ഏതൊരു അച്ഛനും ഏറ്റവും പ്രൗഢിയോടെ നാലാളുടെ മുമ്പിൽ തല ഉയർത്തി നിൽക്കുന്നത് മക്കളുടെ കല്യാണ ദിവസങ്ങളിൽ ആകും….

മകൾക്കായ്….

രചന: Anilkumar MK

::::::::::::::::::::::::

എടി ഗിരിജേ നീ ഒന്ന് എണീറ്റേ , സ്വന്തം അമ്മയേക്കാളും അച്ഛനേക്കാളും  ഇന്നലെ കണ്ട അവനാണ് അവൾക്ക് വലുതെങ്കിൽ പോകട്ടെ അവൾ. ഇങ്ങനെ അലമുറയിട്ട് കരഞ്ഞോണ്ടിരുന്നാൽ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയ അവൾ തിരിച്ചു വരുമോ. നമ്മളേക്കാൾ അവൾക്കിഷ്ടം അവനാണ്. നമ്മുടെ വിധി ഇങ്ങനെയായി പോയി. എനിക്ക് വയ്യാ വല്ലതും വരുത്തി വെച്ചാ കെട്ടി എടുത്ത് ഹോസ്പിറ്റലിൽ പോകാൻ.

ഒന്ന് പുറത്തേയ്ക്ക് ഇറങ്ങാൻ വയ്യാ, ഈയിടെയായി ഇവൾക്ക് ആസ്മയുടെ വലിവ് ഇത്തിരി കൂടിയിട്ടുണ്ട്. മര്യാദയ്ക്ക് ഉറങ്ങീട്ട് തന്നെ ദിവസങ്ങൾ ആയി. ചില രാത്രികളിൽ ബെഡിൽ എണീറ്റിരുന്ന് കരയുന്നത് കാണാം

ഞാൻ തല പൊക്കി നോക്കുമ്പോൾ അവൾ പതിയെ പറയും മോളെ സ്വപ്നം കണ്ടെന്ന്. എങ്ങിനെ സഹിക്കാനാ വേണുവേട്ടാ ഞാനെന്ന്…ചങ്ക് തകരുന്ന പോലെ ഉറങ്ങാൻ കഴിയിണില്ലാന്ന്…എനിക്കെന്റെ മോളെ ഇപ്പോ കാണണമെന്ന് തോന്നുവാ….നിങ്ങളൊന്ന് അവളെ വിളിക്ക് എന്ന് തേങ്ങലോടെ പറഞ്ഞ് തലയിണയിൽ മുഖവർത്തി വിങ്ങിപൊട്ടും….

എന്തൊക്കെ പ്രതീക്ഷകളായിരുന്നു. ഏതൊരു അച്ഛനും ഏറ്റവും പ്രൗഢിയോടെ നാലാളുടെ മുമ്പിൽ തല ഉയർത്തി നിൽക്കുന്നത് മക്കളുടെ കല്യാണ ദിവസങ്ങളിൽ ആകും. ജനിച്ച് വീഴുമ്പോൾ തൊട്ട് വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഞാനും ഭാര്യയും എത്ര കൗതുകത്തോടെയും കരുതലോടെയുമാണ് നോക്കി കണ്ടിരുന്നത്. അസുഖങ്ങൾ വന്ന നാളിൽ എത്രയോ രാത്രികൾ ഉറങ്ങാതെ അടുത്തിരുന്നിട്ടുണ്ട്. പല്ലുകൾ മുളച്ച നാളിൽ കവിളിൽ കടിച്ച വേദന ഇന്നും കവിളിൽ നിറഞ്ഞു നിൽക്കും പോലെ…വയ്യാ കൂടുതൽ ഓർത്താൽ സമനില തകർന്നു പോകും.

