ആ നാളിൽ….
രചന : അപ്പു
:::::::::::::::::::::::::::
” അപ്പോൾ നാളെയാണ് റിലീസ്.. അല്ലേ..? “
അമ്മിണി ചേച്ചി ചോദിക്കുന്നത് കേട്ട് നിർവികാരത മാത്രമേ തോന്നിയുള്ളൂ..! ഇത്രയും നാളുകൾ നാളെ എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഇപ്പോഴും അതില്ല.. പക്ഷെ നാളെ എന്നൊരു പുലരി ഉണ്ടായാൽ തീർച്ചയായും ഇവിടെ നിന്ന് ഇറങ്ങേണ്ടി വരും.. പക്ഷെ, അതിന് ശേഷം എന്ത്..?
അവളുടെ ചിന്തകൾക്ക് ചൂട് പിടിച്ചു. ഓർമ്മകൾ അവളെ കുത്തി നോവിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി.
അവൾ കീർത്തി. അച്ഛനും അമ്മയും ഏട്ടനും അടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു അവളുടെത്. പക്ഷേ അവളുടെ പതിനഞ്ചാം വയസ്സിൽ അച്ഛനും അമ്മയും ഒരു ആക്സിഡന്റ് രൂപത്തിൽ അവളെ വിട്ടു പോയി. പിന്നീട് അവളുടെ ലോകം അവളുടെ ഏട്ടൻ മാത്രമായിരുന്നു. മോശമല്ലാത്ത രീതിയിലുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നതു കൊണ്ട് തന്നെ ബന്ധുക്കൾ സംരക്ഷണം ഏറ്റെടുക്കാൻ മത്സരിച്ചു.
പിന്നീട് അമ്മാവനോടൊപ്പം ആയിരുന്നു താമസം. എങ്കിൽ പോലും അവരുടെ ചെലവിനുള്ള പണം അവർക്ക് അവകാശപ്പെട്ട പറമ്പിൽ നിന്നു തന്നെ കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ അവിടെ ആരും മുഷിച്ചിൽ ഒന്നും കാണിച്ചില്ല. എന്നുമാത്രമല്ല നല്ല സ്നേഹമായിരുന്നു. ആ സമയങ്ങളിലൊന്നും അച്ഛനോ അമ്മയോ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടൊന്നും അവർ അറിഞ്ഞിരുന്നില്ല.
പക്ഷേ ആ ബുദ്ധിമുട്ടുകൾ ഒക്കെ നേരിടേണ്ടി വന്നത് മറ്റൊരു രൂപത്തിൽ ആയിരുന്നു. ഏട്ടൻ കോളേജിൽ പോയി തുടങ്ങിയ ഉടനെ അവളുടെ ജീവിതം തന്നെ മാറി. പഴയതു പോലെ അവൾക്കൊപ്പം സമയം ചെലവഴിക്കാനോ കളി പറയാനോ ഏട്ടൻ വരാറില്ല.അതൊക്കെ അവന്റെ പഠന തിരക്കുകൾ ആയിരിക്കും എന്ന് ആ കുഞ്ഞു അനിയത്തി കരുതി.
വർഷങ്ങൾ കടന്ന് പോയി. അവൾ കോളേജിലേക്ക് എത്തി. അവന്റെ തന്നെ കോളേജിൽ ആയിരുന്നു അവൾക്ക് അഡ്മിഷൻ എടുത്തത്. പക്ഷെ എന്തുകൊണ്ട് എന്നറിയില്ല. അവനു അതിനോട് താല്പര്യം ഉണ്ടായിരുന്നില്ല. ഏട്ടന്റെ കള്ളത്തരങ്ങൾ ഒക്കെ ഞാൻ കണ്ടുപിടിക്കും എന്ന് അവൾ അന്ന് വെറുതെ അവനെ വെല്ലുവിളിച്ചു.
കോളേജിൽ വന്നപ്പോൾ അവൻ ഒരു ക്‌ളീൻ ഇമേജ് ഉള്ള ചെറുപ്പക്കാരൻ ആണെന്ന് അവൾ മനസ്സിലാക്കി. എന്റെ ഏട്ടനാ എന്ന് അവൾ ഓരോരുത്തരോടും അഭിമാനത്തോടെ പറഞ്ഞു.
അവനു രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ശ്രീദേവും കിരണും. ശ്രീദേവിന് ഒരു അനിയത്തി ഉണ്ട്. ശ്രീലക്ഷ്മി. അവളും കീർത്തിയോടൊപ്പം ആയിരുന്നു പഠിച്ചിരുന്നത്. ഇരുവരും തമ്മിൽ മോശമല്ലാത്ത ഒരു സൗഹൃദം രൂപപ്പെട്ടു.
