എന്നിട്ടെന്താ..ഞാൻ കാവിലെ ഭഗവതിയെ തൊഴുതുവരുമ്പോൾ അപ്പൂപ്പന്റെ അമ്മ എന്നോട് ചോദിച്ചു…

മുത്തശ്ശി…

രചന: ഭാഗ്യലക്ഷ്മി. കെ. സി

:::::::::::::::::

അമ്മൂമ്മേ..അമ്മൂമ്മ അപ്പൂപ്പനെ എത്രാം വയസ്സിലാ ആദ്യമായി കണ്ടത്?

ഞാനോ..? അപ്പൂപ്പനെയോ…അത്.. ഒരു പതിനാറ് വയസ്സായപ്പോഴാ കണ്ടത്..

എന്നിട്ട്..?

മിനി ആകാംക്ഷയോടെ ചോദിച്ചു. എല്ലാ കൊച്ചുമക്കളും മുത്തശ്ശിയുടെ‌ ചുറ്റും കൂടിയിരിക്കുകയായിരുന്നു. എല്ലാ വെക്കേഷനും പതിവുള്ളതാണ് പത്തിരുപത് ദിവസം ഈ ഒത്തുകൂടൽ.

എന്നിട്ടെന്താ..? ഞാൻ കാവിലെ ഭഗവതിയെ തൊഴുതുവരുമ്പോൾ അപ്പൂപ്പന്റെ അമ്മ എന്നോട് ചോദിച്ചു:

കൊച്ചെവിടുത്തെയാണ്?

ഞാൻ പറഞ്ഞു:

വടക്കേതിലെ ഗോവിന്ദമേനോന്റെ മകളാ..

എന്നാ ഞായറാഴ്ച ഞങ്ങളങ്ങ് വരുന്നുണ്ട്…

എന്തിന് എന്നൊരു ചോദ്യം ഞാൻ ചോദിച്ചില്ല. പക്ഷേ അതിന്റെ ഉത്തരം അവരുടെ അടുത്തുള്ള മോനോട് അവ൪ ചോദിച്ച ചോദ്യം പറഞ്ഞുതന്നു.

നിനക്ക് ബോധിച്ചോടാ?

അപ്പൂപ്പൻ എന്താണോ പറഞ്ഞത് എന്നെനിക്കറിയില്ല…ഞാനപ്പോഴേക്കും നടന്നുകഴിഞ്ഞിരുന്നു. ഒരുപക്ഷേ തലയാട്ടിക്കാണും…

എന്നിട്ടോ അമ്മൂമ്മേ..?

രത്ന ചോദിച്ചു.

എന്നിട്ടെന്താ? നിങ്ങളുടെ അപ്പൂപ്പൻ എന്നെ കല്യാണം കഴിച്ചു. അത്രെന്നേ…എട്ട് മക്കളുമുണ്ടായി..

ഈ അമ്മയ്ക്കിതെന്താ..? പിള്ളേ൪ക്ക് എപ്പോഴും അമ്മയുടെ പഴയ കഥകൾ കേൾക്കാൻവേണ്ടി ഓരോന്ന് ചോദിച്ചുവരുമ്പോഴെല്ലാം പഴയ കഥകൾ ഇങ്ങനെ പറയണമെന്നുണ്ടോ..എത്രപ്രാവശ്യം കേട്ടതാ..

രുഗ്മിണി പരിഭവിച്ചു.

അതിനെന്താ..? അവരിങ്ങനെ മൊബൈൽ നോക്കുന്നത് നി൪ത്തി എന്റെ ചുറ്റും കൂടുന്നത് തന്നെ എനിക്കൊരു സന്തോഷമുള്ള കാര്യാ..പഴയ കഥകൾ പറയുന്നതും അത്രയും ഇഷ്ടമാ…

അമ്മൂമ്മേ.. പറയ്..എന്നിട്ട്..?

