കാത്തിരിപ്പ് അവസാനിക്കുമ്പോൾ…
രചന : അപ്പു
:::::::::::::::::::::::::::::
“ഇനിയും എത്ര നാളെന്ന് വച്ചാ മോളെ നീ ഇങ്ങനെ വരുന്ന ആലോചനകൾ മുഴുവൻ തട്ടി കളഞ്ഞു കൊണ്ട്…”
ചോദിക്കാൻ വന്നത് മുഴുമിപ്പിക്കാതെ അമ്മ നിർത്തി.
“എനിക്ക് ഉറപ്പുണ്ട് അമ്മേ.. എന്റെ കാത്തിരിപ്പ് വെറുതെ ആവില്ല..”
ആത്മവിശ്വാസത്തോടെ ചിന്നു അമ്മയോട് പറയുമ്പോൾ അവർ ഒന്ന് നെടുവീർപ്പിട്ടു.
“ഞാൻ ഒന്ന് ചോദിച്ചോട്ടെ.. അവൻ മറ്റൊരു ജീവിതം തെരെഞ്ഞെടുത്തിട്ടുണ്ടെങ്കിലോ..?”
അമ്മ മടിയോടെ അന്വേഷിച്ചു. അതിൽ വല്ലാത്തൊരു ആധിയും കലർന്നിരുന്നു. അതിന്റെ കാരണം പറയാതെ തന്നെ അറിയാം..! ആകെ ഉള്ള ഒരു മകൾ ഒരു ജീവിതം ഇല്ലാതെ കണ്മുന്നിൽ നിൽക്കുന്നതിന്റെ സങ്കടം..! അമ്മയെ എങ്ങനെ കുറ്റം പറയും..? പതിനെട്ടോ ഇരുപതോ അല്ല തന്റെ പ്രായം.. ഇരുപത്തി ഏഴു വയസ്സ് ആണ്..കൂടെ പഠിച്ചവർക്ക് ഒക്കെയും കല്യാണം കഴിഞ്ഞു കുട്ടികളും ആയി. താൻ മാത്രം ആണ് ഒരു വിവാഹം പോലും കഴിക്കാതെ..!!
അവൾ ചിന്തകൾക്ക് അന്ത്യം കൊടുക്കാൻ എന്നോണം ഒന്ന് നെടുവീർപ്പിട്ടു. അതെ സമയം തന്നെ അവളുടെ ഉള്ളിൽ മറ്റൊരു മുഖം തെളിഞ്ഞു. പൊടിമീശ വന്നൊരു ചെക്കന്റെ മുഖം..!
കിച്ചുവേട്ടൻ.. അയൽക്കാർ എന്നതിലുപരി അടുത്ത ബന്ധം ആയിരുന്നു തങ്ങൾക്കിടയിൽ. കിച്ചുവേട്ടന്റെ അച്ഛൻ ഇവിടേക്ക് വന്ന പുതിയ വില്ലജ് ഓഫീസർ ആയിരുന്നു. മുകേഷ് അങ്കിളും കനക ആന്റിയും കിച്ചുവേട്ടനും കാത്തുവും. ഞങ്ങളുടെ അയൽ വീട്ടിലേക്കാണ് അവർ താമസത്തിന് എത്തിയത്.ചെറിയൊരു പരിചയപ്പെടലിലൂടെ തുടങ്ങിയ ബന്ധം.
പിന്നീട് രണ്ട് വീട്ടുകാരും പരസ്പരം ഒരുപാട് അടുത്തു. ഒരു കുടുംബം പോലെ തന്നെ ആയിരുന്നു തങ്ങൾ കഴിഞ്ഞത്. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു അവർ ഇവിടേക്ക് വന്നത്. ഞാനും കാത്തുവും ഒരേ പ്രായം ആയിരുന്നു. അവളെയും എന്നോടൊപ്പം സ്കൂളിൽ ചേർത്തു. കിച്ചുവേട്ടൻ പ്ലസ് വണ്ണിൽ ആയിരുന്നു ആ സമയത്ത്. ഞങ്ങളൊക്കെ ഒരേ സ്കൂളിൽ തന്നെ ആയിരുന്നു പഠിച്ചത്. കാത്തു എന്റെ ക്ലാസ്സിലും ആയിരുന്നു. അതോടെ ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദം കൂടുതൽ ദൃഢമായി.
