വിവാഹത്തിനു ശേഷം മനുവേട്ടനോടൊപ്പം ഞാനും ബാംഗ്ലൂരിലേക്ക് തിരിച്ചു. അവിടെ എന്റെ ജീവിതം പൂർണമായും മാറുകയാണ് എന്ന് അറിഞ്ഞിരുന്നില്ല…

ഉറവ വറ്റാത്ത പ്രണയം

രചന : അപ്പു

::::::::::::::::::::::

ഇനി ഇവിടേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ..? ആ ചിന്തയിൽ ആർത്തിയോടെ അവൾ അവിടെ മുഴുവൻ കണ്ണോടിച്ചു. കണ്ണുകൾ നിറഞ്ഞിരുന്നു. തന്റെ സ്വർഗം.. അതായിരുന്നു ഇവിടം.. പക്ഷെ…!!

“പോകാം…”

കാർക്കശ്യത്തോടെ അച്ഛൻ പറഞ്ഞത് കേട്ട് ഓർമയിൽ നിന്ന് ഞെട്ടിയുണർന്ന് അദ്ദേഹത്തെ നോക്കി. പിന്നെ സമ്മത ഭാവത്തിൽ തല കുലുക്കി കൊണ്ട് മുന്നോട്ട് നടന്നു. അതിനിടയിൽ സോഫയിൽ ഇരിക്കുന്ന ആ രൂപത്തിലേക്ക് ഒരിക്കൽ കൂടി നോക്കി. ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്നൊരു ഭാവം ആണ്. അല്ലെങ്കിൽ തന്നെ ഇവിടെ നടന്നതൊക്കെ ഓർത്തെടുക്കാനുള്ള ബോധം അയാൾക്കുണ്ടോ എന്ന് തന്നെ സംശയം ആണ്.

അയാളുടെ ആ രൂപം വല്ലാത്ത വേദന ആയി. ഇത്രത്തോളം ദുരിതങ്ങൾ അനുഭവിച്ചിട്ടും തനിക്ക് ഇതുവരെയും അയാളെ വെറുക്കാൻ കഴിഞ്ഞിട്ടില്ല എന്ന് അമ്പരപ്പോടെ ചിന്തിച്ചു.

വീട്ടിലേക്കുള്ള മടക്കയാത്രയാണ്. എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചുകൊണ്ട്.. അയാളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്.. പക്ഷേ അതിന് തനിക്ക് കഴിയുമോ എന്നുള്ളതു മാത്രം ഒരു ചോദ്യചിഹ്നമാണ്..!

അയാൾ.. എന്റെ ഭർത്താവ്.. പ്രിയപ്പെട്ട മനുവേട്ടൻ..!!

എന്റെ അമ്മാവന്റെ മകനാണ് മനുവേട്ടൻ. ഞങ്ങളുടെ കുട്ടിക്കാലത്ത് തന്നെ ഞാൻ മനുവേട്ടന് ഉള്ളതാണെന്ന് അച്ഛനും അമ്മാവനും കൂടി വാക്ക് പറഞ്ഞിരുന്നു. അത് കേട്ട് വളർന്നത് കൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ പ്രണയം മൊട്ടിടാൻ അധികം കാലതാമസം ഉണ്ടായില്ല. അടുത്തടുത്ത വീടുകൾ ആയതുകൊണ്ട് തന്നെ തമ്മിൽ കാണാനോ സംസാരിക്കാനോ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിലുള്ള ബന്ധം വീട്ടുകാർ തന്നെ അംഗീകരിച്ചത് ആയതുകൊണ്ട് പ്രത്യേകിച്ച് യാതൊരുവിധ തടസ്സങ്ങളും ഉണ്ടായിരുന്നില്ല.

ഞങ്ങളുടെയൊക്കെ സന്തോഷങ്ങൾക്ക് കടിഞ്ഞാണിട്ടു കൊണ്ടാണ് അമ്മാവൻ ലോകം വിട്ട് പോയത്. അന്നോളം അമ്മാവന്റെ തണലിൽ ജീവിച്ച അമ്മായിക്ക് പിന്നീട് എന്തുവേണമെന്ന് അറിയുന്നുണ്ടായിരുന്നില്ല. ആ സമയത്ത് അവർക്ക് തുണയായത് അച്ഛൻ തന്നെയായിരുന്നു. പിന്നീട് മനുവേട്ടനെ പഠിപ്പിച്ചതും അച്ഛനായിരുന്നു.

