രണ്ടാം വിവാഹം
രചന: അപ്പു
:::::::::::::::::::::::::::::::
” എനിക്ക് വേണ്ടത് ഒരു ഭാര്യയെ അല്ല.. എന്റെ മക്കൾക്ക് ഒരു അമ്മയെ ആണ് വേണ്ടത്. പ്രായമായ എന്റെ അമ്മയ്ക്ക് ഒരു മകളെ വേണം.. ഈ സ്ഥാനങ്ങളിലേക്ക് ആണ് തന്നെ ഞാൻ ക്ഷണിക്കുന്നത്. നമുക്കിടയിൽ നല്ല സുഹൃത്ത് ബന്ധം മാത്രം മതി.. അല്ലെങ്കിലും അവളെ മറന്നു മറ്റൊരാളെ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ എനിക്ക് കഴിയില്ല.. “
തന്റെ മുന്നിൽ നിന്ന് പറയുന്ന പുരുഷനോട് എന്തുപറയണമെന്നറിയാതെ തറഞ്ഞു നിൽക്കുകയായിരുന്നു രേണു…
എന്ത് മറുപടി കൊടുക്കണം..? തനിക്ക് കഴിയുമോ ഒരാളുടെ ഭാര്യ ആയി…
ആ ചിന്ത തന്നെ അവളുടെ തലച്ചോറ് തുളയ്ക്കുന്നുണ്ടായിരുന്നു.
“താൻ ഒരു മറുപടി ഇപ്പോൾ പറയണമെന്നില്ല. നന്നായി ആലോചിച്ചു പറഞ്ഞാൽ മതി..”
രാധാകൃഷ്ണൻ അവരോടായി പറഞ്ഞു കൊണ്ട് നടന്നകന്നു. അപ്പോഴും അവളുടെ മനസ്സിൽ അയാളെ ഭർത്താവായി കാണാനുള്ള ബുദ്ധിമുട്ട് തെളിഞ്ഞു കണ്ടു. അതോടൊപ്പം അമ്മയില്ലാത്ത രണ്ടു മക്കളെയും അവർ കണ്ടു. എന്തു തീരുമാനിക്കണം എന്നറിയാതെ അവർ ഉഴറി.
അവർ മെല്ലെ വീട്ടിലേക്ക് നടന്നു.നിമിഷം അവരുടെ ചിന്തകളിൽ രാധാകൃഷ്ണനായിരുന്നു. രാധാകൃഷ്ണൻ.. നാട്ടുകാർക്ക് പ്രിയപ്പെട്ട കൃഷ്ണേട്ടൻ.. യൗവനത്തിൽ ചോരത്തിളപ്പുള്ള സഖാവായിരുന്നു. കുറെ നാട്ടുകാർ ആയതുകൊണ്ട് തന്നെ പലപ്പോഴും അദ്ദേഹത്തെ പല സ്ഥലങ്ങളിലും വച്ച് കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഒരു പുഞ്ചിരി തന്ന കടന്നു പോകും എന്നല്ലാതെ ഒരു വാക്കു കൊണ്ടു പോലും തന്നെ പരിഗണിച്ചിട്ടില്ല.താൻ അത് ആഗ്രഹിച്ചിട്ടുമില്ല. അന്നത്തെ കാലത്ത് പരസ്പരം സംസാരിക്കുന്നതൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു.
ഒരുപാട് ആദർശങ്ങൾ ഉണ്ടായിരുന്ന കൃഷ്ണേട്ടൻ വളരെ നല്ലൊരു മനുഷ്യൻ കൂടിയായിരുന്നു. അദ്ദേഹം ബന്ധങ്ങളെ നിലനിർത്താൻ വളരെയധികം ശ്രമിച്ചിരുന്ന ഒരാളാണ്. ആനി എന്ന അദ്ദേഹത്തിന്റെ കാമുകിയെ അദ്ദേഹം വിവാഹം കഴിച്ചത് വലിയ ഒരു വിപ്ലവത്തിലൂടെയാണ്. അന്ന് രണ്ടു മതത്തിലുള്ള ആളുകൾ തമ്മിൽ വിവാഹം കഴിക്കുന്നത്, വലിയൊരു പ്രശ്നമായിട്ടാണ് ആളുകൾ കണക്കാക്കിയിരുന്നത്.
