പക്ഷേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഒരേ ഒരു പ്രശ്നം, അവൾക്ക് എന്നെ ഭർത്താവായി അംഗീകരിക്കാൻ കഴിയുന്നില്ല…

_upscale

വിധി ചേർത്ത് വച്ചത്

രചന : അപ്പു

::::::::::::::::::::::::::::

” ഈ മനുഷ്യനെ കൊണ്ട് ഞാൻ തോറ്റു… “

തലയ്ക്കു കൈ കൊടുത്തു ഭാര്യ പറയുന്നത് കേട്ടെങ്കിലും അവൻ കേൾക്കാത്ത ഭാവം നടിച്ചു.

” ഒന്ന് എഴുന്നേൽക്ക് ഏട്ടാ… “

അവൾ വന്നു കുലുക്കി വിളിക്കുമ്പോൾ, അവൻ കള്ള ഉറക്കം നടിച്ചു.

” സത്യമായും എഴുന്നേറ്റ് വന്നില്ലെങ്കിൽ തല വഴിക്ക് വെള്ളം കോരി ഒഴിക്കും ഞാൻ.. “

അവൾ ഭീഷണി പോലെ പറഞ്ഞതും അവൻ ഒളികണ്ണിട്ട് അവളെ ഒന്നു നോക്കി.

” ഞാൻ അഞ്ച് മിനിറ്റ് സമയം തരും. അതിനുള്ളിൽ എഴുന്നേറ്റ് വന്നിട്ടില്ല എങ്കിൽ ഞാൻ വരുന്നത് ഒരു ബക്കറ്റ് വെള്ളവും കൊണ്ട് ആയിരിക്കും. നോക്കിക്കോ.. “

അത്രയും പറഞ്ഞു കൊണ്ട് അവൾ കലിതുള്ളി മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. അവൾ പോയതിനു പിന്നാലെ തന്നെ അവൻ എഴുന്നേറ്റു കട്ടിലിലേക്ക് ചാരിയിരുന്നു. അവൻ ഒരു നിമിഷം തന്റെ ജീവിതത്തെ കുറിച്ച് ആലോചിച്ചു.

അവൾ.. രമ്യ.. സതീഷ് എന്ന തന്റെ ഭാര്യ.. അവളുടെ പതിനെട്ടാം വയസ്സിൽ ഈ പടി കടന്നു വന്നതാണ്. തറവാട്ടിലെ മൂത്ത മകനായ തന്റെ ഭാര്യയായിട്ട്.. അന്ന് തീരെ കാര്യപ്രാപ്തി ഇല്ലാത്ത, കുട്ടിക്കളി കളിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു അവൾ…

ഡിഗ്രിക്ക് പഠിക്കാൻ നിൽക്കുന്ന സമയത്ത് ജാതകത്തിൽ എന്തോ ദോഷമുണ്ട് എന്ന് അറിഞ്ഞിട്ടാണ് പെട്ടെന്ന് തന്നെ അവളുടെ വിവാഹം നടത്തിയത്. താനും അവളും തമ്മിൽ എട്ടു വയസിനേക്കാൾ കൂടുതൽ വ്യത്യാസമുണ്ട്. പ്രായവ്യത്യാസം ഉള്ളതുകൊണ്ട് തന്നെ തനിക്ക് അവളോട് അടുക്കാൻ ഒരു മടിയായിരുന്നു. അവളെ സംബന്ധിച്ച് അങ്ങനെ ഒരു പ്രശ്നം ഉള്ളതായി തോന്നുന്നില്ല.

അവൾ എല്ലായിപ്പോഴും എനിക്ക് ചുറ്റും കറങ്ങുന്ന ഗ്രഹം ആയിരുന്നു. എന്ത് കാര്യത്തിനും ഏട്ടാ ഏട്ടാ എന്ന് വിളിച്ച് പിന്നാലെ വരും. കലപില വർത്തമാനം തന്നെ എപ്പോഴും പറഞ്ഞിരിക്കും.. ചില സമയത്ത് അവളുടെ വർത്തമാനം കേൾക്കുമ്പോൾ ദേഷ്യം വരും. ദേഷ്യപ്പെട്ടാൽ പിന്നെയും വരും..!

ആ ഓർമ്മകളിൽ അവൻ ഒന്ന് ചിരിച്ചു.

