യാത്ര
രചന : അപ്പു
::::::::::::::::::::::::
“എനിക്ക് സ്വന്തമായി ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒന്നും പാടില്ല എന്നാണോ..? അഞ്ചോ ആറോ വയസുള്ള ചെറിയ കുട്ടി അല്ല ഞാൻ.. എനിക്കും ഉണ്ട് എന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട്. എനിക്കും ഉണ്ട് ഒരുപാട് ആഗ്രഹങ്ങൾ. ഇതൊക്കെ ഞാൻ ഇനി ഏതു പ്രായത്തിലാണ് നടത്തി എടുക്കേണ്ടത്..?”
ദേഷ്യത്തോടെ അരുണിമ അമ്മയെ നോക്കി ചോദിക്കുമ്പോൾ അവർ അവളെ പകച്ചു നോക്കുകയായിരുന്നു.
” അമ്മയുടെ നല്ല ജീവിതം എനിക്ക് വേണ്ടിയാണ് അമ്മ നഷ്ടപ്പെടുത്തിയത് എന്ന് അമ്മ പലപ്പോഴും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അമ്മയോട് ഞാൻ എന്തെങ്കിലും ആവശ്യപ്പെട്ടിരുന്നു അമ്മയ്ക്ക് കിട്ടുന്ന ജീവിതം ഉപേക്ഷിച്ച് എന്നെ സംരക്ഷിക്കാൻ..? ഈ ഒരു സെന്റിമെന്റ്സ് പറഞ്ഞു എന്റെ എല്ലാ ആഗ്രഹങ്ങൾക്കും അമ്മ കടിഞ്ഞാണിട്ടിട്ടേ ഉള്ളൂ.. ഇനിയും അത് പറ്റില്ല.. എനിക്ക് എന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിച്ചേ മതിയാകു.. “
അത്രയും കൂടി പറഞ്ഞിട്ട് അരുണിമ മുറിയിൽ കയറി വാതിൽ അടക്കുമ്പോൾ, അവളോട് പറയാൻ മറുപടി ഒന്നും ഇല്ലാത്ത അവസ്ഥയിലായിരുന്നു സരയൂ. അവർക്ക് തന്റെ നെഞ്ചിൽ വല്ലാത്ത ഒരു വിങ്ങൽ തോന്നി.
ആദ്യമായിട്ടാണ് മകളുടെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു പ്രതികരണം. അത് അവരെ തളർത്തി കളഞ്ഞത് ചെറുതായിട്ട് ഒന്നുമായിരുന്നില്ല. ഹാളിൽ ഇട്ടിരുന്ന സോഫയിലേക്ക് തളർച്ചയോടെ ഇരിക്കുമ്പോൾ, അവരുടെ കണ്ണുകൾ ചുവരിൽ ചിരിയോടെ ഇരിക്കുന്ന ആ ചെറുപ്പക്കാരന്റെ ഫോട്ടോയിൽ ആയിരുന്നു.
മനോജേട്ടൻ.. സരയൂ എന്ന തന്റെ ജീവന്റെ പാതി..വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു തന്റെ വിവാഹം.അതും ജാതകദോഷം എന്ന പേരിൽ. പുതിയ കുടുംബവുമായി അഡ്ജസ്റ്റ് ആവാൻ ഒരുപാട് സമയം എടുത്തു. അല്ലെങ്കിൽ തന്നെ കുട്ടിക്കളി കളിച്ചു നടന്ന തനിക്ക് ഒരു കുടുംബത്തിലെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എന്തറിയാമായിരുന്നു..? പക്ഷേ മനോജേട്ടനും അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ഒരു കാര്യത്തിലും ഒരു നിർബന്ധവും ഉള്ള ആളുകൾ ആയിരുന്നില്ല.
