കിച്ചേട്ടന് നേരെ മുഖം കറുപ്പിച്ച് പറയുമ്പോൾ ആ മുഖത്തേക്ക് നോക്കാൻ പോലും കഴിഞ്ഞില്ല…

മാംഗല്യം

രചന : അപ്പു

:::::::::::::::::::::::::::::

“ഇന്ന് ഇവിടെ വച്ചു അവസാനിക്കുകയാണ് നമ്മൾ തമ്മിലുള്ള ബന്ധം. ഇനി.. ഇനി എന്നേ കാണാൻ ശ്രമിക്കരുത്.. നമ്മൾ എന്നൊന്ന് സംഭവിച്ചിട്ടില്ല എന്ന് കരുതിയാൽ മതി..”

കിച്ചേട്ടന്റെ മുഖത്ത് നോക്കി അത്രയും പറയാൻ പാടുപെടുകയായിരുന്നു ഞാൻ. പാടില്ല.. കരയരുത്.. ഈ വിധി.. അത്‌ ചോദിച്ചു വാങ്ങിയതാണ്..!

“മ്മ്.. അപ്പോൾ ഇനി… ഇനി എന്നേ വേണ്ടാ.. അല്ലേ..? ഒരു കാര്യം മാത്രം ചോദിക്കട്ടെ..? ഇങ്ങനെ ഒക്കെ പറയാനും പ്രവർത്തിക്കാനും മാത്രം ഞാൻ ചെയ്ത തെറ്റ് എന്താണ്..? നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചതോ..? നിന്നെ താലി കെട്ടാൻ തീരുമാനിച്ചതോ..? ഇതിൽ ഏതാണ് എന്റെ പേരിലുള്ള കുറ്റം..? “

സ്വരം ഇടറി കിച്ചേട്ടൻ ചോദിക്കുന്നതിനൊപ്പം ആ ഹൃദയവും ഒരുപാട് നോവുന്നുണ്ട് എന്നറിയാം.. പക്ഷെ.. പറ്റില്ല.. എന്നേ കൊണ്ട് ഇങ്ങനെയേ പറ്റൂ…!

“ഇനിയും കഴിഞ്ഞു പോയ അധ്യായങ്ങളുടെ കണക്കെടുക്കേണ്ട കാര്യമുണ്ടോ..? നിങ്ങളോടൊപ്പം ജീവിക്കാൻ എനിക്ക് കഴിയില്ല..’

കിച്ചേട്ടന് നേരെ മുഖം കറുപ്പിച്ച് പറയുമ്പോൾ ആ മുഖത്തേക്ക് നോക്കാൻ പോലും കഴിഞ്ഞില്ല.

“ഇപ്പോൾ നിനക്ക് ഇങ്ങനെ തോന്നാൻ എന്താ കാരണം..?”

ആ സ്വരത്തിലും ഗൗരവം കൈവന്നിരുന്നു.

“ചേട്ടനെ എനിക്ക് വിശ്വാസമില്ലാത്തതുകൊണ്ട്..”

പറഞ്ഞു അവസാനിപ്പിക്കുമ്പോൾ ആ മുഖത്ത് ഒരു ഞെട്ടൽ കണ്ടു.

“കൊള്ളാം.. നല്ല തീരുമാനം.. എനിക്ക് ഇനി കൂടുതൽ ഒന്നും നിന്നോട് ചോദിക്കാനോ നിന്നിൽ നിന്ന് അറിയാനുമില്ല.. നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി..”

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കിച്ചേട്ടൻ കരയുന്നത് ഞാൻ കണ്ടു. ഒരിക്കലും സഹിക്കാൻ ആവാത്ത കാഴ്ചയാണത്. പക്ഷേ ഇപ്പോൾ എനിക്ക് അതിനു നേരെ മുഖം തിരിക്കാൻ മാത്രമേ കഴിയൂ..!

