മാനസം….
രചന: Anilkumar MK
:::::::::::::::::::
ബൈക്ക് സൈഡാക്ക്. നിന്റെ സൂക്കേട് എനിക്ക് മനസ്സിലായി. അല്ലേലും ആണുങ്ങൾ ഇങ്ങനേയാ അവസരം കിട്ടിയാൽ മുതലെടുക്കും. ഒന്നിനേയും വിശ്വസിക്കാൻ കൊള്ളില്ല. നീ എന്താ കരുതിയത്, നിന്നെ മുട്ടി ഉരുമ്മിയിരിക്കാൻ എനിക്ക് പൂതി മുട്ടിയിട്ടാണ് നിന്നോട് ലിഫ്റ്റ് ചോദിച്ചത് എന്നാണോ. ഇത്ര വൃത്തികെട്ട ചിന്ത ഒള്ള നിന്നോടായിരുന്നല്ലോ ഞാൻ ഇത്രനാളും സൗഹൃദം കൂടിയത്. കാലം എത്ര പുരോഗമിച്ചിട്ടും നിന്റെ ഒന്നും ചിന്താഗതി മാറില്ല. ഒരുത്തനേയും കണ്ണടച്ച് വിശ്വസിക്കാൻ പാടില്ലാന്ന് നീ എനിക്ക് മനസ്സിലാക്കി തന്നു. നന്ദി….ഇനി എന്റെ കൺവെട്ടത്ത് നിന്നെ കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. കുറച്ച് അടുത്തിടപഴുകി കൂടുതൽ സൗഹൃദം പങ്കിട്ടപ്പോൾ നീ എന്റെ ശരീരത്തെയാണ് നോട്ടമിട്ടതെന്ന് ഞാൻ മനസ്സിലാക്കിയില്ല.
അത്രയും പറഞ്ഞ് അവൾ തിരിഞ്ഞു നടക്കുമ്പോൾ ഇടി വെട്ട് ഏറ്റവനെപ്പോലെ തരിച്ചിരുന്നു പോയി ഞാൻ. തൊലി ഉരിഞ്ഞ് ഉപ്പുതേച്ചതു പോലെ ശരീരമാകെ ഒരു നീറ്റൽ. ഇതിലും ഭേദം ആവൾ കരണക്കുറ്റി നോക്കി രണ്ട് അടിതരുന്നതായിരുന്നു നല്ലത്. എത്രനാളുകളായി കൊണ്ടുനടന്ന സൗഹൃദമാണ് ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടത്…
സാറാ എന്ന് രണ്ട് മൂന്നാവർത്തി വിളിച്ചിട്ടും ഒന്നു തിരിഞ്ഞു നോക്കാതെ അവൾ നടന്നു പോയി.
ശ്ശേ….ചീപ്പായി പോയി. ആദ്യം ബ്രേക്ക് പിടിച്ചത് മന:പൂർവ്വമായിരുന്നില്ല. അവൾ എന്റെ ശരീരത്തേയ്ക്ക് ഒരു നിമിഷം ചേർന്നിരുന്നപ്പോൾ സത്യത്തിൽ എന്റെ മനോനില തെറ്റി പോയതാണോ രണ്ടാമത് അറിഞ്ഞു കൊണ്ട് ബ്രേക്ക് പിടിക്കാൻ കാരണം. ആ ഒരു ദുർബലനിമഷത്തെ ശപിക്കാൻ തോന്നി.
എനിക്ക് എങ്ങിനെയാണ് അങ്ങനെ ചിന്തിക്കാൻ തോന്നിയത്. ഒരു പെൺകുട്ടിയുടെ ദേഹസ്പർശനത്തിൽ തകർന്നടിയുന്നതാണോ എന്റെ മനോബലം. സാറയെ ഒത്തിരി ഇഷ്ടമായിരുന്നു. എത്രയോ തവണ ഇഷ്ടം പറയണമെന്ന് കരുതി വർത്തമാനം പറയുമ്പോഴും എന്റെ സദാചാര ബോധം വിലങ്ങുതടി പോലെ നിൽക്കുമായിരുന്നു. ഇപ്പോൾ എവിടെ പോയി എന്നെ നിയന്ത്രിച്ചിരുന്ന ആ സദാചാര ബോധം…അവളുടെ അടുത്തിടപഴകൽ ഞാൻ മുതലെടുക്കാൻ ശ്രമിക്കുകയായിരുന്നില്ലേ…
പലതും സംഭവിച്ചിട്ട് ദുർബല നിമിഷത്തെ പഴിചാരി രക്ഷപെടാൻ എനിക്കെങ്ങനെ കഴിയുന്നു. ജോലിക്ക് പോകാൻ തോന്നുന്നില്ല. ഇന്ന് പോയാൽ തന്നെ ചെയ്യുന്ന വർക്കുകൾ ഒന്നും ശരിയാകുകയും ഇല്ല. വെറുതെ എം ഡിയുടെ വായിൽ ഇരിക്കുന്നതു കൂടി കേൾക്കണം. അല്ലേൽ തന്നെ മാനവും അഭിമാനവും കളഞ്ഞുകുളിച്ച് നിൽക്കുകയാ….
