ഏഴിന്‍റെ പണി..
രചന: ദിപി ഡിജു
::::::::::::::::::::::
പത്തു പതിമൂന്നു കൊല്ലം മുന്‍പുള്ള കഥയാണ്. അന്ന് ഞാന്‍ ഇടപ്പള്ളിയില്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ചെറിയ ഒരു ജോലിയൊക്കെയായി നടക്കുകയായിരുന്നു.
കുഞ്ഞുകുട്ടിപരാധീനതകള്‍ ഒന്നും ആയിട്ടില്ലാത്തതു കൊണ്ട്, സ്വസ്തം. സ്വന്തം കാര്യം മാത്രം നോക്കിയാല്‍ മതിയല്ലോ.
അങ്ങനെയിരിക്കുമ്പോഴാണ് കമ്പനി ആദ്യമായി (ഒരു പക്ഷെ അവസാനമായും) ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഒരു ടൂര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഓരോരുത്തരും 300 രൂപ വീതം ഇടണം. ബാക്കി ചിലവ് കമ്പനി വക. രണ്ടു പകലും ഒരു രാത്രിയും മൂന്നാറിലേയ്ക്ക്.
300 രൂപയ്ക്ക് മൂന്നാര്‍ ട്രിപ്പ്, ആറു നേരം ഭക്ഷണം (കൊറിക്കാന്‍ ഉള്ളത് കൂട്ടാതെ), ത്രീ സ്റ്റാര്‍ ഹോട്ടലില്‍ ഒരു രാത്രി താമസം. എന്തു കൊണ്ടും ഡീല്‍ കൊള്ളാം.
ആയിടയ്ക്ക് കല്ല്യാണം കഴിഞ്ഞ രണ്ട് ഇണക്കുരുവികള്‍ ഉണ്ടായിരുന്നു കൂട്ടത്തില്‍. ആ ചെറുക്കനാണേല്‍ ലോട്ടറി അടിച്ച മട്ട്. ഹണിമൂണ്‍ കൊണ്ടു പോകാത്തേന് പുതുപ്പെണ്ണ് കെറുവിച്ചിരിക്കുവായിരുന്നേ. ഇതിപ്പോള്‍ 10000 രൂപയ്ക്ക് പോകേണ്ട യാത്ര രണ്ടു പേര്‍ക്കും കൂടി 600 രൂപ. ചെറുക്കന്‍ ആദ്യമെ തന്നെ പേര് കൊടുത്തു. (ഇനി അവന്‍റെ തന്നെ കുരുട്ടു ബുദ്ധിയില്‍ ഉദിച്ചതാകുമോ ഇത്രനാള്‍ ഇല്ലാതിരുന്ന ഫാമിലി ട്രിപ്പ് എന്നതും സംശയം ഇല്ലാതില്ല).
ഏതായാലും കംപ്ലീറ്റ് ഫാമിലികളുടെ ഇടയില്‍ ഞാന്‍ മാത്രം ഒരു ‘ബാച്ചിലറി’. എല്ലാ ചേച്ചിമാരുടെയും ചേട്ടന്മാരുടെയും പേര്‍ക്ക്, അവരുടെ മക്കള്‍ക്ക് വാങ്ങി കൊടുക്കുന്നതില്‍ ഒരു പങ്കു നമുക്കും കിട്ടും എന്നതാണ് ഈ പോക്കിലെ ഏറ്റവും വല്ല്യ ഹൈലൈറ്റ്. (കൊച്ച് ഒറ്റയ്ക്ക് അല്ലെ എന്ന സിംപതി മാക്സിമം മുതലെടുക്കണോല്ലോ)
രണ്ടു ദിവസത്തെ ആര്‍മാദിക്കലിനും ബസ്സ് ചവിട്ടി പൊളിക്കലിനും (ഡാന്‍സ് എന്നത് വട്ടപ്പേര്) വിരാമം ഇട്ടു കൊണ്ട് ഒരു ഞായര്‍ ഏകദേശം 8 മണിയോടെ വണ്ടി തിരികെ ഇടപ്പള്ളി ഓഫീസിന് മുന്നില്‍ എത്തി. കുട്ടികളേയും മൂന്നാറില്‍ നിന്നു വാങ്ങി (വാരി) കൂട്ടിയ ആക്രികളുമെല്ലാമായി ചേട്ടന്മാരും ചേച്ചിമാരും ഇറങ്ങി തുടങ്ങി.
എന്‍റെ ബാഗ് വച്ചിരുന്നത് മുകളിലേ ബര്‍ത്തില്‍ ആയിരുന്നു. പണ്ടേ തന്നെ നല്ല പൊക്കം ആയിരുന്നത് കൊണ്ട് സീറ്റിന് മുകളില്‍ കയറി ഞാന്‍ ബാഗ് വലിച്ചെടുത്തു കൊണ്ടിരിക്കുകയായിരുന്നു. വന്നപ്പോള്‍ ഇത്ര വെയ്റ്റ് ഉണ്ടായിരുന്നില്ല. വെറുതെ കിട്ടിയതും, സ്വന്തമായി വാങ്ങി കൂട്ടിയതും എല്ലാം കുത്തി നിറയ്ക്കുമ്പോള്‍ ഓര്‍ക്കണാര്‍ന്നു ഇതു പോലെ സ്വന്തമായി തന്നെ ഇതെല്ലാം പൊക്കി എടുക്കണം എന്ന്.
