വേഗം മുഖം കഴുകി തൊടിയിലേക്ക് മനസ്സില്ലാമനസ്സോടെ പോകാനൊരുങ്ങുമ്പോൾ പേഴ്സെടുത്തു തപ്പി നോക്കി….

പൊന്നളിയൻ

രചന: ഇർഷാദ് കെ ടി

::::::::::::::::::::::::

“ദേ മനുഷ്യാ തേങ്ങയിടാൻ ആ നാരായണൻ വന്നിട്ടുണ്ട് “

ഭാര്യയുടെ ശബ്ദം ചെവി പൊട്ടുമാറുച്ചത്തിലായിരുന്നത് കൊണ്ട് ഇച്ഛാഭംഗം സംഭവിച്ചവനെപ്പോലെ ജോസ് കിടക്കയിൽ എഴുന്നേറ്റിരുന്നു .ഉറക്കം നഷ്ടമായ ദേഷ്യത്തിൽ വലതു കൈ കൊണ്ട് തലയിണയെടുത്തു ചുവരിനെ ലക്ഷ്യമാക്കി ഒരൊറ്റയേറ് .

നാരായണന് വരാൻ കണ്ടൊരു ദിവസം .അലാറവും, ദിനചര്യകളുടെ അടിച്ചേൽപ്പിക്കലുമില്ലാതെ മൂക്കറ്റം കിടന്നുറങ്ങാൻ ആകെക്കിട്ടുന്ന ഒരു ഞായറാഴ്ച്ചയാണ് .അതിതു പോലെയോരോ മാരണങ്ങൾ കറക്ട് ആയി വന്നു കയറിക്കോളും.

വേഗം മുഖം കഴുകി തൊടിയിലേക്ക് മനസ്സില്ലാമനസ്സോടെ പോകാനൊരുങ്ങുമ്പോൾ പേഴ്സെടുത്തു തപ്പി നോക്കി .നാളെ ഓഫീസിലേക്ക് പോകാൻ പെട്രോളടിക്കാൻ കരുതിവെച്ചിരുന്ന 100 രൂപ മാത്രം .ഇനിയെന്ത് ചെയ്യും ? ഒരു തെങ്ങിൽ കയറാൻ 50 രൂപ കൊടുക്കണം .

ഉടനെ ഓടി തൊടിയിലെത്തിയപ്പോൾ നാരായണൻ രണ്ടു തെങ്ങു കയറിക്കഴിഞ്ഞിരുന്നു .ആ തെങ്ങുകൾക്കടിയിലായി മണ്ഡരി പിടിച്ച കുറച്ചു തേങ്ങകൾ മാത്രം .ദേഷ്യത്തോടെ ആ തെങ്ങുകളെ രണ്ടിനെയും ജോസ് മാറി മാറി നോക്കി .അല്ലെങ്കിലും അവയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ .

യൂറിയ ഇട്ടാലല്ലേ നല്ല തേങ്ങയുണ്ടാവൂ .വല്ലപ്പോഴും അടിച്ചു പൂസായി വരുമ്പോൾ വീട്ടിലേക്ക് കയറുന്നതിനു മുൻപ് അതിന്റെ ചോട്ടിൽ പോയി മൂ ത്രമൊഴിക്കാറുണ്ട് .അതാണ് ആകെ കിട്ടുന്ന യൂറിയ .നല്ല തേങ്ങകൾ കിട്ടണമെങ്കിൽ ആ ശീലം സ്ഥിരമാക്കേണ്ടി വരുമോ?.ആലോചിച്ചു നിന്നപ്പോഴേക്ക് നാരായണൻ മൂന്നാമത്തെ തെങ്ങിൽ വലിഞ്ഞു കയറാൻ തുടങ്ങിയിരുന്നു .

“നാരായണാ ………അരുത് ! “

ജോസ് നീട്ടി വിളിച്ചു …

അത് കേട്ടതും പകുതി കയറിയ തെങ്ങിൽ നിന്നും തിരിഞ്ഞു നോക്കിയ നാരായണൻ ഉറക്കെചോദിച്ചു

“എന്ത് പറ്റി ജോസേ ? “

“നീയൊന്നിറങ്ങി വന്നേ .ഒരത്യാവശ്യ കാര്യമുണ്ട് “

ഒരൊറ്റക്കുതിപ്പിന് താഴെയെത്തിയ നാരായണനോട് ജോസ് പറഞ്ഞു .