മനുവേട്ടന്റെ പഠനം കഴിഞ്ഞതോടെ ക്യാമ്പസ് സെലക്ഷനിൽ അദ്ദേഹത്തിന് ബാംഗ്ലൂർ ജോലി ശരിയായി. പരസ്പരം വിട്ടുപിരിയാൻ ഞങ്ങൾക്കും സങ്കടമായിരുന്നു. പക്ഷേ ഞങ്ങളുടെ ഭാവിക്ക് വേണ്ടി ഈ ഒരു വേർപാട് അത്യാവശ്യമായിരുന്നു.

കണ്ണീരോടെ മനുവേട്ടനെ യാത്രയാക്കി. അവിടെ എത്തിക്കഴിഞ്ഞതിനുശേഷം മനുവേട്ടൻ എല്ലാദിവസവും വിളിക്കാറുണ്ടായിരുന്നു. ഓരോ ദിവസത്തെയും വിശേഷങ്ങൾ മനുവേട്ടൻ പറയാറുണ്ട്. നാട്ടിലെ വിശേഷങ്ങൾ ഒക്കെ മനുവേട്ടനോട് പറയാൻ തനിക്കും വല്ലാത്ത ആവേശമായിരുന്നു.

പക്ഷേ പിന്നീട് എപ്പോഴോ മനുവേട്ടന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. നാട്ടിലേക്ക് വരാതായി. അത് ഞങ്ങൾക്കൊക്കെ ഒരുപോലെ സങ്കടമായി തീർന്നു.

മനുവേട്ടനെ വിളിച്ച് അത്യാവശ്യമായി നാട്ടിലേക്ക് വരണം എന്ന് അച്ഛൻ അറിയിച്ചതിനെ തുടർന്നാണ് മനുവേട്ടൻ നാട്ടിലെത്തിയത്. അന്ന് കണ്ട മനുവേട്ടനെ ഞാൻ അതിനു മുൻപ് ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. ക്ഷീണിച്ച് അവശനായി വല്ലാത്തൊരു കോലത്തിൽ ആയിരുന്നു മനുവേട്ടൻ വന്നത്. ആ രൂപം കണ്ട ഞാൻ അമ്പരന്നു പോയി.

അച്ഛന്റെ നിർബന്ധപ്രകാരം ഉടനെ തന്നെ ഞങ്ങളുടെ വിവാഹം നിശ്ചയിച്ചു. അതുവരെ മനുവേട്ടൻ കമ്പനിയിൽ നിന്ന് ലീവ് എടുത്തു. ഓരോ ദിവസവും മനുവേട്ടന്റെ സ്വഭാവത്തിലുള്ള വ്യത്യാസം എന്നെ സംശയത്തിലാഴ്ത്തി.

വിവാഹത്തിനു ശേഷം മനുവേട്ടനോടൊപ്പം ഞാനും ബാംഗ്ലൂരിലേക്ക് തിരിച്ചു. അവിടെ എന്റെ ജീവിതം പൂർണമായും മാറുകയാണ് എന്ന് അറിഞ്ഞിരുന്നില്ല.

രാവിലെ ഓഫീസിലേക്ക് പോകുന്ന മനുവേട്ടൻ തിരികെ വരുന്നത് വല്ലാത്തൊരു രൂപത്തിൽ ആയിരിക്കും. കണ്ണ് ചുവന്ന..മുടിയൊക്കെ പാറിപ്പറന്ന്..അലസമായി വേഷം ധരിച്ച മനുവേട്ടൻ.. ഇടയ്ക്ക് എപ്പോഴോ മനുവേട്ടന്റെ വായിൽ നിന്ന് തന്നെയാണ് അറിഞ്ഞത് ബാംഗ്ലൂരിലേക്ക് ജോലിക്ക് വന്നതിനു ശേഷം മനുവേട്ടൻ ലഹ രിക്ക് അടിമപ്പെട്ടു പോയി എന്ന്.

പുതിയൊരു നാട്ടിലേക്ക് വന്നപ്പോൾ ഉള്ള തെറ്റായി മാത്രമേ അത് കരുതിയുള്ളൂ. അത് മാറ്റിയെടുക്കാൻ കഴിയും എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മനുവേട്ടനെ ആശ്വസിപ്പിച്ചു ഒപ്പം നിന്നു. പക്ഷേ എന്റെ പ്രതീക്ഷകൾ ഒക്കെ അസ്ഥാനത്താണ് എന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്.

ആ ഫ്ലാറ്റിലേക്ക് സ്ഥിരമായി മനുവേട്ടനോടൊപ്പം ചില പെൺകുട്ടികൾ വരാറുണ്ടായിരുന്നത്രേ..! അടുത്ത ഫ്ലാറ്റിലെ താമസക്കാരിൽ നിന്ന് കേട്ട വാർത്ത നെഞ്ച് തകർത്തു കളഞ്ഞു. മനുവേട്ടനോട് ചോദിച്ചപ്പോൾ തലകുനിച്ചിരുന്നതല്ലാതെ എതിർത്തില്ല. അതോടെ അത് സത്യമാണെന്ന് ബോധ്യമായി.

