന്ന ഫാൻ മാത്രം…

ഇരുണ്ട വഴിയിൽ കൂടി വേഗത്തിൽ നടന്ന് യാത്ര അവസാനിപ്പിക്കുന്നത് ഒരു മുറിയുടെ മുന്നിലാണ് അപ്പോഴേക്കും ആരോ തന്നെ പിന്നിൽ നിന്ന് പിടിച്ചു വലിക്കുന്നുണ്ടായിരുന്നു.

“മോളെ..”

മെല്ലെ കണ്ണ് തുറക്കുമ്പോ അച്ഛനും അമ്മയും നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കുകയാണ്. ഓഹ് ദൈവമേ ഞാൻ മരിച്ചില്ലേ…

“എന്താ ഇത് മോളെ…ഇതിനാണോ ഞങ്ങൾ നിന്നെ ഇത്രയും കാലം നോക്കി വളർത്തിയത്. നിന്റെ എല്ലാ ആവശ്യങ്ങളും നോക്കി നടത്തിയത്…” ‘അമ്മ എന്തൊക്കെയോ പറഞ്ഞു കരഞ്ഞപ്പോൾ കൂടെ കരയുക അല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. ഇതല്ലാതെ മറ്റൊരു ശരിയും അപ്പോഴെനിക്ക് തോന്നിയിരുന്നില്ല.

“എസ്ക്യൂസ്‌ മീ സെർ..അവൾ അന്നേരത്തിന്റെ ബുദ്ധിയില്ലായ്മയിൽ ചെയ്തതാണ് ഇപ്പൊ നോക്കിയേ സിത്താര ഓകെയാണ് അല്ലേടോ…ഇനി ഇങ്ങനെ ഒന്നും കാണിക്കില്ല..”

അച്ഛനെ ആശ്വസിപ്പിച്ചു ഡോക്ടർ പുറത്തേക്ക് ഇറങ്ങിയതും പിന്നാലെ വെപ്രാളപ്പെട്ട് ഹരിയേട്ടനും അമ്മയും ഓടി കയറി..മനസ്സിൽ തണുത്ത വെള്ളം കോരിയൊഴിച്ചത് പോലെ തോന്നിയെങ്കിലും ആ മുഖം ഒന്നേ നോക്കിയുള്ളൂ അതിനെ എനിക്ക് കഴിയുമായിരുന്നുള്ളൂ…കണ്ണടച്ചു കിടന്നു.

അച്ഛൻ ഉച്ചത്തിൽ എന്തൊക്കെയോ പറഞ്ഞു, ഹരിയേട്ടന്റെ ‘അമ്മ അമ്മയോട് കരയുകയായിരുന്നു..ആ ശബ്ദം മാത്രം കേട്ടില്ല… കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞ്‌ എല്ലാരും പുറത്തേക്ക് ഇറങ്ങിയെന്ന് തോന്നി.

അടക്കി വച്ച തേങ്ങലുകൾ ഒക്കെ ഒന്നിച്ചു പുറത്തേക്ക് ഇറക്കുമ്പോൾ തീരെ പ്രതീക്ഷിക്കാതെ ഒരു കൈ മുഖം തുടച്ചു തന്നതറിഞ്ഞു…

കണ്ണുകൾ തുറന്ന് നോക്കുമ്പോ എനിക്കരികിൽ ഒരുപാട് ക്ഷീണിച്ചു കരഞ്ഞു വീർത്ത കണ്ണുകളുമായി ഹരിയേട്ടൻ ഉണ്ടായിരുന്നു..

“എന്താടി മോളെ..എന്തിനാ നീ ഇത് ചെയ്‌തെ..”

“എന്തിനാ ഹരിയേട്ട എന്തിനാ എന്നെ നോവിച്ചേ. ഞാൻ പറഞ്ഞതല്ലേ എനിക്ക് ഹരിയേട്ടൻ ഇല്ലാതെ പറ്റില്ലെന്ന്..”

“മോളെ…”

പറയാൻ വന്നതെന്തോ തടഞ്ഞു കൊണ്ട് അവൾ അവന്റെ വായ മൂടി..അവളുടെ കഴുത്തിൽ  മുഖം വച്ചു അവനും കരഞ്ഞു…

“ഒരു ഗ്യാരന്റി ഇല്ലാത്ത ജീവിതമേ ഉള്ളെടി ഇനി നിനക്ക് തരാൻ..അഞ്ചാറ് മാസം അത്രേം. അത്രേ ഉള്ളു ഹരിക്ക് ഈ ശരീരം..അത് കഴിഞ്ഞാ നിന്നെ വിട്ട് പോകും ഈ ഞാൻ..”

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വന്ന ദിവസം അവന്റെ ടെസ്റ്റ് റിസൾട്ട് കയ്യിലേക്ക് കൊടുത്ത് അവൻ നിർവികാരതയോടെ പറഞ്ഞു.

