പെണ്ണുങ്ങൾക്ക് പറഞ്ഞുറപ്പിച്ചു വെച്ചിരിക്കുന്ന സീറ്റിന്റെ തൊട്ടു പുറകിലത്തെ സീറ്റിലാണ് ഞാൻ ഇരിക്കുന്നത്…

അനുഭവ കഥ…

“രണ്ടു പെണ്ണുങ്ങളും ഞാനും”

രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

::::::::::::::::::::::

24/6/2014…… ഇന്ന് എനിക്ക് നിർണ്ണായക ദിവസമാണ്. എന്തെന്നാൽ ഞാൻ ഇന്ന് ആദ്യമായി ലക്ഷകണക്കിന് രൂപയുമായി ഒരു സ്ഥലം വരെ പോവുകയാണ്. ഉപ്പയുടെ കൂടെ രണ്ടു മൂന്ന് വട്ടം പോയ പരിചയം മാത്രമേ ഉള്ളൂ.

“”എടാ…അവടെ ചെന്നാൽ ഓല് അത് നല്ലതാണ്. ഇത് നല്ലതാണ് എന്നൊക്കെ പറീം അത് ഓലെ കച്ചോട തന്ത്രം.അയില് മയങ്ങി പോകാതിരിക്കണത് അന്റെ കച്ചോട തന്ത്രം. സാരിയൊക്കെ ഇവടെ ഈ ഓണത്തിന് കളിക്ക്ണ മോഡൽ മാത്രം ഇടുത്താൽ മതിട്ടോ.. പിന്നെ.. ദാ.. നാല് ലക്ഷം ഉറുപ്പ്യണ്ട്. ബസ്സിലും അവടീം ഇവടീം ഒന്നും തൊള്ളീം പൊളിച്ചു നിക്കരുത്. ഇള്ള കായ് പോകും.. നേരെ നോക്കണം””. പോകാൻ ഒരുങ്ങിയ എന്റെ കയ്യിൽ പൈസ തന്നിട്ട് ഉപ്പാന്റെ ഉപദേശമാണിത്.

കേട്ടപ്പോൾ സംഗതി കൊള്ളാം. നല്ല ഉപദേശം എന്നൊക്കെ തോന്നുമെങ്കിലും എനിക്ക് ആകെ ടെൻഷനായി. മൂന്നുനാല് ലക്ഷം ഉറുപ്പിക കയ്യിൽ തന്നിട്ടാണ് സൂക്ഷിക്കണം എന്ന് പറഞ്ഞിരിക്കുന്നത്. എന്റെ നെഞ്ച് ചാടാൻ തുടങ്ങി. ഇത്രയധികം പൈസ ഒന്നിച്ചു കാണുന്നത് തന്നെ ആദ്യമായിട്ടാണ്. നൂറു രൂപയിൽ കൂടുതലുള്ള ഒരു നോട്ട് അന്ന് വരെ എന്റെ പോക്കറ്റിൽ കിടന്നിട്ടില്ല..

ഞാൻ കുളിച്ചൊരുങ്ങി. പാന്റും ഷർട്ടുമൊക്കെ ഇട്ടു. ഉപ്പ റബ്ബർ ബാന്റിട്ടു തന്ന കാശ് ഞാൻ എങ്ങനെ കൊണ്ടു പോകുമെന്നു ആലോചിച്ച് കുറച്ചു നേരം നിന്നു. ഉപ്പ പേഴ്സിൽ പൈസയിട്ട് അരയിൽ വെച്ച് കൊണ്ടു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാനും അത് പോലെ അരയിൽ തിരുകി ഒന്നു നോക്കി.

അയ്യേ… ഹഹഹഹ.. നല്ല പോക്കാച്ചി തവളക്ക് വയറ്റിലുണ്ടായ പോലെ..പാന്റിന്റെ സിബ്ബ് ആകെ മുഴച്ചു നിൽക്കുന്നു.. ബസിലാണ് പോകുന്നത്. ആളുകൾ തെറ്റിദ്ധരിച്ചാൽ അതിലും വലിയ മുഴ മുതുകിൽ മുഴച്ചു നിൽക്കും എന്നെനിക്ക് തോന്നി. ഞാൻ വേഗം പൈസ അരയിൽ നിന്നെടുത്തു ജീൻസിന്റെ പോക്കറ്റിൽ തന്നെ തിരുകി കയറ്റി.

വീട്ടിൽ നിന്നിറങ്ങി ബസിൽ ടൗണിലെത്തി.അവിടേ കോഴിക്കോട്ടേക്ക് ബസ് കാത്ത് നിൽക്കുമ്പോഴും ഇടയ്ക്കിടെ പൈസ ഇങ്ങനെ തൊട്ടു നോക്കും. പൈസയെങ്ങാനും പോക്കറ്റടിച്ചു പോയാൽ… എന്റെ റബ്ബേ… ഞാൻ അങ്ങനെ ഒരു വൈക്ലബ്യ ഭാവത്തോടെ ബസ് കാത്തു നിന്നു. സർക്കാർ ബസുകൾ ഇടതടവില്ലാതെ പോകുന്നുണ്ട്. എന്താണെന്നറിയില്ല. ഇവിടെയൊക്കെ കെഎസ്ആർടിസി ബസുകൾ കാണുമ്പോൾ എല്ലാർക്കുമൊരു ചതുർത്ഥിയാ…ആരും അതിൽ കയറില്ല..ഞാനും കയറിയില്ല..അല്ല പിന്നെ… പോലീസ് ബസിൽ കയറാൻ എന്നെ കിട്ടില്ല.

“”കോഴിക്കോട്… കോഴിക്കോട്””…ഒരാൾ ഇങ്ങനെ ഉറക്കെ കാറുന്ന ഒച്ച കേട്ടു ഞാൻ നോക്കി.കോഴിക്കോട്ടേക്കുള്ള ബസ് ചീറി പാഞ്ഞു എന്റെ അടുത്ത് വന്നു നിന്നു. ഞാൻ എന്റെ പൈസ പോക്കറ്റും താങ്ങി പിടിച്ചു ആ ബസിലേക്ക് വലിഞ്ഞു കയറി. ബസിൽ ആരും നിൽക്കുന്നില്ല. ഞാൻ ചുറ്റും നോക്കി.. ഹാവൂ… ഒരു സീറ്റ് മുഴുവനായി ഒഴിഞ്ഞു കിടപ്പുണ്ട്. ഞാൻ വേഗം പോയി സൈഡ് സീറ്റിൽ പോയി ഇരിപ്പുറപ്പിച്ചു.പെണ്ണുങ്ങൾക്ക് പറഞ്ഞുറപ്പിച്ചു വെച്ചിരിക്കുന്ന സീറ്റിന്റെ തൊട്ടു പുറകിലത്തെ സീറ്റിലാണ് ഞാൻ ഇരിക്കുന്നത്.