കൃഷ്ണേട്ടന്റെ വിവാഹം നടന്ന സമയത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. ആനിക്കും കൃഷ്ണേട്ടനും കൂടി നാടുവിട്ട് മാറി താമസിക്കേണ്ട അവസ്ഥ വരെ വന്നു. അപ്പോഴും ചങ്കുറപ്പോടെ അവരെ ചേർത്തു പിടിക്കുക മാത്രമേ കൃഷ്ണേട്ടൻ ചെയ്തിട്ടുള്ളൂ.
കുറച്ചു നാളുകൾക്കു ശേഷം നാട്ടിലെ കോലാഹലങ്ങളൊക്കെ ഒന്ന് അടങ്ങിയപ്പോൾ, അവർ മടങ്ങി വന്നു. ആ സമയത്ത് ആനിയുടെ വയറ്റിൽ കൃഷ്ണേട്ടന്റെ ജീവൻ തുടിച്ചു തുടങ്ങിയിരുന്നു. അതോടെ കൃഷ്ണേട്ടന്റെ വീട്ടുകാർക്ക് അവരെ സ്വീകാര്യമായി. പിന്നെയും ഇടഞ്ഞു നിന്നത് ആനിയുടെ വീട്ടുകാരാണ്..
പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കണ്ടതോടെ അവരുടെ എതിർപ്പുകളും മാറി. അന്നുമുതൽ വളരെ സന്തുഷ്ടമായ ദാമ്പത്യം ആയിരുന്നു അവരുടെത്.ചെറിയ ചില പിണക്കങ്ങളും വലിയ വലിയ ഇണക്കങ്ങളും ഒക്കെയായി വളരെ മനോഹരമായ ഒരു ജീവിതം.
അവരുടെ ആ സ്നേഹ കൂട്ടിലേക്ക് രണ്ടാമത് ഒരു കുഞ്ഞു കൂടി പിറന്നു. ആനിയെ വരച്ചു വച്ചതുപോലെ ഒരു പെൺകുട്ടി.എല്ലാവരും അത്രയധികം സന്തോഷത്തിലായിരുന്നു.
ഒരുപാട് സന്തോഷം ദൈവത്തിന് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. അതുകൊണ്ടാണ് ഒരു ക്യാൻസറിന്റെ രൂപത്തിൽ ആനിയെ അവരിൽ നിന്ന് പിരിച്ചു കൊണ്ട് ദൈവം കൊണ്ടുപോയത്. അതോടെ കൃഷ്ണേട്ടൻ തളർന്നു പോയി. എങ്കിലും മക്കൾക്ക് വേണ്ടി ജീവിതം മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു.
അദ്ദേഹത്തിന്റെ മൂത്ത മകന് ഇപ്പോൾ 17 വയസ്സ് പ്രായമുണ്ട്. പെൺകുട്ടിക്ക് 14 വയസ്സും. ഇത്രയും കാലം അദ്ദേഹത്തിന് ഒരു വിവാഹം നടത്താൻ വീട്ടുകാർ ആകുന്നത് ശ്രമിച്ചെങ്കിലും അദ്ദേഹം എതിർത്ത് നിൽക്കുകയായിരുന്നു. ഇപ്പോൾ എന്തുകൊണ്ടാണ് തനിക്ക് ഇങ്ങനെ ഒരു ആലോചന വന്നത് എന്ന് അവർ ചിന്തിച്ചു.
അതിന് ഒരുപാട് ഒന്നും ആലോചിക്കേണ്ടി വന്നില്ല. ഒരേയൊരു കാരണം മാത്രമേ പറയാനുള്ളൂ.. താൻ വിവാഹം കഴിക്കാതെ നിന്നു പോയ ഒരേ ഒരു കാരണം. തനിക്ക് ഒരിക്കലും അമ്മയാകാൻ കഴിയില്ല. ചെറുപ്പത്തിൽ ഒരു അപകടത്തിൽ തനിക്ക് അതിനുള്ള കഴിവ് നഷ്ടപ്പെട്ടു. ആ കാരണം കൊണ്ടാണ് ഒരു വിവാഹം പോലും വേണ്ടെന്ന് വെച്ച് തറവാട്ടിൽ തന്നെ കഴിയുന്നത്.
പക്ഷേ അത് എല്ലാവർക്കും ഒരു മനസ്സമാധാനക്കേടായി മാറിയിട്ടുണ്ട്. ഏട്ടന്മാർ ഒന്നും പറയുന്നില്ലെങ്കിലും അതിനു കൂടി ചേർത്ത് ഏട്ടത്തിമാർ ദുർമുഖം കാണിക്കുന്നുണ്ട്. അമ്മയുണ്ടായിരുന്ന കാലത്ത് ഇങ്ങനെ ഒന്നുമല്ല. അന്ന് എനിക്കൊരു ബലത്തിന് അമ്മയുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ തീർത്തും താൻ ദുർബലയാണ്.