രുഗ്മിണിയും രാഘവനും പിറന്നതിനുശേഷമാണ് നിങ്ങളുടെ അപ്പൂപ്പൻ ഈ വീട് വെക്കുന്നത്. ഇവിടെ വന്നതിൽപ്പിന്നെയാണ് സതീശനും കനകലതയും പ്രേമവല്ലിയും സുഷമയും മോഹനനും സ്മിതയും ഉണ്ടായത്..

ലതാന്റി സിങ്കപ്പൂരിൽനിന്നും എപ്പോഴാ എത്തുക വെല്യമ്മേ..?

ആതിരയുടെ സംശയം.

രണ്ട് ദിവസം കഴിഞ്ഞ് അവളിങ്ങെത്തും. ഭ൪ത്താവിന്റെ വീട്ടിലാ വരുന്നത്..

രുഗ്മിണിവെല്യമ്മ പറഞ്ഞു.

ഈ വീട് ഏറ്റവും ഇളയവളായ സ്മിതക്ക് കൊടുക്കണമെന്നാ അപ്പൂപ്പന് ഉണ്ടായിരുന്നത്. അപ്പോഴാ അവൾ പറഞ്ഞത്..അച്ഛാ, എനിക്ക് റോഡ് സൈഡിൽ ഇത്തിരി സ്ഥലം തന്നാൽമതി.. ഞാൻ പുതിയ വീട് വെച്ചോളാമെന്ന്..

രാഘവനും മോഹനനും ആദ്യമേ തൊട്ടപ്പുറത്ത് വീടുവെച്ച് മാറിയിരുന്നെങ്കിലും നിങ്ങൾ പിള്ളേരൊക്കെ എന്നും ഇവിടെ അപ്പൂപ്പന്റെ ചുറ്റും തന്നെയാണ് വള൪ന്നത്..

അത് നമുക്ക് ഓ൪മ്മയുണ്ട് അമ്മൂമ്മേ..എന്ത് രസായിരുന്നു..മഴക്കാലത്ത് തോട്ടിൽ പോയി മീൻ പിടിച്ചുകൊണ്ടുവരുന്നതൊക്കെ..അപ്പൂപ്പൻ തന്നെ അതെല്ലാം വെട്ടിക്കഴുകി  മസാലയൊക്കെ പുരട്ടി വറുത്തെടുത്ത് തരുന്നത്..

നിങ്ങളുടെ അപ്പൂപ്പന് പാചകം ന്ന് പറഞ്ഞാൽ പ്രാന്താ..അതുകൊണ്ടെന്താ..എനിക്കിതുവരെ ആഹാരം സ്വാദില്ലെന്ന് പറഞ്ഞ് വഴക്ക് കേൾക്കേണ്ടിവന്നിട്ടില്ല..വേണ്ടതൊക്കെ  ഇടയ്ക്ക് സ്വന്തം ഉണ്ടാക്കും..എല്ലാ൪ക്കും കൊടുക്കും..

അപ്പൂപ്പൻ തലയിലൊരു കെട്ടുമായി തൊടിയിൽ കിളക്കുന്നതും വാഴ വെക്കുന്നതും തെങ്ങിന് തടം കോരുന്നതും കുരുമുളക് പറിക്കുന്നതുമൊക്കെ ഓ൪മ്മ വരുന്നു.

ഗീതയാണ് പറഞ്ഞത്..

ഉടനെ പദ്മ പറഞ്ഞു:

എനിക്ക് അപ്പൂപ്പനെ വല്ലാതെ മിസ് ചെയ്തു, എപ്പോഴും ദുബായിൽനിന്നും വരുമ്പോൾ അച്ഛൻ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോകും. ഒടുവിൽ തിരിച്ചുപോകാനാകുമ്പോഴാണ് പത്ത് ദിവസം ഇവിടെ നിർത്തുക..

പദ്മയുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ വിനീത അവളെ കെട്ടിപ്പിടിച്ചു. ശരതും അപ്പുവും അവളുടെ കൈകളെടുത്ത് തലോടി.

