രചന: ദേവി
::::::::::::::::::::::::::
സായാഹ്ന സൂര്യന്റെ പൊൻവെയിൽ ആവോളം നുകർന്ന് കാറ്റിലാടുന്ന നേൽക്കതിരുകൾ നിറഞ്ഞു നിൽക്കുന്ന പാടത്തിലൂടെ ഇളം കാറ്റെറ്റ് നടക്കുകയാണവൻ…കൈയ്യിൽ ഒരു കെട്ട് പുസ്തകങ്ങളുമുണ്ട്…….
“മാഷെയ്.. കൂയ്….”
ദൂരെ നിന്നുള്ള അവളുടെ വിളികേട്ടവൻ തിരിഞ്ഞു നോക്കി… ഒരു ചെറു പുഞ്ചിരിയോടെ….
കാറ്റിൽ പറക്കുന്ന മുടിയിഴകളെ ഒരു കൈ കൊണ്ട് ഒതുക്കി വച്ച്, പാവാട തുമ്പ് മറ്റേ കൈ കൊണ്ട് പൊക്കി പിടിച്ചവൾ പാടവരമ്പിലൂടെ തന്റെ മാഷിന്നരികിലേക്ക് ഓടി വരികയാണ്….ഇളം കാറ്റ് അവളുടെ മുടി ചുരുലുകളിൽ ഒളിച്ചു….മാനത്തെ കുഞ്ഞു നക്ഷത്രത്തെ മൂക്കിൻ തുമ്പിൽ പിടിച് കെട്ടിയ പോലെ ഒറ്റക്കൽ മൂക്കുത്തി പൊൻവെയിലിൽ തിളങ്ങി കൊണ്ടിരുന്നു……
കരിമിഴി കോണുകളിൽ പ്രണയം….ചുണ്ടുകളിൽ മന്ദഹാസം…..
“മാഷേ….മാഷ് എവിടേക്ക??”
കിതപ്പോടെ മാറിൽ കൈ വെച്ചവൾ ചോദിച്ചു….
“വായനശാല വരെ…കുറച്ച് പുസ്തകങ്ങൾ മാറ്റിയെടുക്കാനുണ്ട്….”
“മാഷ് ഇത്രയും വല്യ പുസ്തകം ഒക്കെ വായിച്ചു തീർത്തോ??” അവന്റെ കൈയ്യിലെ തടിച്ച പുസ്തകങ്ങൾ കണ്ടവൾ അത്ഭുതത്തോടെ ചോദിച്ചു….
അത്ഭുതത്തോടെ വിടർന്നു വന്ന അവളുടെ മിഴികളും, നിഷ്കളങ്കത നിറഞ്ഞ മുഖവും അവൻ ഏറെ കൗതുകത്തോടെ നോക്കി നിന്നു…. ഒരു വെണ്ണക്കൽ ശില്പം പോലെയവൾ പോക്കുവെയിൽ തട്ടി കൂടുതൽ പ്രകാശിക്കുന്നു…..
“മാഷ്ക്ക് എത്ര വായിച്ചാലും മടുപ്പ് വരൂലേ മാഷേ??”
“ദേവിയ്ക്കെന്നെ പ്രണയിക്കുമ്പോൾ മടുപ്പ് വരുന്നുണ്ടോ??”
അവനൊരു മറുചോദ്യമെറിഞ്ഞു….
“മടുപ്പൊ നിക്കോ?? ഒരിക്കലും ഇല്ല മാഷേ….. ഓരോ നിമിഷം കൂടുതോറും ന്റെ ഉള്ളിലെ പ്രണയവും കൂടുകയാണ്…. ഈ ജന്മം മാത്രമല്ല വരുന്ന ഓരോ ജന്മങ്ങളും ഈ ദേവി എന്റെ മാഷിനെ പ്രണയിച്ചു കൊണ്ടിരിക്കും….ഒട്ടും മടുപ്പില്ലാതെ…..” അവളുടെ മിഴികൾ നിറഞ്ഞു………
“അതേപോലെയാണ് വായനയും…..”
“പ്രണയവും വായനയും ഒരേപോലെയാണോ??”
“അതേ ദേവി രണ്ടും ല ഹരിയാണ്…ഒരിക്കൽ രുചിച്ചാൽ അതിനടിമപ്പെട്ടു പോവും നമ്മൾ….”
“മാഷിന് ന്നെയാണോ അതോ വായനയെയാണോ കൂടുതൽ ഇഷ്ടം??”
