അപമാനിക്കപ്പെടുമ്പോൾ
രചന : അപ്പു
::::::::::::::::::::::::
” ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. ആ വന്നവരോട് ഇറങ്ങി പോകാൻ നിങ്ങൾ തന്നെ പറഞ്ഞേക്കണം.. എന്റെ സമ്മതം ചോദിച്ചിട്ടല്ലല്ലോ നിങ്ങൾ കാര്യങ്ങൾ ഇത് വരെ എത്തിച്ചത്..? കാണാൻ ഇത്തിരി ഭംഗി ഉണ്ടെങ്കിലും വേണ്ടില്ല. ഇത് കറുത്ത കരിം കുരങ്ങിനെ പോലെ ഒരു മനുഷ്യൻ … “
അവൾ ദേഷ്യത്തോടെ ചോദിക്കുന്നത് കേട്ട് അമ്മ ആകെ വല്ലാതായി.
“എടീ.. ഒന്ന് പതുക്കെ പറയെടി.. പുറത്തു ഇരിക്കുന്ന ആ ചെക്കൻ കേട്ടാൽ മോശം ആണ്..”
“ആരൊക്കെ കേട്ടാലും എനിക്ക് ഒന്നൂല്ലാ.. ഈ കല്യാണം നടക്കില്ല..”
അവൾ അലറി. പിന്നീട് അവിടെ ഇരിക്കാൻ എന്തുകൊണ്ടോ തോന്നിയില്ല. അവിടെ നിന്ന് ഇറങ്ങി പുറത്തേക്ക് നടക്കുമ്പോൾ, കൂടെ വന്ന കൂട്ടുകാരൻ ബ്രോക്കെറിനെ ചീത്ത വിളിക്കുന്നത് പിന്നിൽ കേൾക്കാമായിരുന്നു.
പക്ഷെ തിരിഞ്ഞ് നോക്കാനോ, അവനെ തടയാനോ തനിക്ക് തോന്നിയില്ല. തല ഉയർത്തി നോക്കാൻ പോലും കെൽപ്പില്ലാതെ, വണ്ടി പാർക്ക് ചെയ്തിരുന്ന ഇടത്തേക്ക് നടന്നു.
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി കൂട്ടുകാരൻ വണ്ടിയിലേക്ക് വന്നു കയറി.
” നീ ആ പെണ്ണ് പറഞ്ഞതു കേട്ട് മനസ്സ് വിഷമിപ്പിക്കരുത്..അവൾക്ക് തലയ്ക്കു സുഖമില്ല എന്ന് കരുതിയാൽ മതി..”
പകുതി കളിയായും പകുതി കാര്യമായും അവൻ പറയുമ്പോൾ വിളറി ചിരിക്കാൻ മാത്രമേ തനിക്ക് കഴിഞ്ഞുള്ളൂ..
” നീ ഇനി ഇത് മനസ്സിൽ വച്ചു നടക്കേണ്ട.. “
കൂട്ടുകാരൻ രമേശ് ഒരിക്കൽ കൂടി പറഞ്ഞു. ഒന്ന് മൂളിക്കേൾക്കാൻ മാത്രമേ തനിക്ക് കഴിഞ്ഞുള്ളൂ..
യാത്രയിൽ ഉടനീളം മൗനമായിരുന്ന എന്നെ കൂട്ടുകാരൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ ഭാവ മാറ്റം അനുസരിച്ചു അവൻ ബ്രോക്കെറിനെ ഓരോന്ന് പറയുന്നുണ്ട്.
വീട്ടിൽ വന്നു കയറിയപ്പോൾ പെണ്ണുകാണലിന്റെ വിശേഷം അറിയാൻ അമ്മയും അനിയത്തിയും കാത്തിരിക്കുന്നുണ്ടായിരുന്നു.അവരോട് പറയാൻ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് അവരെ ശ്രദ്ധിക്കാത്തത് പോലെ ഞാൻ മുറിയിലേക്ക് പോയി.
അതിൽ നിന്ന് കാര്യങ്ങൾ ഒക്കെ അവർ ഊഹിച്ചു കാണണം.. എല്ലാവരുടെയും മുഖം വാടിയത് ഞാൻ അകകണ്ണിൽ കണ്ടു. അവൻ ബെഡിലേക്ക് വീണു കണ്ണുകൾ അടച്ചു.
അവൻ പോലും അറിയാതെ അവന്റെ കണ്ണിൽ നിന്ന് നീർത്തുള്ളികൾ ഒഴുകി ഇറങ്ങി. ഇത് ആദ്യത്തെ അനുഭവം അല്ലാത്തത് കൊണ്ടായിരിക്കാം അവനു വല്ലാത്ത സങ്കടം തോന്നി.
