അച്ഛന്റെ മകൻ…
രചന: പ്രവീൺ ചന്ദ്രൻ
:::::::::::::::::::::::::::
“എവിടെ ആടന്നൂടാ ഇത് വരെ? നീയെന്താ ഫോൺ വിളിച്ചിട്ടെടുക്കാത്തത്?മനുഷ്യനെ തീ തീറ്റിക്കാനായിട്ട്” വീട്ടിലേക്ക് വൈകി വന്ന മകനോടായി അവർ ദേഷ്യപ്പെട്ടു…
“അതിനെന്താ അമ്മാ.. ഞാൻ ചെറിയ കുട്ടി ഒന്നുമല്ലല്ലോ?ഇത്രക്ക് ടെൻഷനടിക്കാൻ” അവൻ കുറച്ച് ഉച്ചത്തിലാണ് അത് പറഞ്ഞത്..
“പതുക്കെ പറയടാ! അച്ഛനുണരും..പാതിരാത്രിക്ക് പോയി ക ളളും കു ടിച്ച് വന്നിരിക്കാ..ഈ വീട്ടില് രണ്ട് ജന്മങ്ങളുണ്ടെന്ന് നീ ഓർത്തോ?”
“അമ്മാ എന്നെ പ്രാ ന്ത് പിടിപ്പിക്കാണ്ട് പോയിക്കിടന്ന് ഉറങ്ങിയേ” അവൻ അവരോട് വീണ്ടും കയർത്തു..
“ഒന്നു പതുക്കെ.. അച്ഛനിതൊന്നും അറിയണ്ട..അറിഞ്ഞാ ആ മനസ്സ് വേദനിക്കും..ഇത്രയും കാലം പട്ടാളത്തിൽ പോയി ജീവൻ പണയം വച്ചാ നിന്നെ ഈ നിലയിലെത്തിച്ചത്.. അദ്ദേഹത്തിന്റെ മനസ്സ് വേദനിപ്പിച്ചാ ദൈവം പൊറുക്കില്ല മോനേ..അതോർത്തോ”
അവൻ തലയിൽ കൈവച്ച് എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു…
“നീ വല്ലതും കഴിച്ചോടാ?” ആ ചോദ്യത്തിന് ഉത്തരമൊന്നും കൊടുക്കാതെ അവൻ റൂമിലേക്ക് കയറിപ്പോയി..
വിഷമത്തോടെ ആ അമ്മ അവന് കഴിക്കാനായി എടുത്ത് വച്ചിരുന്ന ഭക്ഷണമെല്ലാം ഫ്രിഡ്ജിലേക്കെടുത്ത് വച്ച് ഒച്ചയുണ്ടാക്കാതെ കിടക്കയിലേക്ക് കിടന്നു..
ആ കണ്ണുകൾ നിറഞ്ഞിരുന്നു..
“നീ വിഷമിക്കണ്ടടീ..അവൻ ഭക്ഷണം കഴിച്ചിട്ടുണ്ടാവും അതാ അവന് വിശക്കാത്തത്..”
ആ ശബ്ദം കേട്ട് അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ചു..
“ഉറങ്ങിയിട്ടുണ്ടായിരുന്നില്ലല്ലേ? “
“ഇല്ല! അവൻ വരാതെങ്ങനാടീ സമാധാനമായി ഉറങ്ങാ”
“ഉം.. അവനീയിടെയായി കറക്കം കൂടുന്നുണ്ട്.. എന്തെങ്കിലും ചോദിച്ചാ അപ്പൊ കടിച്ചു കീറാൻ വരും.. വല്ല്യ ചെക്കനായതോണ്ട് ഒന്നും ചോദിക്കാനും പറ്റില്ല”
അതിന് മറുപടിപറയാതെ അയാളെന്തൊക്കെയോ അലോചിച്ച് കൊണ്ടിരുന്നു…
“എനിക്കറിയാം പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അവനുറങ്ങുമ്പോഴൊക്കെ അവന്റെ റൂമിനടുത്ത് നിങ്ങൾ ചെന്നു നിൽക്കുന്നത്.. അവനാ സ്നേഹം മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ? വിഷമിക്കണ്ട ഉറങ്ങിക്കോളൂ.. ഞാൻ നാളെ അവനെ പറഞ്ഞ് മനസ്സിലാക്കിക്കോളാം.അവന് മനസ്സിലാക്കാൻ പറ്റും നിങ്ങളുടെ മനസ്സിന്റെ വേദന” അവർ അയാളുടെ നെഞ്ചിൽ തലവച്ചു കിടന്ന് കൊണ്ട് പറഞ്ഞു..
“അവനോട് ഇത് കൂടെ പറഞ്ഞേക്ക് നാളെ മുതൽ എന്റെ മിലിട്ടറി ക്വാട്ടേന്ന് മ ദ്യം അടിച്ച് മാറ്റി വെളളം ഒഴിച്ചു വയ്ക്കരുതെന്ന്..ആകെ കിട്ടണത് അതാ അത് കൂടെ ആ കാ ലമാ ടൻ തീർക്കും.. ഫിറ്റാവാത്തത് കൊണ്ട് മനുഷ്യന് ഉറക്കവും വരുന്നില്ല പണ്ടാരം…”
ആ അമ്മയക്ക് ഒരു മറുപടിയും ഉണ്ടായിരുന്നില്ല. അച്ഛന്റെ അല്ലേ മോൻ എന്നാശ്വാസത്തിൽ അവർ ചരിഞ്ഞു കിടന്നു..