അയാൾ അവനെ എടുത്ത് അവൻ പറഞ്ഞ വഴിയിലൂടെ നടന്ന് അവരെ അന്വേഷിച്ച് കണ്ടെത്തി അവർക്ക് കൈമാറി..

_upscale

സഹായം

രചന: പ്രവീൺ ചന്ദ്രൻ

:::::::::::::::::::

ഒരിക്കൽ ധനികനായ ഒരാൾ ദൈവത്തോട് ഒരാഗ്രഹം പ്രകടിപ്പിച്ചു..

“ദൈവമേ എനിക്ക് കഷ്ടപെടുന്നവരെ സഹായിക്കണമെന്നുണ്ട്.. അത് മൂലം എനിക്ക് സ്വർഗ്ഗം നേടണം.. അങ്ങനെയുളളവരെ ഞാനെവിടെപ്പോയാണ് അന്വേഷിക്കുക?”

ദൈവം ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു..

“ദാ ആ കാണുന്ന കുന്നിന്റെ അപ്പുറത്ത് ഒരു ആൽമരമുണ്ട് അവിടെ നിങ്ങളുദ്ദേശിക്കുന്ന ആളുകളുണ്ടാവും”

അയാൾ ദൈവത്തോട് നന്ദി പറഞ്ഞ് കൈയിൽ കുറച്ച് സ്വർണ്ണ നാണയങ്ങളുമായി ആൽമരചുവ ട്ടിലേക്ക് യാത്രതിരിച്ചു.. ആ സമയത്താണ് ഒരു കച്ചവടക്കാരൻ അയാളുടെ കൂടെ കൂടിയത്..

“സുഹൃത്തേ എനിക്കാ കുന്നിന്റെ അപ്പുറത്തേക്കു ളള വഴി കാണിച്ചു തരാമോ?” അയാൾ ചോദിച്ചു..

“ശരി.. എന്നോടൊപ്പം കൂടിക്കോളൂ” അയാൾ പറഞ്ഞു..

അങ്ങനെ അവർ ഇരുവരും യാത്ര തുടങ്ങി..

കുറച്ച് ദൂരം നടന്നപ്പോൾ കൈകാലുകൾ തളർന്ന ഒരാൾ വഴിയരികിൽ ഭിക്ഷയാചിക്കുന്നത് അവർക്ക് കാണാനായി..

കച്ചവടക്കാരൻ അയാളെ കണ്ടതും കയ്യിലുണ്ടാ യിരുന്ന ഭാണ്ഡക്കെട്ട് അഴിച്ച് അതിൽ നിന്നും കുറച്ച് അരിയും സാധനങ്ങളും അയാൾക്ക് നൽകി..

ഇത് കണ്ട് നിന്നതല്ലാതെ ധനികൻ അയാളെ സഹായിക്കാൻ തുനിഞ്ഞത് പോലുമില്ല…

അവർ വീണ്ടും യാത്ര തുടർന്നു..

കുറച്ച് ദൂരം കഴിഞ്ഞപ്പോൾ വഴിയരികിൽ ഒരു ബാലൻ കരഞ്ഞുകൊണ്ട് നിൽക്കുന്നത് കണ്ടു..

ഇത് കണ്ട് കച്ചവടക്കാരൻ അവന്റെ അടുത്തേക്ക് ചെന്ന് കാരണം തിരക്കി..

അവന്റെ അച്ഛനമ്മമാരെ എവിടെയൊ നഷ്ടപെട്ടതാണ് ആ കരച്ചിലിന് കാരണം എന്ന് അയാൾ മനസ്സിലാക്കി..

അയാൾ അവനെ എടുത്ത് അവൻ പറഞ്ഞ വഴിയിലൂടെ നടന്ന് അവരെ അന്വേഷിച്ച് കണ്ടെത്തി അവർക്ക് കൈമാറി..

തന്റെ സമയം കളഞ്ഞതിൽ ധനികൻ കച്ചവടക്കാരനോട് ദേഷ്യപെട്ടു..

അവർ വീണ്ടും യാത്ര തുടർന്നു..

അപ്പോഴാണ് വഴിയരികിൽ ഒരു സ്ത്രീ ദാഹിച്ചു വലഞ്ഞ് നിൽക്കുന്നത് കണ്ടത്..