പിന്നീട് കൂടുതൽ സംസാരത്തിന് നിൽക്കാതെ കിച്ചേട്ടനെ തിരിഞ്ഞു പോലും നോക്കാതെ ഞാൻ നടന്നു നീങ്ങി.ഇപ്പോൾ അദ്ദേഹം എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് തനിക്കറിയാം. ഒരുപക്ഷേ അതിനേക്കാൾ ഒരായിരം ഇരട്ടി തനിക്ക് വേദനിക്കുന്നുണ്ട്.

വീട്ടിലെത്തുമ്പോൾ ഇനി എന്തൊക്കെ കോലാഹലങ്ങളാണ് ഉണ്ടാകാൻ പോകുന്നത് എന്നോർത്ത് ചെറിയൊരു ഭയം ഇല്ലാതില്ല. പ്രതീക്ഷ തെറ്റിക്കാതെ വീട്ടിലെത്തിയപ്പോൾ തന്നെ ഒരു ഭൂകമ്പം ആയിരുന്നു.

” നീ ആരോട് ചോദിച്ചിട്ടാണ് ആ ചെറുക്കനോട് അങ്ങനെയൊക്കെ പറഞ്ഞത്..? എന്താ നിന്റെ ഉദ്ദേശം..? നിനക്ക് അവനെ ഇഷ്ടമാണെന്ന് പറഞ്ഞ് ഇവിടെ നിരാഹാരം കിടന്നത് ഞങ്ങൾ ആരും മറന്നിട്ടില്ല. ഞങ്ങളെക്കൊണ്ട് ഈ വിവാഹത്തിന് സമ്മതിപ്പിക്കാൻ നീ എന്തെല്ലാം ചെയ്തു..? എന്നിട്ട് ഇപ്പോൾ ഈ അവസാന നിമിഷത്തിൽ പിന്മാറാൻ മാത്രം എന്താണ് ഉണ്ടായത്..? “

അച്ഛൻ ദേഷ്യത്തോടെയും സങ്കടത്തോടെയും ചോദിക്കുന്നത് മനസ്സിലാകാതെ അല്ല. അല്ലെങ്കിലും കല്യാണത്തിന് ഒരു മാസം മാത്രം അവശേഷിക്കുമ്പോൾ മകൾ വന്ന് ഇങ്ങനെ പറഞ്ഞാൽ ഏതൊരു അച്ഛനും ഇങ്ങനെയൊക്കെ തന്നെയല്ലേ പ്രതികരിക്കുക..?

” ഇത്ര പെട്ടെന്ന് ആ വാർത്ത ഇവിടെ എത്തിയോ..? “

വാക്കുകളിൽ പുച്ഛം നിറയ്ക്കാൻ മറന്നില്ല.

” ഞങ്ങളോട് അവന് പറയാതിരിക്കാൻ പറ്റില്ലല്ലോ… എന്നോട് ഇതൊക്കെ പറയുമ്പോൾ അവൻ കരയുകയായിരുന്നു.. അറിയാമോ നിനക്ക്..? അല്ലെങ്കിൽ തന്നെ നീ എന്തിനാണല്ലേ ഇനി അതൊക്കെ അറിയുന്നത്..? നീ അവനെ വേണ്ട എന്ന് വെച്ചതല്ലേ..? അതിനു നീ കണ്ടെത്തിയ ന്യായം എന്തായിരുന്നു..? ആഹ്.. അവനെ വിശ്വാസമില്ലെന്ന്.. കൊള്ളാം നല്ല കണ്ടുപിടിത്തമാണ്.. കഴിഞ്ഞ മൂന്നുനാലു വർഷമായി നീ പ്രണയിക്കുന്ന അവൻ, നിന്നെ വിരൽത്തുമ്പിൽ പോലും തൊട്ട് അശുദ്ധമാക്കാത്തവൻ,അവനെ നിനക്ക് വിശ്വാസമില്ലെന്ന്…!! കുറച്ചുനാൾ മുൻപ് നിന്റെ പ്രാണനെ പോലെ നീ വിശ്വസിക്കുന്നു എന്ന് ഞങ്ങൾക്ക് മുന്നിൽ പറഞ്ഞത് ഞങ്ങൾ ആരും മറന്നിട്ടില്ല.. ഇപ്പോൾ പെട്ടെന്ന് നിന്റെ വിശ്വാസം ഇല്ലാതാക്കാൻ മാത്രം എന്ത് തെറ്റാണ് അവന്റെ ഭാഗത്തുനിന്നും ഉണ്ടായത്…? “