ഇനി ഇതെങ്ങാനും പെണ്ണുങ്ങളുടെ സീറ്റാണോ എന്നുള്ള സന്ദേഹത്തോടെ ഞാൻ മുകളിലേക്ക് നോക്കി. “സ്ത്രീകൾ” എന്നൊന്നും എഴുതി കാണുന്നില്ല.. സമാധാനമായി ഇരിക്കാം” ഞാൻ മനസ്സിൽ സന്തോഷിച്ചു കൊണ്ട് ചാരിയിരുന്നു. ചെക്കർ ഡബിൾ ബെല്ലടിച്ചു. ബസ് ഉരുണ്ടു തുടങ്ങി. ഏകദേശം ഒരു എഴെട്ട് കിലോമീറ്റർ പോയപ്പോൾ ബസ് നിർത്തി..ആരും കയറുന്നത് കാണുന്നില്ല..

“”ചേച്ചിമാരെ.. കയറിക്കോളൂ.. ഇരിക്കാൻ സീറ്റുണ്ട്””.മുന്നിലെ ‘കിളി’ ഇങ്ങനെ ഉറക്കെ പറയുന്നത് ഞാൻ കേട്ടു. “ശെടാ… ആരാടാ തീരെ നിൽക്കാൻ വയ്യാത്ത രണ്ട് പേര്”..ഞാനിങ്ങനെ ആലോചിച്ചു കൊണ്ട് മുന്നിലെ ഡോറിലേക്ക് നോട്ടമെറിഞ്ഞു ചാരിയിരുന്നു.

പെട്ടെന്നു ദാ കയറി വരുന്നു രണ്ട് സ്ത്രീകൾ. കാഴ്ച്ചയിൽ ചെറുപ്പകാരികളാണ്. ഒരു മുപ്പത്തഞ്ച് വയസ്സിനു താഴെ മാത്രമേ കണ്ടാൽ പ്രായം തോന്നൂ. ഒരാൾ സാരി ഉടുത്തിരിക്കുന്നു. മറ്റേയാൾ ചുരിദാറും. കാഴ്ച്ചക്കും വലിയ കുഴപ്പമില്ലാത്ത ചന്തമൊക്കെയുണ്ട്. കയ്യിൽ വലിയ രണ്ട് ബാഗുകൾ. സാരി ചുറ്റിയ സ്ത്രീ അത്യാവശ്യം തടിയുണ്ട്. ചുരിദാറുകാരി മെലിഞ്ഞിട്ടാണ്.

അവർ ചുറ്റും നോക്കി. രണ്ട് ബാഗും താങ്ങി പിടിച്ചു മുകളിലെ ബർത്തിൽ കുത്തി കയറ്റി വെച്ചു. വീണ്ടും അവർ ചുറ്റും നോക്കി. സ്ത്രീകളുടെ സീറ്റ് എല്ലാം നിറഞ്ഞിരിക്കുന്നു..

“പടച്ചോനെ.. അവർ എന്റെ അടുത്തേക്കാണല്ലോ വരുന്നത്. എന്നേ എഴുന്നേൽപ്പിച്ചു ഇവിടെ ഇരിക്കുമോ”. എനിക്ക് ആകെ പരിഭ്രാന്തിയായി.. ചിന്തിച്ചത് വെറുതെയായില്ല… രണ്ട് പെണ്ണുങ്ങളും കൂടി എന്നെ ഒരു മൂലയിലേക്ക് ചുരുട്ടി അവരുടെ ആസനങ്ങൾ അവിടെ സ്ഥാപിച്ചു.. ഞാൻ ആകെ ഞെട്ടി.. “ങ്ങേ… എന്താപ്പത് കഥ…പോ ത്ത് പോലെ വളർന്ന ഒരു ആണൊരുത്തന്റെ അടുത്ത് പെണ്ണുങ്ങൾ വന്നിരിക്കുകയോ.. അതും തൊട്ടുരുമ്മി കൊണ്ട്”…എന്റെ മനസ്സിങ്ങനെ മന്ത്രിച്ചു കൊണ്ടിരുന്നു.

എന്നിൽ ഒരു വല്ലായ്മയും അസ്വസ്ഥതയും വന്നു കൊണ്ടിരുന്നു. എനിക്കിതൊക്കെ ആദ്യത്തെ അനുഭവമാണ്. അഭിനവ കേരളം ഇത്ര വളർന്നത് എനിക്കറിയില്ലല്ലോ.. “എഴുന്നേറ്റ് പോയി കമ്പിയിൽ തൂങ്ങി നിന്നാലോ…ഏതെങ്കിലും ആൺപിറന്നോൻ എവിടെയെങ്കിലും ഇറങ്ങുകയാണെങ്കിൽ അവിടേ ഇരിക്കാം.”..എന്ന് കരുതി ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു.

“”നീ എങ്ങോട്ടാ… അവിടേ ഇരുന്നോടാ.. വേറെ സീറ്റൊന്നുമില്ല””.എന്റെ അടുത്തിരുന്ന ആ പെണ്ണുമ്പിള്ള ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ എന്തോ… എടുത്തടിച്ച പോലെ അവിടേ ഇരുന്നു.. അവർ എന്നെ നോക്കി ചിരിച്ചു.. ഞാൻ ചിരിച്ചില്ല. വെറുതേ പുറത്തേക്ക് നോക്കിയിരുന്നു. ഞാൻ ആലോചിച്ചത് അതൊന്നുമല്ല. “ഒരു പരിചയവും ഇല്ലാത്ത അവർ എന്നെ ‘എടാ’ എന്ന് വിളിച്ചു..പോരാത്തത്തിന് ‘നീ’എന്നും ഹ്മ്.. ഹം.. എന്താ അഹങ്കാരം പെ ണ്ണുമ്പി ള്ളക്ക്”.

ഞാൻ ദേഷ്യത്തിൽ പുറത്തു നിന്നും നോട്ടമെടുത്ത് അവരെ നോക്കി..ങ്ങേ..അവരപ്പോഴും ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കിയിരിക്കുന്നു. ഞാൻ തിരിച്ചൊരു ഇളിയങ്ങു വെച്ചു കൊടുത്തു. “ഇവരിതെന്താ എന്നെ തന്നെ നോക്കിയിരിക്കുന്നത്. എന്തൊക്കെ കാഴ്ച്ചകളുണ്ട് പുറത്ത്. അതൊക്കെ നോക്കിക്കൂടെ ഇവർക്ക്”.ഞാൻ മനസ്സിൽ പിറുപിറുത്തു കൊണ്ടിരുന്നു.

