രചന : ഷാൻ കബീർ
:::::::::::::::::::::::::
“നല്ല തറവാട്ടുകാരാണ്, അന്വേഷിച്ചപ്പോൾ നല്ല അച്ചടക്കമുള്ള പെണ്ണുമാണ്, പക്ഷേ നമുക്ക് ഈ ബന്ധം ശരിയാവില്ല ഉപ്പാ”
ഉപ്പ ഷാൻ കബീറിനെ നോക്കി
“അതെന്താ മോനേ”
ഷാൻ ഉപ്പാനെ നോക്കി
“ഷക്കീല, ആ പേരാണ് പ്രശ്നം. നാലാള് കൂടുന്നിടത്ത് ആ പേര് പറയുമ്പോൾ എല്ലാവരും ഒന്ന് ശ്രദ്ധിക്കും. മോശപ്പെട്ട സിനിമയിൽ അഭിനയിക്കുന്ന നായികയുടെ പേരാ അത്”
ഒന്ന് നിറുത്തിയിട്ട് ഷാൻ തുടർന്നു
“എന്തായാലും ഭാര്യയുടെ പേര് ഷക്കീല എന്ന് പറയുമ്പോൾ ഉള്ളിലെങ്കിലും ആളുകൾ കളിയാക്കും. അതോണ്ട് നമുക്കിത് വേണ്ടാ ഉപ്പ”
ഷാൻ നിർബന്ധം പിടിച്ചപ്പോൾ ഉപ്പ സമ്മതിച്ചു. പിന്നീട് ബ്രോക്കർ മുഖേന മറ്റൊരു കാര്യം നോക്കാൻ ഏല്പിച്ചു. ഒരു ദിവസം ബ്രോക്കർ വിളിച്ച് പെണ്ണ് കാണാൻ ചെല്ലാൻ പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം ബ്രോക്കർ ഷാനിനെ വിളിച്ചു
“ഷാനേ ചെറിയൊരു പ്രശ്നം ഉണ്ട്. ഇന്നത്തെ പെണ്ണുകാണൽ നടക്കില്ല. നമുക്ക് വേറെ നോക്കാം”
“അതെന്താ ഇക്കാ”
“ഹേയ്, അത് വേറൊന്നും അല്ല. പെണ്ണ് അവളുടെ താത്താന്റെ ഭർത്താവിന്റെ കൂടെ ഒളിച്ചോടിപ്പോയി”
ഷാൻ കബീർ ഞെട്ടൽ മാറുന്നതിന് മുന്നേ ചോദിച്ചു
“എന്തായിരുന്നു അവളുടെ പേര്”
“പതിവ്രത, പതിമോളേ എന്ന് വിളിക്കും”
പിന്നെ ഞെട്ടാൻ ഷാൻ നിന്നില്ല. അപ്പോൾ തന്നെ ഉപ്പാനോട് ഷക്കീലയുമായുള്ള വിവാഹം ഉറപ്പിക്കാൻ അവൻ ആവശ്യപ്പെട്ടു. പക്ഷേ, അപ്പോഴേക്കും നട്ടെല്ലിന് പകരം വാഴപ്പിണ്ടിയുള്ള ഷാനിനെ ഒഴിവാക്കി ആണൊരുത്തനുമായി അവളുടെ വിവാഹം ഉറപ്പിച്ചിരുന്നു.
ഒറ്റക്കൊരു പെണ്ണ് വീട്ടിലെ കാര്യങ്ങൾ നോക്കിയാൽ, കടയിൽ പോയാൽ, എന്തിനേറെ പറയുന്നു ഒരു ആക്ടിവ ഓടിച്ചാൽ വരെ അവൾ പോക്ക് കേസാണ് എന്ന് പറഞ്ഞിരുന്ന നാടായിരുന്നു നമ്മുടേത്. ആക്ടിവ റോഡിൽ നിറുത്തി ഏതെങ്കിലും ആണിനോട് മിണ്ടിയാൽ പിന്നെ പറയേണ്ട… ഇപ്പൊ അതിനൊക്കെ ചെറിയ മാറ്റം വന്നിട്ടുണ്ട്, എന്നാലും ചിലയിടത്ത് ഇപ്പോഴും ഇങ്ങനൊക്കെയാണ്.
പേരും വസ്ത്രവും നോക്കി പെണ്ണിനെ അളക്കരുത്…