പിന്നീടുള്ള ദിവസങ്ങളിലും മനുവേട്ടനിൽ പ്രത്യേകിച്ച് വ്യത്യാസങ്ങൾ ഒന്നും വന്നില്ല. എന്നും പലതരം ലഹ രിയുടെ പിടിയിലായിരുന്നു അയാൾ. അയാളോടുള്ള പ്രണയത്തിൽ യാതൊരു വിധ വ്യത്യാസവും വരാത്തതു കൊണ്ട് ആയിരിക്കാം നാട്ടിൽ ഇതൊന്നും അറിയിക്കാൻ മുതിർന്നില്ല.

പക്ഷേ മകളെ ജീവനായി കരുതുന്ന അച്ഛനും അമ്മയ്ക്കും മകളുടെ സ്വഭാവത്തിലെ വ്യത്യാസം പെട്ടെന്നു തന്നെ മനസ്സിലായി. അവർ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ എതിർത്തു നിൽക്കാൻ കഴിഞ്ഞില്ല. കാര്യങ്ങൾ എല്ലാം തുറന്നു പറയുമ്പോൾ അവർക്കും അമ്പരപ്പായിരുന്നു.

മകളെ കൂടുതൽ ദുഃഖത്തിലേക്ക് തള്ളിവിടാൻ തയ്യാറല്ലാത്തതു കൊണ്ടായിരിക്കാം അച്ഛൻ പിറ്റേന്ന് തന്നെ ബാംഗ്ലൂർ എത്തിയത്. തന്നെ കൊണ്ടുപോവുകയാണ് എന്ന് അച്ഛൻ പറയുമ്പോൾ എങ്കിലും മനുവേട്ടൻ എതിർക്കും എന്ന് കരുതി. പക്ഷേ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ തലകുലുക്കി സമ്മതം അറിയിക്കുകയാണ് ചെയ്തത്.

ഇന്ന് നാട്ടിലെത്തിയിട്ട് രണ്ടുമാസത്തോളം കഴിഞ്ഞിരിക്കുന്നു. ഇതുവരെ യാതൊരുവിധ വിവരങ്ങളും ഇല്ല. എപ്പോഴൊക്കെയോ അയാളെ വിളിക്കാൻ ശ്രമിച്ചിരുന്നു.പക്ഷേ.. ആ കോളുകൾ ഒന്നും അറ്റൻഡ് ചെയ്യപ്പെട്ടില്ല.

ഇപ്പോൾ ഡിവോഴ്സിനു വേണ്ടി അച്ഛൻ നിർബന്ധിക്കുന്നുണ്ട്. അമ്മായിയും അതു തന്നെയാണ് പറയുന്നത്. അവരുടെ മകൻ നശിപ്പിച്ച എന്റെ ജീവിതത്തെ ഓർത്ത് അവർ എന്നും കണ്ണീർ ഒഴുക്കുന്നുണ്ട്. പക്ഷേ ഈ നിമിഷവും എനിക്ക് അയാളോട് പ്രണയം മാത്രമാണെന്ന് ഞെട്ടലോടെയാണ് ഞാൻ ഓർക്കുന്നത്.

ഒരു ദിവസം പടി കടന്നുവന്ന മനുവേട്ടനെ അമ്പരപ്പോടെ ആണ് നോക്കിയത്. പണ്ടത്തെ എന്റെ മനുവേട്ടന്റെ അതേ പ്രതിച്ഛായ. കണ്ണുകളിൽ നിന്ന് അകന്നുപോയ തിളക്കം തിരികെ എത്തിയിരിക്കുന്നു. രൂപത്തിലും ഭാവത്തിലും ഉണ്ടായിരുന്ന അലസത പാടെ മാറിയിരിക്കുന്നു.

” അമ്മാവാ.. എനിക്ക് തെറ്റുപറ്റി പോയതാണ്. ആരും തുണയില്ലാത്ത ആ നഗരത്തിലേക്ക് എത്തിയപ്പോൾ കൂട്ടു കിട്ടിയ കൂട്ടുകാർ പതിയെ പതിയെ എനിക്ക് പകർന്നു തന്നതാണ് ആ ലഹരി. അതിന്റെ പേരിൽ ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തു കൂട്ടിയിട്ടുണ്ട് എന്ന് ഈ നിമിഷം എനിക്കറിയാം.അതൊക്കെ മറക്കാൻ കഴിയുമെങ്കിൽ.. അവളെ എനിക്ക് തന്നുടെ..?”