അവർ ആ വലിയ ആ സ നം കൊണ്ട് ഒന്ന് കൂടി തിക്കി തിരക്കി പുറകിലേക്ക് ചരിയിരുന്നു… “ആഹാ.. കൊള്ളാലോ സ്ത്രീയേ നിങ്ങൾ”. അവര് ശരിയായി.. എന്റെ ഈ ചെറിയ ആസനം ഒന്ന് കൂടി മൂലയിലേക്ക് ഒതുക്കി. ഞാൻ ആകെ ഞെരുങ്ങി അമർന്നു. കാല് ഒന്ന് വിടർത്തി വെക്കാൻ കൂടി പറ്റുന്നില്ല. എനിക്ക് ദേഷ്യം ഇരച്ചു കയറി വന്നു. “എന്ത് ഹലാക്കിനാണ് റബ്ബേ ഈ ബസിൽ തന്നെ പാഞ്ഞു കയറിയത്”.ഞാൻ തല ചൊറിഞ്ഞു കൊണ്ട് ദേഷ്യത്തിൽ അവരെ വീണ്ടും നോക്കി. അവർക്ക് യാതൊരു കുഴപ്പവുമില്ല. അതേ ചിരി.. മുഖത്ത് അതേ സന്തോഷം..

ബസ് ചീറി പാഞ്ഞു കൊണ്ടിരിക്കുകയാണ്. കണ്ടക്ടർ വന്നു അവരോട് ടിക്കറ്റ് ചോദിച്ചു.

“”രണ്ട് കോഴിക്കോട്””..അവർ ഇങ്ങനെ പറഞ്ഞു കൊണ്ട് പേഴ്സിൽ നിന്ന് പൈസ എടുക്കാൻ തുടങ്ങി.”ഓഹ്… എനിക്ക് വയ്യ… ഈ കുരുപ്പുകൾ കോഴിക്കോട് വരെയുണ്ടോ”.. അവരുടെ ആ കൈ മുട്ട് എന്റെ കഴുത്തിലാണ്. “വല്ലാത്തൊരു വലിയും വണ്ടിയും ആയല്ലോ പടച്ചോനെ ഇവരെ കൊണ്ട്. കോഴിക്കോട് എത്തുമ്പോഴേക്കും എനിക്ക് ജീവൻ ബാക്കി കാണുമോ എന്തോ”.ഞാൻ ഉള്ളിൽ പറഞ്ഞു.

അവർ പേഴ്സിൽ നിന്നു പൈസ കൊടുത്തു കണ്ടക്ടറിൽ നിന്നു ബാക്കി പൈസയും ടിക്കറ്റും വാങ്ങി തിരികേ പേഴ്സിൽ വെക്കും വരെ ആ കൈമുട്ട് എന്റെ ചങ്കിലായിരുന്നു. കണ്ടക്ടർ എന്നോട് ടിക്കറ്റ് ചോദിച്ചു… ആഹാ… എന്റെ സ്വതസിദ്ധമായ ‘വിക്ക്’ രംഗം കീഴടക്കി.

“കൊ കൊ കൊ കോഴിക്കോട്”..ഞാൻ കയ്യിൽ കരുതി വെച്ചിരുന്ന നൂറ് രൂപ കണ്ടക്ടർക്ക് നീട്ടികൊണ്ട് പറഞ്ഞൊപ്പിച്ചു. അയാൾ പൈസ വാങ്ങി. ഇനിയും ഈ പണ്ടാരകാരൻ ഒന്നും ചോദിക്കരുതേ എന്ന് മനസ്സ് കൊണ്ട് വെറുതേ ആശിച്ചതേ ഉള്ളൂ.. ദാ വന്നു അടുത്ത ചോദ്യം. “എത്ര പേരാ?”.

കുടുങ്ങിയല്ലോ തമ്പുരാനേ… “ഒ ഒ ഒരാൾ”.ഞാൻ വീണ്ടും പറഞ്ഞൊപ്പിച്ചു. അയാൾ ചിരിച്ചു കൊണ്ട് ടിക്കറ്റും ബാക്കി പൈസയും തന്നു.. ഹാവൂ.. ആശ്വാസം.. അതങ്ങനാ.. അപരിചിതരോട് സംസാരിക്കുമ്പോൾ വിക്ക് കുറച്ചു കൂടും.. ഞാൻ വെറുതേ ആ സ്ത്രീയുടെ മുഖത്തേക്കൊന്നു നോക്കി. അവർ വീണ്ടും എന്നെ തന്നെ നോക്കിയിരിക്കുന്നു. “ഇത്രയും നേരം ഇവർ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നോ”.ഞാൻ ഓർത്തു.

അവർ ചിരിച്ചു.. “വിക്കുണ്ടല്ലേ?”..അവർ അതേ ചിരിയോടെ ചോദിച്ചു.

ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ മുഖം മാറിയത് അവർ കണ്ടോ ആവോ. ഞാൻ പുറത്തേ കാഴ്ചകളിലേക്ക് നോക്കിയിരുന്നു. വിക്കുള്ള ഒരാൾക്ക് ഏറ്റവും സങ്കടം തോന്നുന്ന കാര്യമാണത്. മുഖത്ത് നോക്കി വിക്കുണ്ടോ എന്ന് ചോദിക്കുന്നത്. എന്റെ കണ്ണുകൾ നിറഞ്ഞോ എന്നൊരു സംശയം.

“എന്തിനാ കോഴിക്കോട് പോകുന്നത്?”..അവരുടെ അടുത്ത ചോദ്യം.

അതിനും ഞാൻ മറുപടി പറഞ്ഞില്ല. ഞാൻ ഒന്ന് മുന്നോട്ടാഞ്ഞു മറ്റേ സ്ത്രീയേ വെറുതേ ഒന്ന് പാളി നോക്കി. അവർ നല്ല ഉറക്കമാണ്. “ഇവർക്കും ഉറങ്ങിക്കൂടെ വെറുതേ മനുഷ്യനെ മെനക്കെടുത്തുന്നത് എന്തിനാ”.ഞാൻ അകമേ പിറുപിറുത്തു.

“എന്താ..ഒന്നും മിണ്ടാത്തത്.. കൂടുതൽ സംസാരിക്കില്ലേ?”.അവർ വീണ്ടും ചോദിച്ചു.

തമ്പുരാനേ… ഇവർക്കിത് എന്തിന്റെ കേടാണ്…ഇല്ല എന്നങ്ങ് പറഞ്ഞാൽ പിന്നെ ഇവർ കൂടുതൽ ഒന്നും ചോദിക്കില്ലല്ലോ..

“ഇ ഇ ഇല്ല”.ഞാൻ സ്വല്പം സ്വരമൊന്നു കനപ്പിച്ചു പറഞ്ഞു.

എന്റെ എല്ലാ കണക്കു കൂട്ടലുകളും കാറ്റിൽ പറത്തി കൊണ്ട് അവർ വാചാലയായി.

“”വിക്കുള്ളവർ ഇങ്ങനെ അന്തർമുഖരായി ഇരിക്കാൻ പാടില്ല. എപ്പോഴും സംസാരിക്കണം കേട്ടോ.. സംസാരിച്ചു കൊണ്ടേ വിക്കിനെ തോൽപ്പിക്കാൻ പറ്റൂ”” അവർ ആ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു.