സ്കൂളിൽ പോകുന്നതും വരുന്നതും ഒക്കെ ഒന്നിച്ചു തന്നെ. കിച്ചുവേട്ടൻ അന്ന് മുതൽക്കേ ഒരു ഗൗരവക്കാരനായിരുന്നു. ഞങ്ങളോടൊപ്പം കൂട്ടുകൂടാനും കളിക്കാനും ഒന്നും വരാറുണ്ടായിരുന്നില്ല. അങ്ങനെയുള്ള കിച്ചുവേട്ടനോട് എന്നു മുതലാണ് ഒരു ഇഷ്ടം തോന്നി തുടങ്ങിയത് എന്ന് ഇപ്പോഴും അറിയില്ല. ആളിനോട് ഇഷ്ടം അറിയിച്ചിട്ടൊന്നുമില്ല.
പക്ഷേ ഉള്ളിലെ പ്രണയം കിച്ചുവേട്ടൻ ആയിരുന്നു. എല്ലാ ദിവസവും കിച്ചുവേട്ടനെ കാണാൻ വല്ലാത്തൊരു കൊതിയായിരുന്നു. പലപ്പോഴും കിച്ചുവേട്ടനോട് സംസാരിക്കാൻ കഴിയാതെ നാവിൽ വിലങ്ങു വീണത് പോലെ അദ്ദേഹത്തെ നോക്കി നിന്നിട്ടുണ്ട് ഞാൻ. അപ്പോഴൊക്കെ എന്നെ ഗൗരവത്തോടെ നോക്കി നടന്ന കിച്ചുവേട്ടനെ ഉള്ളിലേക്ക് ആവാഹിക്കാൻ വല്ലാതെ കൊതിച്ചു.
ഞങ്ങളുടെയൊക്കെ സന്തോഷങ്ങൾക്ക് മീതെ ആണി അടിച്ചു കൊണ്ടാണ് മുകേഷ് അങ്കിൾ ഈ ലോകം വിട്ടു പോയത്. അന്നു മുതൽ ആ വീട്ടിൽ എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാറി തുടങ്ങി.അന്ന് ഞാൻ പ്ലസ്ടുവിന് പഠിക്കുകയാണ്.
ജോലി കഴിഞ്ഞു വരുന്ന വഴി ഒരു ആക്സിഡന്റ് സംഭവിച്ചത് ആയിരുന്നു മുകേഷ് അങ്കിളിന്. അങ്കിളിന്റെ മരണം അംഗീകരിക്കാൻ കഴിയാതെ ഞങ്ങളൊക്കെയും ബുദ്ധിമുട്ടി. ഇതിനോടകം അവർ താമസിച്ചിരുന്ന വീട് അവർ തന്നെ വാങ്ങിയത് കൊണ്ട് അവിടെ അടക്കം ചെയ്യാനായിരുന്നു ആന്റി തീരുമാനിച്ചത്. അന്ന് അങ്കിളിന്റെയും ആന്റിയുടെയും ബന്ധുക്കൾ ഒക്കെയും വന്നിരുന്നു.
16 ചടങ്ങുകൾ ഒക്കെ കഴിഞ്ഞു പലരും പിരിഞ്ഞ് പോയി. അന്ന് കാത്തു പ്ലസ്ടുവിന് പഠിക്കുന്നതു കൊണ്ട് പെട്ടെന്ന് ഒരു മാറ്റം അവൾക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു. അച്ഛന്റെ മരണവും പെട്ടെന്നുള്ള സ്കൂൾ മാറ്റവും ഒക്കെയായി അവളുടെ പഠനത്തെ ബാധിക്കും എന്നുള്ള തോന്നലിൽ ആന്റി ഈ നാട്ടിൽ തന്നെ തുടർന്നു. കാത്തു പ്ലസ് ടു കഴിയുമ്പോഴേക്കും ഇവിടെ നിന്ന് മടങ്ങിപ്പോകും എന്ന് അവർ പറഞ്ഞിരുന്നു.എനിക്ക് ആ വാർത്ത വല്ലാത്ത സങ്കടം തന്നെയായിരുന്നു.