ഞങ്ങളുടെ കരുതലിനേക്കാൾ അവൾക്ക് അവനിൽ സംരക്ഷണം തോന്നുന്നുവെങ്കിൽ സ്നേഹിച്ചു വളർത്തി വലുതാക്കുന്ന കാർന്നോൻമ്മാർക്ക് എന്തോ തകരാറുണ്ട്. എവിടെയാണ് ഞങ്ങൾ അവൾക്ക് സ്നേഹവും സ്വാതന്ത്ര്യവും നിക്ഷേധിച്ചത്.

ഒന്ന് ചിരിച്ചു കാണിക്കുമ്പോൾ മധുരമായ ഒരു സംസാരത്തിൽ ഇവർക്ക് കുടുംബത്തെ മറന്ന് എങ്ങിനെ അവനെ പ്രണയിച്ച് ഇറങ്ങി പോകാൻ തോന്നുന്നു

വേണ്ട കൂടുതൽ ആലോജിക്കേണ്ടാ…ഞാനും കൂടെ ഇമോഷൻ ആയാൽ ഈ കുടുംബം തന്നെ തകർന്നു പോകും…ആരും കാണാതെ കരയാനും നെഞ്ച്തിരുമ്മിഒഴുകി വരുന്ന കണ്ണുനീരിനെ ബാഷ്പ്പമാക്കി കളയാനും വിധിക്കപ്പെട്ടവരാണ് മിക്ക അപ്പൻമ്മാരും…

മക്കളെ വളർത്തി വലുതാക്കാൻ മാത്രമേ കാർന്നോൻമ്മാർക്ക് അവകാശമുള്ളു…പക്ഷികളെപ്പോലെ പറക്കമുറ്റുമ്പോൾ പറന്നുപോകും. കാലം മാറി എല്ലാർവർക്കും അവകാശങ്ങൾ കൂടി…അപ്പനും അമ്മയ്ക്കും മാത്രം മക്കളുടെ മോളിൽ ഒരു അവകാശവും ഇല്ല ഒരു പരിചാരകരുടെ പരിഗണന പോലും….

പുറത്തിറങ്ങാൻവയ്യാ എല്ലാവരുടേയും നോട്ടവും കുശുകുശുപ്പും വളർത്തു ദോഷമാണെന്നാണ്. ശരിയായിരിക്കാം അതു പോലെ ഓമനിച്ചും സ്നേഹിച്ചും ലാളിച്ചുമാണല്ലോ വളർത്തിയിരുന്നത്…അവളുടെ ഒരിഷ്ടത്തിനും എതിര് നിന്നിട്ടില്ല…ഇവളേപ്പോലെ അലമുറയിട്ട് കരയാൻ പറ്റില്ലല്ലോ…

ആരൊക്കയോ വഴിയിലൂടെ പോകുമ്പോൾ എത്തിവലിഞ്ഞ് നോക്കുന്നുണ്ട്. എന്റെ ഇരിപ്പുകണ്ടാവും, കല്യാണത്തിന്റെ ഒരാഴ്ച മുമ്പ് വേറൊരു ചെറുക്കനൊപ്പം ഇറങ്ങിപ്പോയ പെണ്ണിന്റെ വീട്ടുകാരെ സമൂഹം എന്തൊക്കെപറയും…അതെ അവർ കുറ്റപ്പെടുത്തട്ടെ…അവർക്ക് അതിന് അവസരം ഒണ്ടാക്കി കൊടുത്തത് ഓമനിച്ചു വളർത്തിയ മോള് തന്നെ അല്ലേ….