“അത്….. രണ്ടിനോടും എനിക്കടങ്ങാത്ത പ്രണയമാണ്…തുലാസ്സിൽ വച്ചിതുവരെ അളന്നു നോക്കിയിട്ടില്ല…..ഇനിയളന്നു നോക്കുകയുമില്ല….കാരണം രണ്ടും എന്റെ ജീവനാണ്…..”
അവൾ പുഞ്ചിരിച്ചു..മനസ്സിലെ അടങ്ങാത്ത പ്രണയം ഒരരുവിയായി ഇരു ഹൃദയങ്ങളിൽ നിന്നും പ്രവഹിച്ചു……
“മ്മ് വീട്ടിലേക്ക് പോയിക്കോ നേരം ഒരുപാടായി…. ഞാനും പോവാണ്….”
മുണ്ടിന്റെ തുമ്പ് കൈയ്യിൽ പിടിച്ചവൻ പാടവരമ്പത്തൂടെ നടന്നു നീങ്ങി….അവൾ ഒരു പുഞ്ചിരിയോടെ അതും നോക്കി നിന്നു….
വീട്ടുകാരുടെ സമ്മതത്തോടെ കുട്ടിക്കാലം മുതൽ പ്രണയിച്ചവർ..ദേവിക്ക് മാഷും മാഷിന് ദേവിയും ജീവനാണ്….
**************
മുറിയിലെ പുസ്തകക്കൂട്ടങ്ങൾക്കിടയിൽ ഇരുന്ന് മനസ്സിൽ വന്ന വരികൾ ഒരു ബുക്കിൽ പകർത്തുകയായിരുന്നവൻ…. പുറകിൽ നിന്ന് അടുത്തടുത്തു വരുന്ന പാദസരത്തിന്റെ ശബ്ദം കേൾക്കെ ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു….
“മാഷേ….”
മൂക്കിൻ തുമ്പിലേക്ക് ഇറങ്ങിവന്ന കണ്ണട നേരെയാക്കി വച്ചവൻ തിരിഞ്ഞ് നോക്കി…ഒരിലച്ചീന്തിൽ പ്രസാദവും ആയവൾ… നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിൽ പറ്റിപ്പിടിച്ച വിയർപ്പ് തുള്ളികൾ…..
“ന്റെ ദേവി പതുക്കെ വന്ന പോരെ നിനക്ക്… ന്തിനാ ഇങ്ങനെ ഓടുന്നെ??”
കിതപ്പോടെ മാറിൽ കൈ വച്ച് ശ്വാസം എടുക്കുന്നവളെ കണ്ടവൻ ചോദിച്ചു…
അതിനൊന്ന് പുഞ്ചിച്ചുകൊണ്ടവൾ കൈയിലെ ഇലച്ചീന്തിലെ പ്രസാദം മാഷിന്റെ നെറ്റിയിൽ ചാർത്തി കൊടുത്തു….
“ന്റെ മാഷേ ഈ മുറിയിൽ ഇങ്ങനെ ചടഞ്ഞു കൂടിയിരുന്നാൽ മടുപ്പ് തോന്നുലെ?? ഇടയ്ക്കൊന്ന് പുറത്തേക്ക് ഇറങ്ങിക്കൂടെ?? ആകെ പുറത്തിറങ്ങുന്നത് വായനശാലയിലേക്കും അമ്പലത്തിലേക്കും മാത്രം….”
“പുസ്തകങ്ങളോട് കൂട്ടുകൂടിയാൽ ഒരിക്കലും മടുപ്പ് തോന്നില്ല ദേവി….പുസ്തകങ്ങളെ വെറും കടലാസ് തുണ്ടുകളും അക്ഷരക്കൂട്ടങ്ങളും മാത്രമായ് കാണാതെ ഓരോ പുസ്തകത്തെയും ഓരോ മനുഷ്യനായി സങ്കൽപ്പിച്ചു നോക്കു…
പുസ്തകങ്ങളുടെ ആത്മാവിനെ കണ്ടെത്തി അതിനോട് കൂട്ടുകൂടി നോക്കൂ…. അപ്പോൾ ഓരോ പുസ്തകങ്ങൾക്കും നമ്മോട് ഓരോ കഥകൾ പറയാനുണ്ടാവും…..
മനസ്സുറപ്പിച്ചു ശ്രദ്ധിച്ചാൽ ഈ മുറിയിലെ ഓരോ പുസ്തകങ്ങളും എന്നോട് സംസാരിക്കുന്നത് എനിക്ക് കേൾക്കാൻ കഴിയും….