ആന്റി പറഞ്ഞതു പോലെ തന്നെ കാത്തുന്റെ പ്ലസ്ടു പരീക്ഷകൾ കഴിഞ്ഞതിന്റെ പിറ്റേ ദിവസം അവരൊക്കെയും കൂടി ആന്റിയുടെ നാട്ടിലേക്ക് മടങ്ങി.അന്ന് യാത്ര ചോദിക്കുന്ന സമയം കിച്ചുവേട്ടൻ തന്റെ കൈയിൽ അമർത്തി യാത്ര പറഞ്ഞു. കാത്തിരിക്കണം എന്ന് പറയാതെ പറഞ്ഞതു പോലെ എനിക്ക് തോന്നി. അല്ലെങ്കിൽ പിന്നെ കിച്ചുവേട്ടൻ ഏറ്റവും പ്രിയപ്പെട്ട ഉണ്ണികണ്ണന്റെ ലോക്കറ്റ് എനിക്ക് സമ്മാനിക്കേണ്ട കാര്യമില്ലല്ലോ..! അന്നു മുതൽ തുടങ്ങിയ കാത്തിരിപ്പാണ് കിച്ചുവേട്ടന് വേണ്ടി.. മടങ്ങിവരും എന്നു തന്നെയാണ് പ്രതീക്ഷ.
അവൾ നെടുവീർപ്പോടെ ഓർമ്മകൾ അവസാനിപ്പിച്ചു. പിന്നെ കഴുത്തിൽ കിടക്കുന്ന മാലയുടെ ലോക്കറ്റ് നോക്കി ഒന്ന് പുഞ്ചിരിച്ചു. അത് കിച്ചു സമ്മാനിച്ച ഉണ്ണിക്കണ്ണന്റെ ലോക്കറ്റ് ആയിരുന്നു. നാട്ടിൽ തന്നെ ഒരു സ്കൂളിലെ അധ്യാപികയാണ് ഇന്ന് ചിന്നു.
ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം സ്കൂളിലെ ക്ലാസ്സ് കഴിഞ്ഞ് മടങ്ങിവന്ന ചിന്നു കാണുന്നത് അയൽവക്കത്തെ വീട് തുറന്നു കിടക്കുന്നതാണ്. ആ വീട്ടുമുറ്റത്തും പരിസരത്തുമായി ആളുകളും ഉണ്ടായിരുന്നു. ആ കാഴ്ച കണ്ട പകപ്പിൽ അവൾ വേഗം വീട്ടിലേക്ക് നടന്നു.
” ആരാ അമ്മേ അപ്പുറത്തെ വീട്ടിൽ ഇത്രയും ആളുകൾ..? “
വീട്ടിലെത്തിയ ഉടനെ അവൾ അമ്മയോട് ചോദിച്ചത് അതായിരുന്നു.
” നിന്റെ കാത്തിരിപ്പ് അവസാനിക്കാറായി എന്നാണ് തോന്നുന്നത്. അവരൊക്കെ ഇവിടേക്ക് മടങ്ങി വരുന്നുണ്ട്. ഇന്ന് പണിക്കാർ ഇവിടെ വൃത്തിയാക്കാൻ വന്നപ്പോഴാണ് ഞാനും വിവരം അറിഞ്ഞത്. അല്ലാതെ വർഷങ്ങളായി ഇപ്പോൾ അവരുമായി യാതൊരുവിധ കോൺടാക്ട് ഇല്ലല്ലോ.. “
അമ്മ പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു. പക്ഷേ കേട്ട വാർത്തയുടെ ആഘാതത്തിൽ നിന്ന് പുറത്തു വരാൻ എനിക്ക് കഴിഞ്ഞില്ല. മനസ്സിന്റെ ഒരുപാട് സന്തോഷിക്കുമ്പോൾ മറ്റൊരു പാതി ആശങ്കയോടെ ഉഴറുകയായിരുന്നു.എന്റെ എല്ലാവിധ ആശങ്കകൾക്കും മുകളിൽ ആയിരുന്നു കിച്ചുവേട്ടനെ ഒന്ന് കാണണം എന്നുള്ള ആഗ്രഹം..!