ചേട്ടൻ കൂടി ചോദിച്ചതോടെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. പൊട്ടിക്കരയുക മാത്രമാണ് ഞാൻ ചെയ്തത്. അതിൽ നിന്ന് തന്നെ എന്തൊക്കെയോ കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്ന് അവർ ഊഹിച്ചിട്ടുണ്ടാകണം.

“മോൾക്ക് എന്താ പറ്റിയത്..? ഞങ്ങളോട് തുറന്നു പറയൂ.. എന്തുതന്നെയായാലും പരിഹാരം ഞങ്ങൾ ഉണ്ടാക്കിക്കൊള്ളാം..”

അമ്മ തലയിൽ തലോടി വാത്സല്യത്തോടെ പറയുന്നത് കേട്ടതോടെ സങ്കടം വർദ്ധിച്ചതെയുള്ളൂ. കരച്ചിൽ ഒരുവിധം അവസാനിപ്പിച്ചപ്പോൾ അവരോട് സത്യങ്ങൾ തുറന്നു പറയാൻ തയ്യാറായി.

” എനിക്ക് ഇപ്പോഴും എന്റെ കിച്ചേട്ടനെ വിശ്വാസമാണ്.. എന്റെ പ്രാണനേക്കാൾ അധികം ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു എന്ന് പറഞ്ഞ വാക്കിൽ നിന്ന് ഒരണുവിട പോലും ഞാൻ പിന്നിലേക്ക് പോകില്ല.. പക്ഷേ ഇപ്പോൾ എനിക്ക് അദ്ദേഹത്തിൽ നിന്ന് അകന്നേ പറ്റൂ.. അല്ലെങ്കിൽ അത് എല്ലാവരുടെയും ജീവിതത്തെ ബാധിക്കും.. “

ഞാൻ പറഞ്ഞത് മനസ്സിലായിട്ടില്ല എന്ന് എല്ലാവരുടെയും മുഖത്തെ പകപ്പിൽ നിന്ന് തന്നെ മനസ്സിലായി.

” കിച്ചേട്ടന്റെ അനിയത്തി കൃഷ്ണയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്ന വിവരം അറിയാമല്ലോ..? അവളുടെ അപ്പച്ചിയുടെ മകനുമായിട്ടാണ് ആ ബന്ധം.. വർഷങ്ങളായി ഞങ്ങളെപ്പോലെ തന്നെ പ്രണയിക്കുന്നവരാണ് അവരും. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു മാസം കൂടി കഴിയുമ്പോൾ ആ വിവാഹം നടത്താം എന്നായിരുന്നല്ലോ തീരുമാനിച്ചത്..? “

ഞാൻ പറഞ്ഞു തുടങ്ങുമ്പോൾ എല്ലാവരിലും ഒരു ആകാംഷ കാണാമായിരുന്നു.