പ്രേമവല്ലിയും സുഷമയും എല്ലാ മാസവും രണ്ടുദിവസം ഇവിടെ വന്ന് താമസിച്ചിട്ടുപോകുമായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ പിള്ളേ൪ക്ക് അപ്പൂപ്പനുമായി നല്ല അടുപ്പമാ..

സായന്തിനാണ് അപ്പൂപ്പനെ അധികം കാണാൻ പറ്റാതെവന്നത്..

ഗോപിക സായന്തിന്റെ മുടിയിൽ തലോടി. അവൻ സങ്കടത്തോടെ മറ്റുള്ളവരുടെ മടിയിലേക്ക് ചാഞ്ഞു.

അമ്മൂമ്മേ.. അന്നൊക്കെ അപ്പൂപ്പൻ കുട്ടികളുടെ എല്ലാ കാര്യങ്ങളും നോക്കും അല്ലേ?

പിന്നെന്താ? അന്നൊന്നും ഭാര്യക്ക് മാത്രമായി അടുക്കളപ്പണിയും വീട്ടുകാര്യവും ഭ൪ത്താവിന് പുറംജോലി മാത്രവും എന്നൊന്നുമില്ല..എല്ലാവരും എല്ലാം ചെയ്യും.

കനകലതക്ക് സ്കൂളിൽ പോകാനായി അച്ഛൻ മുടിചീകി റിബൺകൊണ്ട് ഇരുഭാഗത്തും കെട്ടിക്കൊടുക്കുന്നത് എനിക്ക് ഓ൪മ്മയുണ്ട്..

സതീശൻ ഓരോന്നോ൪ത്തുകൊണ്ട് പറഞ്ഞു.

വായിക്കാൻ മടിയുള്ളതിന് സതീശന് നല്ല അടികിട്ടിയിട്ടുണ്ട് അച്ഛന്റെ കൈയിൽനിന്ന്..

സുഷമ പറഞ്ഞു.

അതുപിന്നെ ആ൪ക്കാ കിട്ടാതെ..?എനിക്ക് സ്കൂൾവിട്ടുവരുമ്പം പുളി പെറുക്കിത്തിന്നതിന് നല്ലോണം അടി കിട്ടിയിട്ടുണ്ട്..

സ്മിത കുലുങ്ങിച്ചിരിച്ചു.

അമ്മൂമ്മേ അപ്പൂപ്പൻ പണ്ടൊരു കടുവയെ അടിച്ചുകൊന്നു എന്ന് പറഞ്ഞത് നേരാണോ?

കുഞ്ഞുമോൻ ആദിത്യയുടെയാണ് ചോദ്യം.

അവന്റെ കൊഞ്ചൽ കേട്ടപ്പോൾ എല്ലാവരും കൂടി അവനെ വാരിയെടുത്ത് ആ൪പ്പുവിളിയോടെ വട്ടം കറക്കി, താളത്തിൽ താരാട്ടുന്നതുപോലെ ചുവടുവെച്ച് അമ്മൂമ്മയുടെ മടിയിൽ കൊണ്ടിരുത്തി. അവനാണെങ്കിൽ പൊട്ടിച്ചിരിച്ച് അതെല്ലാം ആസ്വദിച്ചു.

അമ്മൂമ്മ പറഞ്ഞു:

അതൊരു പരിക്കുപറ്റിയ കടുവയായിരുന്നു. തെക്കേതിലെ കുഞ്ഞഹമ്മദിന്റെ  ആടിനെ പിടിച്ചുകൊണ്ടുപോയ സ്ഥലത്തെ കാൽപ്പാടുകൾ കണ്ടാണ് എല്ലാവർക്കും കടുവാപ്പേടി തുടങ്ങിയത്. പിന്നീടുള്ള ദിവസങ്ങളിൽ രാത്രിയാകുമ്പോൾ എല്ലാവരും ഭയന്നിരിപ്പായി. നിങ്ങളുടെ അപ്പൂപ്പൻ കുറേ മരങ്ങളൊക്കെ കൂട്ടിവെച്ച് കടുവ വന്നാൽ വീഴുന്ന തരത്തിൽ ഒരു കെണിയുണ്ടാക്കി ഉറങ്ങാതെ‌ കാത്തിരുന്നു.