ഓഫീസിൽ പോയിട്ട് ഒരാഴ്‌ചയായി. ആരേയും അഭിമുഖികരിക്കാൻ വയ്യാ….നീണ്ട അവധിക്ക് എഴുതി കൊടുത്തിട്ടുണ്ട്. എങ്ങോട്ടേലും ഒന്ന് മാറി നിൽക്കണം കുറച്ചു നാൾ…ഇവിടെ നിന്നാൽ ചിലപ്പോൾ സമനില തെറ്റിപ്പോകും. ഈ വീടിന്റെ ഓരോ അണുവിലും അവളുടെ ഓർമ്മകളാണ്. അവളുടെ ചിരിയും വർത്തമാനങ്ങളും മുഴങ്ങുകയാണ് ചെവിയിൽ…

ഞങ്ങളെ നാണം കെടുത്താതെ അവൾക്ക് എല്ലാം തുറന്നു പറയാമായിരുന്നു….ഒഴിവാക്കാൻ പറ്റാത്ത അത്ര അടുപ്പമായിരുന്നേൽ നടത്തി കൊടുത്തേനെ…പ്രായത്തിന്റെ ചപലതകൾ….ജീവിതം എന്തെന്നറിയാത്ത പ്രായത്തിൽ പ്രണയത്തിന്റെ ഉന്മാദത്തിൽ എല്ലാ ബന്ധങ്ങളും കടപ്പാടുകളും മറക്കും. എതിരു പറയുന്നവർ അവരുടെ ശത്രുക്കളുമാകും. എത്ര പൊറുക്കാനും മറക്കാനും ശ്രമിച്ചിട്ടും സമൂഹത്തിന്റെ മുമ്പിൽ ഞങ്ങളെ നാണം കെടുത്തിയ മകളോട് സഹതാപം തോന്നിയില്ല. ഞങ്ങളെ സമാശ്വാസിപ്പിക്കുന്ന ആൾക്കാരേക്കാൾ അവളെ സപ്പോർട്ട് ചെയ്യുന്നവരാണ് സമൂഹത്തിൽ കൂടുതലും…അതാണല്ലോ ആധുനിക സമൂഹം…

ഗെയ്റ്റ് തുറക്കുന്ന ഒച്ച കേട്ടാണ് സോഫയിൽ നിന്നും തല പൊക്കി നോക്കിയത്. ആരോ മുറ്റത്തേയ്ക്ക് വരുന്നുണ്ട്. കണ്ണടച്ചു കിടന്നതു കൊണ്ട് കണ്ണിന് ചെറിയൊരു മൂടൽ

വേണുവേ എന്ന് നീട്ടിയുള്ള വിളികേട്ടാണ് ആളെ മനസ്സിലായത്. തൊട്ടടുത്ത വീട്ടിലെ തോമസ്സു ചേട്ടനും ചേച്ചിയുമാണ്. അവർ മാത്രമാണ് ഇപ്പോൾ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വരാറുള്ളു…അവർക്ക് നാല് പെൺ മക്കളായിരുന്നു. എല്ലാരും കല്യാണം കഴിഞ്ഞ് വെളിയിൽ ജീവിക്കുന്നു. ആരും പേരുദോഷം വരുത്തി വെച്ചിട്ടുമില്ല…അപ്പച്ചനേയും അമ്മച്ചിയേയും അവർ അങ്ങോട്ട് കൊണ്ടുപോകാൻ നോക്കിയതാണ്. പക്ഷെ അവർക്ക് ഈ നാട്ടിൽ കിടന്ന് മരിച്ചാ മതീന്ന് പറഞ്ഞ് പോകാതെ നിൽപ്പാണ്…

എന്നേക്കാൾ സങ്കടം ഈ അപ്പച്ചനും അമ്മച്ചിക്കുമാണ്. അവരും മോളുമായി കൂട്ടുകാരെപ്പോലെയാണ്. അവരും മോളെ സ്വന്തം മോളെപ്പോലെ സ്നേഹിച്ചിരുന്നു..ആശുപത്രിയിൽ പോകാനും ബേങ്കിൽ പോകാനും അവളായിരുന്നല്ലോ പോയിരുന്നത്. എന്റെ വീടു പോലെ മൂകമാണ് അവരുടെ മനസ്സും…