” അവളെ വിവാഹം കഴിക്കാൻ പോകുന്ന ചെറുപ്പക്കാരനു ഒരു സഹോദരി ഉള്ള വിവരം അറിയാമല്ലോ..?ആ പെൺകുട്ടിക്ക് കിച്ചേട്ടനെ ഇഷ്ടമായിരുന്നു.ഞങ്ങൾ തമ്മിലുള്ള ബന്ധത്തിനെ കുറിച്ച് അവൾക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതിനുശേഷം അവൾ ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചെങ്കിലും അവൾക്ക് അതിന് കഴിയാത്ത തരത്തിൽ ആ ഇഷ്ടം ഉറച്ചു പോയി.. കഴിഞ്ഞ ഒരു ദിവസം ആ പെൺകുട്ടി എന്നെ കാണാൻ വന്നിരുന്നു. ഞാൻ ഈ ബന്ധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ,അവൾ സ്വയം ജീവിതം ഇല്ലാതാക്കും എന്ന് പറഞ്ഞു. അവൾക്ക് കിച്ചേട്ടൻ അല്ലാതെ ജീവിക്കാൻ പറ്റില്ലത്രേ..അഥവാ അങ്ങനെയൊന്നും നടന്നില്ലെങ്കിൽ,ചേട്ടന്റെ അനിയത്തി ആഗ്രഹിച്ച ജീവിതം അവൾക്ക് ഇല്ലാതാക്കാൻ കഴിയും എന്നുകൂടി അവൾ വെല്ലുവിളിച്ചു. സത്യം പറഞ്ഞാൽ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. ഞാൻ ഒരാൾ ആ സ്നേഹം കണ്ടില്ലെന്ന് നടിച്ചാൽ അവരുടെ ആ കുടുംബം മുഴുവൻ സന്തോഷമായിരിക്കുമെന്ന് എനിക്ക് തോന്നി. ഞാൻ കിച്ചേട്ടനെ പിരിയുന്ന വിഷമം കുറച്ച് നാളുകൾ കഴിയുമ്പോൾ കിച്ചൻ മറന്നുപോകും. ചേട്ടനെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയല്ലേ.. അവളുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ ഒരുപാട് കാലം ഒന്നും ചേട്ടന് കഴിയില്ല.. അതോടെ ചേട്ടന്റെ ജീവിതം നല്ല രീതിയിൽ ആവും.. അനിയത്തി ആഗ്രഹിച്ച ജീവിതം അവൾക്ക് കിട്ടുകയും ചെയ്യും.. എല്ലാ കാര്യങ്ങളും ശുഭമായി അവസാനിക്കും. ചേട്ടൻ എന്നിൽ നിന്ന് അകന്നു പോകാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും ഞാൻ കണ്ടില്ല. തെറ്റാണ് ഞാൻ പറഞ്ഞതും ചെയ്തതും ഒക്കെ. പക്ഷേ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും എന്റെ മുന്നിലില്ല.. “

പറഞ്ഞു കഴിഞ്ഞതും ഞാൻ പൊട്ടിക്കരഞ്ഞു പോയിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ ആയി അമ്മ എന്നെ മുറുകെപ്പുണർന്നു. പക്ഷേ അപ്പോഴേക്കും മറ്റൊരാൾ എന്നെ പിന്നിൽ നിന്നും ചുറ്റിപ്പിടിച്ചിരുന്നു.

” എനിക്ക് വേണ്ടിയാണോ ഏട്ടത്തി ഇങ്ങനെ എന്റെ ഏട്ടനെ… “

ഇടറിയ സ്വരത്തോടെയുള്ള ആ ചോദ്യത്തിൽ ഞെട്ടിക്കൊണ്ട് പിന്തിരിഞ്ഞു നോക്കാനേ കഴിഞ്ഞുള്ളൂ..! പിന്നിൽ നിൽക്കുന്നവരെ കണ്ടപ്പോൾ വല്ലാത്ത അമ്പരപ്പാണ് തോന്നിയത്. കിച്ചേട്ടന്റെ അച്ഛനും അമ്മയും അനിയത്തിയും അവളുടെ ഭാവി വരനും..! അവരുടെ മുഖഭാവത്തിൽ നിന്ന് ഞാൻ പറഞ്ഞതൊക്കെയും കേട്ടിട്ടുണ്ട് എന്ന് വ്യക്തമായിരുന്നു.

