പ്രൊഫൈൽ പിക്
രചന : പ്രവീൺ ചന്ദ്രൻ
::::::::::::::::::::::::
“നീയില്ലാതെ എനിക്ക് പറ്റില്ല വിപിൻ.. ഒരോ ദിവസവും ഞാനിവിടെ എങ്ങനെയാണ് തള്ളി നീക്കുന്നതെന്ന് അറിയുമോ നിനക്ക്?” അവളുടെ ആ മെസ്സേജിന് മറുപടി പറയാനാകാതെ അവൻ കുഴങ്ങി…
ഫേസ്ബുക്ക് വഴിയായിരുന്നു അവർ തമ്മിൽ പരിചയപെട്ടത്… ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപെട്ട അവന് അവളുടെ സാന്നിദ്ധ്യം വളരെ ആശ്വാസമായിരുന്നു.. ഇടയ്ക്കൊക്കെ ടൈംലൈനിൽ എഴുതിയിരുന്ന അവന്റെ എഴുത്തുകൾക്ക് സ്ഥിരമായി കമന്റുകൾ നൽകിയിരുന്ന അവളെ അവൻ കുറച്ച് നാളായിട്ടേയുള്ളൂ പരിചയപെട്ടിട്ട്…
ആദ്യമാദ്യം സൗഹൃദത്തിൽ തുടങ്ങിയ ആ ബന്ധം വളർന്ന് പ്രണയത്തിൽ അവസാനിക്കുകയായിരു ന്നു.. അവന്റെ ഏകാന്തതകളെ അവൾ അവളുടേ താക്കി എന്ന് വേണം പറയാൻ.. ഒരു നിമിഷം പോലും അകന്നിരിക്കാൻ പറ്റാത്തത്ര അടുത്തിരു ന്നു അവർ…
ഒരിക്കലും കണ്ടിട്ടില്ലാത്ത അവളെ സ്വന്തമാക്കണ മെന്ന ആഗ്രഹം അവന് ഉണ്ടായിരുന്നെങ്കിലും അവൾ അന്ന് അപ്ഡേറ്റ് ചെയ്ത പ്രൊഫൈൽ പിക് അവനെ ആ ചിന്തയിൽ നിന്നും പിന്തിരിപ്പിച്ചുകൊണ്ടിരുന്നു…
“ശ്രുതി… എനിക്കറിയാം നീയെന്നെ എത്ര മാത്രം ഇഷ്ടപെടുന്നുവെന്ന്..അതിനേക്കാളേറെ ഞാൻ നിന്നേയും സ്നേഹിക്കുന്നുണ്ട്.. എന്റെ ഒരോ ശ്വാസത്തിലും നീയുണ്ട്.. ഇനിയുള്ള എന്റെ ജീവിതത്തിലെ സമയം മുഴുവൻ ഞാൻ നിന്നോടൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുമുണ്ട്… പക്ഷെ എനിക്ക് ഒരു തീരുമാനമെടുക്കാനാവുന്നില്ല … “
ആ മെസ്സേജ് അയച്ചതും അവന്റെ ഫോൺ റിംഗ് ചെയ്തു… അതവളായിരുന്നു…
“ഹലോ… ശ്രുതി” അല്പം ശങ്കിച്ചെങ്കിലും ഫോൺ എടുക്കാൻ തന്നെ അവൻ തീരുമാനിച്ചു..
“എന്താ വിപിൻ?… എന്ത് പറ്റി നിനക്ക്? കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.. നിനക്ക് എന്തോ ഒരു മാറ്റം പോലെ… നീയെന്നെ ഒഴിവാക്കുകയാണോ?”
അവളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ അവൻ മൗനം പാലിച്ചു..
“എന്തെങ്കിലുമൊന്ന് പറയൂ വിപിൻ.. നീയില്ലാതെ എനിക്ക് ഒരു നിമിഷം പോലും ജീവിക്കാനാകില്ല.. നിന്റെ അടുത്തേക്ക് ഓടിവരാനായ് എന്റെ മനസ്സ് കൊതിക്കുന്നു… ഇനിയും എനിക്ക് ഈ മുഖംമൂടി യണിയാൻ വയ്യ… ഞാൻ വരാം എവിടേക്കാണെ ങ്കിലും.. ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ പോയി നമുക്ക് ജീവിക്കാം.. നമ്മൾ സ്വപ്നം കണ്ടപോലെ.. എന്നെ കൊണ്ടു പോകില്ലേ നീ?”
അവളോടുള്ള പ്രണയത്തിന്റെ ആഴം എത്രയെന്ന് അവനറിയാമായിരുന്നെങ്കിലും ആ പ്രൊഫൈൽ പിക് അവനെ വല്ലാതെ അലട്ടിയിരുന്നു…
അവനത് തുറന്ന് ചോദിക്കാൻ തന്നെ തീരുമാനിച്ചു..
