രചന: അബ്രാമിൻ്റെ പെണ്ണ്
:::::::::::::::::::::::::::
പണ്ടൊക്കെ ഞായറാഴ്ചകളെ കൂടുതൽ മനോഹരമാക്കിയിരുന്നത് ദൂരദർശനിൽ നാല് മണിക്ക് തുടങ്ങുന്ന സിനിമയാണ്..വീട്ടിൽ കറണ്ടില്ലാതിരുന്ന കാലം…ഇത്തിരി ദൂരെയുള്ളൊരു വീട്ടിലാണ് ആകെക്കൂടി ഒരു ടീവീയുള്ളത്..
എന്തിനും ഏതിനും കുറ്റം കണ്ടു പിടിക്കുന്ന അമ്മയും, ആകാശത്തൂടെ പോകുന്ന ഏത് വെനയും ആന്റിന വെച്ചു പിടിക്കുന്ന ഈ പാവം ഞാനും (ഇപ്പോളും ആ സ്വഭാവത്തിന് മാറ്റമൊന്നുമില്ല ) തമ്മിൽ വല്ലാത്തൊരു അടി ബന്ധം ഉണ്ടായിരുന്നു…
അടി തരാൻ അമ്മയ്‌ക്കോ അത് മനസോടെ വാങ്ങിക്കൂട്ടാൻ എനിക്കോ യാതൊരു മടിയുമുണ്ടായിരുന്നില്ല.
പക്ഷേ,, ഞായറാഴ്ച എന്നൊരു ദിവസമുണ്ടെങ്കിൽ, ആ ദിവസം ഞങ്ങടെ പഞ്ചായത്തിലെ കുരുത്തക്കേട് കാണിക്കാത്ത ഏറ്റവും നല്ല കറുത്ത കൊച്ചിന് ഒരു അവാർഡ് ആരെങ്കിലും കൊടുത്താൽ അത് എനിക്ക് മാത്രേ കിട്ടൂ..കാരണം എന്തെങ്കിലും വെന വലിച്ചു വെച്ചാൽ അന്ന് സിനിമ കാണാൻ അമ്മ വിടത്തില്ല…
ഞായറാഴ്ച ദിവസം അമ്മ മഹിഴ്മതി സാമ്രാജ്യത്തിലെ ശിവകാമി ദേവിയും ഞാൻ കട്ടപ്പ മാമനുമാണ്..അമ്മ പറയും,, ഞാൻ മറുത്തൊരക്ഷരം മിണ്ടാതെ ഉരിയാടാതെ അനുസരിക്കും..
അങ്ങനെ ആകാശദൂത് സിനിമ ടീവിയിൽ വന്ന ദിവസം..
രാവിലെ മുതൽ അമ്മ പറയുന്നതും പറയാത്തതുമായ സകല ജോലികളും ചെയ്തു..വീട്ടിലെ ജോലികളൊക്കെ തീർത്തിട്ട് ആടിനെ വയലിൽ കൊണ്ട് പോയി തീറ്റാൻ വിട്ടു. തീറ്റയറുത്ത് വെയ്ക്കുന്ന കൊട്ടയുടെ അടിയിൽ ആട് നന്നായി തിന്നുന്ന കൊറച്ചു പോച്ചയറുത്തു വെച്ചിട്ട് ഇടയിൽ കൊറച്ചു കച്ചട കിച്ചട ഊപ്പ പോച്ചയും ഏറ്റവും മുകളിൽ അമ്മയെ കാണിക്കാൻ വേണ്ടി നല്ല കൊറേ പോച്ചയും അറുത്ത് പെട്ടെന്ന് കൊട്ട നെറച്ചു…
ആടിനേം വീട്ടിൽ കൊണ്ട് കെട്ടിയിട്ട് തോർത്തും തുണിയുമെടുത്തോണ്ട് തോട്ടിലേയ്ക്ക് ഒരോട്ടമാണ്..ഏത് ദിവസം കുളിച്ചില്ലെങ്കിലും ഞായറാഴ്ച കുളിക്കും…കാരണം ടിവിയുള്ള വീട്ടുകാർ വലിയ പണക്കാരാണ്..അവിടെ നല്ല വൃത്തിയോടെ വേണം പോകാൻ…
കുളിയൊക്കെ കഴിഞ്ഞു പോകാനൊരുങ്ങുമ്പോ അമ്മയുടെ അനുവാദം ചോദിക്കാൻ വേണ്ടിയൊരു നിൽപ്പുണ്ട്..മ്മള് അടുക്കളയിലോട്ട് ചെല്ലുമ്പം അമ്മ മുറ്റത്തിറങ്ങും..മ്മള് മുറ്റത്ത് ചെല്ലുമ്പോ അമ്മ വെള്ളം കോരാൻ പോകും..അങ്ങോട്ട് ചെല്ലുമ്പോ വീണ്ടും അടുക്കളേൽ കേറും..
എന്തൊരു ഊദ്രമാണെന്ന് പറയണേ…
ഒടുക്കം കയ്യും കാലും പിടിച്ചു പൊയ്ക്കോട്ടേ എന്ന് ചോയ്ക്കുമ്പോ..