“കല്യാൺ സിൽക്സിൽ ആടി സേൽ തുടങ്ങി .ഇപ്പൊ വാങ്ങിയാ ഇരട്ടി വാങ്ങാം “

നാരായണൻ പുച്ഛം കലർന്നൊരു നോട്ടത്തോടെ തിരിച്ചു ചോദിച്ചു .

“അയ്ന് ?”

സാധാരണ ഇത് കേൾക്കുമ്പോൾ ആളുകളെല്ലാം അങ്ങോട്ടോടേണ്ടതാണല്ലോ ?.പ്രിത്വിരാജിന്റെ നമ്പർ ഏറ്റില്ല എന്ന് കണ്ടതും ജോസ് അടുത്ത മാർഗ്ഗമാലോചിച്ചു .

“നാളെ ബീവറേജ് അവധിയല്ലേ .അവിടെ ഇപ്പൊത്തന്നെ സ്റ്റോക്ക് തീർന്നു തുടങ്ങിയെന്നാണ് കരക്കമ്പി .വാട്സാപ്പ് ഗ്രൂപ്പുകളിലൊക്കെ വരുന്നുണ്ട് .പെട്ടെന്ന് പോയില്ലെങ്കിൽ സാധനം കിട്ടില്ലത്രെ”

അത് കേട്ടതും ഷർട്ടെടുത്തു ഓടാനൊരുങ്ങിയ നാരായണനെ പിടിച്ചു നിർത്തിക്കൊണ്ട് ജോസ് 100 രൂപയെടുത്തു അയാളുടെ കയ്യിൽ കൊടുത്തു.

“രണ്ടു തെങ്ങ് .100 രൂപ .ദാ പിടി നിന്റെ കൂലി .ആവശ്യം വരും “.

നാരായണന്റെ ഓട്ടം നോക്കി ചിരിച്ചു കൊണ്ട് ജോസ് അകത്തേക്ക് വിളിച്ചു പറഞ്ഞു .

“ഡീ .ഒരു ചായയെടുത്തേ “

ഉമ്മറത്ത് ചായ ഊതിയൂതി കുടിക്കുന്നതിനിടയിലാണ് രണ്ടാം ക്ലാസ്സിൽ പടിക്കുന്ന മകൾ അമ്മു ബാക്കി വെച്ച ഒരു ബിസ്ക്കറ്റ് ജോസിന്റെ കണ്ണിൽപ്പെടുന്നത് .

ഉടനെ അതെടുത്തു ചായയിൽ മുക്കി .ബിസ്ക്കറ്റ് തിന്നുവാണേൽ ചായയിൽ മുക്കിതിന്നണം .ഈ പിള്ളേർക്കൊന്നും ഇതിന്റെ ടേസ്റ്റ് അറിയാത്തത് കൊണ്ടാണ് .

ജോസ് വളരെ ശ്രദ്ധിച്ചു ബിസ്ക്കറ്റ് ചായയിൽ നിന്നും പൊക്കിയെടുത്തു .

പെട്ടെന്നാണ് ഭാര്യ ഓടി വന്നത് .

“വേഗം പോയി നല്ല കുറച്ചു മീൻ മേടിച്ചു വന്നേ .. ജസ്റ്റിൻ കല്യാണം വിളിക്കാൻ വരുന്നുണ്ട് .മിക്കവാറും ഉച്ചക്ക് ഊണിനുണ്ടാവും “.

അത് കേട്ടതും കയ്യിലുള്ള ബിസ്ക്കറ്റ് ചായയിലേക്ക് കുതിർന്നു വീണു .ഉടനെ ജോസ് തന്റെ വിരലെടുത്ത് ചായയിലിട്ടു നോക്കി .കൈ പൊള്ളിയതും ഒരൊറ്റ വലി .

നിരാശയോടെ ചായഗ്ലാസ്സിലേക്കും പെണ്ണുമ്പിള്ള ലിസിയുടെ മുഖത്തേക്കും ജോസ് മാറി മാറി നോക്കി .

അപ്പോഴേക്കും ബിസ്കറ്റ്‌ ചായയിലലിഞ്ഞിരുന്നു .ലിസിയാണേൽ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി.