ഈ ചിരി ഇങ്ങനെ ചുണ്ടിൽ ഒട്ടിച്ചു വെച്ചതാണോ..അതോ ഇവരേ പെറ്റിട്ടപ്പോഴേ ഇങ്ങനെ ആണോ.. എന്നെനിക്ക് തോന്നി.

ഞാൻ വെറുതേ ഒന്ന് മൂളി.. പുറത്തേക്ക് നോക്കിയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പൊ എനിക്ക് ആ കാര്യം ഓർമ്മ വന്നത്. “പടച്ച തമ്പുരാനേ.. എന്റെ പൈസ.. അത് അവരോട് ചേർന്നിരിക്കുന്ന ആ ഭാഗത്തെ പോക്കറ്റിലാണ് ഉള്ളത്. എന്നെ കുപ്പിയിലാക്കി പൈസ അടിച്ചു മാറ്റാനാണോ ഇവരിങ്ങനെ അടുത്തു കൂടുന്നത്.. കള്ളീ”…ഞാൻ ആകെ ഇരുന്നു പരുങ്ങി. ഞാൻ പുറത്തേ കാഴ്ച്ചകളിൽ നിന്ന് കണ്ണെടുത്തു. എന്റെ പൈസയുള്ള പോക്കറ്റിലേക്ക് തല ചെരിച്ചു നോക്കി..

സംഗതി അവിടെ തന്നെ ഉണ്ട്..ആശ്വാസത്തിൽ ഞാനൊരു നെടുവീർപ്പിട്ടു. പക്ഷെ അവരുടെ തുടയിലേക്ക് അമർന്നിരിക്കുകയാണ് പൈസ. എന്റെ എല്ലാ സമാധാനവും പോയി.. ആരെയും വിശ്വസിക്കാൻ പറ്റില്ല. ഇനി എങ്ങാനും അവർ ബ്ലേഡ് വെച്ചു പൈസ മോഷ്ടിച്ചാൽ… “എന്റുമ്മോ.. വീട്ടിൽ അന്ന് അയ്യപ്പൻ വിളക്കും ഇൻക്വിലാബും ഒന്നിച്ചു നടക്കും..കൂടാതെ എന്റെ മയ്യത്ത് നിസ്കാരവും ജോറായി നടക്കും”…എന്റെ ശ്രദ്ധമുഴുവൻ എന്റെ പോക്കറ്റിലേക്കായി. ബസ് അങ്ങനെ ഓടി മലപ്പുറത്തെത്തി. അവിടേ നിന്നു ഒരു ജുമുഅക്കുള്ള ആളുകൾ ബസിൽ കയറി ആകെ തിരക്കും ബഹളവുമായി.

“”എടാ … ഞാൻ ചിലപ്പോൾ ഛർ ദിക്കും.. എനിക്കങ്ങനേ ഒരു പ്രശ്നമുണ്ട്. ഞാൻ സൈഡിലേക്കിരിക്കട്ടെ. പ്ലീസ്””. അവർ എന്നോട് അപേക്ഷിക്കും പോലെ പറഞ്ഞു.

“ഒ ലക്കേ ടെ മൂ ട്… എനിക്ക് ബസിൽ കയറിയാൽ സൈഡ് സീറ്റിൽ ഇരിക്കണം..എന്നിട്ട് ഞാനിപ്പോ ഈ പെണ്ണൊരുത്തിക്ക് മാറി കൊടുക്കണോ”…ഞാൻ മനസ്സിൽ പറഞ്ഞു. എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഞാൻ അത് കേൾക്കാത്ത മട്ടിൽ പുറത്തേക്ക് നോക്കിയിരുന്നു. “അയ്യോ… ചിലപ്പോൾ അവർ എന്റെ മേത്തു കൂടി ഛർദിച്ചാലോ..ആകെ വൃത്തികേടാകും.”” ഞാൻ മനസ്സിൽ വന്ന നല്ല നാടൻ തെറികൾ പിറുപിറുത്തു കൊണ്ട് ഓർത്തു.

“”ഇ ഇ ഇങ്ങോട്ടിരുന്നോളൂ””.ഞാൻ അണപല്ല് കടിച്ചു പിടിച്ചു കൊണ്ട് പുറമേ ഒരു ഇളി ഇളിച്ചു കൊണ്ട് പറഞ്ഞു. അവർ എഴുന്നേറ്റു. ഞാൻ ചന്തി വെച്ചു നിരങ്ങി നീങ്ങി. കഷ്ടിച്ച് നേരെ കാല് പോലും വെക്കാൻ ഇടമില്ലാത്ത സീറ്റുകൾക്കിടയിൽ എങ്ങനെ മാറിയിരിക്കാൻ. അവരുടെ ഊരയും നടുവുമൊക്കെ എന്റെ മുഖത്തൊക്കെ ഉരസി എങ്ങെനെയൊക്കെയോ അവർ സൈഡിലിക്കിരുന്നു..

കൊള്ളാം.. ഞാൻ രണ്ട് പെണ്ണുങ്ങളുടെ നടുവിൽ… ചെറിയൊരു സദാചാരബോധം എവിടെ നിന്നോ എന്റെ ഉള്ളിൽ കയറി കൂടി.അങ്ങനെയൊരു സംഭവം സത്യം പറഞ്ഞാൽ ഞാൻ ഇത് വരെ ചിന്തിച്ചിട്ടില്ല. രണ്ട് പെണ്ണുങ്ങളുടെ നടുവിൽ ഇരുന്നാണ് ഞാൻ പോകുന്നത്. നാട്ടിലെ ഏതെങ്കിലും മാന്യന്മാർ കണ്ടാൽ അവർക്ക് അസ്സൂയ കയറും. അവർ അല്ലല്ലോ. ഞാൻ അല്ലേ രണ്ട് പെണ്ണുങ്ങളുടെ നടുവിൽ ഇരുന്നു പോകുന്നത്. കിട്ടാത്ത മുന്തിരി ചിലപ്പോ പുളിച്ചാലോ. നാട്ടിൽ ചെന്ന് ആകെ പറഞ്ഞു പരത്തും.. അപ്പൊ എന്താവും.. ഒന്നും നടന്നിട്ടുമുണ്ടാവില്ല. ഞാൻ നാറേണ്ടത് മുഴുവൻ നാറുകയും ചെയ്യും..

നാട്ടിലെ മധ്യ വയസ്കർ ആണെങ്കിൽ..

“”നമ്മളെ ആ അലിയുടെ മൂത്ത ചെർക്കല്ലേ. ഓന്ണ്ട് ഇന്നലെ രണ്ട് പെണ്ണുങ്ങളെയും കൊണ്ട് ബസ്സിൽ കോയിക്കോട്ടുക്ക് പോണൂ””

“”ആര് ഫൈസലോ?.. ഹേയ് ഓൻ അങ്ങനത്തെ ആളൊന്നുഅല്ല. ഓന്റെ ഇപ്പാന്റെ പീടീക്ക് എന്തേലും സാധനം വാങ്ങാൻ പോയതാവും.””