ഹൃദയം കൊണ്ട് വായിക്കുന്ന ഓരോ പുസ്തകവും ആ ഹൃദയത്തിൽ എന്നും മായാതെ നിൽക്കും….”
മാഷ് സംസാരിക്കുന്നതും കേട്ടവൾ ഇരുന്നു….അന്നും ഇന്നും അവൾക്കേറെ ഇഷ്ടമാണ് മാഷിന്റെ സംസാരം കേൾക്കാൻ……
“നിക്കൊരു book തരോ മാഷേ….ഹൃദയം കൊണ്ട് വായിക്കാൻ….??” ഏറെ ആഗ്രഹത്തോടെയവൾ ചോദിച്ചു….
അവന്റെ മിഴികൾ ചുറ്റും പരതി….ഒടുവിൽ മുറിയുടെ മൂലയിലുള്ള ഷെൽഫിൽ ചെന്ന് നിന്നു….
അവൻ ഷെൽഫിൽ അടുക്കി വച്ചിരുന്ന പുസ്തകങ്ങൾക്കിടയിൽ നിന്നൊരു പുസ്തകമെടുത്തു അവൾക്ക് കൊടുത്തു….
“സുന്ദരികളും സുന്ദരന്മാരും ” അവൾ ആ പേരിലൂടെ വിരലോടിച്ചു…
“ഇത് വിശ്വത്തിന്റെ കഥയാണ്….”
“ആരാ വിശ്വം??”
“വായിച്ചു നോക്കു ദേവീ…. പ്രണയവും വിരഹവും കുടുംബബന്ധങ്ങളും സമം ചേർത്ത് രചിച്ച കൃതി….. ഒത്തിരി ഇഷ്ടാവും നിനക്ക്…. പക്ഷെ ഹൃദയം കൊണ്ട് വായിക്കണം…(ആരേലും വായിച്ചില്ലെങ്കിൽ വായിച്ചോളൂ….വായനയെ ഇഷ്ടപ്പെടുന്നവർ ഉറപ്പായും വായിച്ചിട്ടുണ്ടാവും…ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും….വായിച്ചവർ ഉണ്ടെങ്കിൽ അഭിപ്രായം പറയണേ താഴെ….)
അവൾ അതിന്റെ ഓരോ താളുകളും മറിച്ചു നോക്കി….
അത് നെഞ്ചോട് ചേർത്ത് പിടിച്ച്, തടിരോമങ്ങൾ നിറഞ്ഞു നിന്നയവന്റെ കവിളിൽ അമർത്തി ചുംബിച്ചിട്ടവൾ ഓടി കോണിപ്പടികളിറങ്ങി….അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി മൊട്ടിട്ടു….പാദസര കിലുക്കത്തോടൊപ്പം അലിഞ്ഞു ചേർന്ന അവളുടെ പൊട്ടിച്ചിരികൾ അവിടമാകെ മുഴങ്ങി കേട്ടു….
“മാഷേ…..” ഉറക്കത്തിൽ നിന്ന് ഞെട്ടിയേഴെന്നേറ്റയവളുടെ മിഴികൾ മുറിയാകെ പരാതി…
“മാഷ്…. ന്റെ മാഷ്….” അവൾ പിറുപിറുത്ത് കൊണ്ടിരുന്നു…വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നാ പെണ്ണ്….
നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ നേര്യതിന്റെ തുമ്പ് കൊണ്ടവൾ തുടച്ച് മാറ്റി….
ഓർമ്മകൾ ഇടയ്ക്കിടെയിങ്ങനെ അവളുടെ മനസ്സിനെ ചുട്ടുപൊള്ളിക്കാറുണ്ട്…..
പതിയെ നടന്നവൾ പുസ്തകങ്ങൾ അടുക്കി വച്ച ഷെൽഫിനരികിലെത്തി…വൃത്തിയായ് അടുക്കി വച്ച പുസ്തകങ്ങളുടെ കൂടെ വച്ചിരുന്ന ചെറിയ ഡപ്പിയെടുത്തവൾ തുറന്നു…..
മഞ്ഞ ചരടിൽ കോർത്ത മാഷിന്റെ താലി… ഒരു ദിവസമേ തനിക്കിതണിയാൻ ഭാഗ്യമുണ്ടായുള്ളു….അപ്പോഴേക്കും….
പഴയെ കാലത്തേക്ക് അവളുടെ ഓർമ്മകൾ സഞ്ചരിച്ചു….