പഠിക്കാൻ പോകണം എന്ന് അവൾക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു.പക്ഷേ ഇവിടെ ആരെങ്കിലും എതിർക്കുമോ എന്ന കാര്യത്തിൽ അവൾക്ക് ഭയവും ഉണ്ട്. തന്റെ ഏറ്റവും ഇളയ അനിയത്തി ശരണ്യയുടെ അതെ പ്രായമാണ് രമ്യക്കും..അതുകൊണ്ടുതന്നെ അവർ തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു.

അനിയനെ സംബന്ധിച്ച് അവൾ ഏട്ടത്തി ആണെങ്കിലും അനുജത്തിയുടെ പ്രായം തന്നെയല്ലേ ഉള്ളൂ. അതുകൊണ്ടു തന്നെ അവന് വാത്സല്യം കലർന്ന ബഹുമാനമായിരുന്നു അവളോട്..

അവളുടെ വഴക്കും ബഹളവും ഒക്കെ വീട്ടിൽ അമ്മ എങ്ങനെ അഡ്ജസ്റ്റ് ചെയ്യും എന്നോർത്ത് ഞങ്ങൾക്ക് എല്ലാവർക്കും ഒരുപോലെ ആദി ഉണ്ടായിരുന്നു. കാരണം, വീട്ടിൽ ഒരുപാട് ബഹളം വെക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല.. ഞങ്ങളെ മൂന്നു മക്കളെയും പട്ടാളച്ചിട്ടയിൽ ആണ് വളർത്തിയത് എന്ന് പറഞ്ഞാലും തെറ്റില്ല..

പക്ഷേ ഞങ്ങളുടെ എല്ലാവരുടെയും ഭയത്തെ അസ്ഥാനത്താക്കിക്കൊണ്ട്, അവൾ ആദ്യം കൂട്ടു കൂടിയത് അമ്മയോട് ആയിരുന്നു. അവളുടെ തമാശകൾക്ക് ഒപ്പം നിൽക്കുന്ന അമ്മ ഞങ്ങൾക്ക് എന്നും അതിശയമായിരുന്നു.. ഞങ്ങൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അമ്മയുടെ ആ ഭാവം ഞങ്ങൾക്ക് കാണിച്ചു തന്നത് അവളാണ്..

പക്ഷേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഒരേ ഒരു പ്രശ്നം, അവൾക്ക് എന്നെ ഭർത്താവായി അംഗീകരിക്കാൻ കഴിയുന്നില്ല എന്നുള്ളതായിരുന്നു. അതിന് അവളെയും തെറ്റുപറയാൻ പറ്റില്ല. പഠിക്കുന്ന പ്രായത്തിൽ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് അയക്കുമ്പോൾ പിന്നീടുള്ള ജീവിതം അവൾ എങ്ങനെ ജീവിക്കുന്നു എന്ന് വീട്ടുകാർ അന്വേഷിക്കാറില്ല..

” താൻ ഒരു കാര്യം ചെയ്യൂ.. എന്നെ ഒരു സുഹൃത്തായി കണക്കാക്കൂ.. നമുക്കിടയിൽ ആദ്യം സൗഹൃദം രൂപം കൊള്ളട്ടെ.. അതിനുശേഷം എന്തുവേണമെന്ന് നമുക്ക് ആലോചിക്കാം.. തനിക്ക് ഇവിടെ തീരെ പറ്റുന്നില്ല എങ്കിൽ നമുക്ക് ബന്ധം വേർപെടുത്താം.. “

അവളുടെ പ്രയാസങ്ങൾ കണ്ടപ്പോൾ അവളോട് അങ്ങനെ പറയാനാണ് തോന്നിയത്. ആ വാക്കുകൾ അവളെ കൂടുതൽ അമ്പരപ്പിച്ചു എന്ന് തോന്നി. പിന്നീടുള്ള ദിവസങ്ങൾ അവൾ നല്ലൊരു സുഹൃത്ത് ആവാൻ ശ്രമിച്ചു. അത് ഒരു പരിധി വരെ വിജയിച്ചു എന്നു പറയാം.

