കാത്തിരിപ്പ്
രചന : അപ്പു
::::::::::::::::::::::
“ഏട്ടാ.. ഇനി… എന്നാ…”
അത്രയും ചോദിക്കുമ്പോഴേക്കും ശരണ്യ വിങ്ങി പൊട്ടിപ്പോയിരുന്നു.അവളുടെ കണ്ണീർ നിറഞ്ഞ മുഖം കാണവേ അവനും വല്ലാത്ത വിഷമം തോന്നി. എന്നും വേദനയാണ് ഈ യാത്ര പറച്ചിൽ..!
“നീ ഇങ്ങനെ കരയല്ലേ ശരൂ.. വെറുതെ എന്നെ കൂടി വിഷമിപ്പിക്കല്ലേ..”
വിങ്ങൽ അടക്കാൻ ആകാതെ രാകേഷ് പറഞ്ഞു. അവൾക്കും സങ്കടം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇരുവരും പരസ്പരം പുണർന്നു കരഞ്ഞു.
“ഞാൻ ഏട്ടന് കൊണ്ടുപോകാൻ വേണ്ടി കുറച്ച് അച്ചാർ ഉണ്ടാക്കി വച്ചിട്ടുണ്ട്…അത് എടുത്തിട്ട് വരാം…”
പെട്ടെന്ന് അവനെ വിട്ടു മാറി കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു. അവരെ ശ്രദ്ധിക്കാതെ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി പോവുകയും ചെയ്തു. അത് നോക്കി വിഷമത്തോടെ അവൻ കട്ടിലിലേക്ക് ഇരുന്നു.
ശരണ്യ..തന്റെ ജീവന്റെ പാതി.. രണ്ടു വർഷമായി അവൾ തന്റെ ജീവിതസഖി ആയിട്ട്.. ഇന്നുവരെയും ഒരു പരാതിയോ പരിഭവമോ പറയാതെ അവൾ തന്നോടൊപ്പം നിൽക്കുന്നുണ്ട്.അല്ലെങ്കിലും ഒരു പട്ടാളക്കാരനായ തന്നോട് ഏത് കാര്യത്തിൽ പരാതി പറഞ്ഞാൽ ആണ് അത് പരിഹരിക്കാൻ കഴിയുക..?
അതും ഓർത്തുകൊണ്ട് അവൻ കട്ടിലിലേക്ക് മലർന്നു കിടന്നു.
രാകേഷ് ഒരു പട്ടാളക്കാരനാണ്. ജീവിത ഭാരം ചുമലിൽ ഏറ്റിയ ഒരു പട്ടാളക്കാരൻ. കുഞ്ഞുനാളിലെ തന്നെ അച്ഛനെ നഷ്ടപ്പെട്ടപ്പോൾ അടുത്തുള്ള വീടുകളിലെ അടുക്കളപ്പണി എടുത്താണ് അമ്മ മകനെ വളർത്തിയത്. അമ്മയും മകനും മാത്രമുള്ള ഒരു ലോകം ആയിരുന്നു അത്.തന്റെ കഴിവിനനുസരിച്ച് അമ്മ മകനെ പഠിപ്പിച്ചു. തനിക്ക് ആരാകണമെന്ന് ചെറുപ്പം മുതലേയുള്ള ചോദ്യത്തിന്, എന്നും അവന്റെ മറുപടി ഒരു പട്ടാളക്കാരൻ ആകണമെന്നായിരുന്നു..
രാജ്യത്തോടുള്ള ഇഷ്ടമാണോ യൂണിഫോമിലുള്ള ഇഷ്ടമാണോ അവനെ കൊണ്ട് അങ്ങനെ പറയിച്ചത് എന്ന് ഇന്നും അവന് അറിയില്ല.