തന്നെ മനസ്സിലാക്കിയത് പോലെ, തന്നോടൊപ്പം നിൽക്കുകയായിരുന്നു ആ കുടുംബം മുഴുവൻ. അച്ഛനും അമ്മയ്ക്കും ഒരേ ഒരു മകൻ ആയിരുന്നു മനോജേട്ടൻ.അവർ മനോജേട്ടനു ശേഷം ഒരു മകളെ ആഗ്രഹിച്ചിരുന്നു എന്ന് എപ്പോഴോ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ദൈവം അവരുടെ ആഗ്രഹം നടത്തി കൊടുത്തില്ല. അവരുടെ ആഗ്രഹത്തിന്റെ ഫലമാണ് ഞാൻ എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്.അത് ഒരു വെറും പറച്ചിൽ ആയിരുന്നില്ല. സ്വന്തം മക്കളെ നോക്കുന്നതുപോലെ, അല്ലെങ്കിൽ ഒരു പക്ഷേ അതിനേക്കാൾ കൂടുതൽ ശ്രദ്ധയിൽ ആയിരുന്നു അമ്മയും അച്ഛനും എന്നെ ശ്രദ്ധിച്ചിരുന്നത്.
എന്നെ തുടർപഠനത്തിനായി അയക്കാൻ അച്ഛനും അമ്മയ്ക്കും ഒക്കെ തന്നെയായിരുന്നു മനോജേട്ടനേക്കാൾ കൂടുതൽ താല്പര്യം. അവരുടെ ഇഷ്ടത്തിലാണ് ഞാൻ ഡിഗ്രി വരെയും പഠിച്ചത്. ആ കാലത്തൊക്കെ വിവാഹം കഴിഞ്ഞിട്ട് പെൺകുട്ടികൾ പഠിക്കാൻ പോകുന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അത് മാത്രമല്ല അന്നത്തെ കണക്കനുസരിച്ച് വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനകം, പെൺകുട്ടികൾ പ്രസവിച്ചിരിക്കണം.അല്ലെങ്കിൽ അവർക്ക് എന്തോ പ്രശ്നം ഉണ്ട് എന്നുള്ള തരത്തിലാണ് കാര്യങ്ങൾ.
ഞങ്ങളുടെയും വിവാഹം കഴിഞ്ഞ ഉടനെ വിശേഷം ആയില്ലേ എന്നുള്ള പതിവ് ചോദ്യം ഞങ്ങളെ ഓരോരുത്തരെയും തേടിയെത്തി. പക്ഷേ അച്ഛനും അമ്മയ്ക്കും അവർക്ക് വായടപ്പിക്കുന്ന തരത്തിൽ മറുപടി കൊടുത്തതോടെ, ചോദ്യങ്ങൾക്ക് അവസാനമായി.
എന്റെ പഠനം കഴിഞ്ഞ് ശേഷം മതി കുട്ടികൾ എന്നുള്ളത് അവരുടെ കൂടി ആഗ്രഹമായിരുന്നു. എനിക്ക് ഒരുപാട് സംതൃപ്തിയും സന്തോഷവും തന്ന കുടുംബമായിരുന്നു അത്.
ഡിഗ്രി പരീക്ഷ കഴിഞ്ഞ ശേഷമാണ് എനിക്ക് വിശേഷം ആയത്. അന്ന് ഈ വീട്ടിലെ ഓരോരുത്തരുടെയും സന്തോഷം കാണേണ്ടതു തന്നെയായിരുന്നു. സന്തോഷത്തിന്റെ കൊടുമുടിയിൽ എന്നൊക്കെ പറയുന്ന ഒരു അവസ്ഥ.
പ്രഗ്നന്റ് ആണെങ്കിൽ പോലും വെറുതെയിരിക്കാൻ മനോജേട്ടൻ സമ്മതിക്കില്ലായിരുന്നു. എങ്ങനെയും ഒരു ഗവൺമെന്റ് ജോലി നേടിയെടുക്കണം എന്നുള്ളത് അദ്ദേഹത്തിന്റെ കൂടി ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ പരിപൂർണ്ണമായ റസ്റ്റ് പറയുന്ന ഗർഭകാലത്ത്, ഞാൻ പഠനത്തിരക്കിൽ ആയിരുന്നു. ആ സമയത്ത് പറ്റാവുന്ന ടെസ്റ്റുകൾ ഒക്കെ എഴുതുകയും ചെയ്തു.
