മാമ്പഴം…
രചന: ഭാഗ്യലക്ഷ്മി. കെ. സി.
:::::::::::::::::::::::
രാമനാഥന്റെ തറവാട്ടിലെ തേന്മാവിൽനിറയെ മാമ്പഴമുണ്ടാകും വേനൽക്കാലത്ത്. അത് പെറുക്കാൻ കുട്ടികളുടെ ഒരു പടതന്നെ കാണും.
ഭാര്യ ധനലക്ഷ്മി എപ്പോഴും പറയും:
ആ വടക്കേതിലെ സരോജിനിച്ചേച്ചിക്ക് കുറച്ചെണ്ണം എടുത്തുവെക്കണേ..അവ൪ വരുമ്പോൾ ജോലിയൊക്കെ തീ൪ത്ത് ഉച്ചയാകും..അപ്പോഴേക്കും പിള്ളേരെല്ലാം കൊണ്ടുപോകും..
രാമനാഥന് റിട്ടയറായതിനുശേഷം കാലിന് കുറച്ച് വാതത്തിന്റെ അസ്കിതയുണ്ട്. ടൌണിലേക്കുള്ള യാത്രയൊക്കെ കുറക്കേണ്ടിവന്നു. അത്യാവശ്യം മരുന്നും മറ്റും ടൌണിൽനിന്ന് വാങ്ങേണ്ടവ സരോജിനിയുടെ മക്കളോട് പറഞ്ഞാണ് വാങ്ങിപ്പിക്കുക. അവ൪ക്ക് രണ്ടുപേർക്കും ടൌണിലാണ് ജോലി.
ഓ.. അതിനെന്താ ഞാൻ രാവിലെ പെറുക്കിയതിൽനിന്നും കുറച്ചെടുത്ത് അവ൪ വരുമ്പോൾ കൊടുത്തോളൂ…കൂട്ടത്തിൽ കുന്നുംപുറത്തെ ജാനകിയേച്ചിക്കും കൊടുത്തേക്കൂ കുറച്ച്…
രാമനാഥൻ മനഃപൂ൪വ്വം പറയും. അത് ധനലക്ഷ്മിക്ക് അത്ര പഥ്യമല്ല. ജാനകിയേച്ചിയെക്കൊണ്ട് വലിയ ഉപകാരമൊന്നുമില്ല..പോരാത്തതിന് ഇടയ്ക്കിടെ പത്തോ അമ്പതോ രൂപ കടം ചോദിക്കാനും വരും. അതുകൊണ്ടുതന്നെ ജാനകിയേച്ചിയുടെ തലവെട്ടം കണ്ടാൽ ധനലക്ഷ്മി കട്ടിലിൽ കയറിക്കിടക്കുകയോ വല്ലതും വായിക്കാനിരിക്കുകയോ ചെയ്യും.
നിങ്ങൾതന്നെ എന്താന്ന് വെച്ചാൽ കൊടുത്ത് പറഞ്ഞുവിട്ടേക്കൂ..
അവൾ പറയും.
രാമനാഥൻ എന്തായാലും അവരെ വെറും കൈയോടെ മടക്കില്ല. അതറിഞ്ഞുകൊണ്ടുതന്നെയാണ് ജാനകിയേച്ചി മുതലെടുപ്പ് നടത്തുന്നത് എന്ന് ധനലക്ഷ്മി പരിഭവിക്കും. രാമനാഥൻ അതുകേട്ട് ചിരിക്കും.
ഒരുദിവസം പതിവുപോലെ ഉച്ചയൂണ് കഴിഞ്ഞ് ഭാര്യയും ഭ൪ത്താവും സംസാരിച്ചിരിക്കയായിരുന്നു. വിദേശത്ത് കഴിയുന്ന മക്കൾ വിളിച്ചതും പറഞ്ഞതുമായ വിശേഷങ്ങളൊക്കെ വിസ്തരിച്ചുതീ൪ന്നപ്പോൾ സംസാരം തേന്മാവിലെ മാമ്പഴത്തെക്കുറിച്ചായി.
എന്ത് മധുരമാണ് നമ്മുടെ വളപ്പിലെ മാങ്ങയ്ക്ക് അല്ലേ..? കഴിച്ചാലും കഴിച്ചാലും മതിവരില്ല..
ഇന്നിനി ബാക്കിയൊന്നും കാണില്ല. എല്ലാം പിള്ളേ൪ പെറുക്കിക്കൊണ്ടുപോയി.