പട്ടാളത്തിൽ പോയി രണ്ടു വർഷത്തിനു ശേഷം ലീവിന് വന്നപ്പോഴാണ് ആദ്യമായി അവളെ പരിചയപ്പെടുന്നത്. ജീവിതത്തിൽ മകൻ തനിച്ചായി പോകാതിരിക്കാനും കുടുംബത്തെ കുറിച്ച് ഒരു ഉത്തരവാദിത്വബോധം ഉണ്ടാകാനും അമ്മ കണ്ടെത്തിയ ഏറ്റവും എളുപ്പ മാർഗ്ഗം ആയിരുന്നു അവന്റെ വിവാഹം. അതിന്റെ ഭാഗമായിട്ടായിരുന്നു ശരണ്യ ആയുള്ള കൂടിക്കാഴ്ച. അവന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണൽ..!
താൻ ഒരു പട്ടാളക്കാരൻ ആണെന്നും, ജീവിതത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷകൾ ഒന്നും ഇല്ലെന്നും ഒക്കെ അന്ന് തന്നെ അവളോട് പറഞ്ഞു .പക്ഷേ അവൾ മറുത്ത് ഒരക്ഷരം പോലും അന്ന് പറഞ്ഞില്ല.
ഈ വിവാഹം നടക്കില്ല എന്ന് തന്നെയാണ് കരുതിയിരുന്നത്.പക്ഷേ തന്നെ പോലും ഞെട്ടിച്ചു കൊണ്ടാണ് അവൾ വിവാഹത്തിന് സമ്മതിച്ചത്. വളരെ ധൃതി പിടിച്ചുള്ള വിവാഹം ആയിരുന്നു. അവന്റെ ലീവ് കഴിഞ്ഞു അവൻ തിരിഞ്ഞു പോകുന്നതിന് മുൻപ് തന്നെ വിവാഹം നടത്തണം എന്ന് രണ്ട് വീട്ടുകാർക്കും. ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ആയിരുന്നു അത് നടന്നത്.
വിവാഹം കഴിഞ്ഞിട്ട് അവളോട് സ്വസ്ഥമായി ഒന്ന് സംസാരിക്കാൻ പോലും അവന് കഴിഞ്ഞില്ല.അതിനു മുൻപ് തന്നെ ലീവ് കഴിഞ്ഞ് അവനു മടങ്ങി പോകേണ്ടി വന്നു. അതിലൊന്നും അവൾക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. അവന്റെ സാഹചര്യവുമായി പൊരുത്തപ്പെടാൻ അവൾ തയ്യാറായിരുന്നു.
ഇടയ്ക്ക് അവന് സമയം കിട്ടുമ്പോഴൊക്കെ അവൻ അവളെ ഫോൺ ചെയ്യും. അതായിരുന്നു ആകെ ഉണ്ടായിരുന്ന ഒരു ആശ്വാസം. ഇടയ്ക്കിടയ്ക്കുള്ള ഫോൺവിളികളിലൂടെയും, കത്തുകളിലൂടെയും അവർ പരസ്പരം പ്രണയിച്ചു.
അവർ തമ്മിൽ ഒരുപാട് അടുത്തിരുന്നു. അതിനുശേഷം ഒന്നര വർഷത്തിനു ശേഷമാണ് അവൻ ലീവിന് വരുന്നത്. പരസ്പരം ഒരുപാട് അടുത്തതുകൊണ്ടു തന്നെ ഇത്തവണ യാത്ര പറച്ചിൽ ഹൃദയഭേദകമായിരുന്നു. പക്ഷേ അത് അനിവാര്യമായതുകൊണ്ടു തന്നെ, വിഷമങ്ങൾ പരസ്പരം കണ്ടില്ലെന്ന് നടിക്കാനേ കഴിയൂ..
പിറ്റേന്ന് അതിരാവിലെ തന്നെ അവൻ യാത്ര പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി. കണ്ണീരോടെ അവനെ യാത്രയാക്കരുത് എന്നുള്ള അവന്റെ കർശന നിർദേശത്തെ തുടർന്ന് അമ്മയും മകളും കണ്ണീര് അടക്കി അവന്റെ പോക്ക് നോക്കി നിന്നു.
ദിവസങ്ങൾ കടന്നു പോകവേ, അവനെ തേടി ഒരു സന്തോഷ വാർത്ത എത്തി. താൻ ഒരു അച്ഛനാകാൻ പോകുന്നു. അന്ന് അവൻ നിലത്തൊന്നും ആയിരുന്നില്ല.