“അപ്പോൾ നിന്റെ ഉണ്ണികുട്ടൻ?… അനിലേട്ടൻ? അവരെന്ത് പിഴച്ചു..? “
ആ ചോദ്യം അവളൊട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.. അത് കൊണ്ട് തന്നെ അതവൾക്കൊരു ഷോക്ക് ആയിരുന്നു…
“അത്… ” അവളുടെ തൊണ്ടയിടറി…
“ശ്രുതി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നീ ഇറങ്ങി വന്നാലുള്ള അവരുടെ അവസ്ഥയെപറ്റി? അവർക്ക് നീ മാത്രമേയുള്ളൂ.. അത് നീ മനസ്സിലാ ക്കണം”
അത് കേട്ടപ്പോൾ അവൾക്ക് അവനോട് ദേഷ്യമാണ് വന്നത്..
“പിന്നെ നീ എന്തിനെന്നെ മോഹിപ്പിച്ചു.. പ്രണയം നടിക്കുകയായിരുന്നു നീ അല്ലേ? എന്നേക്കാൾ വലുതാണോ നിനക്കവർ? “
അങ്ങനെയൊരു ചോദ്യം അവളിൽ നിന്ന് അവൻ പ്രതീക്ഷിച്ചതല്ലായിരുന്നു..
“അങ്ങനെ അല്ല ശ്രുതി.. എനിക്ക് നിന്നെ ഇഷ്ടമാണ് എന്റെ ജീവനേക്കാളേറെ… നീ എന്റെ ജീവിതത്തിലുണ്ടായിരുന്നെങ്കിൽ എന്ന് നിന്നേക്കാളേറെ ഞാൻ ആശിച്ചിട്ടുണ്ട്.. സ്വപ്നം കണ്ടിട്ടുണ്ട്.. നിനക്ക് കുടുംബമുണ്ടെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാൻ പ്രണയിച്ചതും.. നിന്റെ പ്രണയം എന്നെ അത്രമേൽ ആഴത്തിൽ സ്പർശിച്ചിരുന്നു… അത് കൊണ്ട് തന്നെ അവർ എനിക്ക് ഒരു പ്രശ്നമേയല്ലായിരുന്നു…”
“പിന്നെ എപ്പോൾ മുതലാണ് നിനക്ക് അവർ ഒരു പ്രശ്നമായത്? എനിക്കില്ലാത്ത എന്ത് പ്രശ്നമാണ് നിനക്ക്?” ഇടയ്ക്ക് കയറി അവൾ ചോദിച്ചു..
“ഈയടുത്ത് നീ മാറ്റിയ പ്രൊഫൈൽ പിക്… നിങ്ങളുടെ കുടുംബഫോട്ടോ… അതിൽ നിന്ന് എനിക്ക് കാണാനായി അവരുടെ സന്തോഷം.. നീയില്ലാതെ ആ ചിത്രം പൂർണ്ണമാവില്ലെന്നും”
അത് പറഞ്ഞതും അവൾ ഫോൺ കട്ട് ചെയ്തു.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
ദിവസങ്ങൾ കടന്ന് പോയ്ക്കൊണ്ടിരുന്നു… അതിൽ പിന്നെ അവളൊരിക്കലും അവനോട് ചാറ്റിൽ വന്നിട്ടില്ലായിരുന്നു…
“ശ്രുതി അപ്ഡേറ്റഡ് ഹെർ പ്രൊഫൈൽ” എന്ന നോട്ടിഫിക്കേഷൻ കണ്ടാണ് അവൻ അവളുടെ ഫേസ്ബുക്ക് പ്രൈഫൈൽ അന്ന് നോക്കിയത്..
ഭർത്താവിനും കുട്ടിക്കുമൊപ്പം സന്തോഷവതിയാ യി കടപ്പുറത്തിരിക്കുന്ന ഫോട്ടോ ആയിരുന്നു അവൾ അപ്ഡേറ്റ് ചെയ്തത്..
“ബാക്ക് ടു റിയാലിറ്റി വിത്ത് ഹാപ്പിനെസ്സ്” എന്നായിരുന്നു ആ ഫോട്ടോയുടെ ക്യാപ്ഷൻ…
അത് കണ്ടപ്പോൾ സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….
മനസ്സിലവശേഷിപ്പിച്ച അവളോടുള്ള അഗാധ പ്രണയം ഇടയ്ക്കൊക്കെ അവനെ അവളിലേക്ക് ആകർഷിച്ച് കൊണ്ടിരുന്നു.. പക്ഷെ അപ്പോഴൊ ക്കെ അവൻ അന്ന് വായിച്ച പത്ര കുറിപ്പെടുത്ത് വച്ച് നോക്കും…
“ഒന്നരവയസ്സായ മകളെ കഴുത്ത് ഞെ രിച്ച് കൊ ന്ന് ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി… അതിൽ മനംനൊന്ത ഭർത്താവ് ആത്മഹത്യ ചെയ്തു..”
അതായിരുന്നു ആ പത്രകുറിപ്പ്..