‘ഇതിനു മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത്..? എനിക്ക് നിറം കുറഞ്ഞു പോയത് എന്റെ കുറ്റമാണോ..? നിറം കുറഞ്ഞവർക്കും ഈ ഭൂമിയിൽ ജീവിക്കണ്ടേ…? ‘
അവൻ വേദനയോടെ ഓർത്തു.
എല്ലായ്പ്പോഴും പെണ്ണുകാണൽ ചടങ്ങ് കഴിയുമ്പോൾ ഈ ഒരു അനുഭവം പതിവാണ്. ചിലയിടങ്ങളിൽ പിന്നീട് അറിയിക്കാം എന്ന് പറയും. ചിലയിടങ്ങളിൽ മുഖത്തടിച്ച പോലെ ഇഷ്ടമായില്ല എന്ന് പറയും. പക്ഷേ ഇങ്ങനെ ഒരു അനുഭവം ഇത് ആദ്യമായിട്ടാണ്. കാണുക പോലും ചെയ്യാതെ ഇങ്ങനെ ഒരു ശബ്ദം മാത്രം കേട്ടു തനിക്ക് വല്ലാതെ വേദനിച്ചു.
സങ്കടത്തോടെ അവൻ ഓർത്തു.
അവൻ സന്തോഷ്. ചെറുപ്പത്തിലെ അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ അമ്മയായിരുന്നു വീട്ടിൽ കാര്യങ്ങളൊക്കെ നടത്തിയിരുന്നത്. ആ വീട്ടിലെ മൂന്നു മക്കളിൽ മുതിർന്നവൻ ആയിരുന്നു സന്തോഷ്. പത്താംക്ലാസ്സ് കഴിഞ്ഞതോടെ അമ്മയുടെ കഷ്ടപ്പാട് മനസ്സിലാക്കി അവൻ പഠിക്കാൻ പോകാതെ അമ്മയോടൊപ്പം ജോലിക്ക് പോയി തുടങ്ങി. അതിൽ അമ്മയ്ക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ സാഹചര്യങ്ങൾ നിമിത്തം ഒന്നും മറുത്തു പറയാൻ അവർക്ക് കഴിഞ്ഞതുമില്ല.
സന്തോഷിന് തൊട്ടു താഴെ ഒരു സഹോദരിയാണ്. ഒരേയൊരു വയസ്സിന് വ്യത്യാസമേയുള്ളൂ. പിന്നീടുള്ള അനിയന് രണ്ടു വയസ്സിന്റെ വ്യത്യാസമുണ്ട്. എങ്കിൽ പോലും ഒരുമിച്ച് വളർന്നു വരുന്ന കുട്ടികൾ ആയിരുന്നു അവർ. അമ്മയുടെ ആധിയും അത് തന്നെയായിരുന്നു. അത് മനസ്സിലാക്കിക്കൊണ്ടാണ് സന്തോഷ് അമ്മയ്ക്കൊപ്പം ചേർന്നത്.
അത്യാവശ്യം എല്ലാ കൂലിപ്പണിക്കും അവൻ പോകാറുണ്ട്.കിട്ടുന്ന പണം ഒരു രൂപ പോലും ചെലവാക്കാതെ അമ്മയെ ഏൽപ്പിക്കുകയും ചെയ്യും. അതൊക്കെ അമ്മയ്ക്ക് വലിയൊരു സഹായം ആയിരുന്നു. അനിയത്തിക്ക് 18 വയസ്സു കഴിഞ്ഞതോടെ അമ്മയ്ക്ക് ഭയമായി തുടങ്ങി. പെൺകുട്ടികൾ വഴി തെറ്റി പോകുന്ന പ്രായം അതാണ് എന്നാണ് അമ്മയുടെ അഭിപ്രായം.
അമ്മയോട് വാദിച്ചും മറ്റും അവളെ ഡിഗ്രി വരെ പഠിപ്പിച്ചു. അതിനു ശേഷം അവളെ പഠിക്കാൻ അയക്കാൻ അമ്മ സമ്മതിച്ചില്ല. അവൾക്ക് എത്രയും വേഗം ഒരു വിവാഹം നടത്തണം എന്നുള്ളത് അമ്മയുടെ ശാഠ്യം ആയിരുന്നു. അവസാനം അമ്മയുടെ വാശിക്ക് മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നു.