കീർത്തിയുടെ ഏട്ടൻ കാർത്തിക്കും ശ്രീലക്ഷ്മിയോട് അടുപ്പം കാണിച്ചിരുന്നു. അത് ഒരു സഹോദരന്റെ സ്നേഹം ആയി മാത്രമേ എല്ലാവരും കണ്ടുള്ളൂ. പക്ഷെ, അവന്റെ ചിന്ത മറ്റൊന്ന് ആയിരുന്നു എന്ന് അറിഞ്ഞത് ലക്ഷ്മിക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ ആണ്.
അന്ന് ലൈബ്രറിയിലേക്ക് പോയ അവളെ ഒരുപാട് നേരമായിട്ടും കാണാതെ ആയപ്പോൾ, അന്വേഷിച്ചു ചെന്നപ്പോൾ ആണ് ആളൊഴിഞ്ഞ ഒരു മൂലയിൽ നഗ്നയായി കിടക്കുന്ന അവളെ കണ്ടത്. ആ കാഴ്ച കണ്ട് തനിക്ക് പുറമെ അവളുടെ ഏട്ടനും അവളെ പ്രാണൻ ആയി കണ്ട് സ്നേഹിക്കുന്നവനും തളർന്നു പോയിരുന്നു.
അവളെ വാരിയെടുത്തു ആശുപത്രിയിലേക്ക് ഓടുമ്പോൾ അവരോ താനോ അറിഞ്ഞിരുന്നില്ല എന്റെ ഏട്ടൻ ആയിരുന്നു അവളുടെ അവസ്ഥക്ക് പിന്നിൽ എന്ന്.
ഒരുപാട് പ്രാർത്ഥനകൾക്ക് ശേഷമാണ് അവൾ ജീവിതത്തിലേക്ക് തിരികെ വന്നത്. യാതൊരു പ്രതികരണവും ഇല്ലാത്ത രൂപത്തിൽ.. ആ കാഴ്ച ഞങ്ങൾക്കൊക്കെ താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
അവൾ എന്നെ മാത്രം ഒരു നിർവികാരതയോടെ നോക്കുന്നത് എപ്പോഴോ ഞാൻ ശ്രദ്ധിച്ചു.മറ്റുള്ളവരോട് അവൾ സ്നേഹത്തോടെ ഇടപെടാൻ ശ്രമിക്കുമ്പോഴും എന്നെ മാത്രം ഒഴിവാക്കുന്നത് ഞാൻ മനസ്സിലാക്കി. അതിന്റെ പിന്നിലുള്ള കാരണം തേടി ഞാൻ അലഞ്ഞു.
” നിന്റെ ഏട്ടന് എന്റെ മേൽ ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. സ്വന്തം സഹോദരനെ പോലെ തന്നെയാണ് കണ്ടത്. അതൊരു തെറ്റായിപ്പോയി എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. “
അവളെ ഒരുപാട് നിർബന്ധിച്ചപ്പോൾ അവൾ അത്രമാത്രം പറഞ്ഞു. പക്ഷേ ആ വാക്കുകൾ വിശ്വസിക്കാനോ അവിശ്വസിക്കാനോ കഴിയാത്ത തരത്തിലുള്ള നിസ്സഹായ അവസ്ഥയിലായിരുന്നു താൻ. കാരണം കോളേജിലുള്ള ക്ലീൻ ഇമേജ് തന്നെയായിരുന്നു. അവൻ ഇങ്ങനെ ഒരു തെറ്റ് ചെയ്യും എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. പക്ഷേ അവളെ അവിശ്വസിക്കാനും കഴിയില്ല. തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരന്തത്തെക്കുറിച്ച് ഒരു പെൺകുട്ടിയും നുണ പറയില്ലല്ലോ..!
സംശയിച്ചിട്ടാണെങ്കിലും ഞാൻ അന്വേഷണത്തിന് ഇറങ്ങി. ആ അന്വേഷണമാണ് ഞങ്ങൾ കുറെ പേരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഒരിക്കൽ എനിക്ക് കൊറിയർ ആയി ഒരു മൊബൈൽ ഫോൺ ലഭിച്ചു. അതോടൊപ്പം ഒരു കുറിപ്പും.ആ മൊബൈൽ ഫോണിൽ എന്റെ സ്വഭാവ ദൂഷ്യത്തെ സംബന്ധിക്കുന്ന എന്തൊക്കെയോ ഉണ്ട് എന്നായിരുന്നു. ഒന്നു മടിച്ചിട്ടാണെങ്കിലും അത് ഓപ്പൺ ചെയ്തു നോക്കി. അതോടെ തളർന്നു പോയി താൻ.