രാവിലെത്തനെ ആകെയുണ്ടായിരുന്ന 100 രൂപയും,ഭാഗ്യത്തിന് കയ്യിൽകിട്ടിയ ബിസ്ക്കറ്റും പോയി .ഇനി മീൻ വാങ്ങാൻ പൈസ ഒപ്പിക്കണം .തന്റെ പരട്ട അളിയന് വരാൻ കണ്ടൊരു ദിവസം .കല്യാണം വിളിക്കാനാണെങ്കിൽ വിളിച്ചിട്ട് പോയാ പോരേ .ഊണിന്റെ നേരത്തു തന്നെ വലിഞ്ഞു കയറി വരാൻ നിക്കണോ.

പിറുപിറുത്തു കൊണ്ട് ജോസ് എഴുന്നേറ്റു . ഇനി മീനിനുള്ള കാശ് എവിടെ നിന്നുണ്ടാക്കും .ഒന്നാലോചിച്ചതിനു ശേഷം ജോസ് വേഗം റൂമിലേക്കോടി .

അലമാരിയിലുണ്ടായിരുന്ന അമ്മുവിൻറെ കുടുക്കയെടുത്തു അരയിൽ വെച്ചു .ആരും കണ്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തി മെല്ലെ വീട്ടിൽ നിന്നിറങ്ങി .സ്കൂട്ടറടുത്തു അങ്ങാടിയിലെത്തുന്നതിനു മുൻപ് കുടുക്ക ഒരു കല്ലിലടിച്ചു പൊട്ടിച്ചു .ചില്ലറപ്പൈസകൾ പെറുക്കിയെടുത്തു എണ്ണി നോക്കി .143 രൂപ .മോള് സൈക്കിൾ വാങ്ങിക്കാൻ കൂട്ടിവെച്ച കാശായിരുന്നു .എല്ലാം ആ മരവാഴ തന്റെ അളിയനെ പറഞ്ഞാൽ മതിയല്ലോ .അങ്ങാടിയിൽ പോയി 130 രൂപക്ക് കുറച്ചു വലിയ അയല മീൻ വേടിച്ചു .തൽക്കാലം ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം .ആർത്തിപ്പണ്ടാരം അളിയൻ ഒരു പീസെങ്കിലും ബാക്കി വെച്ചാൽ മതിയായിരുന്നു .

തിരിച്ചു വരുന്നതിനിടെയാണ് റോഡിനെതിർവശത്തായി മനോജിനെ കണ്ടത് .അടുത്തയാഴ്ച്ച ഗൾഫിൽ പോകുമെന്ന് പറഞ്ഞു രണ്ടു ദിവസം മുമ്പവൻ മെസ്സേജ് അയച്ചിരുന്നല്ലോ .ഇന്ന് വൈകീട്ട് എങ്ങനെയെങ്കിലും അവന്റെ പാർട്ടി സെറ്റാക്കാൻ നോക്കാം .അളിയൻ വന്നു പോയ ക്ഷീണം അങ്ങനെ തീർക്കാം.ജോസ് വണ്ടി നിർത്തി മനോജിനെ വിളിച്ചു .അവൻ വരാൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചതും ജോസ് ബൈക്ക് അവിടെത്തന്നെ നിർത്തി റോഡ് ക്രോസ് ചെയ്തു .

സംസാരിച്ചിരിക്കുന്നതിനിടയിലാണ് അവരുടെ കാലിനടിയിലൂടെ ഒരു പട്ടി വായിലൊരു കവറും കടിച്ചു പിടിച്ചു കൊണ്ടോടിയത്.

“ഈ പട്ടികളെക്കൊണ്ട് വല്യ ശല്യായല്ലോ .മനുഷ്യന് മനസ്സമാധാനമായി റോഡിലിറങ്ങി നടക്കാൻ പറ്റാതായി “

മനോജിന്റെ ശാപ വാക്കുകൾ കേട്ടതും ജോസ് അവനെ ശാന്തനാക്കി .

“പോട്ടെടാ .മിണ്ടാപ്രാണികളല്ലേ .അവർക്കും ഇവിടെ ജീവിക്കണ്ടേ .ഈ ലോകം അവർക്കും കൂടി അവകാശപ്പെട്ടതാണ് .”

