വീണയെ തറപ്പിച്ചു നോക്കി നീതു പറയുമ്പോൾ അവൾ സംശയത്തോടെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു…

_upscale

ഏട്ടത്തി

രചന : അപ്പു

::::::::::::::::::;;;

“ദേ… എന്നെ തൊട്ടാൽ തന്റെ കൈ ഞാൻ വെbട്ടും.. നിന്റെ ഭാര്യക്ക് ഇല്ലാത്ത ഒരു അവയവവും പ്രത്യേകിച്ച് എനിക്ക് മാത്രമായി തന്നിട്ടില്ല…”

കയ്യിൽ കിട്ടിയ പാത്രമെടുത്ത് അവന്റെ തലയ്ക്കടിച്ചു കൊണ്ട് അവൾ അലറുമ്പോൾ, അവിടേക്ക് ഓടിയെത്തിയവർ കാര്യമറിയാതെ പകപ്പോടെ ഇരുവരേയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.

” എന്താ.? എന്താ പ്രശ്നം…? “

വീണ ചോദിക്കുമ്പോൾ നീതു അവളെ വല്ലാത്ത ഭാവത്തോടെ നോക്കി.

“ഒന്നുമില്ലെടി… ഇവരെ ഒന്ന് പേടിപ്പിക്കാൻ ശ്രമിച്ചതാണ്.. ഇപ്പോഴേ ഇവിടെ നിന്ന് ഇറക്കിവിട്ടില്ലെങ്കിൽ നാളെ ഈ കാണുന്നതൊക്കെ ഇവർ അനുഭവിക്കും. ഇവർ മാത്രമല്ല ചിലപ്പോൾ ഇവരിലൂടെ മറ്റു പലരും.. നിന്റെ ചേട്ടന്റെ സ്വത്തുക്കൾ അങ്ങനെ മറ്റു പലരും അനുഭവിക്കേണ്ട കാര്യമില്ലല്ലോ.. അത് നിനക്കും നമ്മുടെ മക്കൾക്കും അവകാശപ്പെട്ടത് അല്ലേ..?”

കൗശലത്തോടെ വിനയൻ ചോദിക്കുമ്പോൾ നീതു അവനെ അമ്പരന്നു നോക്കി.എത്ര വേഗത്തിലാണ് അവൻ ഒരു നുണ പറയുന്നത്..!

” അല്ലെങ്കിലും ഞാൻ അത് പറയാൻ ഇരിക്കുകയായിരുന്നു. ഇനിയും ഇവരുടെ ആവശ്യം ഈ വീട്ടിൽ ഇല്ലല്ലോ.. എത്രയും വേഗം ഇവരെ ഇവിടെ നിന്ന് ഇറക്കി വിടണം. എനിക്കും എന്റെ മക്കൾക്കും അവകാശമുള്ള ഈ സ്ഥലത്ത് ഇനി ഇവർ വേണ്ട. “

ഏറെ അമ്പരപ്പിച്ചത് വീണയുടെ ഈ വാക്കുകൾ ആയിരുന്നു. ഏട്ടൻ ഉണ്ടായിരുന്ന സമയത്ത് ഏട്ടത്തി എന്ന് തികച്ചു വിളിക്കാത്ത അവളുടെ മാറ്റം ഒരുപാട് അമ്പരപ്പിച്ചു. അമ്മ പതിവുപോലെ മൗനമാണ്. മക്കളെ എന്നല്ല,ആരെയും എതിർത്തു പറയാൻ അമ്മയ്ക്ക് അറിയില്ല.

” കണ്ണീരു കാണിച്ച് അമ്മയെ മയക്കി ഇവിടെത്തന്നെ കൂടാം എന്നൊന്നും കരുതേണ്ട. ഇത് എന്റെ ഏട്ടൻ വച്ച വീടാണ്.ഏട്ടൻ ഇപ്പോൾ ഇല്ലാത്ത സ്ഥിതിക്ക് ഇതിന്റെ അവകാശി ഞാനാണ്.ഇവിടെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് ഞാനാണ്. അല്ലെങ്കിൽ വിനയേട്ടൻ ആണ്. നിങ്ങൾ ഇനി ഇവിടെ വേണ്ട എന്നുള്ളതാണ് ഞങ്ങളുടെ തീരുമാനം. അതുകൊണ്ട് നാളെ തന്നെ ഇവിടെനിന്ന് ഇറങ്ങിക്കോണം. സ്വന്തം വീട്ടിലേക്ക് പോവുകയോ അല്ലെങ്കിൽ മറ്റെവിടേക്കെങ്കിലും ആശ്രയം കണ്ടെത്തുകയോ ചെയ്യണം.അതൊക്കെ നിങ്ങളുടെ മാത്രം കാര്യമാണ്. നാളെ നിങ്ങളെ ഇവിടെ കാണരുത്. അത്ര മാത്രമേ എനിക്ക് പറയാനുള്ളൂ.. “