വളരെയധികം സന്തോഷത്തോടെ ദിവസങ്ങൾ മുന്നോട്ടു പോകവേ , ആ സന്തോഷങ്ങൾക്ക് അവസാനം കുറിച്ചു കൊണ്ട്, ഞങ്ങളെ തേടി ഒരു ദുരന്തവാർത്ത എത്തി. ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിൽ മനോജേട്ടനു ഒരു ആക്സിഡന്റ് ഉണ്ടായി.അദ്ദേഹം ഞങ്ങളെ വിട്ടു പോവുകയും ചെയ്തു.
ആ വാർത്ത ഏൽപ്പിച്ച ആഘാതത്തിൽ അച്ഛനും ഞങ്ങളെ വിട്ടുപിരിഞ്ഞു. ഒരേ ദിവസം രണ്ടു മരണം കൺമുന്നിൽ.. ആ അവസ്ഥയെ എങ്ങനെ തരണം ചെയ്തു എന്ന് ഈ നിമിഷവും വ്യക്തമായി പറയാൻ തനിക്ക് കഴിയില്ല.
എങ്ങനെയൊക്കെയോ അതിജീവിച്ച് മുന്നോട്ടു വരവേ, തങ്ങൾക്ക് കൂട്ടായി തങ്ങളുടെ കണ്മണിയും എത്തി. അവളെ ഒറ്റനോട്ടത്തിൽ മനോജേട്ടനു തുല്യമായിരുന്നു.അമ്മയും അത്ഭുതത്തോടെയാണ് അത് നോക്കി കണ്ടത്.മനോജേട്ടൻ ഭൂമിയിലേക്ക് വീണ്ടും വന്നു എന്നാണ് ഞങ്ങൾ വിശ്വസിച്ചത്.
അന്ന് മുതൽ ഞങ്ങൾ ഇരുവരുടെയും ലോകം അവൾക്കുവേണ്ടി ചുരുങ്ങുകയായിരുന്നു. അവൾക്ക് ആവശ്യമുള്ള ഓരോ കാര്യങ്ങളും കയ്യിൽ എത്തിച്ചുകൊടുക്കാൻ വല്ലാത്ത ആവേശമായിരുന്നു ഞങ്ങൾക്ക്. ജീവിതവീഥിയിൽ ഇടയ്ക്കുവെച്ച് അമ്മയും ഞങ്ങൾക്ക് നഷ്ടമായി.
മകൾ എല്ലാകാലത്തും തന്നോടൊപ്പം ഉണ്ടാകില്ല എന്നും, തനിക്കും ഒരു ജീവിതം വേണം എന്നൊക്കെ, തന്റെ വീട്ടുകാർ നിരന്തരം തന്നെ ഉപദേശിക്കുമ്പോൾ, എനിക്ക് എന്നും കൂട്ടായി എന്റെ മകൾ ഉണ്ടാകും എന്നു പറയാനാണ് എനിക്ക് തോന്നിയത്. ഞങ്ങൾക്കിടയിലേക്ക് മൂന്നാമതൊരാൾ വന്നാൽ, അയാൾക്ക് മകളെ എന്നെ പോലെ സ്നേഹിക്കാൻ കഴിയുമോ എന്നുള്ള ആശങ്ക. അവൾക്ക് അയാളെ അംഗീകരിക്കാൻ കഴിയുമോ എന്നുള്ള ഭയം..!അതൊക്കെ കൊണ്ടാണ് ഇനിയൊരു ജീവിതം വേണ്ട എന്നുള്ള തീരുമാനത്തിലേക്ക് താൻ എത്തിയത്. മനോജ് ഏട്ടനെ മറന്നു മറ്റൊരാളെ സ്നേഹിക്കാൻ തനിക്ക് കഴിയുമായിരുന്നില്ല.
