രചന: അബ്രാമിൻ്റെ പെണ്ണ്…
:::::::::::::::::::::::
പാറൂന്റെ കുഞ്ഞു പരുവത്തിലൊക്കെ എങ്ങോട്ടെങ്കിലും ഒറ്റയ്ക്ക് പോകാൻ എനിക്ക് ഭയങ്കര പേടിയാരുന്നു, പ്രത്യേകിച്ച് ബസിൽ…
ഈ കൊച്ചിന് വേറെ എവിടെ നിക്കുമ്പോഴും പാല് വേണ്ടെങ്കിലും വണ്ടിയിൽ കേറുമ്പോ പാല് കുടിയ്ക്കാൻ വേണ്ടിയൊരു നിർബന്ധമുണ്ട്…ബാഗും തുണിയും കുടയും പൊക്കണവുമൊക്കെയായി തിങ്ങി ഞെരുങ്ങി ബസിലിരിക്കുമ്പോഴുള്ള ഇവളുടെ കരച്ചിൽ ചില്ലറയല്ല എന്നെ സങ്കടപ്പെടുത്തിയിട്ടുള്ളത്…
അതുകൊണ്ട് തന്നെ എന്റങ്ങേരില്ലാതെ എന്റെ വീട്ടിൽ പോലും ഞാനങ്ങനെ ഒറ്റയ്ക്ക് പോയിട്ടില്ല..
അങ്ങനിരിക്കെ ഒരൂസം….
ഈ കൊച്ചിന് രണ്ട് വയസ് പ്രായമുള്ള ആ സമയം…
പത്തനാപുരത്തേയ്ക്ക് ബസിൽ പോകാൻ ചെങ്ങമനാട് നിക്കുവാ..ഇന്നത്തെ പോലെ കൊറോണയെയൊന്നും അന്ന് പേടിക്കണ്ടല്ലോ..അതുകൊണ്ട് തന്നെ ബസിലൊക്കെ അന്യായ തിരക്കാണ്..
ബസ്, സ്റ്റോപ്പിൽ വന്നു നിന്ന്..
ബസിന്റെ ചവിട്ട് പടിയിൽ വരെ ആണും പെണ്ണും ഒരുപോലെ തൂങ്ങിക്കിടന്നുള്ള യാത്രയാണ്..അമ്മാതിരി തിരക്കാണ് ബസിൽ..സ്കൂളിൽ നിന്നും തിരിച്ചു പോകുന്ന പിള്ളേരും ജോലി കഴിഞ്ഞു പോകുന്നവരും എല്ലാം കൂടെ ആകെ ബഹളം…
വല്ല വിധേനയും വണ്ടിയ്ക്കുള്ളിൽ കേറിപ്പറ്റി…തിക്കിത്തിരക്കി മുന്നോട്ട് ചെന്നപ്പോ ഒരു ചേച്ചി അവരിരുന്ന സീറ്റ് എനിക്ക് വേണ്ടി ഒഴിഞ്ഞു തന്നു..സീറ്റിലേയ്ക്കിരുന്നതും കൊച്ച് പതിവ് കലാപരിപാടിയായ പാലിന് വേണ്ടിയുള്ള കരച്ചിലാരംഭിച്ചു..അവളെ മടിയിൽ കിടത്തി പാല് കൊടുക്കുന്നതിനിടയിലാണ് ഞാനത് ശ്രദ്ധിയ്ക്കുന്നത്..