എന്റെ കസേരയുടെ അരുകിലെ കസേരയിൽ തോമസുചേട്ടൻ വന്നിരുന്നു. എന്നും കുശലം പറയാൻ വരുന്നവർ പോലും ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. വെറുപ്പുണ്ടായിട്ടാവില്ല ഞങ്ങളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്ന വിഷമത്തിലാവും ആരും വരാത്തത്. അതുമല്ല ഒരിക്കലും അടച്ചിടാത്ത ഗെയ്റ്റ് ഞാൻ തന്നെയല്ലെ അടച്ചിടാൻ തുടങ്ങിയത്. അതു കാണുമ്പോൾ ആരാണ് വരാൻ കൂട്ടാക്കുക. എല്ലാരിൽനിന്നും ഞാൻ ആയിരുന്നല്ലോ ഒളിച്ച് ഇരുന്നത്

എത്ര ദിവസം ഇങ്ങനെ വീട്ടിൽതന്നെ ഇരിക്കും. മോനും ഇപ്പോൾ വിളിക്കുക അപൂർവ്വമാണ്. അവൻ ഇനി ഇങ്ങോട്ട് വരുന്നില്ലാന്നാ പറയുന്നത്. അവന് വയ്യത്രെ നാട്ടുകാരോട് സമാധാനം പറയാൻ…ഈ പറമ്പും വീടും വിൽക്കാൻ ആരോടോ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്. അവന്റെ ജോലി സ്ഥലത്ത് ഒരു വീടു വാങ്ങി മാറാമെന്നാ അവന്റെ തീരുമാനം. ഇനി വീടും പറമ്പും വിൽക്കാൻ ഇഷ്ടമില്ലേൽ ഞങ്ങളോട് അവിടെ നിന്നോ എന്നെ ഇനിയങ്ങോട്ട് പ്രതീക്ഷിക്കേണ്ടാ….ഇതായിരുന്നു അവന്റെ അവസാനത്തെ ഫോൺ വന്നപ്പോൾ പറഞ്ഞത്

ഏറേ ആലോജിച്ചപ്പോൾ അത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി. അവനെക്കൂടി പിണക്കുവാൻ വയ്യ. ആകെ ഇനി ഒരു പ്രതീക്ഷ അവനിൽ ആണ്…ആർക്കറിയാം മക്കൾ വലുതായിക്കഴിഞ്ഞാൽ അവരാണല്ലോ കാർന്നോൻമ്മാരുടെ ജീവിതം തീരുമാനിക്കുന്നത്…ദിവസം രണ്ട് നേരം വിളിച്ചോണ്ടിരുന്നതാ…ഇപ്പോൾ ദിവസങ്ങളായി ഒരു കോൾ വന്നിട്ട്…അവനും കുറ്റപ്പെടുത്തുന്നത് ഞങ്ങളേയാ…

എന്തിനും ഏതിനും വളം വെച്ച് കൊടുത്ത് മോളെ വഷളാക്കിയത് അച്ഛനും അമ്മയുമാന്ന്…ഒരിക്കലും മക്കൾ മോശമാകാൻ ആരാണ് കൂട്ടുനിൽക്കുക…അവന് കൊടുത്തതു പോലെ സ്നേഹമേ അവൾക്കും കൊടുത്തിട്ടുള്ളു…എവിടെയാണ് മക്കളെ വളർത്തുന്നതിൽ തെറ്റുകൾ പറ്റുന്നത് ? എങ്ങിനെയാണ് മക്കൾക്ക് അച്ഛന്റേയും അമ്മയുടേയും സ്നേഹം മറന്ന് അവരെ വേദനിപ്പിക്കാൻ പറ്റുന്നത് ?

നെടുവീർപ്പോടെ തോമസു ചേട്ടന്റെ മുഖത്തേയ്ക്ക് നോക്കി. അവരും മൗനം പൂണ്ട് മുഖത്തോട് മുഖം നോക്കി ഇരിപ്പുണ്ട് പല ചോദ്യങ്ങൾക്കും ഉത്തരം തേടി എന്നതു പോലെ…

~അനിൽ ഇരിട്ടി