വേദനയോടെ രേണു ചിന്തിച്ചു.
അപ്പോഴേക്കും അവർ നടന്നു വീട്ടിലെത്തിയിരുന്നു.
” രാവിലെയും വൈകുന്നേരവും ക്ഷേത്രദർശനം എന്ന് പറഞ്ഞ് ഇറങ്ങും. ഏതെങ്കിലും നേരത്താണ് വീട്ടിലേക്ക് കയറി വരുന്നത്. അപ്പോൾ പിന്നെ ഇവിടുത്തെ പണിയുടെ കാര്യങ്ങൾ ഒന്നും അറിയണ്ടല്ലോ.. ഉണ്ടാക്കി വയ്ക്കുന്നതൊക്കെ വന്നിരുന്നു തിന്നാൻ യാതൊരു മടിയുമില്ല. “
രേണുവിനെ കണ്ടപാടെ ഏട്ടത്തിമാർ പോരിനൊരുങ്ങി. അവർ മറുത്തൊന്നും പറയാതെ വേഗം അകത്തേക്ക് നടന്നു. അവർക്കറിയാം അവിടെ തന്നെ കാത്ത് ഒരു നൂറ് പണികൾ ബാക്കി കിടപ്പുണ്ടെന്ന്.
പുറത്ത് അവർ പറയുന്നതൊക്കെ കേട്ടാൽ തോന്നും വീട്ടിലെ പണികൾ ഒക്കെ അവരാണ് ചെയ്യുന്നത്. പക്ഷേ വിവാഹം കഴിഞ്ഞ് വന്നത് മുതൽ അവർ ഇരുവരും വീട്ടിന്റെ അടുക്കള എവിടെയാണെന്ന് പോലും കണ്ടിട്ടില്ല. താൻ വിവാഹം കഴിക്കുന്നില്ല എന്നൊരു തീരുമാനത്തിൽ നിന്നത് കൊണ്ട് തന്നെ അവർക്ക് ശമ്പളമില്ലാതെ പണിയെടുപ്പിക്കാൻ ഒരു ജോലിക്കാരിയെ കിട്ടി.
ആദ്യം ഒന്നും ഇത്രയും പ്രശ്നമൊന്നും ഉണ്ടാക്കാറില്ലായിരുന്നു.പക്ഷേ താൻ സ്ഥിരമായി ഇവിടെ ഉണ്ടാകും എന്ന് ഉറപ്പായതോടെ അവർ ഇരുവരും തങ്ങളുടെ സ്വഭാവം പുറത്തെടുത്തു തുടങ്ങി. ഏട്ടന്മാർക്ക് മുന്നിൽ ഇരുവരും പൂച്ച കുഞ്ഞുങ്ങളാണ്.അവർക്കു മുന്നിൽ തന്നോട് വലിയ സ്നേഹമാണ്. പക്ഷേ ആ സമയത്ത് കാണിക്കുന്ന സ്നേഹത്തിന് കൂടി ചേർത്ത് അവർ അവിടെ നിന്ന് മാറുമ്പോൾ പണി തരും. ഇത് സ്ഥിരമാണ്.
പലപ്പോഴും തോന്നിയിട്ടുണ്ട് ഈ വീട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന്. പക്ഷേ തനിക്ക് ആശ്രയമായി ആരുമില്ല എന്നൊരു തോന്നലിൽ ആ ചിന്ത അടക്കി വയ്ക്കുകയാണ് പതിവ്.
ആ രാത്രി കിടന്നുറങ്ങുമ്പോൾ അവർ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിരുന്നു. തന്റെ ജീവിതം ഇനി എങ്ങനെയാകണം എന്ന് അവർക്ക് കൃത്യമായ ഒരു ധാരണയുണ്ടായിരുന്നു.
ആ ധാരണയുടെ പുറത്താണ് പിറ്റേന്ന് അമ്പലനടയിൽ വച്ച് കണ്ടപ്പോൾ കൃഷ്ണേട്ടനോട് വിവാഹത്തിന് സമ്മതം പറഞ്ഞത്. അമ്പരപ്പോടെ നോക്കിയ അദ്ദേഹത്തോട് ഒന്നേ പറഞ്ഞുള്ളൂ.