“കൊച്ചിന്റെ കാലിൽ കിടന്ന ചെരുപ്പ് കാണുന്നില്ല…”
ആ തിരക്കിൽ ഇരുന്നും എഴുന്നേറ്റും ചാഞ്ഞും ചരിഞ്ഞും ആൾക്കൂട്ടത്തിനിടയിലൂടെ ഞാനൊരു മിന്നൽ പരിശോധന നടത്തി..പൊടി പോലുമില്ല കണ്ടുപിടിയ്ക്കാൻ…
എന്തിലും ഏതിലും മികച്ചത് മാത്രേ അവൾക്ക് കൊടുക്കു എന്നൊക്കെയായിരുന്നു അന്നത്തെ വാശി. അങ്ങനെ ഒരു കടയിൽ എനിക്കൊരു ചെരുപ്പ് വാങ്ങാൻ വേണ്ടി കയറിയപ്പോൾ കണ്ടതായിരുന്നു കളഞ്ഞു പോയ ചെരുപ്പ്..ഒത്തിരി കുഞ്ഞ് പൂക്കൾ നിറഞ്ഞ നല്ലൊരു ചെരുപ്പ്..കൊച്ചിന് അത് ഇച്ചിരി ലൂസായിരുന്നു..ആൾക്കാരുടെ ഇടയിൽ കൂടെ ബസിലേയ്ക്ക് തള്ളിക്കേറിയപ്പോ റോഡിൽ വീണ് പോയതായിരിക്കും..
എനിക്ക് വല്ലാതെ സങ്കടം വന്നു..കുഞ്ഞുങ്ങൾ അവരുടെ പൊടിനാളിൽ കളിച്ച കളിപ്പാട്ടങ്ങളൊക്കെ ഞാനിന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്..ആദ്യമായ് പിഴുത അവരുടെ രണ്ടുപേരുടെയും പല്ല് വരെ ഞാനെടുത്ത് വെച്ചിട്ടുണ്ട്..വളർന്നു വലുതാവുമ്പോ അവരെ കാണിച്ച് അതിശയിപ്പിക്കാൻ..
ഈ ചെരുപ്പും അങ്ങനെ സൂക്ഷിച്ചു വെയ്ക്കാൻ വേണ്ടി കണക്ക് കൂട്ടിയതാണ്..എനിക്ക് അതിഭയങ്കരമായ സങ്കടം വന്നു..
“എന്ത്യേക്കളെ ചെരുപ്പ്..”
പാല് കുടിച്ചോണ്ടിരിക്കുന്ന കൊച്ചിന്റെ മുഖത്തോട്ട് നോക്കി ഞാൻ ചോദിച്ചു..
“ന്റെ ചെപ്പോ…ന്റെ ചെപ്പാണോമ്മച്യേ…”
അവൾക്ക് സംശയം…രണ്ട് പേർക്കും ചെരുപ്പൊണ്ടല്ലോ..സംശയിച്ചാൽ കുറ്റം പറയാനൊക്കുവോ…
“ആ..മോന്റെ ചെപ്പ്..മോന്റെ കാലിൽ കാണുന്നില്ല..ന്ത്യെ അത്..എവിടാ വീണ് പോയെ…”
ഞാൻ വീണ്ടും ചോദിച്ചു..അവളുടെ മുഖം കണ്ടാലറിയാം ചെരുപ്പെവിടാ വീണതെന്ന്..
“ന്റെ ചെപ്പോ…ന്റെ ചെപ്പ് കാക്ക കൊണ്ടോയമ്മച്യേ..ബല്യ കാക്ക കൊണ്ടോയി..” വെളിയിലേയ്ക്ക് കൈചൂണ്ടി കൊച്ചു പറഞ്ഞു..
ദിപ്പോ എങ്ങനിരിക്കണ്…
“ഇനി വല്ലോം ചോയ്ക്കാനുണ്ടോ ” ന്നൊരു ഭാവത്തിൽ അവളെന്റെ മുഖത്തോട്ട് നോക്കി..മറുപടി കിട്ടാഞ്ഞത് കൊണ്ടാവും വീണ്ടും പാലുകുടിയാരംഭിച്ചു..ഇത്തിരി നേരത്തിനുള്ളിൽ ഉറങ്ങുകയും ചെയ്തു..