അവളെ വിവാഹം ചെയ്തു വിടുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഭയം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ആ ചെറുപ്പകാരന് സ്വഭാവം എങ്ങനെ ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ലല്ലോ. അവൾ ആ വീട്ടിൽ ഒരുപാട് കഷ്ടപ്പെടേണ്ടി വരുമോ എന്ന് സന്തോഷ് എപ്പോഴും ആകുലപ്പെട്ടു. പക്ഷേ അവന്റെ ഭയത്തെ കാറ്റിൽപ്പറത്തിക്കൊണ്ട്, അവളെ സന്തോഷമായി പരിപാലിക്കുന്ന ഒരുവനെയാണ് അവൾക്ക് ഭർത്താവായി കിട്ടിയത്.അത് അവന് വലിയൊരു ആശ്വാസമായി.
അനിയൻ ഒരു ജോലിയൊക്കെ കിട്ടിയ ശേഷം സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങി. അപ്പോഴും അനിയത്തിയുടെ കല്യാണ ചെലവിനു വേണ്ടി എടുത്ത ലോൺ അടച്ചു തീർക്കാൻ ഉള്ള പെടാപ്പാടിലായിരുന്നു സന്തോഷ്. പക്ഷേ സന്തോഷിനെ സഹായിക്കാൻ അനിയൻ തയ്യാറായിരുന്നില്ല. അതിനെക്കുറിച്ച് ഒരിക്കൽ അമ്മ ചോദിച്ചപ്പോൾ, സ്വയം വരുത്തിവെച്ച കടം സ്വന്തമായി വീട്ടി തീർക്കണം എന്നാണ് അവൻ പറഞ്ഞത്. അവന്റെ ആ വാചകം കേട്ട് അമ്മയും സന്തോഷും ഒരു പോലെ വേദനിച്ചു.
അധികം കഴിയുന്നതിനു മുൻപ് തന്നെ അവൻ അവന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടിയെ കൈപിടിച്ചു കയറ്റി. വീട്ടിലെ സൗകര്യക്കുറവ് ഇടയിൽ താമസിക്കാൻ അവൾക്ക് പറ്റില്ല എന്ന് പേര് പറഞ്ഞു അവൻ മറ്റൊരു വീട്ടിലേക്ക് താമസം മാറി. അതോടെ കുടുംബവുമായി പൂർണമായും അകന്നു പോയി എന്ന് തന്നെ പറയാം. ആദ്യമൊക്കെ അവർക്ക് അതൊരു ബുദ്ധിമുട്ട് ആയിരുന്നെങ്കിലും പിന്നീട് അവർ സാഹചര്യത്തോട് പൊരുത്തപ്പെട്ടു.
ഉത്തരവാദിത്തങ്ങൾ എല്ലാം തീർന്നപ്പോഴേക്കും സന്തോഷിന് പ്രായം ഇത്തിരി കടന്നു പോയിരുന്നു. 28 വയസ്സ് ആയിരുന്നു അപ്പോഴേക്കും. പിന്നീട് അവനെ വിവാഹം കഴിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു അമ്മയും സഹോദരിയും. അവരുടെ നിർബന്ധത്തിനു വഴങ്ങി അവൻ പലയിടങ്ങളിലും പെണ്ണുകാണാൻ പോയി. ആദ്യമൊക്കെ അമ്മയെയും പെങ്ങളെയും അവൻ ഒപ്പം കൂട്ടിയിരുന്നു. പക്ഷേ പിന്നീട് നാണംകെടൽ എല്ലായിടത്തും സ്ഥിരമായപ്പോൾ അവർ കൂടി തനിക്കുവേണ്ടി നാണം കെടേണ്ടല്ലോ എന്ന ചിന്തയിൽ അവൻ അവരെ ഒഴിവാക്കി.
അന്നത്തെ ആ സംഭവത്തിനു ശേഷം പിന്നീട് അവർ പെണ്ണുകാണാൻ ആയി ഉടുത്തൊരുങ്ങി ഇറങ്ങിയിട്ടില്ല. ഇപ്പോൾ അവൻ നാട്ടിൽ ഒരു വർക്ക്ഷോപ്പ് നടത്തുകയാണ്. അതിനുള്ള അത്യാവശ്യം വരുമാനം ഒക്കെ കിട്ടുന്നതുകൊണ്ടു തന്നെ അവർക്ക് ജീവിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം വർക്ക് ഷോപ്പിലേക്ക് ഒരു കാർ വന്നു കയറുന്നത് അവൻ കണ്ടു.എന്താണ് കാര്യം എന്ന് അറിയാൻ അവൻ പുറത്തേക്കിറങ്ങി.കാറിന്റെ സൈഡ് ഡോർ തുറന്നു പുറത്തേക്കിറങ്ങിയ പെൺകുട്ടിയെ അവന് പരിചയമൊന്നും തോന്നിയില്ല. ഡ്രൈവിംഗ് സീറ്റിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ കൂടി പുറത്തേക്ക് വന്നു.