മകൾ വളർന്നു വലുതായി ഇന്നു വലിയൊരു പെൺകുട്ടി ആയിരിക്കുന്നു. അവളുടെ എല്ലാ ആഗ്രഹങ്ങളും കടിഞ്ഞാണിടുന്ന ഒരു അമ്മയാണ് ഞാൻ എന്നാണ് ഇപ്പോൾ അവൾ പറയുന്നത്. അവളുടെ ഏത് ആഗ്രഹങ്ങൾ ആണ് ഞാൻ സാധിച്ചു കൊടുക്കാതിരുന്നത് എന്ന് ഈ നിമിഷവും എനിക്കറിയില്ല.
അവൾക്ക് വിദേശത്ത് ഒരു കമ്പനിയിൽ ഒരു ജോലി ഓഫർ വന്നിട്ടുണ്ട്. അവൾക്ക് അതിനു പോകണം എന്നും പറഞ്ഞു. തന്റെ തറവാട്ടിൽ ഈ ആവശ്യം പറഞ്ഞപ്പോൾ അവർ എല്ലാവരും അവളെ എതിർത്തു. എന്റെ നല്ല ജീവിതം അവൾക്ക് വേണ്ടി ഉഴിഞ്ഞുവെച്ച എന്നെ എന്റെ വാർദ്ധക്യത്തിൽ അവൾ ഉപേക്ഷിച്ചു പോകുന്നത് അവർക്കാർക്കും അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.അവരുടെ അഭിപ്രായം ആണ് അവളെ ഇത്രത്തോളം ചൊടിപ്പിച്ചത്.
ഒരു നെടുവീർപ്പോടെ അവർ അവിടെ നിന്നെഴുന്നേറ്റു. മകളുടെ മുറിയുടെ വാതിൽക്കൽ ഒന്നുരണ്ടുവട്ടം തട്ടി നോക്കിയെങ്കിലും അവൾ വാതിൽ തുറന്നില്ല. അവൾ വാശിയിൽ ആയിരിക്കും.
രാത്രി ഏറെ വൈകിയിട്ടും മകൾ മുറി വിട്ടു പുറത്തേക്ക് ഇറങ്ങുന്നില്ല എന്ന് കണ്ടു അവർക്ക് ആശങ്ക തോന്നി.
” മോളെ ആഹാരം എടുത്തുവച്ചിട്ടുണ്ട്…കഴിക്ക്…”
അവസാനമായി ഒരിക്കൽ കൂടി ആ വാതിലിൽ തട്ടി വിളിച്ചു കൊണ്ട് അവർ പറഞ്ഞു.
” ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോൾ കഴിച്ചോളും.എന്റെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം.. “
ദേഷ്യത്തോടെ മകൾ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ മറുപടിയൊന്നും പറയാതെ അവർ മുറിയിലേക്ക് നടന്നു. ചിന്താ ഭാരത്തോടെ കട്ടിലിലേക്ക് ഇരിക്കുമ്പോൾ, അവർ മനസ്സിൽ പല കണക്കുകൂട്ടലുകളിൽ ആയിരുന്നു.
ഒടുവിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതു പോലെ അവർ ഒരു പേപ്പർ കയ്യിൽ എടുത്തു. പിന്നീട് അതിൽ എന്തൊക്കെയോ കുത്തി കുറിച്ച് അവിടെ തന്നെ വച്ച ശേഷം, തനിക്ക് അത്യാവശ്യം ആയിട്ട് വേണ്ട സാധനങ്ങൾ മാത്രം ഒരു ബാഗിൽ ഒതുക്കി എടുത്തുകൊണ്ട് അവർ ആ വീടിനോട് വിട പറഞ്ഞു.