അത്രയും പറഞ്ഞുകൊണ്ട് വിനയനെയും കൂട്ടി അവൾ അടുക്കള വിട്ടു പോകുമ്പോൾ വല്ലാതെ സങ്കടം തോന്നി. സ്വയം അറിയാതെ കണ്ണുനീർ ഉതിർന്നു വീഴാൻ തുടങ്ങി. അമ്മ വന്നു കണ്ണുനീർ തുടച്ചു വന്നപ്പോഴാണ് ഞാൻ കരയുകയാണ് എന്നുപോലും സ്വയം മനസ്സിലാക്കിയത്.

അമ്മയെ നോക്കി ഒരു വിളറിയ ചിരി സമ്മാനിച്ചു കൊണ്ട് മുറിയിലേക്ക് കയറി വാതിലടച്ചു. ബെഡിലേക്ക് കിടന്ന പൊട്ടി കരയുമ്പോൾ, ടേബിളിൽ ഇരിക്കുന്ന ഫോട്ടോയിലേക്ക് ഒരു നിമിഷം നോട്ടം എത്തി നിന്നു.

വിനോദേട്ടൻ.. തന്റെ താലിയുടെ അവകാശി. ഡിഗ്രി പഠനം ഒക്കെ കഴിഞ്ഞു നിൽക്കുന്ന സമയത്ത് തനിക്ക് വന്ന ആദ്യത്തെ വിവാഹാലോചന. ആ സമയത്ത് ഒരു വിവാഹത്തിന് തനിക്ക് താല്പര്യം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, ജാതകത്തിലെ കാര്യം പറഞ്ഞ് പേടിപ്പിച്ച് വീട്ടുകാർ എല്ലാവരും കൂടി വിവാഹം നടത്തി.

സർക്കാർ ജോലിയുള്ള വിനോദ് ഏട്ടൻ കാണാനും സുന്ദരനായിരുന്നു. അതൊക്കെ തന്നെയാണ് എന്റെ വീട്ടുകാരെ ആകർഷിച്ചത്. വിനോദ് ചേട്ടനെ കണ്ടപ്പോൾ തന്നെ എനിക്കും ഇഷ്ടം തോന്നിയിരുന്നുവെങ്കിലും, ഉടനെ ഒരു വിവാഹത്തിന് താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രം ആ ഇഷ്ടം തള്ളിക്കളയുകയായിരുന്നു.

പക്ഷേ വിധി അദ്ദേഹത്തെ എനിക്ക് സമ്മാനിച്ചപ്പോൾ, ആ ഇഷ്ടം പിന്നീട് മൂടിവയ്ക്കാൻ തനിക്ക് കഴിഞ്ഞില്ല. പ്രണയ ജോഡികളെ പോലെ തന്നെയായിരുന്നു തങ്ങളുടെ ജീവിതം. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അനിയത്തിയെ വിവാഹം ചെയ്തു വിട്ടു. അമ്മയും വിനോദ് ഏട്ടനും താനും അടങ്ങുന്ന ചെറിയ ഒരു സ്വർഗ്ഗം. സന്തോഷം മാത്രമായിരുന്നു ഇവിടെ.

അതിനിടയിൽ അനിയത്തി പ്രഗ്നന്റ് ആയപ്പോൾ നാട്ടുകാരുടെ വക ചോദ്യങ്ങൾ ഒരുപാട് ആയിരുന്നു. അവൾക്കു മുന്നേ വിവാഹം കഴിച്ച എനിക്ക് കുട്ടികളായില്ല എന്നുള്ളത് വലിയ ഒരു പരാജയമായി നാട്ടുകാർ കണ്ടു. പക്ഷേ ഞങ്ങൾ ആരും അതൊന്നും കാര്യമാക്കിയില്ല.