ശ്രീലക്ഷ്മിക്ക് മുൻപേ മറ്റൊരു പെൺകുട്ടിയോടും ഏട്ടൻ അപമര്യാദയായി പെരുമാറിയിട്ടുണ്ട് എന്ന രീതിയിൽ ഒരു വീഡിയോ അതിൽ ഉണ്ടായിരുന്നു.
പിന്നീട് നടന്നതെല്ലാം തന്റെ പ്ലാനിങ് ആയിരുന്നു.ഏട്ടനൊപ്പം ശ്രീയേട്ടനെയും കിരണേട്ടനെയും വിളിച്ചു വരുത്തിയത് താൻ ആയിരുന്നു. തന്റെ കയ്യിൽ കിട്ടിയ തെളിവുകൾ ശ്രീയേട്ടനും കിരണേട്ടനും പങ്കു വച്ചത് താനായിരുന്നു. പക്ഷേ അത് ഞാനായിരുന്നു എന്ന് ചേട്ടൻ ഒരിക്കലും അറിഞ്ഞില്ല.
” നിന്നെ ഒരു ചേട്ടനെപ്പോലെ സ്നേഹിച്ചതല്ലേ അവൾ..? എന്നിട്ടും അവളോട് ഇങ്ങനെ പെരുമാറണമെന്ന് നിനക്ക് എങ്ങനെ തോന്നി..? “
ശ്രീയേട്ടൻ ദേഷ്യത്തോടെ ചോദിക്കുന്നത് ഒരു വാതിലിന് മറവിൽ നിന്ന് താൻ കേൾക്കുന്നുണ്ടായിരുന്നു.
“നിങ്ങൾ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടുണ്ട് എന്ന് എനിക്കറിയാം.അവളെ കണ്ട സമയം മുതൽ എനിക്കുള്ള ആഗ്രഹമായിരുന്നു ഞാൻ തീർത്തത്. സത്യം പറഞ്ഞാൽ അവൾ എന്ന ഒരാൾ നിങ്ങളോടൊപ്പം ഉള്ളതുകൊണ്ടാണ് നിങ്ങളോടൊപ്പം ഞാൻ സൗഹൃദം നടിച്ചത്. അല്ലെങ്കിൽ പിന്നെ നിങ്ങളുടെ കൂട്ട് കിട്ടിയിട്ട് എനിക്ക് എന്ത് ലാഭം ആണ്..?”
പുച്ഛത്തോടെ ചിരിച്ചു കൊണ്ട് സംസാരിക്കുന്നത് എന്റെ ഏട്ടൻ അല്ല എന്ന് ഒരു നിമിഷം എനിക്ക് തോന്നി. പിന്നീട് ഞാൻ കേട്ടത് അടിയുടെയും മറ്റും ബഹളമാണ്.
“നീ ഇനിയെങ്ങനെ ഇവിടെ നിന്ന് രക്ഷപ്പെട്ടു പോകുമെന്ന് ഞാനൊന്ന് കാണട്ടെ..”
കിരൺ ഏട്ടന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന കാർത്തിയേട്ടനെ കണ്ടുകൊണ്ടാണ് ആ മുറിയിലേക്ക് താൻ കടന്നത്.
പിന്നിൽ ഒരു കുത്ത് ഏറ്റത് അറിഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയ കാർത്തി കണ്ടത് കീർത്തിയേ ആയിരുന്നു.
“മോളെ… നീ…”
അവൻ അമ്പരപ്പോടെ വിളിച്ചു.
” എന്തിനാ ചേട്ടാ ഇങ്ങനെയൊക്കെ..? ചേട്ടന് അറിയില്ലായിരുന്നോ അവൾ ഒരു പെങ്ങൾ ആണെന്ന്.. അവളെ ജീവനായി സ്നേഹിക്കുന്ന ഒരാൾ ഉണ്ടെന്ന് ചേട്ടന് അറിയില്ലായിരുന്നോ..? എന്തിനാ ചേട്ടാ..? “
കണ്ണീർ ഒഴുകുന്നുണ്ടെങ്കിലും അവൾ വാക്കുകൾ ഇടറാതെ ചോദിച്ചു.