“”ഇജ്ജോന്നു പൊയ്ക്കാ ചെങ്ങായീ.. ഓൻ ഇരുന്നു കുറുകുന്നത് ഞാൻ ഇന്റെ കണ്ണോണ്ട് കണ്ടതല്ലേ””.

“”നല്ലൊരു ചെർക്കൻ ആയിരുന്നു. പെയച്ചു പോയി””..അങ്ങനെ പിഴ്ച്ചവൻ പട്ടം ചാർത്തി കിട്ടി.

ചെറുപ്പക്കാർ ആണെങ്കിൽ..

“”ന്റെ ചെങ്ങായിമാരേ… ഫൈസലിണ്ട് ഇന്നലെ രണ്ട് സാധനങ്ങളീം കൊണ്ട് ബസിൽ പോണൂ.. ഞാൻ കാണാത്ത മാതിരി നിന്നു””.

“”അവുന്റടാ… ഓന്റെക്കൊരു ഭാഗ്യം””

“”ഒന്നൊന്നും പോരായിരിക്കും ഓന്ക്ക്..രണ്ട് സാധനങ്ങളേയ് “”..

“”ഓന്ക്ക് മറ്റേതിന് നല്ല ഒറപ്പുണ്ടാകും.. അതാവും””..

“”ഓനിങ്ങനേ നടക്കുന്നതൊന്നുമല്ല ആള്””..

“”ഓൻ ആള്ണ്ടടാ.. രണ്ടെണ്ണത്തിനെയൊക്കെ വളച്ചോണ്ട് പോവുകാന്നൊക്കെ പറഞ്ഞാൽ.. ഓൻ സൂപ്പറാ””. ഹീറോ പട്ടം ചാർത്തി കിട്ടി.

ഞാൻ ആരെങ്കിലും എന്നെ കണ്ടാൽ ചിലപ്പോ നാട്ടിൽ ഉണ്ടാകുന്ന ഈ രംഗങ്ങളൊക്കെ മനസ്സിൽ കണ്ടിങ്ങനെ ചുറ്റും നോക്കി.. ഇല്ല… അറിയുന്ന ആരെയും കാണാനില്ല… ഞാൻ ചാരിയിരുന്നു. ഈ തിരക്കിനിടയിൽ ആ ഉറങ്ങുന്ന മെലിഞ്ഞ സ്ത്രീ ഉണർന്നു. ഞാൻ അവരേയും അവർ എന്നെയും ഒപ്പം നോക്കി. ഞങ്ങൾ രണ്ട് പേരും ചിരിച്ചു. “ങ്ങേ.. പൈസയിട്ട പോക്കറ്റിപ്പോ ഇവരുടെ അടുത്താണല്ലോ.”” ഞാൻ ആ പോക്കറ്റിന്മേൽ കൈവെച്ചിരുന്നു സീറ്റിലേക്ക് ചാഞ്ഞു തലവെച്ചു കണ്ണടച്ചു.

ബസ് മത്സരിച്ചു പായുകയാണ്. മുമ്പിലുള്ള ബസ്സുകളെ പിന്നിലാക്കാനുള്ള നെട്ടോട്ടം.. ഞാൻ വലത് വശത്തേക്ക് തിരിഞ്ഞൊന്നു നോക്കിയതും സൈഡിലേക്ക് മാറിയിരുന്ന ആ സ്ത്രീ ചോദിച്ചു.

“”ഇയാൾടെ പേരെന്താ?””.അവർ ചിരിച്ചു.

ഞാൻ ഒന്നും മിണ്ടിയില്ല. മുന്നോട്ട് നോക്കിയിരുന്നു.

“”പറയില്ലേ…വെറുതേ പരിചയപ്പെടാലോ”” അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.

എനിക്കെന്തോ അവരോട് ഒരു താല്പര്യം തോന്നി. അവരോട് സംസാരിക്കണം. അവർ കുറേ ചോദ്യങ്ങൾ എന്നോട് ചോദിച്ചിട്ടും ഞാൻ ഒരു മറുപടിയും കൊടുത്തിട്ടില്ല. എന്നിട്ടും അവരുടെ മുഖത്തെ ആ ചിരിക്ക് ഒരു മാറ്റവുമില്ല. ഒരു വെറുപ്പും ഇല്ലാതെ വീണ്ടും എന്നോട് മിണ്ടാൻ വരുന്നു. ഒരു അപരിചിതനോട് ഇങ്ങനെ ഇടപെടാൻ ആർക്കു പറ്റും. ഇനിയും അവരോട് മിണ്ടാതിരിക്കുന്നത് മനുഷ്യന് ചേർന്നതല്ല എന്നെനിക്ക് തോന്നി.

ഞാൻ അവരെ നോക്കി ആദ്യമായൊന്നു ചിരിച്ചു.. അത് കണ്ട അവരുടെ ചിരി ഒന്ന് കൂടി വിടർന്നു. ഞാൻ അപ്പോഴാണ് അവരുടെ മുഖം ശരിക്ക് ശ്രദ്ധിക്കുന്നത്. നല്ല ആകർഷകമായ ചിരിയാണ്. കാണാനും ചേലുണ്ട്. ഇരു നിറത്തിൽ വട്ട മുഖം. നല്ല പല്ലുകളും.

“”എ എന്റെ പേര് മു മു മുഹമ്മദ്‌ ഫൈസൽ എന്നാണ്..ഞ ഞങ്ങൾക്ക് ഒരു ക ക കടയുണ്ട്. അ അ അവിടേക്ക് സാധനങ്ങൾ വ വാങ്ങാൻ കൊ കോഴിക്കോട് പോവുകയാണ്‌””.ഞാൻ വിക്കി വിക്കി പറഞ്ഞു.

അവർ എന്നെ തന്നെ നോക്കി പുഞ്ചിരി തൂകി ഇരിക്കുന്നു. ഇനി ഞാൻ എന്ത് പറയുന്നു എന്നുള്ള ആകാംഷയോടെ. അവരുടെ മുഖ ഭാവത്തിൽ നിന്നെനിക്കത് മനസ്സിലായി. ഞാൻ അത്ഭുതാദരങ്ങളോടെ കണ്ണുകൾ വിടർത്തി അവരെ നോക്കി.