എല്ലാ ദിവസവും ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ അവനോട് പറഞ്ഞു കേൾപ്പിക്കാൻ ഒരു നൂറ് വിശേഷങ്ങൾ അവൾക്ക് ഉണ്ടാകുമായിരുന്നു. അവനോട് മാത്രമല്ല ആ വീട്ടിൽ എല്ലാവരോടും അവൾ തന്റെ വിശേഷങ്ങൾ പങ്കു വയ്ക്കും. അവൾ തന്റെ വീട്ടിലേക്ക് പോകുന്ന ദിവസങ്ങളിൽ, ആരും ആരും പരസ്പരം സംസാരിക്കാതെ ദുഃഖത്തോടെ ചിലവഴിക്കുന്ന അവസ്ഥ..!

അവളുടെ ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയായതോടെ, അവനോടുള്ള അവളുടെ കാഴ്ചപ്പാടിൽ വ്യത്യാസം വരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. അവളറിയാതെ തന്നെ അവനെ അവൾ പ്രണയിക്കുന്നുണ്ടായിരുന്നു. ഒരുപാട് കാലം ഒന്നും അത് മറച്ചുവെക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവൾ അത് തുറന്നു പറയുക തന്നെ ചെയ്തു..

പിന്നീടുള്ള നാളുകൾ അവർ പ്രണയിക്കുകയായിരുന്നു… അവളുടെ ഓരോ ആവശ്യങ്ങളും അവൾ പറയാതെ തന്നെ നടത്തി കൊടുക്കുമ്പോൾ അവളുടെ കണ്ണിൽ വിരിയുന്ന കുഞ്ഞു നക്ഷത്രങ്ങളെ കാണാൻ അവനു വല്ലാത്ത കൊതിയായിരുന്നു… പലപ്പോഴും അവനു വേണ്ടി ഒന്നും വാങ്ങുന്നില്ലേ എന്ന അവളുടെ ചോദ്യത്തിന് പുഞ്ചിരിക്കുക മാത്രമാണ് പതിവ്..

കൂലിപ്പണിക്കാരനായ അവന്റെ വരുമാനത്തിൽ നിന്ന് എല്ലാവർക്കും വേണ്ട എല്ലാം നേടിയെടുക്കാൻ കഴിയില്ല എന്ന് അവന് നല്ല ബോധ്യമുണ്ടായിരുന്നു.

“ദേ…ഏട്ടാ..”

അവളുടെ ശബ്ദം കേട്ട് അവൻ ഞെട്ടി എഴുന്നേറ്റു. അവൾ മുറിയിലേക്ക് എത്തുന്നതിനു മുൻപുതന്നെ അവൻ ബാത്റൂമിലേക്ക് ഓടി കയറി. അല്ലെങ്കിൽ ഒരു പക്ഷേ അവൾ പറഞ്ഞതുപോലെ തന്നെ പ്രവർത്തിക്കുമെന്ന് അറിയാമായിരുന്നു..

അവളുടെ നിർബന്ധത്തിനു വഴങ്ങി ക്ഷേത്രത്തിലേക്ക് പോകുമ്പോൾ എന്തിനാണ് ഈ നിർബന്ധവും വാശിയും എന്ന് പോലും അവനു അറിയുന്നുണ്ടായിരുന്നില്ല. പ്രാർത്ഥിച്ചു കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ അവന് എന്തെന്നില്ലാത്ത വെപ്രാളം ആയിരുന്നു. വീട്ടിൽ തന്നെ കാത്ത് എന്തൊക്കെയോ ഉണ്ട് എന്നൊരു തോന്നലായിരുന്നു അവന്.

അവൻ വീട്ടിലേക്ക് കയറി വരുമ്പോൾ തന്നെ ഉമ്മറത്ത് കണ്ട അവളുടെ അച്ഛനെയും അമ്മയെയും അവൻ അതിശയത്തോടെ നോക്കി.

” നിങ്ങൾ ആരും വരുന്ന കാര്യം പറഞ്ഞിരുന്നില്ലല്ലോ..?”

അവൻ ജാള്യതയോടെ അന്വേഷിച്ചു.

” അവരുടെ മകളുടെ വീട്ടിലേക്ക് അവർക്ക് വരാൻ നിന്നോട് പറഞ്ഞിട്ട് വേണോ..? “

അമ്മയാണ് മറുപടി പറഞ്ഞത്. ചമ്മലോടെ ചിരിച്ചിട്ട് അവൻ അകത്തേക്ക് കയറിപ്പോയി. മുറിയിൽ കയറി ഡ്രസ്സ് മാറി വരുമ്പോഴേക്കും ഹാളിൽ കണ്ട ഒരുക്കങ്ങൾ എന്തിനാണ് എന്നറിയാതെ അവൻ അമ്പരന്നു.