ആ ആഗ്രഹത്തിന് പുറത്ത് അവർ വരും എന്ന് പറഞ്ഞ ദിവസം സ്കൂളിൽ നിന്ന് ലീവ് എടുത്തു. എന്റെ ഉത്സാഹം അമ്മ സംശയത്തോടെ നോക്കി.
“മോളെ.. അമിതമായി നീ ഒന്നും പ്രതീക്ഷിക്കരുത്. അവന് ഇപ്പോൾ 29 വയസ്സ് പ്രായം ഉണ്ടാകും. ഇതിനിടയിൽ അവൻ വിവാഹം കഴിച്ചു അവന് ഒരു കുടുംബമുണ്ടെങ്കിൽ ഒരിക്കലും നീ നിന്റെ ഇഷ്ടം പറഞ്ഞ് അവനു മുന്നിലേക്ക് ചെല്ലരുത്. മാത്രമല്ല മറ്റൊരു വിവാഹത്തിന് നീ സമ്മതിക്കുകയും വേണം.”
അമ്മ വീണ്ടും ഓർമിപ്പിച്ചു. അത് തല കുലുക്കി സമ്മതിക്കുമ്പോഴും എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. അങ്ങനെയൊന്നും സംഭവിച്ചു കാണരുത് എന്ന് ആ നിമിഷം ഞാൻ പ്രാർത്ഥിച്ചു.
കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് ഒരു കാർ ആ വീട്ടിലേക്ക് വന്നു കയറുന്നത് ഞാൻ കണ്ടു. കൂടുതലൊന്നും ചിന്തിച്ചു നിൽക്കാതെ അമ്മയോട് വിവരം പറഞ്ഞു കൊണ്ട് അവിടേക്ക് നടന്നു.
ആന്റിയെ കണ്ട ഉടനെ തന്നെ വേഗം പോയി കെട്ടിപ്പിടിച്ചു. ആന്റിയുടെ സ്നേഹത്തിന് അന്നും ഇന്നും യാതൊരു മാറ്റവുമില്ല എന്ന് ആ നിമിഷം എനിക്ക് മനസ്സിലായി. എന്റെ കണ്ണുകൾ ആർത്തിയോടെ കിച്ചുവേട്ടന് വേണ്ടി തിരഞ്ഞു. കാറിന്റെ ഡ്രൈവിംഗ് ഇറങ്ങിയ സുമുഖനായ ചെറുപ്പക്കാരനെ കൗതുകത്തോടെ ഞാൻ നോക്കി നിന്നു. കഴിഞ്ഞു പോയ പത്ത് വർഷങ്ങൾ കൊണ്ട് കിച്ചുവേട്ടനിൽ ഇത്രയ്ക്ക് മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന് ആ നിമിഷം ഞാൻ സംശയിച്ചു. പക്ഷേ എന്നെ ശ്രദ്ധിക്കുക പോലും ചെയ്യാതെ കടന്നുപോയ കിച്ചുവേട്ടൻ എന്നെ വല്ലാതെ വേദനിപ്പിച്ചു.
” ഇതെന്താ ശ്രീജ മോൾക്ക് കല്യാണം ഒന്നും നോക്കാത്തത്..? അവളുടെ ജാതകത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ..? “
ഒരിക്കൽ ഒരു വൈകുന്നേരം എല്ലാവരും ഒന്നിച്ചിരിക്കുന്ന വേളയിൽ കനക ആന്റി ചോദിച്ചു. അമ്മ എന്നെ നോക്കി കണ്ണുഴപ്പിച്ചു. അവരൊക്കെ മടങ്ങി വന്നു കഴിഞ്ഞു രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ അമ്മയ്ക്ക് മനസ്സിലായി കിച്ചുവേട്ടൻ എന്നോട് യാതൊരു അടുപ്പവും കാണിക്കുന്നില്ല എന്ന്.അതുകൊണ്ടുതന്നെ അന്നു മുതൽക്കേ മറ്റൊരു വിവാഹത്തിന് വേണ്ടി അമ്മ നിർബന്ധിക്കുന്നുണ്ട്. അതിന്റെ കൂടെയാണ് ഈ ഒരു ചോദ്യം.