“”ചേച്ചി… എ എനിക്ക് സംസാരിക്കാൻ ഒ ഒരു പാടിഷ്ടമാണ്. ഞ്ഞ ഞാൻ നേരത്തെ മ മ മറുപടി പറയാതിരുന്നത് വി വി വിക്കുണ്ടായത് കൊണ്ടോ ജ ജാഡ കാരണമോ ഒ ഒന്നുമല്ല. ഞ്ഞ ഞാൻ ആദ്യമായാണ് പർച്ചേസിന് പൊ പോകുന്നത്. കയ്യിൽ ന നല്ലൊരു സംഖ്യ ഉ ഉണ്ട്. എ എല്ലാം കൂടി ടെൻഷൻ അ ആയിരിക്കുമ്പോഴാണ് നിങ്ങൾ എ എന്റെ അടുത്ത് വ വന്നിരിക്കുന്നത്.””ഞാൻ പറഞ്ഞു. അവരോട് കൂടുതൽ അടുത്തപ്പോൾ എന്റെ വിക്ക് തെല്ലൊന്നു കുറഞ്ഞു.

എനിക്ക് അതിശയമായി. ഞാൻ പറഞ്ഞു തീരും വരെ എന്റെ മുഖത്തേക്ക് തന്നെ പ്രത്യേകിച്ചും കണ്ണുകളിലേക്ക് തന്നെ അവർ നോക്കിയിരുന്നു. എനിക്ക് വിക്കുള്ളതിന്റെ യാതൊരു ആരോചാകത്വവും അവരുടെ മുഖത്തു ഞാൻ കണ്ടില്ല..അതേ ചിരി.

അവർ ഒന്ന് മൂളി.. പിന്നെ നന്നായൊന്നു ആസ്വദിച്ചു ചിരിച്ചു.

“”ഹിഹിഹി.. അതെനിക്ക് മനസിലായി. നിന്റെ പോക്കറ്റിൽ ഈ വീർത്തിരിക്കുന്നത് പൈസയാണെന്നും. നീ വല്ലാതെ ടെൻസ്ഡ് ആണെന്നും. ഇത് വരെ പെണ്ണുങ്ങളുടെ കൂടെ ഒരു സീറ്റിൽ ഇരുന്നു യാത്ര ചെയ്തിട്ടില്ല എന്നെല്ലാം എനിക്ക് മനസ്സിലായി നീ പറയുന്നതിന് മുന്നേ തന്നെ””.അവർ പറഞ്ഞു.

ഞാൻ വീണ്ടും ആകെ വികാരരിതനായി. എന്റെ കണ്ണുകൾ വിടർന്നു.

“”എ എ എങ്ങനെ?””..ഞാൻ ചോദിച്ചു.

“”നിന്റെ പൈസ എന്റെ കാലിൽ തട്ടിയല്ലേ ഇരുന്നിരുന്നത്. എനിക്ക് ചെറുതായി വേദനിച്ചപ്പോ ഞാൻ ഒന്ന് തൊട്ടു നോക്കി. നീ അറിയാതെ.. ഇത്രേം സൂക്ഷ്മതയോടെ ഇരുന്നിട്ടും നീ അതറിഞ്ഞില്ലല്ലോ. ഹിഹിഹി””.അവർ തലകുലുക്കി ചിരിച്ചു.

ആകെ ചമ്മിയ ഞാൻ അവരത് കാണാതിരിക്കാൻ തല താഴ്ത്തി.

“”ഞാൻ ഛർദിക്കും എന്നൊക്കെ വെറുതേ പറഞ്ഞതാ..നിന്റെ വിഷമം കണ്ടപ്പോ മാറിയിരുന്നതാ..ഹിഹിഹി””..അവർ വീണ്ടും ചിരിച്ചു.

“”മ്മ്.. മ്മ്.. ചമ്മണ്ട.. ചമ്മണ്ട..നിന്റെ വൈക്ലബ്യം കണ്ടാൽ ആർക്കും സംശയം തോന്നും. ഓവർ കെയറിങ്ങ് നല്ലതല്ല ട്ടോ ഫൈസൽ””..അവർ പറഞ്ഞു.

ഞാൻ ഒന്ന് നീട്ടി മൂളി..

“”എന്റെ പേര് അലീന. ഞാൻ കണ്ണൂരിൽ ഒരു സ്പെഷ്യൽ സ്കൂളിലെ ടീച്ചറാണ്. അങ്ങോട്ടാണ് ഈ യാത്ര. കല്യാണം കഴിഞ്ഞു. വൈകാതെ ഡിവോഴ്സും ആയി””. അവർ യാതൊരു ഭാവമാറ്റവും ഇല്ലാതെ പറഞ്ഞു. അതേ ചിരി. അതേ ഭാവം.

എന്ത് കൊണ്ട് ഡിവോഴ്സ് ആയി എന്ന് ചോദിക്കണം എന്നുണ്ട്.. പക്ഷെ.. ഒരാളുടെ സ്വാകാര്യതയിൽ കയറി ഇടപെടാൻ എനിക്കിഷ്ടമില്ല.. അവർക്ക് താല്പര്യം ഉണ്ടെങ്കിൽ പറയട്ടെ. കേൾക്കാം എന്ന് വെച്ച് ഞാൻ അതിനെ പറ്റി ചോദിച്ചില്ല.

“”കുട്ടികൾ?””..ഞാൻ സംശയഭാവത്തോടെ ചോദിച്ചു.

അവർ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.

“”ആയില്ല.. അതിന് മുമ്പേ പിരിഞ്ഞു””.അവർ ഇത് പറഞ്ഞപ്പോൾ ചെറുതായൊരു ഭാവമാറ്റം അവരുടെ മുഖത്ത് വന്നോ എന്നെനിക്ക് തോന്നി.

ഞാൻ അത് മൂളി കേൾക്കുക മാത്രം ചെയ്തു.

“”തന്റെ കണ്ണുകൾക്ക് വല്ലാത്തൊരു തീക്ഷ്ണത ഉണ്ട് ട്ടോ..ഒരു ആകർഷണം””..അവർ പറഞ്ഞു.

“”ഹഹഹഹ.. ആണോ.. എനിക്കറിയില്ല.. എന്നോട് ആരും പറഞ്ഞിട്ടില്ല..മുഖസ്തുതി എനിക്കിഷ്ട്ടല്ലാട്ടോ””..ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“”അയ്യോ…അങ്ങനെ അല്ല. മുഖസ്തുതി കാര്യസാദ്യത്തിനല്ലേ പറയുക. ഫൈസലിനോട് എനിക്കെന്താ കാര്യസാദ്യം ഉള്ളത്. എനിക്ക് തോന്നിയത് പറഞ്ഞു.”” അവർ ചിരിച്ചു.

“”നിന്റെ ഗേൾഫ്രണ്ട് പറഞ്ഞിട്ടില്ലേ?”” അവർ ചോദിച്ചു.

“”ങ്ങേ””…ഞാൻ ഞെട്ടി. ഇത് വരെ ചിന്തിച്ചിട്ട് പോലുമില്ല അങ്ങനെ ഒരാളെ പറ്റി. ഞാൻ ആ ചോദ്യം കേട്ട് കണ്ണുമിഴിച്ചിരിക്കേ അവർ വീണ്ടും ചോദിച്ചു.