പാതി വഴിയിൽ ബൈക്ക് തിരിച്ച് വീട്ടിലേയ്ക്ക് പോന്നു. വഴിയിൽ വെച്ച് ഒരു ബസിൽ സാറ ഇരിക്കുന്നത് കണ്ടു. എന്നേയും അവൾ കണ്ടു എന്ന് എനിക്കും തോന്നി പക്ഷെ അവൾ ഒന്ന് തിരിഞ്ഞു നോക്കുകകൂടി ചെയ്തില്ല. എന്റെ ഓഫിസിന്റെ അടുത്തു നിന്ന് ഇരുന്നൂറ് മീറ്റർ അകലമേ ഒള്ളു അവളുടെ ഓഫീസിലേയ്ക്ക്….തിരികെ പോയി സാറയോട് ക്ഷമ പറഞ്ഞാലോ…റോഡ് സൈഡിൽ ബൈക്കൊതുക്കി രണ്ട് മിനിറ്റ് ആലോചിച്ച് നിന്നു
വേണ്ടാ അവൾ ചിലപ്പോൾ ഇതിനേക്കാൾ രൂക്ഷമായി പ്രതികരിച്ചാൽ ചിലപ്പോൾ നാടുവിടേണ്ടിവരും. വീട്ടിലേയ്ക്ക് പോകാൻ തോന്നിയില്ല. എന്തേലും അത്യാവശ്യത്തിന് ഒന്ന് ലീവെടുക്കാൻ അമ്മ പറയുമ്പോൾ പോലും ലീവെടുക്കാതെ ഓഫീസിൽ പോയിരുന്ന ഞാൻ ഇന്ന് തിരികെ ചെന്നാൽ നൂറ് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിവരും.
എങ്കിലും പതുക്കെ ബൈക്കോടിച്ച് സാറയുടെ വീട്ടു പടിക്കൽ എത്തി. അവളുടെ അപ്പൻ പൂച്ചെടികൾ നനച്ചു കൊണ്ട് ഗെയിറ്റിന്റെ വാതിൽക്കൽ തന്നെ നിൽപ്പുണ്ട്. ദൈവമേ അവളെങ്ങാനും ഈ കാര്യം അവളുടെ അപ്പനോട് പറഞ്ഞാ കഥ കഴിഞ്ഞതുതന്നെ
ഓർത്തപ്പോൾ കാലിനും കൈക്കുമെല്ലാം ചെറിയൊരു വിറയൽ. എന്നെ കണ്ടില്ലാരുന്നെങ്കിൽ തിരിച്ച് വേറെ വഴിയേ പോകാമായിരുന്നു.
സ്കൂൾകുട്ടികൾ കുത്തി നിറഞ്ഞ് കാല് കുത്താൻ ഇടമില്ലാത്ത ബസിൽ തൂങ്ങി പിടിച്ച് ഓഫീസിൽ എത്തുമ്പോൾ കുറച്ച് ലേറ്റായിരുന്നു. ഒന്ന് രണ്ട് ബസിന് കൈകാട്ടിയെങ്കിലും അതൊന്നും നിർത്താതെ പോയി. താമസിച്ചു പോയതിലുള്ള വിഷമമായിരുന്നില്ല മനസ്സിൽ…അവന്റെ സൗഹൃദം നഷ്ടപ്പെടുത്തിയതിലുള്ള ആത്മ സംഘർക്ഷമാണോ തല പൊളിഞ്ഞു പോകുമ്പോലെ വേദനിക്കുന്നു.