പരസ്പരം അളവില്ലാതെ പ്രണയിച്ച അവരുടെ പ്രണയം പൂർത്തിയാക്കാൻ ഇരുവീട്ടുകാരും തീരുമാനമെടുത്തു….അഗ്നിയേ സാക്ഷിയാക്കിയവളുടെ മാഷ് സ്നേഹവും കരുതലും കൊണ്ട് തീർത്ത താലിചരടിൽ അവളെ തന്റെ സ്വന്തമാക്കി……
“മാഷിന് ന്നെ ഇഷ്ടാണോ??”
ആയിരം നക്ഷത്രങ്ങൾ മാനത്തു മിന്നി നിൽക്കുന്ന രാത്രിയിൽ മാഷിന്റെ നെഞ്ചോട് ചേർന്ന് കിടക്കവേയവൾ കുസൃതിയോടെ ചോദിച്ചു…..
“അതെന്താ അങ്ങനെ ചോദിക്കാൻ??”
“അതൊക്കെ ഉണ്ട് പറ മാഷേ മാഷിന് ന്നെ ഇഷ്ടാണോ??”
“അതേ ദേവി….”
“എത്ര ഇഷ്ടാണ്??” കുസൃതിയോടെ ചുണ്ട് കൂർപ്പിച്ചവൾ വീണ്ടും ചോദിച്ചു…
“ഒത്തിരി….”
വജ്രങ്ങൾ വാരി വിതറിയത് പോലെയുള്ള നക്ഷത്രക്കൂട്ടങ്ങളും അവയ്ക്ക് നടുവിൽ തേങ്ങാപ്പൂള് പോലെ തിളങ്ങി നിൽക്കുന്ന ചന്ദ്രനെയും ഇമ ചിമ്മാതെ നോക്കിക്കൊണ്ടവൻ അവളോട് പറഞ്ഞു…
“ഒത്തിരിയെന്ന് പറഞ്ഞാൽ??”
“ദേ മാനത്തുള്ള ആ നക്ഷത്രങ്ങൾ എത്രയെണ്ണമുണ്ട്??”
“അത്….ഒത്തിരിയുണ്ടല്ലോ….”
“മേഘങ്ങളിൽ നിന്ന് പൊഴിയുന്ന വെള്ളത്തുള്ളികൾ എത്രയെണ്ണമുണ്ട്??”
“അതും ഒത്തിരിയുണ്ട്….”
“എന്റെ ഇഷ്ടവും അങ്ങനെയാണ് പെണ്ണെ…ഒരളവ് കോല് കൊണ്ടും ആർക്കും അളക്കാൻ കഴിയാതെ, ഹൃദയത്തിന്റെ അനന്ത വിശാലതയിൽ പടർന്നു കിടക്കുന്നതാണ് എനിക്ക് നിന്നോടുള്ള പ്രണയം….”
അവളൊന്നുകൂടെ അവന്റെ നെഞ്ചോരം ചേർന്ന് കിടന്നു….അവളുടെ സിന്ദൂര ചുവപ്പ് പടർന്ന മൂർദ്ധാവിൽ അവൻ അമർത്തി ചുംബിച്ചു…
അവനിൽ നിന്നവൾക്ക് ലഭിക്കുന്ന അവസാനത്തെ ചുംബനം….
ഹൃദയാഘാതം എന്ന രൂപം പൂണ്ട് വിധി അവനെ അവളിൽ നിന്ന് തട്ടിയെടുത്തപ്പോൾ മരിച്ചത് അവൻ മാത്രമായിരുന്നില്ല അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂടിയായിരുന്നു…അവനൊപ്പം ചിതയിലെരിഞ്ഞു തീർന്നത് അവളുടെ മനസ്സും കൂടിയായിരുന്നു…..
മണിക്കൂറുകൾ മാത്രം നീണ്ട് നിന്ന ദാമ്പത്യത്തിന്റെ അടയാളങ്ങളായ താലിയും, നെറുകയിൽ പടർന്ന സിന്ദൂരവും അവളിൽ നിന്നടർത്തി മാറ്റുമ്പോൾ ഒരു തുള്ളി കണ്ണീർ പോലും അവൾ പൊഴിച്ചില്ല……
പിന്നീടവൾ ആരോടും സംസാരിച്ചില്ല….അപകടകരമായ മൗനം അവളെ പൊതിയുന്നത് വീട്ടുകാർ വേദനയോടെ കണ്ടു നിന്നു……മാഷിന്റെ ചൂടും ഗന്ധവും നിറഞ്ഞ ആ കസേരയിൽ വിദൂരതയിലേക്ക് നോക്കിയിരിക്കുമ്പോൾ അവളുടെ ഉള്ളം ശൂന്യമായിരുന്നു….