അനിയത്തിയുടെ പ്രസവം കഴിഞ്ഞ് അവൾ കുഞ്ഞിനേയും കൊണ്ടു പോയപ്പോൾ വീട്ടിൽ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു തുടങ്ങി. അത്രയും കാലം ആ കുഞ്ഞിനെ ചുറ്റിപ്പറ്റിയായിരുന്നു ഞങ്ങളുടെ ജീവിതം എന്നുള്ളത് ആ നിമിഷം മാത്രമാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്. അതിനു ശേഷം സ്വന്തമായി ഒരു കുട്ടി വേണം എന്നുള്ള ആഗ്രഹം ഞങ്ങൾക്ക് ഇരുവർക്കും ഉണ്ടായി.

പക്ഷേ രണ്ടു മൂന്നു മാസങ്ങൾ കടന്നു പോയിട്ടും അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടാതെ വന്നതോടെ ഒരു ഡോക്ടറെ കണ്ടു. കുറച്ച് ടെസ്റ്റുകൾ ചെയ്യാൻ എഴുതി തരുകയും ചെയ്തു. അതിന്റെ റിസൾട്ട് കിട്ടുന്ന ദിവസമായിരുന്നു അന്ന്. തനിക്ക് ജോലിക്ക് പോകേണ്ടത് കാരണം വിനോദ് ചേട്ടൻ ഒറ്റയ്ക്കാണ് റിസൾട്ട് വാങ്ങാൻ പോയത്.

റിസൾട്ട് കിട്ടി എന്ന് പറഞ്ഞു വിളിച്ചിരുന്നു. രണ്ടാൾക്കും പ്രശ്നമൊന്നുമില്ല. കുട്ടികളൊക്കെ സമയമാകുമ്പോൾ ഉണ്ടായിക്കൊള്ളും എന്ന് പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചു. പക്ഷേ പിന്നീട് കേൾക്കുന്നത് അദ്ദേഹത്തിന്റെ ആക്സിഡന്റ് വാർത്തയാണ്. മണിക്കൂറുകൾക്കപ്പുറം അദ്ദേഹത്തിന്റെ മരണവാർത്തയും കേട്ടു. മൊത്തത്തിൽ തകർന്നുപോയ നിമിഷം..!

അതിനുശേഷം ആണ് പല മുഖംമൂടികളെയും തിരിച്ചറിയാൻ തുടങ്ങിയത്. വിനോദ് ചേട്ടൻ പോയതോടെ വീണയും കുടുംബവും ഇവിടെ സ്ഥിര താമസം ആയി.അതിൽ തനിക്ക് പരാതിയോ പരിഭവമോ ഒന്നും തോന്നിയില്ല. പക്ഷേ ഈയിടെയായി വിനയന്റെ പെരുമാറ്റത്തിൽ ആകെ ഒരു മാറ്റം ഉണ്ട്. ഇന്നും തന്നെ കയറി പിടിക്കാൻ ശ്രമിച്ചത് കൊണ്ടാണ് പ്രതികരിച്ചത്. അപ്പോൾ അത് ഈ അവസ്ഥയിലേക്ക് എത്തി.

സങ്കടത്തോടെ അവൾ ഓർത്തു. അന്ന് രാത്രി ഉറങ്ങാതെ ഇരുന്ന് പല തീരുമാനങ്ങളും അവൾ എടുത്തിരുന്നു.

പിറ്റേന്ന് രാവിലെ വീണ ഉറക്കത്തിൽ നിന്ന് ഉണർന്നു വരുമ്പോൾ കാണുന്നത് സോഫയിൽ ഇരുന്നു ചായ കുടിക്കുന്ന നീതുവിനെ ആണ്.

” നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്ന് രാവിലെ ഇവിടെ നിന്ന് പൊയ്ക്കൊള്ളണം എന്നു..”

അവൾക്ക് നേരെ അലറികൊണ്ട് വരുമ്പോൾ,നീതു അവളെ തറപ്പിച്ചു നോക്കുക മാത്രം ചെയ്തു.