” അവൾക്ക് ജാതകത്തിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. അവൾ ആരെയോ കാത്തിരിക്കുകയാണ്.. എന്നാൽ ഈ കാത്തിരുന്നവർക്കൊക്കെ അതിനെക്കുറിച്ച് ബോധമുണ്ടോ എന്ന് തന്നെ സംശയമാണ്.. “
ആരെയൊക്കെ കൊള്ളിക്കുന്ന തരത്തിൽ പറഞ്ഞുകൊണ്ട് ശ്രീജ എഴുന്നേറ്റ് പോയി. കിച്ചുവേട്ടൻ എന്തെങ്കിലും ഭാവമാറ്റം ഉണ്ടോ എന്നറിയാൻ ആ മുഖത്തേക്ക് പാളി നോക്കി. പക്ഷേ അവിടെ യാതൊരു ഭാവ വ്യത്യാസവും ഞാൻ കണ്ടില്ല. അത് എന്നെ കൂടുതൽ നിരാശയിൽ ആക്കി.
പക്ഷേ അതൊക്കെ മാറിയത് പിറ്റേന്ന് വൈകുന്നേരം വന്ന വിവാഹ ആലോചനയിലാണ്. കിച്ചുവേട്ടന്റെ വിവാഹ ആലോചന ഞങ്ങൾക്കു മുന്നിലേക്ക് കൊണ്ടു വന്നത് കനകാന്റിയായിരുന്നു. രണ്ടാമത് ഒന്ന് ആലോചിക്കാൻ ഞാൻ സമ്മതം മൂളുമ്പോൾ തന്നെ കണ്ടാൽ മുഖം തിരിച്ചു നടക്കുന്ന കിച്ചുവേട്ടൻ ഒരു ആശങ്ക തന്നെയായിരുന്നു.
അതൊക്കെ അവസാനിച്ചത് ആ കല്യാണ രാത്രിയിലായിരുന്നു.
” നിന്നെ കണ്ടിട്ട് ഞാൻ ഒഴിഞ്ഞുമാറി നടന്നത് മനപ്പൂർവമാണ്. ഞാനിവിടെ നിന്ന് പോയിട്ട് 10 വർഷങ്ങൾ കഴിഞ്ഞിട്ടാണ് മടങ്ങിവന്നത്. നിന്നോടൊപ്പം പഠിച്ച എന്റെ അനിയത്തി വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അമ്മയായി. ആ സ്ഥിതിക്ക് നിനക്കും മറ്റൊരു അവകാശി വന്നിട്ടുണ്ടാകും എന്ന് ഞാൻ കരുതി. പക്ഷേ അത് അങ്ങനെയല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം എനിക്ക് വല്ലാത്ത സന്തോഷം തോന്നിയെങ്കിലും, നീ അന്ന് ഞാൻ പറഞ്ഞത് മനസ്സിലാക്കിയിട്ടുണ്ടാകുമോ എന്നുള്ള കാര്യത്തിൽ എനിക്ക് ഉറപ്പൊന്നും ഇല്ലായിരുന്നു. അതൊക്കെ കൊണ്ടാണ് ഞാൻ ഒഴിഞ്ഞു മാറിയത്. പക്ഷേ നീ എനിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു എന്ന് നിന്റെ അമ്മ തന്നെ പറഞ്ഞു കേട്ടപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു. ആ സന്തോഷം മുഖത്ത് പ്രകടമാകാതിരിക്കാൻ ഞാൻ എത്രത്തോളം പരിശ്രമിച്ചു എന്നറിയാമോ..? നിനക്ക് വേണ്ടിയാണ് ഞാൻ മടങ്ങി വന്നത്.. ഇനി നിന്നെ വിട്ടു ഞാൻ പോവില്ല..”
എന്നെ ചേർത്തുപിടിച്ചുകൊണ്ട് കിച്ചുവേട്ടൻ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. സങ്കടം കൊണ്ടായിരുന്നില്ല… സന്തോഷം മാത്രമായിരുന്നു…ഇന്നുമാത്രമല്ല, ഇനിയെന്നും ഞങ്ങൾക്കിടയിൽ സന്തോഷം മാത്രമായിരിക്കട്ടെ…!!!
✍️അപ്പു