രണ്ട് മൂന്നാവർത്തി ചിന്തിച്ചതാ ഇന്ന് ലീവാക്കിയാലോ എന്ന്. ഇന്ന് ജോലിയിൽ കയറിയാലും ശരിയായി വർക്ക് എടുക്കാൻ കഴിയില്ല. മനസ്സിൽ കെട്ടിപ്പെടുത്ത ഒരു സങ്കൽപ്പം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞ സങ്കടം. അന്നേരം ഒന്നും ഇത്ര വിഷമം തോന്നിയില്ല
ടേബിളിൽ മുഖം ചേർത്ത് കുനിഞ്ഞിരുന്ന് നിറഞ്ഞു തുളുമ്പിയ കണ്ണുനീർ തുടച്ചു മാറ്റി
എന്തുപറ്റി സാറാ എന്ന് അടുത്തടേബിളിലെ ശോഭനമേം ചോദിച്ചപ്പോൾ ആണ് മുഖമുയർത്തിയത്.
വരുന്നവഴി എന്തേലും സംഭവിച്ചോ എന്ന് രണ്ടാവർത്തി ചോദിച്ചു
ഇല്ലാ എന്ന് ചുമല് കുലുക്കിയതല്ലാതെ എന്തേലും പറയാൻ പറ്റുന്നില്ല
ചിലപ്പോൾ നിയന്ത്രണം വിട്ട് കരഞ്ഞു പോകും. വേണ്ടായിരുന്നു അവനോട് അത്ര പരുഷമായി സംസാരിക്കേണ്ടിയിരുന്നില്ല. ചിലപ്പോൾ എനിക്ക് തോന്നിയ തെറ്റിദ്ധാരണയാണെങ്കിൽ അവന് എന്തുമാത്രം വേദന തോന്നിയിട്ടുണ്ടാവും. സത്യത്തിൽ ഞാനായിരുന്നില്ലേ അകലം പാലിച്ച് ഇരിക്കേണ്ടിയിരുന്നത്. അവന്റെ പുറകിൽ കയറുമ്പോൾ എന്നും ബേഗ് ഞങ്ങൾക്കിടയിൽ ഒരു അതിർ വരമ്പു പോലെ വച്ചിരുന്നതല്ലേ. ഇന്ന് അത് മറന്നത് എന്റെ തെറ്റല്ലേ…വേണ്ടായിരുന്നു അത്ര കടുപ്പപ്പെട്ട വാക്കുകൾ പറയേണ്ടിയിരുന്നില്ല. എന്തേലും മോശം ഇടപെടൽ മനസ്സിലാക്കുമ്പോൾ പതിയെ ആ സാഹചര്യം ഒഴിവാക്കിയാൽ മതിയായിരുന്നു.
ഇന്നേവരെ ഒരു മോശമായ സംസാരമോ നോട്ടമോ അവനിൽ നിന്നും ഉണ്ടായിട്ടുമില്ല. അതാണല്ലോ ബസ് മിസാകുമ്പോൾ അവന്റെ ബൈക്കിൽ പോകുന്നത്. അപ്പൻ രണ്ട് മൂന്ന് തവണ പറഞ്ഞതാ…കൊച്ചൗസേപ്പിന്റെ മോൾ സാറാ മോശക്കാരി ആണെന്ന് നാട്ടാരെക്കൊണ്ട് പറയിപ്പിക്കല്ലെന്ന്…
പരിഷ്ക്കാരവും പത്രാസും കൂടുമ്പോൾ സ്വയം മറന്ന് ജീവിക്കരുത് എന്ന് അമ്മച്ചിയും നാഴികയ്ക്ക് നാൽപ്പത്തെട്ടു തവണ പറയുന്നതാ…
അവൻ അങ്ങനെ ചിന്തിച്ചിട്ടുണ്ടാവുമെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യാ…പക്ഷെ അവസാനത്തെ ബ്രൈക്ക് പിടുത്തത്തിൽ അവന്റെ ശരീരത്തോട് ഒട്ടിച്ചേരുമ്പോൾ അവൻ കണ്ണാടിയിലൂടെ നോക്കി ഊറിയ ചിരി കണ്ടപ്പോൾ ആണ് അവൻ അറിഞ്ഞു കൊണ്ടാണ് ആ പ്രവർത്തി ചെയ്യുന്നതെന്ന് മനസ്സിലായത്…