” ഈ വിവാഹത്തിന് എനിക്ക് എതിർപ്പ് ഒന്നുമില്ല. അതുപോലെതന്നെ, ഞാൻ അമ്മയായി വരുന്നത് മക്കൾക്ക് എതിർപ്പൊന്നും ഇല്ല എന്ന് എനിക്ക് കൂടി ബോധ്യം വരണം. കാരണം അവർക്ക് വേണ്ടി മാത്രമാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിക്കുന്നത്. അവർക്ക് താല്പര്യം ഇല്ലെങ്കിൽ അങ്ങനെ ഒരു വേഷം കെട്ടി ഞാൻ ആ വീട്ടിലേക്ക് വരേണ്ട കാര്യമില്ലല്ലോ.. “
അവർ പറഞ്ഞത് കേട്ട് ഒന്നും മിണ്ടാതെ അദ്ദേഹം തിരിഞ്ഞു നടന്നതേയുള്ളൂ. അതോടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ അവസാനിച്ച രീതിയിലാണ് രേണു തിരികെ വീട്ടിലേക്ക് പോയത്. പക്ഷേ പിറ്റേന്ന് അവരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് അമ്പലനടയിൽ അവർക്കായി കാത്തുനിന്നത് ആ മക്കളായിരുന്നു.
” രേണു അമ്മയെ ഞങ്ങളുടെ അമ്മയായി അംഗീകരിക്കുന്നതിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. എനിക്ക് ഇനി ഒരു അമ്മയുടെ ശിക്ഷണം കിട്ടിയില്ലെങ്കിലും ഞാൻ വളരും. പക്ഷേ കുഞ്ഞിയുടെ കാര്യം അങ്ങനെയല്ല.ഒരു അച്ഛനും ചേട്ടനും പറഞ്ഞു കൊടുക്കാൻ ആകാത്ത ഒരുപാട് ഒരുപാട് കാര്യങ്ങൾ ഒരു സ്ത്രീയുടെ ജീവിതത്തിൽ ഉണ്ട്.ആ സമയത്ത് അമ്മയ്ക്ക് പകരം അമ്മ തന്നെ വേണം. അവൾക്ക് അവസാനം വരെയും താങ്ങായും തണലായും അമ്മയുണ്ടാകണം. ഞങ്ങൾ ഒരുപാട് നിർബന്ധിച്ചിട്ടാണ് അച്ഛനെ കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത്. ഇനി അമ്മയായിട്ട് എതിര് പറയരുത്..”
രേണുവിനെ കണ്ടപാടെ ആ മകൻ പറയുമ്പോൾ അവരുടെ കണ്ണ് നിറഞ്ഞു. മകളെ കൂടി അവർ തന്നിലേക്ക് അണച്ചു പിടിച്ചു.
” കുഞ്ഞിക്ക് മാത്രമല്ല, ഞാൻ നിനക്കും അമ്മ തന്നെയാണ്. നിന്റെയും ജീവിതത്തിൽ ഉടനീളം താങ്ങായി അമ്മയുണ്ടാവും. നിങ്ങളെ രണ്ടാളെയും സ്വന്തമായി മാത്രമേ ഞാൻ കരുതുന്നുള്ളൂ.. എന്റെ മനസ്സിൽ നിങ്ങളെ ഓർത്തു മാത്രമായിരുന്നു ആശങ്കയുണ്ടായിരുന്നത്. ഈ നിമിഷം അത് മാറിക്കിട്ടി..ഇനി എനിക്ക് യാതൊരു എതിർപ്പുമില്ല.. “
അവർ പറഞ്ഞത് കേട്ട് ആ മക്കൾ സന്തോഷത്തോടെ പുഞ്ചിരിച്ചു. പിന്നീട് കാര്യങ്ങളെല്ലാം വളരെ വേഗത്തിൽ ആയിരുന്നു. അവരുടെ അച്ഛന്റെ കൈപിടിച്ച് അവരുടെ സ്നേഹ സ്വർഗ്ഗത്തിലേക്ക് നടക്കുമ്പോൾ രേണുവും പൂർണമായും സന്തോഷത്തിലായിരുന്നു. ഈ ജന്മത്ത് തനിക്ക് ഒരിക്കലും ലഭ്യമാകില്ല എന്ന് കരുതിയ ഒരു കുടുംബം ലഭിച്ച സന്തോഷത്തിലായിരുന്നു അവർ…!