ഒരു FB വിശേഷം…
രചന : ഗിരീഷ് കാവാലം
:::::::::::::::::::::
“ദിനേശൻ സാറേ ഞങ്ങളുടെ ഫ്രണ്ട് റിക്വസ്റ്റ് ഒന്നും അക്സപ്റ്റ് ചെയ്യില്ല..അല്ലേ ?
“ഓ ..പിന്നെ FB യിലെ ഫ്രെണ്ട്ഷിപ്പിന് ഒന്നും ഒരു കാര്യം ഇല്ല പ്രീതി..ഇതൊക്കെ വെറും പടക്കങ്ങൾ അല്ലെ “
“സാർ ഒരു സ്ത്രീ വിരോധിയാണെന്നാ ഇവിടെയുള്ള സംസാരം “
“ആയിക്കോട്ടെ …”
“എന്റെ പെണ്ണേ ..നീയൊന്നും വിചാരിക്കുന്നപോലെ, നിന്റെയൊന്നും വലയിൽ ഈ ദിനേശൻ വീഴില്ല “
മനസ്സിൽ സ്വയം പറഞ്ഞുകൊണ്ട് ക്ലാർക്ക് ആയ പ്രീതിയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ദിനേശൻ തന്റെ ടേബിളിന് അടുത്തേക്ക് നടന്നു നീങ്ങി.
അടുത്ത ദിവസം ചായ സമയത്ത് ദിനേശന്റെ വക പ്രത്യേകം സ്വീറ്റ്‌സ് എല്ലാവർക്കും കൊടുത്തു ..കാരണം ദിനേശന്റെ ഭാര്യക്ക് ഓഫീസറായിട്ടു ജോലികയറ്റം കിട്ടി …
“എന്താ ചേച്ചീ സ്വീറ്റ്‌സ് കഴിക്കാത്തത് ?
അടുത്തിടെ ഓഫീസിൽ ട്രാൻസ്ഫർ ആയി എത്തിയ UD ക്ലാർക്ക് സീമയുടെ മുന്നിൽ ഇരിക്കുന്ന സ്വീറ്റ്‌സ് നോക്കി പ്രീതി പറഞ്ഞു …
“പ്രീതി …ഈ ദിനേശൻ ആള് എങ്ങനാ ഒരു അഹങ്കാരിയാ അല്ലേ ?
“ചേച്ചീ.. അങ്ങനെയൊന്നും ഇല്ല കക്ഷി എല്ലാവരോടും നല്ല സോഷ്യൽ ആണ് “
“എങ്കിൽ സ്ത്രീ വിരോധി ആയിരിക്കും ?
“എന്ത് പറ്റി ചേച്ചീ ?
“പ്രീതി നമ്മൾ ഈ ഓഫീസിൽ ഉള്ളവർ എല്ലാം FB യിൽ ഫ്രണ്ട് അല്ലേ “
“അതേ ചേച്ചീ “
“എന്നാൽ ഒരാൾക്ക് മാത്രം വലിയ തലക്കനമാ..ഞാൻ ഈ ദിനേശന് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട് ദിവസങ്ങൾ ആയി ഒരു പ്രതികരണവും ഇല്ല “
“ഈ ദിനേശൻ അങ്ങനെ സോഷ്യൽ മീഡിയായുടെ കെണിയിൽ വീഴില്ല “
അവിടെ തന്നെകുറിച്ചുള്ള സംസാരം കേട്ടുകൊണ്ട് അതുവഴി പോകുവായിരുന്ന ദിനേശൻ ചിരിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു
“ദിനേശൻ സാറേ, സാറിന്റെ സ്ഥാനത്ത് ഞാൻ ആയിരിക്കണം ആയിരുന്നു ..അതെങ്ങനാ എറിയാൻ അറിയാവുന്നവന്റെ കൈയ്യിൽ കമ്പ് കൊടുക്കില്ലല്ലോ “
പരിഹാസം നിറഞ്ഞ ഡയലോഗ് അടിച്ചുകൊണ്ടു പ്യൂൺ ആനന്ദൻ നടന്നു പോയി
“മോനേ ആനന്ദാ ഈ ജാലവിദ്യയിൽ ഒന്നും ദിനേശൻ വീഴില്ല…ഈ ദിനേശന്, ലോകം എന്താണ് ഈ ലോകത്ത് എങ്ങനെ ജീവിക്കണം എന്ന് നന്നായി അറിയാം “
ദിനേശൻ ചിരിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു
രാത്രിയിൽ വീട്ടിൽ വന്ന് മുഖപുസ്തകം തുറന്ന് നോക്കിയ ദിനേശൻ ഒന്ന് ഞെട്ടി !!