എത്രയോ നാളുകളായി ഞാൻ അവന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നു. അപ്പോഴൊന്നും തോന്നാത്ത ചിന്ത അവനിൽ വരാൻ കാരണം ഞാൻ ആണോ….എന്റെ എന്തേലും പ്രവർത്തിയോ പെരുമാറ്റമോ എന്നോട് ശാരീരികമായ അടുപ്പം ഒണ്ടാക്കാൻ ഇടവരുത്തിയിട്ടുണ്ടോ…പുറകോട്ട് കുറേ ചിന്തിച്ചു നോക്കി. ഒരിക്കലുമില്ല…ഇനി അവനോട് ക്ഷമിച്ചാൽ തന്നെ പഴയതു പോലെ എടപെടാൻ കഴിയുമോ
അവന്റെ മുമ്പിൽ ഞാൻ ഇനി നിൽക്കുമ്പോൾ വി വസ് ത്രയാക്കിയതു പോലെ ചുരുണ്ടു പോകില്ലേ…സ്വയം ആത്മപരിശോധനയും കുറ്റപ്പെടുത്തലുമായി എന്തൊക്കയോ വർക്കുകൾ ചെയ്തു തീർത്തു. ആരുടേയും മുഖത്ത് നോക്കാൻ തോന്നിയില്ല. പ്രത്യേകിച്ച് ആണുങ്ങളുടെ…
ആർത്തിയോടെ കൊത്തിപ്പറിക്കുന്ന കണ്ണുകൾ കണ്ടിട്ടുണ്ട്…അതൊക്കെ കാണാത്ത മട്ടിൽ പോകാറാണ് പതിവ്
ശ്ശേ…എന്ന് പറഞ്ഞ് സ്വയം ശരീരത്തിലേയ്ക്ക് നോക്കി പോയി. അവന് കുറ്റബോധം തോന്നിയിട്ടുണ്ടാകണം. അല്ലേൽ തിരിച്ചു പോകില്ല. അവനെ എത്ര കുറ്റപ്പെടുത്തുമ്പോഴും അവൻ മനസ്റ്ററിഞ്ഞ് ചെയ്തതായിരിക്കല്ലേ എന്ന പ്രാർത്ഥനയായിരുന്നു. കാരണം അത്ര അടുത്ത കൂട്ടുകാരൻ ആയിരുന്നല്ലോ….എത്രയോ കൂട്ടുകാരികൾ പറഞ്ഞിട്ടുണ്ട് ഞങ്ങളേക്കാൾ നിന്റെ കൂട്ട് അശ്വിവിനോടാണെന്ന്…അതൊക്കെ കേൾക്കുമ്പോൾ അഭിമാനമായിരുന്നു എനിക്ക് തോന്നാറുള്ളത്…എന്താ ഒരു പെൺകുട്ടിക്ക് ഒരു ആൺകുട്ടിയുമായി നല്ലൊരു കൂട്ടുകാരാകാൻ കഴിയില്ലേ എന്ന് അവരുമായി തർക്കിച്ചിട്ടുമുണ്ട്. പക്ഷെ ഇപ്പം….ഈ ചോദ്യമായിരുന്നു ഓഫീസ് ടൈം കഴിയും വരെ…
ഉച്ചയ്ക്ക് ടിഫിൻ തുറക്കാൻ തന്നെ തോന്നിയില്ല. തിരികെ കൊണ്ടുപോയാൽ അമ്മച്ചി നൂറ് കാരണം തിരക്കി സ്വൈരം കെടുത്തും. വെറുതെ തുറന്നു വെച്ച് ചോറ് കൂട്ടിക്കുഴച്ച് വേസ്റ്റ് ബോക്സിൽ ഇട്ട് പാത്രം കഴുകി വെച്ചു…
ഇതെല്ലാം ശോഭനമേം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എത്ര വട്ടം കാരണം ചോദിച്ചിട്ടും പറയാൻ തോന്നിയില്ല. അവനെ വേറെ ഒരാളുടെ മുമ്പിൽ തെറ്റുകാരൻ ആക്കുന്നത് ആലോജിക്കാൻ കൂടി വയ്യാ.