“”അതെന്താ.. തനിക്ക് ലൊവ്വറും ഗേൾ ഫ്രണ്ടും ഒന്നും ഇല്ലേ””. അവരെന്തോ അവിശ്വാസനീയതയോടെ ചോദിച്ചു.

“”ഇ ഇ ഇല്ല.. ഇത് വരെ ഇല്ല””.ഞാൻ അല്പം കാര്യത്തിൽ തന്നെ പറഞ്ഞു.

“”അത് കള്ളം..കാണാൻ ചന്തമുണ്ടല്ലോ നീ. നിന്നെ പോലൊരാൾ ഇത് വരെ പ്രേമിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടാണെടാ””..അവർ ഒരു മാതിരി കള്ള ചിരിയോടെ പറഞ്ഞു.

പക്ഷെ… എനിക്ക് ചിരി വന്നില്ല.

“എന്നെ പോലൊരാൾ പ്രേമിക്കണം എന്ന്..ഞാനെന്താ കാമദേവനോ”..ഞാൻ മനസ്സിൽ പറഞ്ഞു.

“”അ അതെന്താ… കാഴ്ച്ചക്കുള്ള ഭ ഭംഗിയാണോ പ്രണയത്തിന്റെ അ ആധാരം?””.ഞാൻ ചോദിച്ചു.

അവർ ചിരിച്ചു.. “”എന്താ ഫൈസൽ സംശയം.. അങ്ങനെയാണ്‌. ആദ്യ കാഴ്ച്ചയിൽ തോന്നുന്നതാണ് ശരിക്കും പ്രണയം. മറ്റു പ്രണയങ്ങൾ ഒന്നുകിൽ ബഹുമാനമോ, കഴിവിലുള്ള ഇഷ്ടമോ, ആരാധനയോ, സഹതാപമോ ഒക്കെ മൂത്ത് അവസാനം പ്രണയം ആവുന്നതാണ്. ശരിക്കും പ്രണയം എന്നാൽ യാതൊരു ഉപാധികളും ഇല്ലാത്ത “ലവ് അറ്റ് ഫസ്റ്റ് സൈറ്റ്” ആണ്””.അവർ പറഞ്ഞു.

“”പക്ഷെ… പ്രണയിച്ചു കഴിഞ്ഞാൽ ഒരിക്കലും പിന്നെ സൗന്ദര്യം അവർക്കിടയിൽ ചർച്ചാ വിഷയം ആവാൻ പാടില്ല.. ട്ടോ””.. അവർ തുടർന്നു..

അവരുടെ പ്രണയത്തേ കുറിച്ചുള്ള നിർവചനം കേട്ട് ഞാൻ ആകെ അന്തം വിട്ടിരുന്നു… “ആഹാ… എന്താ കാഴ്ച്ചപാട്”…

“”എ ഏതായാലും ഞാൻ പ പറഞ്ഞത് സത്യാണ്..എ എനിക്ക് ഇത് വരെ പ്രേമം ഇ ഇല്ല ചേച്ചി””.ഞാൻ ഗൗരവം വിടാതെ തന്നെ പറഞ്ഞു.

“”ഓഹ്…ശരി ശരി..ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അല്ലേ ടീ””.. അവർ മറ്റേ സ്ത്രീയേ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

എനിക്ക് അപ്പോഴും ചിരി വന്നില്ല. “ഓഹ്..പിന്നെ നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്കെന്ത് കുന്തമാണ്.. ഒന്ന് പോ പെണ്ണുങ്ങളെ”.ഞാൻ വെറുതേ പിറുപിറുത്തു. അതവർ കേട്ടു.

“”ദേ..കണ്ടോ നിന്റെ വിക്ക് നന്നായി കുറഞ്ഞല്ലോ.. ഇതാണ് ഞാൻ നേരത്തെ പറഞ്ഞത്… ഹിഹിഹി””.അവർ പറഞ്ഞു.

ഇപ്പോ എനിക്ക് ചിരി വന്നു. ഞാൻ ചിരിച്ചു.

“”ആ… ഞാൻ പറയാൻ മറന്നു. അത് എന്റെ കൂടെ വർക് ചെയ്യുന്ന വേറൊരു ടീച്ചർ.പേര് ആരാധ്യ. ഞങ്ങൾ ഒരു ക്യാമ്പയിൻ കഴിഞ്ഞു പോവുകയാ””.അവർ മറ്റേ സ്ത്രീയേ നോക്കിക്കൊണ്ട് പറഞ്ഞു.

ഞാൻ അവരെ നോക്കി. അവർ ചിരിച്ചു കൊണ്ട് ഹലോ എന്ന് പറഞ്ഞു. ഞാനും ചിരിച്ചു.. ഹലോ പറഞ്ഞു.

മറ്റേ പോക്കറ്റിൽ നിന്ന് പെട്ടന്നു എന്റെ നോക്കിയ N73 ഫോൺ ബെല്ലടിച്ചു. ഞാൻ എഴുന്നേറ്റ് നിന്നു ഫോണെടുത്തു. എഴുനേൽക്കാതെ ഫോൺ എടുക്കാൻ പാടാണ്..

“ഫാദർ കാളിങ്”..

“”ഹ ഹലോ… ഞാൻ എത്തീട്ടില്ല ഉപ്പ.. കുഴപ്പം ഒന്നുമില്ല””.

“”കയ്യിൽ തന്നെയുണ്ട്. ഞാൻ നോക്കുന്നുണ്ട്..ഒ ക്കെ.. ശരി”‘.ഞാൻ ഫോൺ കട്ട്‌ ചെയ്തു.

””ഉപ്പയാണ്‌ വിളിച്ചതല്ലേ.. പുന്നാര മോനെ കുറിച്ചുള്ള ടെൻഷനിലാകും പാവം””..അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.

“”പു പുന്നാര മോനൊന്നുമല്ല ഞാൻ… ഞങ്ങൾ നാല് മക്കളാ.. അ അതിൽ എന്നെ മാത്രം പുന്നാരിക്കാനൊന്നും മു മു മൂപ്പർക്ക് പറ്റില്ല.ഞ്ഞ ഞാൻ പൈസ കൊണ്ട് പോയി ക കളയുമോ എന്ന ബേ ബേജാറാണ് മൂപ്പർക്ക്””..ഞാൻ തമാശയായി പറഞ്ഞു.

മറുപടിയായി മൂപ്പത്തിയാർ നന്നായൊന്നു ചിരിച്ചു.

പല കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു.എന്റെ പഠനകാര്യങ്ങൾ ഒക്കെ ചർച്ച വിഷമയമായി. വീട്ടുകാര്യങ്ങൾ പങ്കു വെച്ചു.