അതും പറഞ്ഞു സഹതാപത്തോടെ ഓടിപ്പോകുന്ന ആ പട്ടിയെ ജോസ് കുറച്ചു നേരം നോക്കി നിന്നു .പെട്ടെന്നെന്തോ ആലോചിച്ച ജോസ് തന്റെ ബൈക്കിലേക്ക് നോക്കി .പുറകിൽ കവറിലാക്കി തൂക്കിയിട്ടിരുന്ന മീൻ പൊതി കാണാനില്ല .

“അവിടെ നിക്കെടാ നാ യീ ന്റെ മോനെ ” .

അലറി വിളിച്ചു കൊണ്ട് ജോസ് പട്ടിയുടെ പുറകേയോടി .

ഒന്നും മനസ്സിലാവാതെ മനോജ് പ ട്ടിയെയും ജോസിനെയും മാറി മാറി നോക്കി .

“അളിയൻ വരുമ്പോൾ അണ്ണാക്കിലേക്ക് ഇനി എന്ത് തള്ളിക്കൊടുക്കും കർത്താവേ ..”
ജോസ് നിലവിളിച്ചു കൊണ്ട് ഓടിക്കൊണ്ടിരിക്കുകയാണ് .

പട്ടി പുഴയിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞു .ജോസിനും മറ്റു വഴികളുണ്ടായിരുന്നില്ല .അവൻ പിന്നാലെയോടി .ഓടുന്നതിനിടയിൽ താഴെകിടന്നിരുന്ന ഒരു ഓലമടലിന്റെ കഷ്ണമെടുത്തു കയ്യിൽ പിടിച്ചു .അതിന്റെ രണ്ടുവശങ്ങളിലും ഓല മുറിച്ചെടുത്ത ഭാഗത്തു ഈർക്കിൽ തുമ്പുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു .പുഴക്കരയിലേക്കിറങ്ങിയ പ ട്ടി വെള്ളം കണ്ടതും ആദ്യമൊന്നു മടിച്ചു നിന്നു .തൊട്ടുപിന്നാലെയെത്തിയ ജോസ് കിട്ടിയ തക്കം നോക്കി ഓലമടലെടുത്തു പുറകിൽ നിന്നും വീശിയൊരൊറ്റയടി .ഈർക്കിൽ തുമ്പിൽ കുടുങ്ങിയ ജോസിന്റെ മടക്കിക്കുത്തിയ കൈലിമുണ്ടു കൂടി മടലിനോടൊപ്പം ഉയർന്നു പൊങ്ങി .അതേ സമയം തൊട്ടടുത്ത വീട്ടിലെ ഘടികാരത്തിൽ മണി ഒമ്പതടിച്ചു .

ജോസ് മുന്നിലേക്ക് നോക്കുമ്പോൾ അക്കരെ കുളിക്കാൻ വന്ന ചേച്ചിമാരെല്ലാം ഈ കാഴ്ച കണ്ടു അന്താളിച്ചിരിക്കുകയാണ് .അടിയിലൂടെയൊരു ഇളംകാറ്റ് വീശിയടിച്ചതോടെയാണ് അവധി ദിവസങ്ങളിൽ താൻ ജെ ട്ടിയിടാറില്ലല്ലോ എന്ന് ജോസോർത്തത് .. .ആ ഇളം കാറ്റിൽ പതിവില്ലാതെ തേങ്ങാക്കു ലകൾ നീട്ടിയാടി.

പെട്ടെന്ന് മനസ്സാന്നിധ്യം വീണ്ടെടുത്ത ജോസ് മുണ്ട് വാരിയെടുത്തിട്ടു .എന്നാലും ഭാഗ്യത്തിന് അടി പ ട്ടിയുടെ തലയിൽ തന്നെ കൊണ്ടിരുന്നു .അതൊന്നു മോങ്ങിക്കൊണ്ട് അന്ത്യശ്വാസം വലിച്ചു .പക്ഷെ തന്റെ മീൻ സഞ്ചി കാണാനില്ല .ചുറ്റുപാടും നോക്കിയ ജോസ് പുഴയിലൂടെ ഒഴുകിപ്പോകുന്ന തന്റെ മീൻ സഞ്ചി കണ്ട് തളർന്നു കിടന്നു . അടിയുടെ ശക്തിയിൽ അത് പുഴയിലേക്ക് തെറിച്ചിരുന്നു .