” ഇറങ്ങാൻ ഉള്ളവരെ ഒക്കെ വേഗം തന്നെ ഇറക്കി വിടാം. ആദ്യം നീ നിന്റെ ഭർത്താവിനെ വിളിച്ചു കൊണ്ടു വാ.. “

വീണയെ തറപ്പിച്ചു നോക്കി നീതു പറയുമ്പോൾ അവൾ സംശയത്തോടെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു.

“ഇപ്പോൾ വിനയെട്ടനെ വിളിക്കേണ്ട ആവശ്യമുണ്ടോ..? “

അവൾ ചോദിച്ചു. അപ്പോഴേക്കും ബഹളംകേട്ട് വിനയൻ അവിടെ എത്തിയിരുന്നു.

” രണ്ടുപേരും എത്തിയ സ്ഥിതിക്ക് ഒരു കാര്യം ഞാൻ പറയാം. നീ ഇന്നലെ പറഞ്ഞത് പോലെ ഇത് നിന്റെ ചേട്ടൻ വെച്ച വീട് തന്നെയാണ്.ഞങ്ങൾക്ക് താമസിക്കാൻ വേണ്ടി നിന്റെ ചേട്ടൻ ഉണ്ടാക്കിയ വീട്. പക്ഷേ അദ്ദേഹം പോയതോടെ ഈ വീടിന്റെ താളംതെറ്റി.”

അവളുടെ കണ്ണ് നിറഞ്ഞത് അവൾ തുടച്ചുമാറ്റി.

” നിങ്ങളുടെ അഭിനയം ഒന്നും എനിക്ക് കാണണ്ട. എത്രയും വേഗം ഇവിടെ നിന്ന് ഇറങ്ങി പോകണം..”

വീണ ഗർവ്വോടെ പറഞ്ഞു.

” നീ ഞാൻ പറയുന്നത് മുഴുവൻ കേട്ടേ പറ്റൂ. ഇല്ലെങ്കിൽ നഷ്ടം നിനക്ക് തന്നെയാണ്.”

ഗൗരവത്തോടെ നീതു പറയുമ്പോൾ, അവളുടെ സ്വരത്തിലെ വ്യത്യാസം വ്യക്തമായി വീണയ്ക്ക് മനസ്സിലായിരുന്നു.

” ഇന്നലെ നീ പറഞ്ഞില്ലേ നിന്റെ ചേട്ടൻ ഇപ്പോൾ ഇല്ലാത്ത സ്ഥിതിക്ക് ഇതിനൊക്കെ അവകാശി നീയാണെന്ന്..? അദ്ദേഹത്തിന്റെ ഭാര്യയായ ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നിനക്ക് കിട്ടും എന്ന് നിനക്ക് തോന്നുന്നുണ്ടോ..? “

മാറിൽ കൈപിണച്ച് കെട്ടി നീതു ചോദിക്കുമ്പോൾ വീണ ഒരു നിമിഷം പകച്ചു പോയി.

“ഇങ്ങനെ തല്ലുപിടിച്ച് അവകാശം സ്ഥാപിക്കേണ്ട കാര്യമൊന്നും എനിക്കില്ല. കാരണം എന്താണെന്ന് അറിയാമോ..? ഈ വീട് എന്റെയും നിന്റെ ചേട്ടന്റെയും പേരിൽ ഒരുപോലെ രജിസ്റ്റർ ചെയ്തതാണ്. അതായത് ഞങ്ങൾക്ക് രണ്ടുപേർക്കും ഈ വീട്ടിൽ തുല്ല്യ അവകാശമാണ് എന്നർത്ഥം. രണ്ടിൽ ഒരാൾ മരണപ്പെട്ടാൽ അത് അവശേഷിക്കുന്ന ഒരാളിലേക്ക് പൂർണമായ അവകാശം എത്തിക്കുന്നതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒന്നാണ്. അതായത് ഇപ്പോൾ ഈ വീടിന്റെ അവകാശം എനിക്ക് മാത്രമാണെന്ന്. ഇത് മാത്രമല്ല നിന്റെ ചേട്ടന്റെ സ്വത്തുക്കൾ എന്റെ പേരിലാണ് എഴുതി വെച്ചിട്ടുള്ളത്.”

അവൾ പറഞ്ഞ വാക്കുകൾ വീണയ്ക്ക് വല്ലാത്ത അമ്പരപ്പായിരുന്നു നൽകിയത്.