“എനിക്കായിരുന്നു ഇങ്ങനെ ഒരു അവസ്ഥ വന്നിരുന്നെങ്കിൽ ചേട്ടൻ എന്ത് ചെയ്യുമായിരുന്നു..? മറ്റൊന്നും വേണ്ട അവളുടെ സ്ഥലത്ത് ചേട്ടൻ വെറുതെയെങ്കിലും എന്നെ ഒന്ന് സങ്കൽപ്പിച്ചു നോക്ക്.. “
അങ്ങനെ ഒരു ചിന്ത മനസ്സിൽ വന്നപ്പോൾ തന്നെ അവൻ തല കുടയുന്നത് അവൾ കണ്ടു.
“മോളെ അങ്ങനെയൊന്നും പറയരുത്.”
അവൻ പെട്ടെന്ന് പറഞ്ഞു.
“ചേട്ടനെ പോലെ തന്നെ വേദനിക്കുന്ന ഒരാളാണ് മുന്നിൽ നിൽക്കുന്നത്. സത്യം പറഞ്ഞാൽ ചേട്ടനെ കൊന്നു കളയാൻ ഉള്ള ദേഷ്യം ഉണ്ടവർക്ക്.. അങ്ങനെയൊരു പാപം കൂടി അവരെക്കൊണ്ട് ചെയ്യിക്കേണ്ട എന്ന് തോന്നുന്നത് കൊണ്ട് മാത്രമാണ് ഞാൻ ഈ കർമ്മം ഏറ്റെടുത്തത്. അല്ലെങ്കിലും ഇത് ചെയ്യാൻ എന്നോളം അർഹതയുള്ള മറ്റൊരാളും ഉണ്ടാവില്ല.”
അത്രയും പറഞ്ഞുകൊണ്ട് അവൾ ആ കത്തി വലിച്ചൂരി വീണ്ടും കുത്തി.അവളുടെ ദേഷ്യവും വിഷമവും എല്ലാം അതിൽ പ്രകടമായിരുന്നു.അവൻ കുഴഞ്ഞുവീണ് ജീവൻ വെടിയുമ്പോൾ അവൾ കണ്ണുകൾ ഇറുകെ അടച്ചു.
കണ്മുന്നിൽ അരങ്ങേറിയ കാഴ്ചകളുടെ പകപ്പിലായിരുന്നു മറ്റു രണ്ടുപേർ.
പോലീസിൽ കീഴടങ്ങി അവൾ കുറ്റം ഏറ്റു പറഞ്ഞു. വേണ്ട എന്ന് എത്രയൊക്കെ വിലക്കിയിട്ടും, അവൾ താൻ ചെയ്ത കുറ്റം മറച്ചു വച്ചില്ല.
അവൾക്ക് ജീവപര്യന്തം തടവ് വിധിക്കുമ്പോൾ അവൾ പതറിയില്ല. മറിച്ചു അഭിമാനം മാത്രം ആയിരുന്നു.
നാളെ… ശിക്ഷ കഴിഞ്ഞ് പുറത്തേക്ക്.. ഇനി എന്തെന്ന് നാളെ അറിയാം..!!
അവൾ ചിന്തകൾക്ക് വിരാമം ഇട്ടു.
പിറ്റേന്ന് പുറത്ത് അവളെ കാത്ത് ശ്രീദേവ് ഉണ്ടായിരുന്നു.അവനെ കണ്ട് അവൾ ഒന്ന് അമ്പരന്നു.
“തന്നെ എന്റെ കൂടെ കൂട്ടാൻ വേണ്ടിയാണ് ഞാൻ ഇവിടെ നിൽക്കുന്നത്. അതുകൊണ്ട് മടിച്ചു നിൽക്കാതെ വേഗം പോരെ..”
അവൻ പറയുന്നത് കേട്ട് വിലങ്ങനെ തല ചലിപ്പിച്ചു.
“അത്.. വേണ്ടാ.. ഇത് സഹതാപം ആണ്..”
“അങ്ങനെ നിനക്ക് തോന്നുന്നുണ്ടോ കീർത്തി..? പണ്ട് ആ കോളേജ് വരാന്തയിൽ എന്നേ ഒളിഞ്ഞു നോക്കി നിന്നിരുന്ന ആ പെണ്ണിനെ ഞാൻ ശ്രദ്ധിച്ചിട്ടില്ല എന്ന് കരുതരുത്…”
അവൻ പറഞ്ഞപ്പോൾ മറുപടി ഇല്ലാതെ അവനോട് ചേർന്ന് നിന്നു.. അവിടെ മുതൽ തുടങ്ങുകയായിരുന്നു ജീവിതത്തിലെ നല്ല നാളുകളുടെ തുടക്കം…!!
✍️ അപ്പു