അപ്പോഴേക്കും ഒരു ബർത്ത് ഡേ കേക്കുമായി അവൾ പ്രത്യക്ഷപ്പെട്ടിരുന്നു.

” ഹാപ്പി ബർത്ഡേ ഏട്ടാ… “

എന്ന് എഴുതിയിരിക്കുന്ന കേക്ക് അവനെ വല്ലാതെ അമ്പരപ്പിച്ചു.

” ഇന്ന് ഏട്ടന്റെ പിറന്നാൾ ആണെന്ന് ഏട്ടൻ മറന്നുപോയി അല്ലേ..? ഈ വീട്ടിലെ എല്ലാവരുടെയും കാര്യങ്ങൾ ഓർത്തുവച്ച് ചെയ്യുന്ന ആളിന് സ്വന്തം കാര്യങ്ങൾ ഓർക്കാൻ സമയമില്ല എന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം. പക്ഷേ അങ്ങനെ മറവിക്ക് വിട്ടു കൊടുക്കേണ്ട ഒന്നല്ലല്ലോ ഇത്.. അതുകൊണ്ട് ഇന്ന് ഈ വിശേഷം ചെറുതായി ആഘോഷിക്കാനാണ് ഞങ്ങളുടെ തീരുമാനം. അതിന് എതിര് ഒന്നും പറയണ്ട..”

അവളാണ് ആദ്യം തന്നെ പറഞ്ഞത്. അവളോട് എതിർത്ത് പറയാതെ അവരുടെ തീരുമാനങ്ങൾക്കൊപ്പം അവനും നിന്നു. മനസ്സുകൊണ്ട് അവൻ വല്ലാതെ സന്തോഷിക്കുന്നുണ്ടായിരുന്നു.

കേക്ക് മുറിച്ച് ആദ്യത്തെ കഷണം അവൾക്ക് നേരെ നീട്ടിയപ്പോൾ, ആ കൈ അമ്മയ്ക്ക് നേരെ അവൾ പിടിച്ചു വച്ചപ്പോൾ, അവളോട് വല്ലാത്തൊരു ഇഷ്ടം തോന്നി. അവളെ ചേർത്തു പിടിച്ച് ആ സന്തോഷം പ്രകടിപ്പിക്കുമ്പോൾ, തനിക്ക് തരാൻ അവൾ മറ്റൊരു സർപ്രൈസ് ഒരുക്കിവെച്ചിട്ടുണ്ട് എന്ന് അവൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല.

” ഹാപ്പി ബർത്ഡേ അച്ഛാ… “

പെട്ടെന്ന് അവനെ പോലും അമ്പരപ്പിച്ചുകൊണ്ട് അവന്റെ കൈ ഉദരത്തിലേക്ക് ചേർത്ത് അവൾ പറയുന്നത് കേട്ടു അവൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. അവന്റെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്ന് പോലും അറിയാത്ത അവസ്ഥ. അമ്പരപ്പോടെ എല്ലാവരെയും നോക്കുമ്പോൾ ആ കണ്ണുകളിൽ ഒക്കെയും സന്തോഷമായിരുന്നു.

അവളെ ഇറുകെ പുണർന്നു തന്റെ സന്തോഷം പങ്കു വെക്കുമ്പോൾ,

” ഇങ്ങനെ അമർത്തി പിടിക്കല്ലേ…വാവയ്ക്ക് നോവും…”

എന്ന് അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.

എന്നോടൊപ്പം ജീവിക്കാനാവില്ല എന്ന് പറഞ്ഞ് കരഞ്ഞു പെൺകുട്ടിയിൽ നിന്ന് ഇന്ന് അവൾ ഒരുപാട് മാറി. ഒരുപാട് എന്ന് പറഞ്ഞാൽ.. എന്നെ പിരിഞ്ഞ് ഒരു രാത്രി പോലും നിൽക്കാനാവില്ലാത്ത വിധം അവൾ എന്നോട് അടുത്തു..

വിധി എന്നൊക്കെ പറയുന്നത് ഇതാണല്ലേ…!

✍️അപ്പു