ഒന്ന് പിടഞ്ഞെങ്കിലും മനസ്സ് പിടിച്ച് വച്ചത് പോലെ സിത്താര മറ്റെങ്ങോ നോക്കി ഇരുന്നു…

“ഒരു ആയുസ്സ് മുഴുവൻ നിന്റെ സീമന്തരേഖ ചുവപ്പിക്കാൻ ഈ ഹരിക്ക് കഴിയില്ലെടോ..മറക്കാം ഇപ്പൊ ഇത്തിരി നൊന്താലും എന്റെ സിത്തൂ എന്നും സന്തോഷത്തോടെ ജീവിക്കണം. നിക്ക് അതെ വേണ്ടൂ..”

അത്രയും പറഞ്ഞിട്ടും അവൾ നോട്ടം മാറ്റാതെ അങ്ങനെ തന്നെ ഇരുന്നു. ശരീരത്തിൽ ആകെ കാരമുള്ളു കൊണ്ട് കുത്തിയത് പോലെ അവൻ വേദനിച്ചു. കട്ടിൽ വിട്ടെഴുന്നേൽക്കാൻ നേരം ആ കയ്യിൽ ഒരു പിടി വീണു.

“ഇരുപത്തിയാറിനല്ലേ നമ്മൾ ദിവസം നിശ്ചയിച്ചത്..” സംശയത്തോടെ അവൻ അവളെ നോക്കി.

“അന്ന് നിശ്ചയിച്ച സമയത്ത്‌ ഈ സിത്താര ഹരീഷ് നാരായണന്റെ ഭാര്യ ആയിരിക്കണം. അന്നുമുതൽ എന്നും..”

ഓരോ തുള്ളി കണ്ണുനീർ അവന്റെ മൗനത്തെ ഭേദിച്ച് കൊണ്ട് ഉതിർന്നു വീണു. എഴുന്നേറ്റ്  അവനോട് ചേർന്ന് ഒന്ന് ഉയർന്ന് അവന്റെ മുഖം പിടിച്ചു നെറ്റിയിൽ മുത്തുമ്പോൾ അവളും കരഞ്ഞു.

“ഈ ഹരി എന്റെയാ എന്നുമുതലോ ഞാൻ എന്റേത് ആക്കിയതാ, ഈ ഞാൻ ഹരിയുടെയും എന്നും…രണ്ടിൽ രണ്ടുപേരും മരിക്കുന്നത് വരെ ഈ ശരീരങ്ങൾ നമുക്കുള്ളതാ അതിനുമപ്പുറം ഈ ആത്മാവും…മനസ്സിലായോ…”

അവൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു..ഒരിക്കലും വിടാൻ മനസില്ലാത്ത പോലെ മുറുക്കെ പിടിച്ചു…ഒന്ന് താഴ്ന്നു വന്ന് ഉയരെ പറന്ന പക്ഷിയെ പോലെ അവൾക്ക് സന്തോഷം തോന്നി.

“ഹരിയേട്ട…”

അവശത നിറഞ്ഞ ശബ്ദത്തോടെ കൊച്ചു മോളേയും കൊണ്ട് സിത്താര ഉമ്മറത്തേക്ക് വരുമ്പോ ഹരി മകന്റെ മകനെയും തോളിൽ ഇരുത്തി മഴ നനയുകയാണ്.

“ദേ ഹരിയേട്ട ന്റെ കുട്ടിക്ക് ശീലം ഇല്ലാത്തതൊക്കെ ചെയ്യിച്ച് അതിന് പനി പിടിപ്പിക്കരുത് ട്ടോ..”

“ഒന്ന് പോടി…പിള്ളേര് ആയാൽ അല്പം മഴയൊക്കെ കൊള്ളണം ന്നാലെ പ്രതിരോധം വരൂ..”

“ഇങ്ങനെ പ്രതിരോധം കൊടുത്താൽ അച്ഛച്ഛനും മോനും പനി പിടിച്ചു കിടക്കത്തെ ഉള്ളു. “

ഉള്ളിൽ നിന്ന് മകൻ ഇറങ്ങി അമ്മയ്ക്കൊപ്പം കൂടി..

“നീ പോടാ ഒരു പനിയൊക്കെ അച്ഛച്ഛന്റെ കുട്ടിക്ക് പറ്റും ഇല്ലെടാ മോനെ…” അവൻ അച്ഛച്ഛന്റെ തോളിൽ പിടിച്ച് ഉച്ചത്തിൽ ചിരിച്ചു.

“ഈ അച്ഛനാണോ അമ്മേ ആറ് മാസത്തിൽ തട്ടി പോകുമെന്ന് ഡോക്ടർ പറഞ്ഞത്…”

“ഏതോ വ്യാജ ഡോക്ടർ ആണ് മോനെ എന്റെ വിധി അല്ലാതെന്താ”

“ഡി… “

ഹരിയുടെ ശബ്ദം മഴയിൽ കിലുക്കം നൽകിയപ്പോൾ അവൾ ഒന്നുകൂടി ഉച്ചത്തിൽ ചിരിച്ചു. ഒരു സ്വപ്നസാക്ഷാത്കാരം എന്ന പോലെ…

(അവസാനിച്ചു)