” ഇങ്ങനെ ഒരാളിനെ ചതിച്ചും വഞ്ചിച്ചും നേടാൻ ശ്രമിക്കുന്ന അവൾ എന്റെ ഏട്ടനെ ശരിക്കും സ്നേഹിക്കുന്നുണ്ടെന്ന് എന്റെ ഏട്ടത്തിക്ക് തോന്നുന്നുണ്ടോ..? അങ്ങനെ ഒരു ഇഷ്ടം അവളുടെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അത് വീട്ടിൽ പറയുകയല്ലേ ആദ്യം ചെയ്യേണ്ടത്..? അതിനുപകരം ഏട്ടത്തിയോട് വന്ന അവൾ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് യഥാർത്ഥത്തിലുള്ള ഇഷ്ടമൊന്നും ആയിരിക്കില്ല. ചിലപ്പോൾ വാശി ആയിരിക്കും.. പണ്ടെപ്പോഴോ അവളുടെ പ്രണയം ഏട്ടൻ നിരസിച്ചതിന്റെ വാശി..”

അവളുടെ വാക്കുകൾ എനിക്ക് അമ്പരപ്പായിരുന്നു. അതോടെ അവൾ എനിക്കൊരു കഥ പറഞ്ഞു തന്നു. പണ്ടെപ്പോഴോ കിച്ചേട്ടനെ അവൾ പ്രണയിച്ചിരുന്നുവെന്നും ആ പ്രണയത്തിന്റെ പേരിൽ കിച്ചേട്ടൻ അവളെ വഴക്ക് പറഞ്ഞിരുന്നു എന്ന് ഒക്കെ.. ചേട്ടന്റെ ജീവിതം ഇല്ലാതാക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ അവളുടെ ആ പ്രവർത്തിക്ക് പിന്നിൽ ഉണ്ടായിരുന്നുള്ളൂ എന്നറിഞ്ഞപ്പോൾ എനിക്ക് സ്വയം ദേഷ്യം തോന്നി.

തെറ്റിദ്ധാരണകൾ എല്ലാം മാറിയതോടെ വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ നടന്നു. അപ്പോഴും ഇടഞ്ഞുനിന്ന ഒരേ ഒരാൾ കിച്ചേട്ടൻ ആയിരുന്നു. ആദ്യത്തെ പോലെയുള്ള കളിയോ തമാശയോ ഒന്നുമില്ലാത്ത ചേട്ടൻ…

വിവാഹ രാത്രിയിലും ഗൗരവം വിടാതെ മുറിയിലേക്ക് കയറി വന്ന ആളെ സങ്കടത്തോടെ നോക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.

“ഇനി നീ എന്തൊക്കെയാ ഈ ആലോചിച്ചു കൂട്ടുന്നത്..? വേറെ ആരെങ്കിലും വന്നു എന്നെ വിവാഹം കഴിക്കണം എന്ന് പറയുമ്പോൾ എങ്ങനെ എന്നെ വിട്ടു കൊടുക്കണം എന്നാണോ..?”

കിച്ചേട്ടന്റെ ചോദ്യത്തിൽ ഒന്ന് പകച്ചു. പിന്നെ നിറകണ്ണുകളോടെ അദ്ദേഹത്തെ നോക്കി.

“ഞാൻ.. ഞാൻ ഇനി ആർക്കും വിട്ടുകൊടുക്കില്ല… എന്റെ ആണ്..”

ഉറപ്പോടെ പറയുമ്പോൾ ആ മുഖത്ത് കുസൃതി തെളിയുന്നത് അമ്പരപ്പോടെയാണ് കണ്ടത്.

” ഇനി എന്നെ ആർക്കെങ്കിലും വിട്ടുകൊടുക്കാൻ നിനക്ക് വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ, നിന്നെ ഞാൻ എടുത്ത് ഏതെങ്കിലും കിണറ്റിൽ കൊണ്ടിടും.. “

എന്നെ ചേർത്തുപിടിച്ചുകൊണ്ട് പറയുമ്പോൾ ആണെങ്കിൽ സുരക്ഷിതമായി ചാഞ്ഞിരുന്നു ഞാൻ…!!

✍️അപ്പു