“ഏട്ടാ.. എപ്പോഴാണ് വരിക..,? നമ്മുടെ കുഞ്ഞിനെ കാണണ്ടേ..?”
എല്ലാ ദിവസവും അവൻ വിളിക്കുമ്പോൾ അവൾക്ക് ചോദിക്കാനുള്ളത് ഒരേ ചോദ്യം മാത്രം. അതിനു മറുപടി പറയാൻ അവൻ നിസ്സഹായനാണ്. എങ്കിലും അവൾക്ക് അവൻ പ്രതീക്ഷ നൽകും.
” എന്തായാലും ഞാൻ എത്തും.. “
അവന്റെ ആ വാക്കുകൾ നൽകുന്ന പ്രതീക്ഷയിലാണ് അവൾ മുന്നോട്ട് നടന്നത്. അവളുടെ വയറിനു വലിപ്പം വയ്ക്കും തോറും അവൾക്ക് ഉള്ളിൽ അവനെ കാണാനുള്ള ആഗ്രഹവും കൂടി.പക്ഷെ, അവനു ലീവ് കിട്ടിയില്ല.
അവളെ ഒന്ന് അടുത്ത് കാണാനും, അവളുടെ മടിയിൽ കിടന്നു കുഞ്ഞിനോട് കിന്നാരം പറയാനും, അവനും ആഗ്രഹം തോന്നുന്നുണ്ടായിരുന്നു. പക്ഷേ വിധി അവനെ അതിനനുവദിച്ചില്ല..
പ്രസവ ദിവസം ലേബർ റൂമിൽ കയറുന്നതിനു തൊട്ടു മുൻപ് വരെയും അവൾ അവനെ പ്രതീക്ഷിച്ചു. പക്ഷേ അവന് എമർജൻസി ആയി ഡ്യൂട്ടി കിട്ടിയതിനെ തുടർന്ന് എത്താൻ സാധിച്ചില്ല. പക്ഷേ ആ വിവരം അവളോട് പറഞ്ഞാൽ വിഷമം ആവും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ ആരും അവളോട് അക്കാര്യം പറഞ്ഞില്ല..
“അമ്മേ.. ഏട്ടൻ എത്തീല്ലേ..?”
ലേബർ റൂമിലേക്ക് കയറുന്നതിനു തൊട്ട് മുൻപും അവൾ അന്വേഷിച്ചത് അവനെ ആയിരുന്നു. അവൻ എത്തിയില്ലെന്നും, അവനു ഇന്ന് എത്താൻ കഴിയില്ലെന്നും അവളോട് പറയാൻ ആവാതെ ആ മാതാപിതാക്കൾ ബുദ്ധിമുട്ടി.
“അവൻ വരും മോളെ.. മോള് പോയി നമ്മുടെ കുഞ്ഞുമായി വാ..”
അത്ര മാത്രമേ ആ അമ്മ പറഞ്ഞുള്ളൂ.
ആ വാക്കുകൾ അവൾക്ക് വിഷമം ആയെങ്കിലും, മറ്റു വഴികൾ ഇല്ലാതെ അവൾക്ക് അത് അനുസരിക്കേണ്ടി വന്നു.
പ്രസവം കഴിഞ്ഞിട്ടും അവൾ ആദ്യം അന്വേഷിച്ചത് അവനെ ആയിരുന്നു. ദിവസങ്ങൾ കടന്ന് പോകവേ, അവനെ കുറിച്ച് വിവരങ്ങൾ ഒന്നും അറിയാതെ എല്ലാവരും ഒരുപോലെ ഭയന്നു.
കുറച്ചധികം ദിവസങ്ങൾക്കു ശേഷം അവരെ തേടി എത്തിയ ഒരു ഫോൺ കാൾ എല്ലാവരുടെയും സമനില തെറ്റിക്കാൻ പാകത്തിന് ഉള്ളതായിരുന്നു.