രാവിലെതന്നെ കയ്യിലുണ്ടായിരുന്ന കാശും പോയി ,ചായയിൽ മുക്കിയ ബിസ്ക്കറ്റും പോയി ,അളിയന് വാങ്ങിയ മീനും പോയി ,ഇതെല്ലാം പോരാത്തതിന് ഉണ്ടായിരുന്ന മാനവും പോയി .ഇനിയീ നാട്ടിൽ എങ്ങനെ തലയുയർത്തി നടക്കും .

മൊബൈൽ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയതും ചാടിയെഴുന്നേറ്റ് ജോസ് ഫോണെടുത്തു .ഭാര്യയാണ് ..

“നിങ്ങളിതെവിടെപ്പോയിക്കിടക്കാണ് മനുഷ്യാ .മീൻ കിട്ടിയോ “

ഒന്നും പറയാതെ ജോസ് ഫോൺ വെച്ചു.

മീനിനിനി എന്ത് ചെയ്യും ? അളിയൻ ഉണ്ണാൻ വരുമ്പോൾ ഇനിയെന്തെടുത്തു കൊടുക്കും?.നിരാശയോടും ദേഷ്യത്തോടും കൂടി ജോസ് ആ പ ട്ടിയുടെ ചലനമറ്റ ശരീരത്തിലേക്ക് നോക്കി .പെട്ടെന്നെന്തോ ആലോചിച്ചതിനു ശേഷം ജോസിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു .

==================

ഭക്ഷണത്തിനു ശേഷം ചേച്ചിയുടെ പാചകത്തെക്കുറിച്ചു വാ തോരാതെ പ്രശംസിച്ചു കൊണ്ടിരിക്കുകയാണ് ജസ്റ്റിൻ .

“അളിയാ .അളിയന്റെയൊക്കെയൊരു ഭാഗ്യം .എന്റെ ജീവിതത്തിലിതു വരെ ഇത്രേം ടേസ്റ്റിയായൊരു മട്ടൻ കറി ഞാൻ വേറെ കഴിച്ചിട്ടില്ല .അല്ലളിയാ അളിയനെന്താ മട്ടൻ കറി കഴിക്കാതിരുന്നത് .?”

ജസ്റ്റിൻ തന്നെയൊന്നൂതിയതാണോയെന്നാദ്യം സംശയിച്ചെങ്കിലും ജോസ് ഒന്നാലോചിച്ചതിനു ശേഷം മറുപടി പറഞ്ഞു .

“ഞാൻ കുറച്ചു ദിവസമായിട്ട് ഡയറ്റിലാണളിയാ.ഒൺലി വെജിറ്റേറിയൻ “

“ആഹാ നല്ല കാര്യം .അളിയൻ പഴയ പോലെയല്ല. വയറൊക്കെ ചാടി വല്ലാത്തൊരു കോലത്തിലാണിപ്പോ .ഇനിയെങ്കിലും ശരീരം ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ .

അത് പറയുമ്പോൾ ജസ്റ്റിൻ തന്റെ പല്ലിൽ ഒരീർക്കിളി കൊണ്ട് കുത്തിക്കൊണ്ടിരിക്കുകയായിരുന്നു .കറിയിൽ പതിവ് പോലെ അളിയൻ ഒരൊറ്റ പീസ് പോലും ബാക്കി വെച്ചിട്ടില്ലെന്നറിഞ്ഞപ്പോൾ ജോസിന് സമാധാനമായി .അളിയന്മാരായാൽ ഇങ്ങനെ വേണം …

പെട്ടെന്നെവിടെ നിന്നോ വന്നൊരിളംകാറ്റിൽ പതിവില്ലാതെ നാരായണൻ ബാക്കി വെച്ച മൂന്നാമത്തെ തെങ്ങിലെ തേങ്ങാക്കുലകളാടി .അത് കണ്ടതും ജോസ് ഉടുത്തിരുന്ന കൈലി മുണ്ടിന്റെ മടക്കിക്കുത്തഴിച്ചു താഴ്ത്തിയിട്ടു.

അയാളോർത്തു . ഇന്നവധി ദിവസമാണല്ലോ.