പിറ്റേന്ന് രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് മകൾ തനിക്ക് ചായ ലഭിക്കാതെ വന്നപ്പോൾ അമ്മയെ തേടി വന്നു. അമ്മയുടെ മുറിയിൽ അവരെ കാണാതായതോടെ അവൾക്ക് ചെറിയൊരു പരിഭ്രമം തോന്നി. കുറെയേറെ നേരത്തെ തിരച്ചിലിനൊടുവിലാണ്, ആ പേപ്പർ അവൾ കണ്ടത്.അതിൽ ഇങ്ങനെ എഴുതിയിരുന്നു..
“പ്രിയപ്പെട്ട മകൾക്ക്..
നിന്റെ സ്വപ്നങ്ങൾക്ക് ഇന്ന് അമ്മയാണ് ഏറ്റവും വലിയ തടസ്സമെന്ന് ഇപ്പോൾ അമ്മയ്ക്ക് അറിയാം. മകളുടെ ജീവിതത്തിൽ തടസ്സം നിൽക്കാൻ ഒരു അമ്മ എന്ന രീതിയിൽ ഞാൻ ആഗ്രഹിക്കുന്നില്ല.നിനക്ക് നിന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ ഞാൻ ഒരിക്കലും ഒരു തടസ്സമല്ല. നീ അങ്ങനെ ചിന്തിച്ചതു തന്നെ തെറ്റ്. എനിക്കുമുണ്ട് പൂർത്തീകരിക്കാൻ കഴിയാതെ പോയ കുറച്ചധികം സ്വപ്നങ്ങൾ..!ഒരുപാട് യാത്ര ചെയ്യണം എന്നും, അറിയാത്ത കാണാത്ത ഒരുപാട് ആളുകളെ കാണണമെന്നും ഒക്കെ ഞാനും ആഗ്രഹിച്ചിരുന്നു. ഞാൻ അങ്ങനെ ഒരു യാത്രയിലാണ്. നീ നിന്റെ ആഗ്രഹങ്ങൾക്ക് പിന്നാലെ പോകുമ്പോൾ, ഞാനും എന്റെ ആഗ്രഹങ്ങളെ കയ്യെത്തിപ്പിടിക്കാൻ ശ്രമിക്കുന്നു..
ഇനി എന്നെങ്കിലും തമ്മിൽ കാണാം എന്നൊരു പ്രതീക്ഷയോടെ,
അമ്മ…”
ആ കത്ത് വായിച്ചു കഴിഞ്ഞപ്പോൾ ഒരു സ്തംഭനാവസ്ഥയിൽ ആയിരുന്നു മകൾ. എങ്കിലും അവളുടെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു. താനാണ് തന്റെ അമ്മയുടെ ജീവിതം നശിപ്പിക്കുന്നത് എന്നുള്ള സ്ഥിരം കുറ്റപ്പെടുത്തലുകളിൽ നിന്ന് ഇപ്പോഴെങ്കിലും ഒരു മോചനം ലഭിക്കുമായിരിക്കുമെന്ന് അവൾ ചിന്തിച്ചു.
അമ്മയുടെ തറവാട്ടിൽ ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ മനസ്സിൽ ഉള്ള ആളാണ് തന്റെ അമ്മ എന്ന്. അച്ഛന്റെ മരണശേഷം അവയൊക്കെയും ഉള്ളിലടക്കി തനിക്കുവേണ്ടി ജീവിക്കുകയായിരുന്നു എന്നും അറിയാം. ഇനിയെങ്കിലും അമ്മയുടെ ആഗ്രഹങ്ങൾക്ക് പിന്നാലെ പോകാൻ അമ്മയ്ക്ക് കഴിയണം. വാർദ്ധക്യത്തിൽ എത്തിയ ഒരു കിഴവി ഒന്നുമല്ലല്ലോ തന്റെ അമ്മ..
അമ്മയും തന്റെ ആഗ്രഹങ്ങൾക്ക് പിന്നാലെ പോകട്ടെ..!!
പുഞ്ചിരിയോടെ മകൾ ഓർത്തു.