പുതിയതായി ചാർജെടുത്ത മേലധികാരി മാഡത്തിന്റെ ഫ്രണ്ട് റിക്വസ്റ്റ്
“ഇത് എങ്ങനെ അക്സെപ്റ്റ് ചെയ്യാതിരിക്കും …ഒന്നാമത് വലിയ കാർക്കശ്യക്കാരിയാണ് മാഡം …താൻ മാഡത്തിന്റെ ഗുഡ് ലിസ്റ്റിൽ കയറാതിരിക്കാൻ ഈ ഒരു കാര്യം മതി “
“മാഡത്തിനെ മാത്രം അക്സെപ്റ്റ് ചെയ്‌താൽ മറ്റുള്ളവർക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ ദേക്ഷ്യം കൂടും …ഇപ്പോൾ അങ്ങനെ തന്നെ താൻ ഒരു അഹങ്കാരി അല്ലെങ്കിൽ സ്ത്രീ വിരോധി ആണെന്നാ ഓഫീസിലെ പെൺ ജനങ്ങളുടെയെല്ലാം സംസാരം…”
“ഇനി എന്ത് ചെയ്യും “
ദിനേശന് ആകെ കൺഫ്യൂഷൻ ആയി
പിറ്റേ ദിവസം മാഡം ദിനേശനെ തന്റെ മുറിയിൽ വിളിപ്പിച്ചു …
“എന്താ ദിനേശാ ഫേസ്ബുക്കിൽ ഒക്കെ ആക്റ്റീവ് അല്ലേ “
ദിനേശൻ കൊണ്ടുവന്ന ഫയലുകൾ ഒക്കെ നോക്കിയ ശേഷം മാഡം ചോദിച്ചു
“ആക്ടീവാണ് മാഡം “
“അല്ല ഞാൻ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട് ഒരു പ്രതികരണവും ഇല്ലാഞ്ഞിട്ട് ചോദിച്ചതാ.”
“ഇവിടുത്തെ ലേഡീസ് സ്റ്റാഫും സമാനമായ പരാതിയാ പറയുന്നത് “
“എന്നാലും ദിനേശന്റെ ഭാഗത്താ ഞാൻ …ഇപ്പോഴത്തെ സോഷ്യൽ മീഡിയയുടെ ദുരുപയോഗം കണ്ടുകഴിഞ്ഞാൽ ദിനേശൻ ചെയ്യുന്നതാണ് ശരി ..ഇന്നത്തെ കാലത്ത് ദിനേശനെ പോലുള്ളവരെ കണ്ടുകിട്ടാൻ പാടാ …നല്ലതാ കുടുംബ ജീവിതത്തിൽ ഒരു വിള്ളലും അതുമൂലം ഉണ്ടാകില്ല “
“മാഡം അതല്ല !! വാക്കിനു വില കല്പിക്കുന്നവനാ ഞാൻ, ആ വാക്ക് തെറ്റിയാൽ ജീവിതത്തിന്റെ താളം തന്നെ തെറ്റും !!
“എന്താ ദിനേശാ മസ്സിലായില്ല !
“അതേ..മാഡം….ഇനി ഒരിക്കലും ഫേസ് ബുക്കിൽ, ഒരു പെണ്ണുമായിട്ടും ചാറ്റ് ചെയ്യുകയോ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുകയോ ഇല്ലന്ന് അമ്പല നടയിൽ എന്നെ കൊണ്ട് സത്യം ഇടീച്ചതും കൂടാതെ തൂവെള്ള പേപ്പറിൽ ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല എന്ന് എഴുതി ഒപ്പും ഇട്ട് കൊടുത്തതുകൊണ്ടാണ് , എന്റെ അമ്മായിയപ്പൻ അതായത് ഭാര്യയുടെ അപ്പൻ തിരിച്ച് അവളെ എന്റെ കൂടെ എന്റെ വീട്ടിലേക്ക് വിട്ടത്…
ങേ ……..