“വാർത്തേടെ സമയമാവുമ്പോ ഇങ്ങു വന്നേക്കണം…”
അത്രേം നേരം വരെയേ സിനിമ കാണാൻ അനുവാദമൊള്ളൂ…ആകാശദൂത് മൊത്തം കാണാൻ അന്ന് ഞാൻ അമ്മയുടെ കാല് പിടിച്ച് അനുവാദം വാങ്ങി..ഞങ്ങൾ നാല് മക്കളും കൂടെ ടീവിയുള്ള വീട്ടിലോട്ടോടി..
അവിടുത്തെ സാറിനൊരു മോനുണ്ട്…മനുഷ്യന്റെ രൂപവും കൊരങ്ങച്ചന്റെ സ്വഭാവവുമുള്ളൊരുത്തൻ..ടീവി കാണാൻ ഇരിക്കുന്നവരെ ചവിട്ടുക,,തുപ്പുക,,പൊറകിൽ കൂടെ വന്ന് ഇടിക്കുകയൊക്കെയാണ് അവന്റെ സ്വഭാവം..ഒരിടത്ത് അടങ്ങിയിരിക്കത്തില്ല..അവനെപ്പോലൊരു മണ്ണെണ്ണയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല..
സിനിമയോടുള്ള ആഗ്രഹം കൊണ്ട് നമ്മളിതെല്ലാം സഹിക്കും..ഇച്ചിരെ ഇടി കിട്ടിയാലും വേണ്ടിയേലാ സിനിമ കാണാവല്ലോ..എന്റെ ആങ്ങളയുടെ കൂടെയാ അവനും പഠിക്കുന്നത്…
സിനിമ തുടങ്ങി മാധവി ചേച്ചിയ്ക്ക് ക്യാൻസറായ ഭാഗമെത്തിയപ്പോ മുതൽ എനിക്ക് നെഞ്ച് വേദനിച്ചു തുടങ്ങി..മുരളി മാമനും മാധവിചേച്ചിയും കൊച്ചുങ്ങളും കരഞ്ഞപ്പോൾ ഞങ്ങൾ തറയിലിരുന്ന പ്രേക്ഷകരും കസേരയിലിരുന്ന ഒരു പ്രേക്ഷകയും അവരുടെ കൂടെ കരഞ്ഞു..അവിടുത്തെ സാറ് കരഞ്ഞില്ല..
“എന്തൊരു മനക്കട്ടിയുള്ള മനുഷ്യൻ..ഹോ…..!!”
ഞങ്ങളാ ഒഴുക്കിൽ കരഞ്ഞോണ്ടിരുന്നപ്പം പെട്ടെന്നാണ് ലവൻ ഓടിച്ചെന്ന് ടീവി നിർത്തിയത്…അപ്പൊ വരുന്നൊരു സങ്കടം..
എന്തൊക്കെ പറഞ്ഞിട്ടും ലവൻ ടീവി വെയ്ക്കുന്നില്ല…കിരീടം സിനിമയിൽ മോഹൻലാൽ ക ത്തീം കൊണ്ട് നിക്കുന്ന പോലെ അവൻ എല്ലും കൂട് മാത്രമുള്ള നെഞ്ചും കാണിച്ചു നിക്കുവാ..
ആരൊക്കെ കാല് പിടിച്ചു പറഞ്ഞിട്ടും അവൻ കേൾക്കുന്നില്ല…ത ന്തയും ത ള്ളയും കൂടെ ഒടുക്കം അവനെ പിടിച്ചിരുത്തി ടീവി വീണ്ടും വെച്ചു..ആ സിനിമ തീരുന്ന വരെ അവനൊരു നൂറ് തവണയെങ്കിലും ടീവി നിർത്തി വെച്ചു…
അടുത്ത ഞായറാഴ്ചയ്ക്ക് മുൻപ് യെവനെ ഏതെങ്കിലും പുള്ളാരെ പിടുത്തക്കാരു പിടിച്ചോണ്ട് പോണേന്ന് പ്രാർത്ഥിച്ചോണ്ട് ഞങ്ങൾ തിരിച്ചു പോന്നു..
പിന്നീടുള്ള ഞായറാഴ്ചകളിലെല്ലാം അവസ്ഥ ഏറെക്കുറെ അതേപോലെ തന്നെയാരുന്നു..
അങ്ങനിരിക്കെ ഒരൂസം..
ഞങ്ങളുടെ വീടിനടുത്തുള്ളൊരു കൊച്ചുമായി അവൻ എന്തിനോ വഴക്കിട്ടു…എന്റെ പൊന്നാങ്ങളയാണ് അവന്റെ ഏറ്റോം വലിയ കൂട്ടാരൻ…ആ പെങ്കൊച്ചിനോടുള്ള കലിപ്പിൽ അവൻ എന്റെ ആങ്ങളയുടെ കയ്യിൽ ഒരു ബ്ലേഡ് കൊടുത്തിട്ട് പറഞ്ഞെന്ന്..