അതിർത്തിയിൽ ഉണ്ടായ ആക്രമണത്തിൽ അവൻ ഉൾപ്പെടുന്ന ഒരു സംഘം മരണപ്പെട്ടു എന്നുള്ള വാർത്ത ആ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അത് ഏറ്റവും കൂടുതൽ തകർത്തുകളഞ്ഞത് അവളെ ആയിരുന്നു. തങ്ങളുടെ കുഞ്ഞിനെ പോലും കാണാനാകാതെ അവൻ ഇനി ഒരിക്കലും മടങ്ങി വരാത്ത ഒരു യാത്രയിലേക്ക് പോയി എന്നത് അവൾക്ക് ചിന്തിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
അവന്റെ ശവശരീരം ഏറ്റുവാങ്ങുമ്പോഴും, അന്ത്യകർമ്മങ്ങൾ ചെയ്യുമ്പോഴും ഒക്കെയും, അവളൊരു നിർവികാര അവസ്ഥയിലായിരുന്നു. തന്റെ ജീവിതത്തിലെ സുവർണകാലം ഇതോടുകൂടി അവസാനിക്കുന്നു എന്നാണ് അവൾക്ക് തോന്നിയത്. ഇനിയുള്ള നിന്റെ ജീവിതം മകനും കുടുംബത്തിനും വേണ്ടി മാത്രമായിരിക്കും എന്ന് അവൾ ആ നിമിഷം മനസ്സിൽ ഉറപ്പിച്ചു.
ചെറിയ ചെറിയ ജോലികൾ ചെയ്ത് മകനെയും ആ കുടുംബത്തെയും അവൾ താങ്ങി നിർത്തുമ്പോൾ, തന്റെ മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആ അമ്മ പലപ്പോഴും ചിന്തിച്ചു.
വർഷങ്ങൾ കടന്നു പോകവേ, അവരുടെ മകൻ അച്ഛന്റെ പാതയിലേക്ക് തിരിയാൻ തീരുമാനിച്ചു.
“വേണ്ട മോനെ.. നിനക്ക് ഈ നാട്ടിൽ കിട്ടുന്ന ഏതെങ്കിലും ജോലി മതി.. നിന്റെ അച്ഛനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. നിന്നെ കാണാനുള്ള ഭാഗ്യം പോലും ലഭിക്കാതെയാണ് അവൻ മടങ്ങിപ്പോയത്. അങ്ങനെ ഒരു വിധി ഇനി ഒരു കുഞ്ഞിനും ഉണ്ടാകരുത്. നീയേ ഉള്ളൂ ഇനി നിന്റെ അമ്മയ്ക്ക്.. നിനക്ക് കൂടി എന്തെങ്കിലും സംഭവിച്ചാൽ അവൾ തകർന്നുപോകും..”
അവനെ പിന്തിരിപ്പിക്കാൻ അവന്റെ അച്ഛമ്മ കഴിയുന്നതും ശ്രമിച്ചു.
” വേണ്ട അമ്മേ.. അവനെ തടയേണ്ട. അവന് ഇതാണ് താല്പര്യം എങ്കിൽ അവൻ ഈ വഴിക്ക് തന്നെ പൊക്കോട്ടെ. അവന്റെ അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ അവനെ ഈ ആഗ്രഹത്തിന് പിന്നാലെ പോകാൻ പ്രേരിപ്പിക്കുമായിരുന്നു. അദ്ദേഹത്തിന്റെയും ആഗ്രഹം ഒരുപക്ഷേ ഇതു തന്നെയായിരിക്കാം. അതിന് ആരും തടസ്സം നിൽക്കണ്ട.. “
അമ്മയുടെ വാക്കുകൾ അവന് പുത്തനുണർവേകി.
അവൻ യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോൾ, വർഷങ്ങൾക്കു മുൻപ് അവന്റെ അച്ഛൻ യാത്ര പറഞ്ഞു പോയത് പോലെയാണ് അവന്റെ അമ്മയ്ക്ക് തോന്നിയത്. ഇനി അവന്റെ മടങ്ങിവരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അമ്മ…!!