സംസാരിക്കുന്നതിന്റെ ഇടയിൽ കിട്ടിയ ഇടവേളകളിൽ ഞാൻ ചിന്തകളിൽ മുഴുകി… എത്ര സൂക്ഷ്മമായാണ് സ്ത്രീകൾ കാര്യങ്ങൾ മനസ്സിലാക്കുന്നത്. ഈ കഴിവ് ആണുങ്ങൾക്കുണ്ടോ. എന്റെ ഉള്ളിലെ പേടിയും വിഭ്രാന്തിയും ഇവർ മനസ്സിലാക്കിയത് എങ്ങനെയാണ്. ഇങ്ങനെയൊക്കെ കൂട്ടുകൂടുമോ പെണ്ണുങ്ങൾ ആണുങ്ങളോട്. എന്നോട് ഇവർക്കിപ്പോ എന്ത് വികാരമായിരിക്കും തോന്നുന്നത്. സ്നേഹമോ, വാത്സല്യമോ, അതോ പ്രണയമോ?. അനുരാഗം പൊട്ടിമുളക്കാൻ നിമിഷങ്ങൾ മതി എന്നൊക്കെ കേട്ടിട്ടുണ്ട്.. ഒരു ഇരുപത്തിരണ്ടുകാനോട് ഇവർക്ക് എന്തായിരിക്കും തോന്നിയിട്ടുണ്ടാവുക. പെൺ മനസ്സ് അതി നിഗൂഢമായ ഒരു മഹാ സമസ്യയാണ്‌.. ആർക്കറിയാം.. അവർ എങ്ങനെയൊക്കെ ചിന്തിക്കുമെന്ന്..

“”എന്തേ ഐ ടി ഐ കഴിഞ്ഞിട്ട് ആ രീതിയിലൊന്നും ചിന്തിക്കാഞ്ഞത്?””.അവരുടെ ഈ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി.

“”ഏ… അ അതോ.. ഒന്നൂല്ല..എ എനിക്ക് ബിസിനെസ്സ് ആണ് ഇഷ്ടം. ഒ ഒരാളുടെ കീഴിൽ നിന്ന് ജോ ജോലി ചെയ്യാൻ എനിക്ക് വ വലിയ താല്പര്യം എന്നുമില്ല. എ എനിക്ക് എന്റേതായ സ്വാതന്ത്ര്യം വേണം. ഇ ഇ ഇതാവുമ്പോ എന്റെ മുകളിൽ ആരും ഇല്ല. മ മാസവസാനം ശമ്പളത്തിന് തല ചൊറിഞ്ഞു നി നിൽക്കേണ്ട….മ മാത്രമല്ല.. ഇങ്ങനെ ഒരു സ്ഥാപനം കെ കെട്ടിപൊക്കാൻ എന്റെ ഉപ്പ വല്ലാതെ കഷ്ടപെട്ടിട്ടുണ്ട്. അ അത് നില നിർത്തി കൊണ്ടു പോവുന്നതല്ലേ നല്ലത്. എന്ന് കരുതി””..ഞാൻ പറഞ്ഞു.

“”ശരിയാണെടോ താൻ പറഞ്ഞത്. വളരേ നല്ല കാര്യം””.അവർ എന്നെ അഭിനന്ദിക്കും പോലെ പറഞ്ഞു.

ബസ് മീഞ്ചന്ത ബൈപാസിലേക്ക് തിരിഞ്ഞപ്പോഴാണ് കോഴിക്കോട് എത്താറായി എന്ന് ഞാൻ അറിഞ്ഞത്. ഇതിനിടെ കൊണ്ടോട്ടിയും രാമനാട്ടുകരയുമൊന്നും കഴിഞ്ഞു പോയത് ഞാൻ അറിഞ്ഞതേയില്ല. അത്രക്ക് ഇഴുകി ചേർന്നതായിരുന്നു അവരുടെ വാചാലത. മോഫ്യൂസിൽ ബസ് സ്റ്റാൻഡിലേക്ക് ബസ് കയറി ട്രാക്കിൽ നിർത്തിയിട്ടു. ആളുകൾ ഓരോരുത്തരായി ഇറങ്ങി. ഞങ്ങളും ഇറങ്ങി. അവർ ബാഗുമെടുത്തു എന്റെ കൂടെ കുറച്ചു നടന്നു.

“”ഒരു ചായ കുടിക്കാൻ വരുന്നോടാ ഞങ്ങളുടെ കൂടെ.. ഞങ്ങൾ അങ്ങനെ അങ്ങ് കണ്ണൂർ ബസിൽ കയറും?””.അവർ പറഞ്ഞു.

“”ഇ ഇല്ല.. ചേച്ചി… ഇപ്പോ തന്നെ ഒരുപാട് വൈകി. കുറേ പർച്ചേസ് ഉണ്ട്. നോ നോ നോക്കിയെടുക്കുമ്പോഴേക്കും വൈകുന്നേരം ആകും.. ന ന നമുക്ക് പിന്നെ ഒരിക്കൽ കാണുകയാണെങ്കിൽ തീർച്ചയായും കുടിക്കാം””.ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ ശരിക്കും അവരെ നോക്കുന്നത് ഇപ്പോഴാണ്. ഭംഗിയുണ്ട്. ഇരു നിറത്തിൽ. നല്ല ഉയരവുമുണ്ട്. മെറൂൺ നിറത്തിലുള്ള കോട്ടൺ സാരിക്ക് കസവു ബോർഡർ. സാരി ഇങ്ങനെ ഞൊറിവൊക്കെ ഒപ്പിച്ചു നന്നായി ഉടുത്തിരിക്കുന്നു. അതിൽ തന്നെ ഞാൻ ഒരു അധ്യാപികയാണെന്ന് വിളിച്ചു പറയും പോലെ എനിക്ക് തോന്നി.. അവർ മൊബൈൽ നമ്പർ തരികയാണെങ്കിൽ വാങ്ങാമെന്ന് എന്റെ മനസ്സ് പറഞ്ഞു. നീ അങ്ങോട്ട് ചോദിക്കേണ്ട എന്നും അതിന്റെ കൂടെ മനസ്സ് പറഞ്ഞു.

ഒരു സ്ത്രീയുടെ മുൻകരുതൽ മനസ്സാകാം…എന്തോ.. അവർ നമ്പർ തന്നില്ല..

“‘അപ്പൊ എന്നാ ശരി.. വീണ്ടും കാണുകയാണേൽ കാണാം…ബൈ””. അവർ വേഗത്തിൽ നടന്നു ആ വലിയ ബസ്സ്റ്റാന്റിലെ ജനത്തിരക്കിൽ അലിഞ്ഞു..

എന്റെ ഫോൺ ബെല്ലടിച്ചു.. “ഫാദർ കാളിംഗ്”…ഞാൻ ഫോണെടുത്തു ചെവിയിൽ വെച്ചു മുന്നോട്ട് നടന്നു.

“”ഹ ഹലോ… ഉപ്പാ ഞാൻ ഇവിടെയെത്തി. പൈസ കയ്യിൽ തന്നെയുണ്ട്.””…

…. ശുഭം…. നന്ദി..