“എന്താ സർ..? എന്താ കംപ്ലൈന്റ്..?”
അവൻ വിനയത്തോടെ അന്വേഷിച്ചു.
“ചേട്ടാ.. വണ്ടിക്ക് കംപ്ലൈന്റ് ഒന്നുമില്ല. ഞങ്ങൾ ചേട്ടനെ ഒന്ന് കാണാൻ വേണ്ടി വന്നതാണ്. അന്വേഷിച്ചു കണ്ടുപിടിക്കാൻ ഇത്തിരി ബുദ്ധിമുട്ടി. പക്ഷേ ആവശ്യം ഞങ്ങളുടേത് ആയതുകൊണ്ട് ബുദ്ധിമുട്ട് ഞങ്ങൾ സഹിച്ചല്ലേ പറ്റൂ..”
ആ ചെറുപ്പക്കാരൻ പറഞ്ഞത് കേട്ട് മനസ്സിലാകാത്തതുപോലെ സന്തോഷ് അവരെ ഇരുവരെയും മാറിമാറി നോക്കി.
“നിങ്ങളെ രണ്ടാളെയും ഇതിനു മുൻപ് ഞാൻ ഒരിടത്തും വച്ച് കണ്ടതായി ഓർമ്മയില്ല.”
സന്തോഷ് ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു.
” ചേട്ടൻ ഞങ്ങളെ കണ്ടിട്ടുണ്ടാവില്ല. പക്ഷേ എനിക്ക് ചേട്ടനെ അറിയാം. സത്യം പറഞ്ഞാൽ ചേട്ടനെ കണ്ട് ഒരു മാപ്പ് പറയാൻ വേണ്ടിയാണ് വന്നത്.”
ആ പെൺകുട്ടിയാണ് സംസാരിച്ചത്. അവൻ അവളുടെ വാക്കുകൾക്ക് കാതോർക്കുകയായിരുന്നു.
“ചേട്ടന് ഓർമ്മയുണ്ടോ കുറച്ചു മാസങ്ങൾക്കു മുൻപ് ഒരു വീട്ടിൽ പെണ്ണുകാണാൻ പോയത്..? അവിടത്തെ പെൺകുട്ടിയെ ചേട്ടൻ കണ്ടിട്ടില്ല. അവിടെവച്ച് മോശമായ ഒരു അനുഭവം ഉണ്ടാവുകയും ചെയ്തു.”
അത് കേട്ടപ്പോൾ അവൻ പെട്ടെന്ന് അന്നത്തെ സംഭവം ഓർത്തെടുത്തു. അവന് ആകെ വല്ലായ്മ തോന്നി.
” അന്നത്തെ ആ പെൺകുട്ടി ഞാനായിരുന്നു.. “
അതു പറഞ്ഞ് അവൾ കുറ്റബോധത്തോടെ തലകുനിച്ചു. അവൻ അത്ഭുതത്തോടെ അവളെ നോക്കി. പിന്നെ ജാള്യതയോടെ സ്വയം നോക്കി.
” അമ്മ ചേട്ടന്റെ സ്ഥാനത്ത് മറ്റാരാണ് ആ വീട്ടിൽ വന്നതെങ്കിലും ഞാൻ അങ്ങനെ തന്നെ പെരുമാറിയേനെ. കാരണം ഞാനും വർഷങ്ങളായി അടുപ്പത്തിലാണ്. ഞങ്ങളുടെ വിവാഹത്തെക്കുറിച്ച് വീട്ടിൽ സംസാരിക്കാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് അച്ഛൻ ഇങ്ങനെയൊരു പെണ്ണുകാണൽ കൊണ്ടുവന്നത്. കേട്ടപ്പോൾ തന്നെ ദേഷ്യം വന്നു. അങ്ങനെയിരിക്കുമ്പോഴാണ് ചേട്ടൻ വരുന്നത് കാണുന്നത്. എന്റെ ആഗ്രഹം നടക്കാതെ പോയ ദേഷ്യത്തിലാണ് അന്ന് എന്തൊക്കെയോ വിളിച്ചു പറഞ്ഞത്. പക്ഷേ പറഞ്ഞതൊക്കെ തെറ്റായിപ്പോയി എന്ന് പിന്നീടാണ് എനിക്ക് തോന്നിയത്.. അതിനു ശേഷം ഒരിക്കൽ പോലും എനിക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റിയിട്ടില്ല. എന്റെ ആഗ്രഹം പോലെ ഇവനുമായുള്ള വിവാഹം നടന്നാൽ പോലും ചേട്ടനോട് ഉള്ള അന്നത്തെ പെരുമാറ്റം ഒരു നോവായി ഉള്ളിൽ തന്നെ കിടക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ചേട്ടനെ അന്വേഷിച്ച് ഇവിടെ വരെ ഞങ്ങൾ എത്തിയത്. “
അത്രയും പറഞ്ഞു കൊണ്ട് അവൾ സന്തോഷിന്റെ മുഖത്തേക്ക് നോക്കുമ്പോഴും അവൻ നിർവികാരതയോടെ നിൽക്കുകയായിരുന്നു.