ഓഫീസിൽ നിന്നിറങ്ങുമ്പോൾ ശോഭനമേം എന്റെ ഒപ്പം ഇറങ്ങി. അല്ലേൽ അവര് കുറച്ച് കഴിഞ്ഞേ ഇറങ്ങാറുള്ളു. അവരുടെ ഹസ് വരാൻ ഇത്തിരി വൈകും അവരൊന്നിച്ചാണ് പോകാറ് കാറിൽ. അശ്വിന്റെ ഓഫീസിനു മുമ്പിൽ എത്തിയപ്പോൾ വെറുതെ നോക്കി പോയി അവനെ. ബൈക്കു വെക്കുന്നിടത്ത് മറ്റാരുടേയോ വണ്ടി കിടപ്പുണ്ട്. ആ സമയത്ത് ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാത്ത സങ്കടംതോന്നി. അവൻ വണ്ടി മാറ്റിവെച്ച് എന്നെ കാണാതെ മാറിനിൽപ്പുണ്ടോ എന്ന് ചുറ്റും പരതിനോക്കി. എവിടേയും അവനെ കാണാൻ കഴിഞ്ഞില്ല
ഇപ്പോൾ കരയുമെന്ന അവസ്ഥയായി. ഇത്രനേരം അവനെ കുറ്റപ്പെടുത്തിയ എനിക്ക് എന്താണ് ഇങ്ങനെ ഒരു മാറ്റം വരാൻ കാരണം. എന്റെ മനസ്സിൽ അവനോട് ഞാനറിയാതെ പ്രണയം എന്ന വികാരം രൂപപ്പെടുന്നുണ്ടോ…
പെട്ടെന്നായിരുന്നു ശോഭനമേമിന്റെ ചോദ്യം…ഇന്ന് എന്താ അശ്വിനെ കണ്ടില്ലല്ലോ. അവന്റെ വണ്ടിയും അവിടെ കാണാനില്ലല്ലോ എന്ന്..
എന്റെ ഓഫീസിൽ എല്ലാർക്കും അറിയാം ഞങ്ങളുടെ സൗഹൃദം. എന്റെ പരുങ്ങലും നോട്ടവും തിരയലും അവർ സകുതം നിരീക്ഷിക്കുന്നത് ഞാൻ അറിഞ്ഞിരുന്നില്ല…എന്നോടുള്ള ചോദ്യത്തിനു ശേഷം അവർ ഊറിച്ചിരിക്കുന്നതു കണ്ടത്…
ഞങ്ങൾ എത്ര കൂട്ടുകാരാന്ന് പറഞ്ഞാലും എല്ലാവരും വിശ്വസിക്കണമെന്ന് എനിക്ക് പറയാനും പറ്റില്ലല്ലോ. മറിച്ച് വിശ്വസിക്കുന്നവരെ തിരുത്താനും പോയില്ല. ചിലപ്പോഴൊക്കെ ചിലരുടെ മുന വെച്ചുള്ള സംസാരം ഞാൻ ആസ്വദിച്ചിട്ടില്ലേ…അല്ലേൽ അന്നേരം തിരുത്താതെ എന്തിനാണ് ഞാൻ ഒഴിഞ്ഞു മാറിയിരുന്നത്. ദൈവമേ എന്നിൽ നിന്നും ഞാനറിയാതെ തന്നെ അവനെ എനിക്ക് ഇഷ്ടമൊണ്ടെന്ന എന്തേലും പെരുമാറ്റം ഒണ്ടായിട്ടുണ്ടോ…അതാണോ അവൻ എന്നോട് ഇങ്ങനെ ഇടപെടാൻ കാരണം…അങ്ങനെ ഒരു തെറ്റിദ്ധാരണ അവനിൽ ഞാൻ കൊടുത്തിട്ടുണ്ടെങ്കിൽ അവനേപ്പോലെ തെറ്റുകാരിയല്ലേ ഞാനും…
ചങ്കിടിപ്പ് കൂടിയ പോലെ…പതിയെ ചങ്കിൽ കൈ വെച്ച് നോക്കി. ബസ്സ്റ്റോപ്പിൽ ബസ് വന്നു നിൽക്കുമ്പോൾ എന്തോ അർത്ഥത്തിൽ തോളിൽതട്ടി ഒന്നു പുഞ്ചിരിച്ച് ഇരുത്തിമൂളി. പിന്നെ ചെവിയിൽ പറഞ്ഞു മോളേ ഞങ്ങളും ഈ പ്രായം കടന്നാവന്നത് എന്ന്…
അത്കേട്ട് തിരിഞ്ഞു നോക്കുമ്പോഴേയ്ക്കും കണ്ടക്ടറുടെ ഒച്ചകേട്ടു വരുന്നുണ്ടേൽ ഒന്ന് വേഗം കേറ് കൊച്ചേന്ന്…അപ്പോഴും ശോഭനമേം ചിരിച്ചു കൊണ്ട് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു കൈ വീശികാണിച്ചു കൊണ്ട്…
ഇന്നാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ഫോണെടുത്തു നോക്കിയിട്ടുള്ളത്. അവന്റെ എന്തേലും മെസേജ്ജ് വന്നിട്ടുണ്ടോ എന്ന്…ഞാൻ കരുതിയത് അവൻ ഒരു സോറി എങ്കിലും പറഞ്ഞ് മെസേജ്ജ് ഇടുമെന്നാ….