അച്ഛന്റെ കാൽക്കൽ വീണു ക്ഷമ ചോദിച്ചു മനുവേട്ടൻ ചോദിക്കുമ്പോൾ മനുവേട്ടനെ ചേർത്തു പിടിച്ചതെ ഉള്ളൂ അച്ഛൻ. അല്ലെങ്കിലും മനുവേട്ടനോട് എതിർത്ത് നിൽക്കാനൊന്നും അച്ഛനു കഴിയില്ല.ചെറുപ്പം മുതലേ മകനായി കണ്ട് സ്നേഹിച്ചതാണ്. അതുകൊണ്ടുതന്നെ ആ സ്നേഹ വാത്സല്യങ്ങൾ എന്നും ഉണ്ടാകും.

അമ്മയോടും അമ്മായിയോടും ഒക്കെ ക്ഷമ പറയുന്നുണ്ടായിരുന്നു. അപ്പോഴും എന്റെ മുഖത്തേക്ക് നോക്കാൻ ആകാതെ തലകുനിച്ചു നിന്നതേയുള്ളൂ. ഞങ്ങളെ തനിച്ചാക്കി അച്ഛനും അമ്മയും അമ്മായിയും അകത്തേക്ക് പോയി കഴിഞ്ഞപ്പോൾ പതിയെ എനിക്ക് അടുത്തേക്ക് വന്നു.

” നിനക്ക് മറക്കാനും പൊറുക്കാനും പറ്റുന്ന തെറ്റുകൾ അല്ല ഞാൻ ചെയ്തത് എന്ന് എനിക്കറിയാം. പക്ഷേ എന്നോടുള്ള സ്നേഹത്തിൽ ഒരു തരി എങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ, എന്നോട് ക്ഷമിക്കണം. ഇനി ഒരിക്കലും ഇങ്ങനെ ഒന്നും നമ്മുടെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന് ഞാൻ ഉറപ്പു തരാം. “

അത്രയും പറഞ്ഞു മുഖത്തേക്ക് നോക്കി.

” പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം ഉണ്ടാകാൻ എന്താ കാര്യം..? “

എനിക്ക് അറിയേണ്ടിയിരുന്നത് അത്ര മാത്രമായിരുന്നു.

” അന്ന് അമ്മാവൻ നിന്നെ അവിടെ നിന്നു കൊണ്ടുവരുമ്പോൾ ഞാൻ ലഹരിയിൽ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അവിടെ നടന്നതിന്റെ പൂർണ്ണരൂപം എനിക്കറിയില്ലായിരുന്നു. രണ്ട് ദിവസം എടുത്തു നീ എന്നോടൊപ്പം ഇല്ല എന്ന് എനിക്ക് തിരിച്ചറിവ് ഉണ്ടാകാൻ.. അതിനുശേഷം ഭ്രാന്ത് പിടിച്ച പോലെയായിരുന്നു. എവിടെ നോക്കിയാലും നിന്നെ മാത്രമേ ഞാൻ കാണുന്നുണ്ടായിരുന്നുള്ളൂ. പക്ഷേ. നീ എന്നോടൊപ്പം വരണമെങ്കിൽ എന്റെ സ്വഭാവത്തിൽ മാറ്റം ഉണ്ടാകണമെന്ന് എനിക്ക് ആ നിമിഷം തോന്നി . അതുകൊണ്ടാണ് ഒരു ഡോക്ടറുടെ സഹായം തേടിയത്. അത് നന്നായി എന്ന് എനിക്ക് ഈ നിമിഷം തോന്നുന്നുണ്ട്. ഡോക്ടറുടെ കഴിവു കൊണ്ടാണ് എനിക്ക് ഇത്ര പെട്ടെന്ന് ഒരു റിക്കവറി ഉണ്ടായത്.”

അവൻ പറഞ്ഞത് കേട്ട് അവൾ മനസ്സു നിറഞ്ഞു പുഞ്ചിരിച്ചു. കുറച്ചുകാലത്തെ വിരഹം അനുഭവിക്കേണ്ടി വന്നുവെങ്കിലും അവന്റെ സ്വഭാവത്തിൽ പൂർണ്ണമായും മാറ്റം ഉണ്ടായി എന്ന് ആ നിമിഷം അവൾക്ക് ഉറപ്പായി. അവനോടുള്ള പ്രണയം ഉറവ വറ്റാതിരുന്നത് കൊണ്ടായിരിക്കും അവനിലേക്ക് ചേർന്ന് നിൽക്കാൻ അവൾക്ക് മടി തോന്നാത്തത്. ഇനി ഒരിക്കലും ഒരു തെറ്റിലേക്കും പോകില്ല എന്ന് ആ നിമിഷം അവൻ അവളോട് മൗനമായി പറയുകയായിരുന്നു.

✍️അപ്പു