മാർക്കറ്റിൽ നല്ല തിരക്കും ബഹളവും ആയതുകൊണ്ട് ഒരു ചെവിയിൽ ചൂണ്ട് വിരൽ അമർത്തികൊണ്ട് ശ്രീനിവാസൻ സാർ പറഞ്ഞു…

_upscale

രചന: ഗിരീഷ് കാവാലം

:::::::::::::::::::::::::::::

“ഹലോ….മോനച്ചന്റെ ഭാര്യ അല്ലെ കേൾക്കാമോ”

മാർക്കറ്റിൽ നല്ല തിരക്കും ബഹളവും ആയതുകൊണ്ട് ഒരു ചെവിയിൽ ചൂണ്ട് വിരൽ അമർത്തികൊണ്ട് ശ്രീനിവാസൻ സാർ പറഞ്ഞു

ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം മറുപടി വന്നു

“അതേല്ലോ ആരാ “

“മോനച്ചന്റെ കൂടെ കോഴിക്കോട് ജോലി ചെയ്യുന്ന ആലപ്പുഴ ഉള്ള ശ്രീനിവാസൻ അറിയില്ലേ “

“ങാ..അറിയാല്ലോ സാറേ…എന്താ ?

“ലേഖ അല്ലെ…?

അതേ….സാർ

“ലേഖക്ക് എന്താ ജലദോഷം ആണോ തൊണ്ട അടഞ്ഞമാതിരി “

“ങാ…രാവിലെ തൊട്ട് തുടങ്ങിയതാ സാറേ തൊണ്ട അടപ്പും ജലദോഷവും. അവിടെ എന്താ സാറേ ഒച്ചയും ബഹളവും സാറിന്റെ സൗണ്ടും ശരിക്ക് കേൾക്കാൻ പറ്റുന്നില്ല “

“ഞങ്ങൾ മാർക്കറ്റിൽ ആണേ..ഒണാവധിക്ക്  വരുവാ മംഗലാപുരം മെയിൽ, കോഴിക്കോട് വരാൻ രണ്ട് മണിക്കൂർ എടുക്കും അപ്പോൾ ചെറുതായി ഒന്ന് ഷോപ്പിംഗ് ചെയ്യാമെന്ന് വിചാരിച്ചു ഞാനും മോനച്ചനും പിന്നെ വേറൊരാളും മാർക്കറ്റിൽ വന്നതാ “

“തിരക്ക് കാരണം മോനച്ചനും മറ്റേ ആളും വഴി പിരിഞ്ഞു പോയി…ലേഖ ഒന്ന് ഫോൺ ചെയ്തു മോനച്ചനോട് പറയ്‌ ഞാൻ കുരിശടിയുടെ മുന്നിൽ ഉണ്ടെന്ന് “

“എന്റെ പുതിയ സിംകാർഡാ അതിൽ നിന്ന് വിളിച്ചിട്ട് കിട്ടുന്നില്ല…സേവ് ചെയ്യാത്ത നമ്പർ ആയതുകൊണ്ടായിരിക്കും “

“പിന്നെ ഫേസ്ബുക്കിൽ ലേഖയുടെ ഫോട്ടോസ് ഒക്കെ കാണാറുണ്ട് മുൻപത്തെതിലും സുന്ദരിയായല്ലോ “

“ഓ താങ്ക് യു സാർ “

“സാറും സുന്ദരനാ ഫേസ്ബുക്കിലെ ഫോട്ടോസ് ഞാനും കാണാറുണ്ട് “

“മോനച്ചന്റെ ക ള്ള് കുടിയൊക്കെ ഒത്തിരി കുറച്ചിട്ടുണ്ട് എന്റെ ഉപദേശഫലമാ “

“ഓ വളരെ നല്ലത് സാർ “

“എനിക്ക് കുടിക്കുന്ന ആളുകളെ കാണുന്നത് ദേക്ഷ്യമാ ലേഖക്ക് എങ്ങനാ”

“എന്റെ സാറെ എനിക്ക് അതിനപ്പുറമാ പുള്ളിക്കാരനെ ഉപദേശിച്ചു ഞാൻ മടുത്തു എന്തായാലും സാറിനെ പോലെ ഒരു നല്ല മനുഷ്യനെ ചേട്ടന് കൂട്ടായി കിട്ടിയത് എന്റെ ഭാഗ്യം “

