കിടപ്പുമുറിയ്ക്കു മുന്നിലെ ചെറു ഇടനാഴിയിൽ കാൽപ്പെരുക്കങ്ങൾ കേട്ടു തുടങ്ങിയിരുന്നു. ഒരുതരം വല്ലാത്ത…

_upscale

അവൾ…

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

::::::::::::::::::::::

ശനിയാഴ്ച്ച….

ഭർത്താവിനു ഇന്ന് ജോലി ഫസ്റ്റ് ഷിഫ്റ്റ് ആയിരുന്നു. എന്നിട്ടും, ഇന്നു വീട്ടിലെത്തിയപ്പോൾ മൂന്നു മണിയാകാറായി. രണ്ടേകാലാവുമ്പോഴേക്കും എത്താറുള്ളതാണ്. ഇന്ന്, വരും വഴി ഏതോ ബന്ധുവിനെ കണ്ടത്രേ….കുശലം പറഞ്ഞ് ഇത്തിരി നേരം പോയി. അതാ വൈകീത്.

സാധാരണ അയാൾ വന്ന ശേഷം, അവർ ഒരുമിച്ചാണ് ഉച്ചഭക്ഷണം കഴിക്കുക. അമ്മായിയമ്മ നേരത്തേ കഴിക്കും. എന്നിട്ട്, ഇത്തിരി നേരം ടിവിയിൽ കണ്ണും നട്ടിരിക്കും. പിന്നേ ഉറങ്ങാൻ പോകും. മൂന്നരയ്ക്ക് ഉണർന്നു വരുമ്പോൾ, ചുടുചായ പകർന്നു വച്ചിട്ടുണ്ടാകണം. അതാണു ചര്യകൾ. സാധാരണ, ലോവർ പ്രൈമറിക്കാരായ മക്കൾ രണ്ടു പേരും ശനിയാഴ്ച്ച വീട്ടിലുണ്ടാകാറുണ്ട്. ഇടദിവസത്തേ ഏതോ അവധിയുടെ കടം തീർക്കാൻ ഇന്നു മുഴുവൻ നേരവും സ്കൂളുണ്ട്. അവർ നാലുമണിക്കേ എത്തൂ.

അവൾ, ഭർത്താവിനൊപ്പം കിടപ്പുമുറിയിൽ കയറി വാതിലടച്ചു. എന്നിട്ട്, അയാളോടു ചോദിച്ചു. നാളത്തെ കല്യാണത്തിനു കൊടുക്കാനുള്ള പതിനായിരം രൂപ കിട്ടിയോ എന്ന്. ഭർത്താവ്, കിടക്കയിലിരുന്നു. അവളരികിലിരുന്ന് അയാളുടെ വിരലുകൾ ഞൊട്ടയിട്ടു. പതിനായിരത്തിനു വേണ്ടിയുള്ള അലച്ചിലിന്റെ കഥകൾ അയാൾ അവതരിപ്പിച്ചു. നീണ്ട കഷ്ടപ്പാടിന്റെ ചരിതങ്ങൾ. ചുവരിലെ ഘടികാരത്തിൽ അപ്പോൾ മൂന്നരയെന്നു സമയസൂചികൾ അറിയിച്ചു.

കിടപ്പുമുറിയ്ക്കു മുന്നിലെ ചെറു ഇടനാഴിയിൽ കാൽപ്പെരുക്കങ്ങൾ കേട്ടു തുടങ്ങിയിരുന്നു. ഒരുതരം വല്ലാത്ത ചുമയൊച്ചകൾ, കോട്ടുവാകൾ…..തെല്ലുനേരം കഴിഞ്ഞ് പാദപതന ശബ്ദങ്ങൾ നിലച്ചു. അടുക്കളയിലെ സിങ്കിലേക്ക് ഊക്കോടെ സ്റ്റീൽ പാത്രങ്ങൾ എറിയുന്ന ശബ്ദം. ഏതോ ടിപ്പർ ലോറിയിൽ കരിങ്കല്ലു തട്ടുന്ന പോലെ. ഫ്രിഡ്ജിന്റെ ഡോർ ഒന്നുരണ്ടു തവണ വലിച്ചടയ്ക്കപ്പെട്ടു.

ഭർത്താവ്, അവളേ നോക്കി. അവൾ വേഗം മുറി തുറന്ന് അടുക്കളയിലേക്കു ചെന്നു. അമ്മ, സ്റ്റൗവിൽ ചായക്കുള്ള വെള്ളം വച്ചിട്ടുണ്ട്. ആ മുഖമൊന്നു കാണണം. ഇത്തിരി പച്ചയോ കരിയോ തേച്ചാൽ കഥകളി രൂപമാകും. മരുമകൾ എത്തിയപ്പോൾ, അവർ ചവുട്ടിക്കുലുക്കി അകത്തളത്തിലേക്കു പോയി. ഇപ്പോൾ ടെലിവിഷൻ പരമ്പരയുടെ ശബ്ദം കേൾക്കുന്നുണ്ട്.

എല്ലാം കണ്ടിട്ടാവണം, അകത്തളത്തിലെ ചുവരിൽ തൂക്കിയ ഭർത്താവിന്റെ അച്ഛന്റെ ചിത്രം പതിവുപോലെ പുഞ്ചിരി തൂകി നിന്നു. ഫാനിന്റെ കാറ്റിൽ, അതിൻമേലിട്ട മാല ഇളകിയാടിക്കൊണ്ടിരുന്നു.

അവളപ്പോൾ ചായയാറ്റുന്ന തിരക്കിലായിരുന്നു…