പതിയെ അവളിലെ മൗനം എരിഞ്ഞു തീർന്നു… ഭ്രാന്തവളിൽ പൂവിട്ടു….അലറികരഞ്ഞവൾ മാഷിന്റെ പുസ്തകങ്ങൾ നെഞ്ചോട് ചേർത്ത് പിറുപിറുത്തു……
കാലം അവളിലെ ഭ്രാന്തിന്റെ ശക്തി കുറച്ചെങ്കിലും പൂർണ്ണമായും തുടച്ചു നീക്കാൻ സാധിച്ചില്ല…
മാഷിനെ കുറിച്ചുള്ള ഓർമ്മകൾ അവളിൽ തിങ്ങി നിറയുമ്പോൾ ഭ്രാന്ത് വീണ്ടും അവളിൽ പൂത്തുതളിർക്കും…അപ്പോഴവൾക്കവളുടെ മാഷിനെ കാണാൻ കഴിയും…സംസാരിക്കാൻ കഴിയും…
“ന്തിനാ മാഷേ എന്നെ ഒറ്റക്കാക്കി പോയത്?? നിക്ക് സഹിക്കണില്ല… ഓരോ നിമിഷവും എരിഞ്ഞു തീരുകയാണ് ഞാൻ….”
താലി നെഞ്ചോടടക്കി പിടിച്ചവൾ തേങ്ങി കരഞ്ഞു…
കിഴക്ക് വെള്ള കീറി.,കിളികളുടെ മധുരനാദം അന്തരീക്ഷത്തെ കൂടുതൽ മനോഹരമാക്കി…
മാഷിന്റെ ഓർമ്മകൾ അവളുടെ ഉള്ളിൽ നിറഞ്ഞു….തലയിൽ വണ്ട് മൂളുന്നത് പോലെ…അവൾ കണ്ണുകൾ രണ്ടും ഇറുക്കിയടച്ചു…കൈകൾ നേര്യതിൽ അമർന്നു…..സഹിക്കാൻ കഴിയുന്നില്ലവൾക്ക്…തല പൊ ട്ടി പി ളരും പോലെ….
“ദേവി….”
വിളികേട്ടവൾ കണ്ണ് തുറന്നു….അപ്പോഴതാ ജനൽപ്പടിയിൽ ചാരി കൈ മാറോടു ചേർത്ത് അവളുടെ മാഷ് അവളെ തന്നെ നോക്കി പുഞ്ചിരി തൂകുന്നു…..
ഓടി ചെന്നവൾ അവന്റെ മാറിൽ മുഖം ചേർത്തു…
“ന്തിനാ ന്നെ തനിച്ചാക്കി പോയത്?? ഇനി ഞാനും വരും കൂടെ…ഒറ്റയ്ക്ക് വിടില്ല ഞാൻ….”
അവന്റെ നെഞ്ചോട് ചേർന്ന് നിന്നവൾ കുറുമ്പോടെ പറഞ്ഞു….
ജനാലയ്ക്കരികിലെ മരത്തിൽ നിന്നുള്ള പക്ഷികളുടെ ശബ്ദം അവളെ ഉണർത്തി…ഞെട്ടിപ്പിടഞ്ഞവൾ ചുറ്റും നോക്കി…മാഷില്ല…..അവന്റെ പുഞ്ചിരിയില്ല…’ദേവി ‘ എന്നുള്ള വിളിയില്ല……
“മാഷേ…..” കൈകൾ രണ്ടും ചെവിയോട് ചേർത്തവൾ അലറികരഞ്ഞു….ബോധം മറഞ്ഞുകൊണ്ട് നിലം പതിച്ചു……
“മോളേ.. മോളേ… ദേവി… എഴുന്നേൽക്ക് മോളേ….”
വസുന്ധരാമ്മ (മാഷിന്റെ അമ്മ ) ബോധം മറഞ്ഞു കിടക്കുന്നയവളുടെ മീതെ വെള്ളം തളിച്ചു….
അവൾ പതിയെ കണ്ണ് തുറന്നു..
“എന്താ മോളേ… എന്ത് പറ്റി??”