” അന്ന് ഞാൻ പറഞ്ഞതൊക്കെ ചേട്ടനെ ഒരുപാട് വേദനിപ്പിച്ചു എന്ന് അറിയാം. എനിക്ക് മാപ്പ് തരണം.. “
അവൾ പറഞ്ഞത് കേട്ട് അവൻ വെറുതെ ഒന്നു ചിരിച്ചു.
” ഒരു ക ത്തിയെടുത്ത് നെഞ്ചിൽ കു ത്തി ഇറക്കി വേദനിപ്പിച്ചിട്ടു മാപ്പ് തരണം എന്ന ഒരു വാക്ക് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്..? തനിക്ക് ചിലപ്പോൾ അത് ഒരു നിമിഷത്തെ തോന്നലിൽ വാ വിട്ടുപോയ ഒരു വാക്ക് ആയിരിക്കാം. താൻ പറഞ്ഞതുപോലെ തന്റെ ഇഷ്ടം നടത്തി തരാത്ത വീട്ടുകാരോട് ഉള്ള തന്റെ പ്രതിഷേധം. പക്ഷേ എന്നെ സംബന്ധിച്ച് പല ആളുകളിൽ നിന്നും കേട്ടുമടുത്ത കാര്യം.. സ്ഥിരമായി എല്ലാവരും നോക്കി കളിയാക്കി നടക്കുന്ന രൂപം ആണ് എന്റേത്.. എനിക്ക് തന്നോട് ഒന്നേ പറയാനുള്ളൂ. നിങ്ങളുടെയൊക്കെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി ആരെയും കളിയാക്കരുത്. നിങ്ങളെയൊക്കെ പോലെ ജീവിക്കാൻ അവകാശം ഉള്ളവരാണ് ഞങ്ങളും.. ദയവുചെയ്ത് ഇനിയും മാപ്പുപറച്ചിൽ പോലുള്ള പ്രഹസനങ്ങളുമായി എന്റെ മുന്നിലേക്ക് വരരുത്.. നിങ്ങളെ ഇനി കൺമുന്നിൽ കാണുന്ന ഓരോ നിമിഷവും അന്ന് ഞാൻ അനുഭവിച്ച അപമാനം എനിക്ക് ഓർമ്മവരും.. അതിനുശേഷം ഇന്നുവരെ ഒരു പെൺകുട്ടിയുടെ മുഖത്തുപോലും നോക്കാൻ സാധിക്കാത്ത വണ്ണം ഞാൻ തകർന്നു പോയിട്ടുണ്ട്. “
അവൻ ഒന്നു നെടുവീർപ്പിട്ടു.
” എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു ഞാൻ ഒരു വിവാഹം കഴിക്കണമെന്ന്. തന്റെ വീട്ടിലെ ആ ഒരു അനുഭവത്തിനു ശേഷം അങ്ങനെ ഒരു സാഹസത്തിന് ഇല്ല എന്ന് ഞാൻ ഉറപ്പിച്ചു. അത്രത്തോളം മടുപ്പ് എനിക്ക് ആ ഒരു സംഭവത്തിൽ നിന്ന് തന്നെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും ഒരാളെയും ഇങ്ങനെ ഒന്നും പറയരുത്.. “
അത്രയും പറഞ്ഞു അവർക്ക് നേരെ കൈകൾ കൂപ്പി കൊണ്ട് അവൻ കടയ്ക്ക് അകത്തേക്ക് കയറി പോയി. കുറ്റബോധത്തോടെ അവന്റെ പോക്ക് നോക്കിനിൽക്കാൻ മാത്രമേ ആ പെൺകുട്ടിക്ക് കഴിഞ്ഞുള്ളൂ.
✍️ അപ്പു