“ടാ..അവള് സ്കൂളിൽ നിന്ന് വരുന്ന സമയത്ത് തെങ്ങും പണയിലിരുന്ന് മൂ ത്രോഴിക്കുമ്പോ നീ പൊറകിൽ കൂടെ ചെന്ന് അവളുടെ ച ന്തിക്ക് ബ്ലേഡ് വെച്ച് മൂന്ന് വര വരയ്ക്കണം..നിനക്ക് ഞാൻ പത്തുരുവാ തരാം…”
എന്റാങ്ങള പണ്ടേ നന്നായി വരയ്ക്കുവാരുന്നു കേട്ടോ..
പത്തു രൂപയ്ക്ക് പതിനായിരത്തിന്റെ വിലയുണ്ടെന്ന് മനസിലായ എന്റെ ഒടപ്പെറന്നോൻ പിറ്റേന്ന് മറ്റേ പെങ്കൊച്ചിന്റെ പൊറകെ വരികയും അവൾ മൂ ത്രോഴിച്ചിട്ട് എഴുന്നേറ്റപ്പോ ച ന്തിക്ക് ബ്ലേഡ് വെച്ച് നീട്ടിയൊരു വരയിട്ട് കൊടുത്തു..രണ്ടാമത്തെയും മൂന്നാമത്തെയും വരയിടാൻ സമ്മതിക്കാതെ അവള് കാറിക്കൂവി…
എല്ലാരും കൂടെ ഓടി വന്ന് ആകെ വഴക്കായി..
അവളുടെ അച്ഛനും വീട്ടുകാരും കൂടെ വഴീ കൂടെ പോയ എന്റെ പൊന്നച്ചനെ പിടിച്ചു നിർത്തി ചീത്ത വിളിച്ച്..പോലീസിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞു ഞങ്ങളെ പീച്ചണിപ്പെടുത്തി..
ലവളുടെ ച ന്തി യുമായി അവന് യാതൊരു വിരോധവുമില്ലെന്നും മറ്റവൻ ഒപ്പിച്ച പണിയാണിതെന്നും ആണയിട്ട് പറഞ്ഞ എന്റെ കൂടപ്പിറപ്പിന്റെ വാക്ക് ആരും കേട്ടില്ല..
അവനെ സ്കൂളിൽ നിന്ന് ടിസി കൊടുത്തു വിട്ടു..കക്കയം ക്യാമ്പിനു ശേഷം ഉരുട്ടൽ നടന്നത് പിന്നെ ഞങ്ങളുടെ വീട്ടിലാരുന്നു..ഉരുട്ടിയത് അമ്മയും പരുവത്തിന് ഉരുണ്ടത് അവനും..ആ പെങ്കൊച്ചിന്റെ അച്ഛന്റെ കാല് പിടിച്ച് അച്ഛൻ വഴക്കൊഴിവാക്കി..ആ കൊച്ചിന്റെ ച ന്തി യിലെ വര മായുന്നത് വരെ ഇടാനുള്ള മരുന്ന് അച്ഛൻ വാങ്ങിച്ചു കൊടുത്തു..
ഇന്നത്തെ കാലത്തെങ്ങാനുമാണ് അത് സംഭവിച്ചിരുന്നതെങ്കിലോ..പൊന്നീശ്വരോ.. ഓർക്കാൻ വയ്യായെ…..!!!
ചെയ്ത ജോലിയുടെ പ്രതിഫലം വാങ്ങാൻ ചെന്ന എന്റാങ്ങളയെ അവൻ ഓടിച്ചു വിട്ടു..
“മൂന്ന് വരയിടാനാരുന്നു പോലും പത്തുരുവാ കൊടുക്കാമെന്നു പറഞ്ഞത്..ഒരു വര മാത്രമിട്ടോണ്ട് പൈസ കൊടുക്കത്തില്ലെന്ന്..”
അതും കേട്ടിട്ട് ലവൻ മോങ്ങിക്കൊണ്ട് തിരിച്ചു വന്നു..അതോടെ ഞങ്ങളുടെ ടീവി കാണൽ അവസാനിച്ചു…
കാലങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോയത്..കുരുത്തക്കേടൊക്കെ കാണിക്കുവാരുന്നെങ്കിലും അവൻ മിടുക്കനായി പഠിച്ചു…വിദേശത്തെവിടെയോ നല്ല ജോലി കിട്ടി പോവുകയും ചെയ്ത്…
ഇതിപ്പോ പറയാനുള്ള കാരണമെന്താണെന്ന് വെച്ചാൽ…
ഇത്രേമൊക്കെ ഒപ്പിച്ചു വെച്ചിട്ട് അവനെനിക്ക് ഇപ്പോ ഫ്രണ്ട് റിക്വസ്റ്റ് ഇട്ടേക്കുന്നു…ഇത്രേം ഊദ്രിച്ചതൊന്നും പോരാരിക്കും..
ഞാൻ ആ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്യണോ…..? നിങ്ങള് പറ…