ധനികൻ തന്റെ കയ്യിലുളള വെളളം അവർക്ക് നൽകാൻ വിസമ്മതിച്ചു…

പക്ഷെ കച്ചവടക്കാരൻ ഒട്ടും മടിക്കാതെ തന്റെ കയ്യിലുണ്ടായിരുന്ന വെളളം അവർക്ക് കൈമാറി…

അവർ വീണ്ടും യാത്ര തുടർന്നു..

നടന്ന് നടന്ന് അവർ ഒരു നദിയുടെ തീരത്തെത്തി അവിടെ ഒരു പശും കുട്ടി കരഞ്ഞുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു..

നദിയുടെ അപ്പുറത്ത് അതിന്റെ തളളപശു നിൽപ്പുണ്ടായിരുന്നു.. അബദ്ധത്തിൽ നദിയിൽ വീണ് ഇക്കരയ്ക്കെത്തിയതാവാം എന്ന് അവർക്ക് മനസ്സിലായി..

കച്ചവടക്കാരൻ ആ പശുകിടാവിനേയും തോളത്ത് വച്ച് നദികടന്ന് അതിനെ അതിന്റെ തളളപശുവിന്റെ അരികിലേക്കെത്തിച്ചു..

അയാളുടെ പ്രവൃത്തികണ്ട് ധനികൻ അയാളെ കളിയാക്കിച്ചിരിച്ചു..

അങ്ങനെ അവർ നീണ്ട യാത്രയ്ക്ക് ശേഷം ആ കുന്നു കടന്ന് ആൽമരചുവട്ടിലെത്തി..

ഇരുവരും ക്ഷീണിതരായിരുന്നു.. ആൽമരചുവട്ടി ലെത്തിയതും കച്ചവടക്കാരൻ അവിടെയിരുന്നു വിശ്രമിക്കാൻ തുടങ്ങി..

ധനികൻ അവിടെമാകെ തിരയാൻ തുടങ്ങി..

ഇത് കണ്ട് കച്ചവടക്കാരൻ ചോദിച്ചു..” എന്താണ് സുഹൃത്തെ നിങ്ങൾ തിരയുന്നത്?”

ധനികൻ പക്ഷെ അതിനുത്തരം കൊടുത്തില്ല.. അയാൾ വീണ്ടും തിരഞ്ഞു കൊണ്ടിരുന്നു…

ഇത് കണ്ട് കച്ചവടക്കാരൻ അയാളോട് പറഞ്ഞു..

“നിങ്ങൾ തേടുന്നതെന്തോ അത് നിങ്ങൾക്കിവിടെ കാണാൻ കഴിയില്ല”

അയാളുടെ സംസാരം കേട്ട് തിരച്ചിൽ നിർത്തി ധനികൻ അയാൾക്കരികിലേക്ക് വന്ന് ആകാംക്ഷയോടെ അയാളെ നോക്കി..

പെട്ടെന്ന് അവിടമാകെ പ്രകാശം പരന്നു..

ധനികൻ അമ്പരന്ന് കൊണ്ട് ആ പ്രകാശത്തിന് നേരെ നോക്കി…

“നിങ്ങൾ അന്വേഷിച്ച് നടന്നത് നിങ്ങളുടെ യാത്രയിൽ തന്നെയുണ്ടായിരുന്നു.. കണ്ണുണ്ടായിട്ടും നിങ്ങൾ കണ്ടില്ലെന്ന് നടിച്ച ആ വഴിപോക്കർ തന്നെയാണ് നിങ്ങൾ അന്വേഷിച്ചവർ.നാണയങ്ങൾ കൊണ്ട് മാത്രമല്ല മറ്റുളളവരെ സഹായിക്കാനാവുന്നത്.. അതിന് അദ്യം വേണ്ടത് നല്ല മനസ്സാണ് “

നമ്മളുടെ കൺമുന്നിലുളളവരെയാണ് നമ്മൾ ആദ്യം സഹായിക്കേണ്ടത്… ജീവിതം ഒരു യാത്രയാണ് ആ യാത്രക്കിടയിൽ അശരണരായ ഒരുപാട് പേരെ നമ്മൾ കണ്ടുമുട്ടും കഴിയാവുന്ന രീതിയിൽ അവരെ സഹായിക്കുക..