അവൻ രാവിലെ ആ സംഭവത്തിനു ശേഷം നെറ്റ് ഓണാക്കിയിട്ടില്ല. ലെഞ്ച് ബ്രേക്കിൽ ഒന്ന് വിളിച്ചാലോ എന്ന് ഓർത്തതാ…വിളിക്കാനായി എടുത്ത ഫോൺ ബേഗിലേയ്ക്കു തന്നെ വെച്ചു. തെറ്റ് ചെയ്ത അവൻ അല്ലേ എന്നെ വിളിച്ച് സോറി പറയേണ്ടത്…അല്ലാതെ അവനെ ഞാനെന്തിന് വിളിക്കണം. അപ്പോഴെല്ലാം സഹാതാപത്തേക്കാൾ ദേഷ്യവും വെറുപ്പുമായിരുന്നു തോന്നിയത്
വീട്ടിലെത്തിയിട്ടും മനസ്സ് ശാന്തമായില്ല. സത്യത്തിൽ അവനോടുള്ള ദേഷ്യം മാറി ഇപ്പോൾ ഒരു ഭയം മനസ്സിൽ പൊന്തിവന്നു. കുടിച്ചു കൊണ്ടിരുന്ന ചായഗ്ലാസ് ടേബിളിൽ വെച്ച് ഫോണും എടുത്ത് മുറ്റത്തേയ്ക്കിറങ്ങി. എന്തു വന്നാലും വേണ്ടില്ല അവനെ ഒന്നു വിളിക്കണം..സംസാരം ആരും കേൾക്കേണ്ടാ എന്നു കരുതി, മുറ്റത്തിന്റെ മൂലയിൽ പോയി നിന്നു വിളച്ചു. പക്ഷെ ഫോൺ സ്വിച്ച് ഓഫാണ്. രണ്ടു മൂന്നാവർത്തി വിളിച്ചിട്ടും കോള് പോണില്ല. എന്തോ ഒരു ഭയം ഉള്ളിൽ നിറയുന്നു.
എന്റെ വാക്കുകൾ അവനെ വേദനിപ്പിച്ചിട്ടുണ്ടാവും. അവസാനം കണ്ട മുഖവും നോട്ടവും കണ്ടാൽ അറിയാമായിരുന്നു. ഉറക്കമില്ലാത്ത രാവുകളും സങ്കടം നിറഞ്ഞ പകലുകളും രണ്ട് മൂന്ന് കടന്നുപോയി
കുറച്ചു ദിവസത്തിന്ശേഷമാണ് അവന്റെ കൂട്ടുകാരൻ പ്രവീണിനെ കണ്ടത്. അവനാണ് പറഞ്ഞത് അശ്വിൻ ഇവിടുന്ന് ചെന്നെ ബ്രാഞ്ചിലേയ്ക്ക് സ്ഥലം മാറ്റം വാങ്ങി പോയെന്ന്…
ബസ് കാത്തു നിൽക്കുമ്പോൾ ഓരോ ബൈക്കിന്റെ ഒച്ച കേൾക്കുമ്പോഴും അവനായിരിക്കും വരുന്നതെന്ന പ്രതീക്ഷയാൽ നോക്കാറുണ്ട്. പക്ഷെ വേറെ ആരേലുമായിരിക്കും. അവനാകണേ എന്ന് ഞാനറിയാതെ പ്രാർത്ഥിച്ചു പോകും….
എന്റെ മനസ്സിൽ വന്ന മാറ്റമെന്താണ്…എന്തൊക്കെ കുറ്റം കണ്ടെത്തിയിട്ടും അവനെ ഒന്ന് കാണെണമെന്ന ചിന്ത മാത്രമാണ് ഇപ്പോൾ മനസ്സു നിറയെ…
~അനിൽ ഇരിട്ടി