ആ സരോജിനിച്ചേച്ചിക്ക് നാലഞ്ചെണ്ണം എടുത്തുവെച്ചിട്ടുണ്ട്. ഇന്നിനി ജാനകിയേച്ചി വന്നാൽ അകത്തേക്കുനോക്കി മാമ്പഴം എടുത്ത് കൊടുക്കാൻ പറഞ്ഞേക്കരുത്..മാവിൻചോട്ടിലുണ്ടെങ്കിൽ പെറുക്കിക്കോട്ടെ…
ധനലക്ഷ്മിയുടെ വർത്തമാനം കേട്ട രാമനാഥൻ ഒന്ന് ചിരിച്ചു.
നിങ്ങളെന്താ ചിരിക്കുന്നത്?
നിനക്ക് അവരുടെ രണ്ടുപേരുടെയും ഉള്ളിലിരുപ്പ് അറിയാഞ്ഞിട്ടാണ്..ഒരിക്കൽ നീയവരുടെ സംഭാഷണം ഒളിച്ചുനിന്ന് കേട്ടുനോക്കണം..അപ്പോഴേ നിനക്കത് മനസ്സിലാവൂ..
ധനലക്ഷ്മീ മുഖംവീ൪പ്പിച്ച് എഴുന്നേറ്റ് പോയി. പക്ഷേ അവരുടെ മനസ്സിൽ രണ്ടുപേരുടെയും ഉള്ളിലിരുപ്പ് അറിയാൻ അതിയായ ആകാംക്ഷ പെരുകി.
പിന്നീട് അവ൪ രണ്ടുപേരും വരുമ്പോൾ ആരോടെങ്കിലും സംസാരിക്കുമ്പോൾ ധനലക്ഷ്മി പുറത്തിറങ്ങി ചെവി വട്ടംപിടിക്കാൻ തുടങ്ങി.
ഒരിക്കൽ സരോജിനിയും ജാനകിയും മാവിൻചോട്ടിൽനിന്ന് സംസാരിക്കുന്നത് കേൾക്കാൻ ധനലക്ഷ്മിക്ക് അവസരം കിട്ടി.
അവ൪ തന്നെ കാണുന്നില്ല എന്ന് ഉറപ്പുവരുത്തി ഇത്തിരി കറിവേപ്പില നുള്ളിയെടുക്കാൻ നിൽക്കുന്നതുപോലെ ധനലക്ഷ്മി ഒളിച്ചുനിന്നു.
സരോജിനിച്ചേച്ചി പറഞ്ഞു:
ഓ..രണ്ട് മാങ്ങ തരുന്നത് വലിയകാര്യം പോലെയാണ്..എന്റെ മക്കളാണ് ടൌണിൽനിന്ന് മരുന്നൊക്കെ വാങ്ങിക്കൊണ്ടുക്കൊടുക്കണത്..അതിനുള്ള സോപ്പിടലാണ് ഈ മാങ്ങയും മറ്റും തരുന്നത്…മക്കൾ ഗൾഫിൽനിന്ന് വന്നാൽ പത്ത് ചോക്കലേറ്റ് തരും..പിന്നെ വല്ല ടീഷ൪ട്ടോ പൌഡറോ സോപ്പോ ഒക്കെ തരും..അതൊക്കെയെന്താ നാട്ടിൽ കിട്ടാത്തതാണോ…
ജാനകിയേച്ചി പറഞ്ഞു
എനിക്കതുപോലും ചെയ്തുകൊടുക്കാൻ കഴിയാറില്ല. അങ്ങേര് പണികഴിഞ്ഞ് വീട്ടിലെത്താൻതന്നെ സന്ധ്യയാകും..പിന്നെ ടൌണിലൊന്നും പോകാറുമില്ല..പക്ഷേ ഞാനെപ്പോഴും അവർക്കുവേണ്ടി പ്രാ൪ത്ഥിക്കും..തങ്കം പോലുള്ള മനസ്സാ രണ്ടുപേ൪ക്കും..മക്കളൊക്കെ ദൂരെയല്ലേ..രോഗമൊന്നും വരുത്താതെ അവരെ കാത്തോളണേ ദേവീന്ന്…
അവരതും പറഞ്ഞ് നടന്നുപോകുന്നത് ധനലക്ഷ്മി നോക്കിനിന്നു. അവരുടെ കണ്ണുകളിൽ ഒരു നനവ് പട൪ന്നിറങ്ങുന്നുണ്ടായിരുന്നു.