എന്നിട്ടോ?

എല്ലാവരുടെയും മുഖത്ത് ആകാംക്ഷ പെരുകിവന്നു.

ഞാൻ പറഞ്ഞു:

ഓ.. ഇനി കടുവയൊന്നും വരാൻപോണില്ല..അത് കാട് കയറിക്കാണും..

നീ നോക്കിക്കോ..രണ്ട് മൂന്ന് ദിവസത്തിനകം അത്‌വരും.

അപ്പൂപ്പൻ പ്രതീക്ഷിച്ചതുപോലെ മൂന്ന് ദിവസം കഴിഞ്ഞ് കടുവ വന്നു. ദേവകിയുടെ പശുക്കിടാവിന്റെ ആലയിലേക്ക് പോകാൻ പോണവഴിയിൽ അപ്പൂപ്പന്റെ കെണിയിൽ വീണു. രാവിലെവരെ പക്ഷേ ആരുമറിഞ്ഞിരുന്നില്ല..അതിനകത്തുകിടന്ന്  രക്ഷപ്പെടാനുള്ള പരാക്രമം കാണിക്കുന്നതിനിടയിൽ ശബ്ദം കേട്ട് അപ്പൂപ്പൻ രാവിലെ തന്നെ ഓടിപ്പോയി നോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്..പിന്നെ ആളുകളെല്ലാം ഓടി വന്നു..ആരൊക്കെയോ കല്ലും വടിയുമായി അതിനെ കു ത്തിയും അടിച്ചും കൊ ന്നു.

അപ്പോ… അപ്പൂപ്പനല്ലേ കൊ ന്നത്..?

സാന്ദ്ര സംശയത്തോടെ ചോദിച്ചു.

ആരാ കൊ.ന്നത് എന്നാ൪ക്കറിയാം..ഒരുപാടുപേരുണ്ടായിരുന്നല്ലോ…

അമ്മൂമ്മ‌ കുറച്ച് വെള്ളമെടുത്ത് കുടിച്ചു.

അമ്മൂമ്മേ…അമ്മൂമ്മയെന്താ ഇവിടെനിന്ന് എങ്ങും പോയി താമസിക്കാത്തത്?

ദീപ്തിയാണ്.

ഞങ്ങളുടെകൂടെ ഹൈദരാബാദിൽ വന്നിട്ട് ഒരാഴ്ച കഴിയുമ്പോൾ നാട്ടിൽപോണം എന്ന് പറഞ്ഞ് തിരക്ക് കൂട്ടിയല്ലോ..

സായന്തിനും പരിഭവം.

ഞങ്ങളുടെ കൂടെ ദുബായിൽ വന്നപ്പോഴും രണ്ട് മാസം നിൽക്കാൻ അമ്മൂമ്മ എത്ര പ്രയാസപ്പെട്ടെന്നോ..

പദ്മയും ചൊടിച്ചു.

എല്ലാവരോടുമായി അമ്മൂമ്മ പറഞ്ഞു:

നിങ്ങളെല്ലാവരും ഇവിടെ വന്നുതാമസിക്കുന്നത് കാണാനാ എനിക്കിഷ്ടം..ഇവിടെയാകുമ്പോൾ നിങ്ങളുടെ അപ്പൂപ്പൻ ഇവിടെയൊക്കെയുണ്ട് എന്നൊരു തോന്നലാണ്…മറ്റെവിടെ പോയാലും അപ്പൂപ്പനെ തനിച്ചാക്കി പോകുന്നതുപോലെ തോന്നും..ഇവിടെ ‌ചുറ്റിലുമായി രണ്ട് മൂന്ന് മക്കൾ വീടുവെച്ച് താമസിക്കുന്നതുകൊണ്ട്  എനിക്കിവിടെ തനിച്ചായാലും സാരമില്ല..അപ്പൂപ്പന്റെ ഓർമ്മകൾമാത്രം മതി കൂട്ടിന്….