ഒരു വിധം ബാഗ് വലിച്ച് പുറത്തെടുത്തപ്പോഴാണ് ആര്‍ക്കും വേണ്ടാത്ത വിധം ആ ബര്‍ത്തില്‍ അലഞ്ഞു തിരിഞ്ഞു കിടക്കുന്ന ഒരു പാവം സെവന്‍ അപ്പ് കുപ്പിയെ കണ്ടത്. ഇതിപ്പോള്‍ ആരുടെയാണെന്ന് പറഞ്ഞാണ് തിരിച്ച് കൊടുക്കുക. എന്തായാലും ബാഗ് ഇറക്കി കഷ്ടപ്പെട്ട ക്ഷീണം മാറ്റാന്‍ സെവന്‍ അപ്പ് തുറന്ന് ഒറ്റവലിക്ക് അകത്താക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഓപ്പറേഷന്‍ മാനേജര്‍ ഓടിക്കിതച്ച് വണ്ടിയിലേയ്ക്ക് വന്നത്.
എന്‍റെ മോന്തല്‍ കണ്ട് പുള്ളി അന്തം വിട്ട് ഒരു നില്‍പ്പ്. ‘അയ്യോ സാറിന്‍റെ ആയിരുന്നോ? കൊച്ചിന് വാങ്ങിയതാകൂല്ലേ? സോറിട്ടോ. ഞാനെടുത്തു കുടിച്ചു. ഇച്ചിരി ബാക്കിയുണ്ട്.’ ഞാന്‍ കുപ്പിയെടുത്തു പുള്ളിയുടെ നേരെ നീട്ടി നിന്നതും നെഞ്ചും വയറും എല്ലാം മൊത്തമായി തീ പിടിച്ച ഒരു തോന്നല്‍. പേടി കൊണ്ടാകും എന്നാണ് ആദ്യം കരുതിയത്.
‘മോള്‍ക്ക് നല്ല കപ്പാസിറ്റി അണല്ലോ? ഇത്രയും കേറ്റിയിട്ടും പുലി പോലെയാണല്ലോ നില്‍പ്പ്.’
സാറിന്‍റെ ചോദ്യം കേട്ടപ്പോള്‍ ആണ് ചേച്ചിയുടെ കണ്ണുവെട്ടിച്ച് അടിക്കാന്‍ സെവന്‍ അപ്പിന്‍റെ കുപ്പിയില്‍ അങ്ങേര് വോഡ്ക്ക മിക്സ് ചെയ്തു വച്ചതാണെന്ന് മനസ്സിലായത്.
ഈശോയേ പെട്ടോ? ചെറിയ ടേസ്റ്റ് വ്യത്യാസം തോന്നിയോ എന്നു പോലും ഓര്‍മ്മ ഇല്ല. കൊച്ചിയിലേയ്ക്ക് തിരിച്ച് ഒറ്റയ്ക്ക് ബസ്സില്‍ പോകേണ്ടതാണ്.
ഓടി പോയി സെക്യൂരിറ്റി ചേട്ടനോട് കാര്യം പറഞ്ഞു. അങ്ങേര്‍ രണ്ടു ലിറ്ററിന്‍റെ രണ്ടു കുപ്പി വെള്ളം മുന്നില്‍ വച്ചു. ഒന്നും നോക്കാതെ ആ നാലു ലിറ്റര്‍വെള്ളവും മോന്തി കുടിച്ചു.
എല്ലാവര്‍ക്കും നല്ല ടെന്‍ഷന്‍. സാധനം മിക്സ് ചെയ്തു വച്ച സാറിന്‍റെ ചേച്ചിയാണേല്‍ ‘വീട്ടിലോട്ട് വാട്ടാ’ എന്ന മട്ടില്‍ പുള്ളിയെ നോക്കി നില്‍പ്പാണ്. അങ്ങേര്‍ എന്നെ നോക്കി പല്ലിറുമ്മുന്നു. തലയ്ക്ക് അടിച്ചു തുടങ്ങിയത് കൊണ്ടാണോ എന്തോ ഞാനാണേല്‍ ഭയങ്കര ചിരി.
കലൂര്‍ വരെ കൂടെ ഒരു മാഡവും മോളും ഉണ്ട്. അത് കഴിഞ്ഞാല്‍ ഒറ്റയ്ക്ക് പോണം. വീട്ടില്‍ എത്തും വരെ മാഡം എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചു കൊണ്ടിരുന്നു. ഏതായാലും എന്‍റെപ്പന്‍ ബസ്സ് സ്റ്റോപ്പില്‍ വന്നു നിന്നിരുന്നു തിരികെ കൊണ്ടു പോകാന്‍. അപ്പനോടും സംസാരിച്ച് ബോധ്യപ്പെട്ട ശേഷം ആണ് മാഡം ഫോണ്‍ വച്ചത്.
ഒരു വര്‍ഷത്തിന് ശേഷം അവിടുന്ന് ജോലി അവസാനിപ്പിച്ച് മറ്റൊരു സ്ഥാപനത്തിലേയ്ക്ക് മാറുന്ന അന്ന് സാര്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മ ഉണ്ട്.
‘വെറുതെ കിടക്കുന്ന സെവന്‍ അപ്പ് ഒക്കെ സൂക്ഷിച്ചും കണ്ടും കുടിക്കണേ മോളെ’ എന്ന്.