“തലയിൽ വണ്ട് മൂളുന്നത് പോലെ….വല്ലാതെ വേദനിക്കുന്നു അമ്മേ…നിക്ക് സഹിക്കാൻ പറ്റണില്ല….”
“എന്റെ ഭഗവതി…എന്തിനാ എന്റെ കുഞ്ഞിനെ ഇങ്ങനെ പരീക്ഷിക്കുന്നത്??” നെഞ്ചിൽ കൈവെച്ചാ അമ്മ കണ്ണീരൊഴുക്കി…..
അവളെ കട്ടിലിൽ കിടത്തിയവർ താഴോട്ടു ചെന്നു…
പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റവൾ മേശമേൽ അടുക്കി വച്ചിരുന്ന പുസ്തകങ്ങൾക്കറിക്കരികെ ചെന്ന് നിന്നു…മാഷിന്റെ ഗന്ധം നിറഞ്ഞു നിന്നിരുന്ന പുസ്തകമെടുത്തവൾ അതിന്റെ ഓരോ താലുകളും മറിച്ചു…
ഓരോ വരികലൂടെ കണ്ണോടിക്കുമ്പോഴും അവൾക്കു തന്റെ മാഷിന്റെ സാമീപ്യം അറിയുന്നുണ്ടായിരുന്നു…..മുറിയിലെ പുസ്തകങ്ങൾ അവളോട് സംസാരിക്കുന്നതവൾക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു….
ആ പുസ്തകം നെഞ്ചോട് ചേർത്തവൾ ജനൽപിടിയിൽ കൈ ചേർത്ത് വച്ച്, പുറത്തേക്ക് നോക്കി…
ഇരുട്ട് വെളിച്ചത്തിന് വഴി മാറി കൊടുത്തിരുന്നു…..പച്ച വിരിച്ച പാടങ്ങൾക്ക് മുകളിലൂടെ പനംതത്തകൾ തീറ്റ തേടി പറന്ന് പോവുന്നുണ്ടായിരുന്നു.
അപ്പോഴാണ് വയൽവരമ്പിലൂടെ നടന്ന് വരുന്ന പൊടിമീശക്കാരനെയവൾ കണ്ടത്….പുറകിൽ ഓടി വരുന്നൊരു പട്ടുപാവാടക്കാരിയും….
അത് കാൺകെ അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിടർന്നു. പതിയെ അതൊരു പൊട്ടിച്ചിരിയായി പരിണമിച്ചു…..
അവളുടെ ചിരി അവിടമാകെ അലയടിച്ചു…
“മനക്കലെ ❤️ഭ്രാന്തിപ്പെണ്ണിന് ❤️ഭ്രാന്തിളകിന്നു തോന്നുന്നു കേട്ടില്ലേ അതിന്റെ ചിരി…..”
അവളുടെ ചിരി കേൾക്കേ.. വഴിയിൽ കൂടി പോകുന്നവർ തമ്മിൽ പറഞ്ഞു….
“പാവം..അതിന്റെയൊരു വിധി…..”
“എന്ത് പാവം?? കെട്ട്യോൻ കെട്ടിന്റെ അന്ന് തന്നെ അങ്ങ് മേൽപ്പോട്ട് പോയത് ഇതിന്റെ ജാതകദോഷം കൊണ്ടാണെന്ന എല്ലാരും പറയുന്നേ….”
“അതൊരു പാവം കൊച്ചാ…” സഹതപിച്ചു കൊണ്ടവർ നടന്നു നീങ്ങി….
അവളുടെ പൊട്ടിച്ചിരികൾ കൂടുതൽ ഉച്ചത്തിലായി… ഭ്രാന്തവളുടെ സിരകളിൽ കൂടുതൽ ശക്തിയോടെ പടർന്നു കൊണ്ടിരുന്നു….ഭ്രാ.ന്തവളിൽ തളിർക്കുമ്പോൾ അവൾക്കവളുടെ മാഷിനെ കാണാം സംസാരിക്കാം….ഇപ്പോഴാ ഭ്രാ ന്തിനെ പോലുമവൾ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു…..
ആ പൊടിമീശക്കാരനും പട്ടുപാവാടക്കാരിയും പരസ്പരം കൈ കോർത്ത് പാടവരമ്പത്തൂടെ നടന്നു നീങ്ങി…അപ്പോഴുമവളുടെ പൊട്ടിച്ചിരികൾ അന്തരീക്ഷത്തിൽ ഉയർന്നു കേട്ടു….
അവസാനിച്ചു