“ശരി സാറേ ഞാൻ ചേട്ടനെ വിളിച്ചു പറയാം ട്രെയിൻ വരാറായി കാണുമല്ലോ”

“ങാ ങാ.. അത് കുഴപ്പം ഇല്ല ലേഖേ മംഗലാപുരം പോയാൽ തൊട്ടുപുറകെ നേത്രാവതി വരും.. “

“പിന്നെ ജലദോഷത്തിന് മരുന്ന് പെട്ടന്ന് തന്നെ വാങ്ങി കഴിക്കണം കേട്ടോ..ഇല്ലെങ്കിൽ ഒരു ചുക്ക് കാപ്പി ഇട്ടു കുടിക്ക് “

“ശരി സാറേ…സാറും എന്നെ എത്ര കെയർ ചെയ്യുന്നുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത് താങ്ക്യൂ. അപ്പോൾ ശരി ഞാൻ വിളിക്കാമെ..”

“എന്നെ വിളിക്കണ്ട ഭാര്യ അറിഞ്ഞാൽ കുഴപ്പമാ. സംശയത്തിൽ ഡോക്ടറേറ്റ് എടുത്തിരിക്കുന്നവളാ അവൾ. ഞാൻ അങ്ങോട്ട്‌ വിളിക്കാം

ഫോൺ കട്ട്‌ ആയതും ക്ഷണനേരത്തിനകം മോനച്ചൻ എത്തി കഴിഞ്ഞിരുന്നു

“ഭാര്യ വിളിച്ചു പറഞ്ഞു അല്ലേ”

“എന്ത്…? മോനച്ചൻ തിരിച്ചു ചോദിച്ചു

“മോനച്ചനെ കാണാഞ്ഞിട്ടു ഞാൻ വിളിച്ചായിരുന്നു..ഫോൺ എടുക്കാത്തകൊണ്ട് ഞാൻ തന്റെ ഭാര്യയെ വിളിച്ചു പറയുകയാരുന്നു ഞാൻ നിൽക്കുന്ന സ്ഥലം പറഞ്ഞുകൊടുക്കാൻ “

“എന്റെ സാറേ സാർ എന്താ ഈ പറയുന്നേ ഞാൻ അരമണിക്കൂർ ആയി എന്റെ ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവളുടെ അച്ഛന്  യൂറിക് ആസിഡ് കൂടി ആശുപത്രിയിൽ അഡ്മിറ്റ്‌ ആയെന്ന്. അല്ല, പിന്നെ സാർ ആരുമായിട്ടാ സംസാരിച്ചു കൊണ്ടിരുന്നത് “

അപ്പോഴേക്കും ട്രെയിൻ വരുന്നതിന്റെ അന്നൗൻസ്മെന്റ് കേൾക്കാമായിരുന്നു

ട്രെയിൻ പ്ലാറ്റ്ഫോം വിട്ട് ഏറെയായിട്ടും ശ്രീനിവാസൻ സാർ ചമ്രം പടഞ്ഞു ശ്വാസം പിടിച്ചു ഒരേ ഇരിപ്പായിരുന്നു

കൂടെയുള്ളവരിൽ ഒരാൾ മോനച്ചനോട്‌ ചോദിച്ചു

“യോഗയെ നഖശിഖാന്തം എതിർക്കുന്ന ശ്രീനി സാറിന് ഇന്ന് എന്ത് പറ്റി “

“വൈകി ഉദിച്ച വിവേകം..അല്ല എന്തോ ചൊല്ലുന്നുണ്ടല്ലോ “

“ഓം നമശിവായ ” ജപിക്കുന്നതായിരിക്കും “

അപ്പോഴും ശ്രീനിവാസൻസാറിൽ നിന്നും ചെറിയ രീതിയിൽ ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നു “””എടീ നിന്റെ നമ്പർ ആണെന്ന് ആ തിരക്കിൽ അറിഞ്ഞില്ല ഒരു പ്രാവശ്യത്തേക്കു മാപ്പ് തരില്ലേ ഒരു പ്രാവശ്യത്തേക്ക് മാപ്പ് തരില്ലേ……”