” നീ ജയിക്കാൻ വേണ്ടി വെറുതെ പറയുന്നതല്ലേ..? “

പകപ്പോടെ വീണ അന്വേഷിച്ചു.

“ഈ കാര്യം ഞാൻ എന്തിനാ നുണ പറയുന്നത്..? നിങ്ങൾക്ക് തെളിവ് വേണമെങ്കിൽ പ്രമാണം കാണിക്കാം.”

നീതു കൂസലില്ലാതെ പറയുന്നത് കേട്ട് അവൾ പറയുന്നത് സത്യം ആണെന്ന് വീണ ഉറപ്പിച്ചു.

“അതുകൊണ്ട്.. എത്രയും പെട്ടെന്ന് നീയും നിന്റെ കെട്ടിയോനും കുഞ്ഞിനേയും കൂട്ടി ഇവിടെ നിന്ന് ഇറങ്ങണം.. എന്നെ ഇറക്കി വിടാൻ കാണിച്ച ആവേശത്തിന്റെ പകുതി മതി അതിനു.. വേഗമാവട്ടെ..”

നീതു പറഞ്ഞു കൊണ്ട് സോഫയിലേക്ക് അമർന്നിരുന്നു.

“ഏട്ടത്തി.. പെട്ടെന്ന് ഇങ്ങനെ..”

വീണ കണ്ണീർ വരുത്തി.

“ഏട്ടത്തിയോ..? ഇത്രയും സമയം നീ.. നിങ്ങൾ എന്നൊക്കെ ആയിരുന്നല്ലോ.. പെട്ടെന്ന് അതിന് മാറ്റം വന്നോ..? കഷ്ടം…”

നീതു പരിഹസിച്ചു. വീണ വേഗം തിരിഞ്ഞു നടന്നു.

“ആഹ്.. വീണാ.. ഒന്ന് നിന്നെ…”

പിന്നിൽ നിന്ന് നീതു വിളിച്ചത് കേട്ട് പ്രതീക്ഷയോടെ വീണ അവളെ നോക്കി. ആ നിമിഷം തന്നെ നീതുവിന്റെ കൈ വിനയന്റെ കവിളിൽ വീണിരുന്നു.

“ഇത് എന്തിനാണെന്ന് നിന്റെ കെട്ടിയോന് നന്നായി അറിയാം. നിനക്ക് അറിയില്ലെങ്കിൽ പറഞ്ഞു തരാം.. ഏട്ടൻ മരിച്ചു പോയ സ്ഥിതിക്ക് ഏട്ടത്തിയുടെ ‘കാര്യങ്ങൾ ‘ ഒക്കെ ബുദ്ധിമുട്ടും എന്ന് കരുതി സഹായിക്കാൻ വന്നതാണ് ഇന്നലെ നിന്റെ കെട്ടിയോൻ.ഇനി മേലിൽ ഇത് ആവർത്തിക്കരുതെന്ന് അവനോട് പറഞ്ഞേക്കണം..”

നീതു പറഞ്ഞത് കേട്ട് വീണ അവനെ തറപ്പിച്ചു നോക്കി.കുറച്ചു സമയത്തിന് ശേഷം പടി ഇറങ്ങിയ അവരെ നോക്കി ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു നീതുവും അമ്മയും.

ആ നിമിഷം നീതുവിന്റെ മനസ്സിൽ നിറഞ്ഞു നിന്നത് തലേന്ന് രാത്രിയിൽ അമ്മ തനിക്ക് പറഞ്ഞു തന്നെ വിദ്യയായിരുന്നു. അമ്മയെ ചേർത്ത് പിടിച്ചു ചുംബിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.

“നിന്നെ ഇങ്ങനെ ഇവിടെ നിന്ന് ഇറക്കി വിട്ടാൽ അവന്റെ ആത്മാവ് പോലും എന്നോട് പൊറുക്കില്ല മോളെ…!”

അവളുടെ മനസ്സറിഞ്ഞത് പോലെ അവളെ ചേർത്ത് പിടിച്ചു ആ അമ്മ പറഞ്ഞു. അപ്പോഴും സ്വത്തുക്കൾ ഒക്കെ അമ്മയുടെ പേരിലാണ് എന്നുള്ള വിവരം അവർ പരസ്പരം പറഞ്ഞതേയില്ല…!

✍️അപ്പു