ഒരു ചെരുപ്പായിട്ട് ഇനി വീട്ടിൽ കൊണ്ടോവണ്ട കാര്യോല്ലല്ലോ..ഞാനതൂരി ബസിന്റെ ജനലിൽ കൂടെ ഒറ്റയെറി വെച്ചു കൊടുത്തു..
പത്തനാപുരത്ത് ചെന്നപ്പോ ആളൊക്കെ ഒരുവിധം കുറഞ്ഞു…വണ്ടിയിൽ വായുസഞ്ചാരമൊക്കെ യുണ്ടായി തുടങ്ങി..ബസ്, സ്റ്റാൻഡിൽ ചെന്നപ്പോ കൊച്ചിനെയും ഉണർത്തി ബാഗും കയ്യിലെടുത്ത് ഞാനിറങ്ങാൻ റെഡിയായി..എല്ലാരും ഇറങ്ങി കഴിഞ്ഞിട്ട് കൊച്ചിനെയും കൊണ്ട് അവസാനമാണ് സമാധാനത്തോടെ ഇറങ്ങുന്നത്..
ബസിന്റെ പടിയുടെ അടുത്തെത്തിയതും….
“ദോണ്ടമ്മച്യേ ന്റെ ചെപ്പ്…” സന്തോഷം കൊണ്ട് കൊച്ച് കയ്യടിച്ചു ചിരിച്ചു…വാതിലിലെ പടിയിൽ കിടക്കുന്നു കളഞ്ഞു പോയ ചെരുപ്പ്..
ഞാൻ അന്തംവിട്ട് നിക്കുവാ..കൊച്ച് അപ്പോളാ സ്വന്തം കാലിൽ നോക്കുന്നത്..
“യ്യോ,,ന്റെ ചെപ്പെന്ത്യേ…” അവളെന്റെ കയ്യിൽ നിന്നൂർന്നിറങ്ങി വണ്ടിയിൽ മൊത്തം ഓടിനടന്നു നോക്കി..
കാലിൽ കിടന്ന ചെരുപ്പെടുത്ത് അമ്മച്ചി ജനലിൽ കൂടെ എറിഞ്ഞു കളഞ്ഞെന്ന് ഇങ്ങനെ ഓടിനടന്നു നോക്കുന്ന കൊച്ചിനോടെങ്ങനെ പറയും..
“മോന്റെ കാലിൽ കിടന്ന ചെരുപ്പാ ഈ പടീൽ കെടക്കുന്നെ…മറ്റേ ചെരുപ്പ് കാക്ക കൊണ്ടോയില്ലേ..സാരമില്ല,, ഇതുപോലുള്ള വേറൊരു ചെരുപ്പ് അമ്മച്ചി വാങ്ങിച്ചു തരാവല്ലോ..”
കൊച്ചിന് ഞാൻ പറഞ്ഞത് വിശ്വാസമായില്ല..ന്നാലും പുതിയ ചെരുപ്പ് വാങ്ങിക്കൊടുക്കുമെന്നുള്ള ഉറപ്പിൽ അവള് പിന്നെ അതിനെക്കുറിച്ച് ചോദിച്ചില്ല..
ഒരു പ്രയോജനവുമില്ലെങ്കിലും ആ പടിയിൽ കിടന്ന ചെരുപ്പെടുത്ത് ഞാൻ വീട്ടിൽ കൊണ്ടു പോന്നു..ചുമ്മാ കളയുന്നതെന്തിനാ..കാശ് കൊടുത്തു വാങ്ങിച്ചയല്ലിയോ…
അതേപോലെയുള്ള ഒരു ജോഡി ചെരുപ്പ് വീണ്ടും വാങ്ങിച്ച് കൊച്ചിന്റെ സങ്കടം തീർത്തു..
…ന്നാലും കളഞ്ഞു പോയ ആ ചെരുപ്പിനെക്കുറിച്ചോർക്കുമ്പോ ഇന്നും എന്റെ മനസിലൊരു വിങ്ങലാ….