രചന : സജിത തോട്ടഞ്ചേരി
::::::::::::::::::::::
ക്ലാസ് കഴിഞ്ഞു രണ്ടു വീടുകളിൽ ട്യൂഷൻ എടുത്ത് വരുന്ന മകളെ വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് പത്മജ.
“എത്തേണ്ട സമയം കഴിഞ്ഞല്ലോ;എന്താ കാണാത്തെ”ആരോടെന്നില്ലാതെ പത്മജ പറഞ്ഞു.
പത്മജയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ് .ആകെയുള്ള മോളെ വീട്ടുപണിക്ക് പോയാണ് വളർത്തിയെടുത്തത്.ഡിഗ്രി ചെയ്ത് കൊണ്ടിരിക്കുമ്പോൾ രണ്ടു വീടുകളിൽ പോയി ട്യൂഷൻ എടുത്തു ചെറിയ രീതിയിലെങ്കിലും അമ്മയെ സഹായിക്കണമെന്നത് മോളുടെ നിർബന്ധം ആയിരുന്നു .പഠിക്കുന്നതിനിടയ്ക്ക് വേണ്ടെന്നു പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല.അമ്മ വീട്ടുപണിക്ക് പോകുന്ന വീട്ടിലെ കുട്ടികൾക്കാണ് അവൾ ട്യൂഷൻ എടുക്കുന്നത് .
ദൂരെ നിന്നും മകൾ വരുന്ന കണ്ടപ്പോഴാണ് പത്മജയുടെ ശ്വാസം നേരെ വീണത് .
“എന്താ ദീപ്തി ഇന്ന് വൈകിയേ ?നേരം ഒരുപാടായല്ലോ”.മകൾ മുറ്റത്തെത്തിയതും ചോദിച്ചു .
അതിനു മറുപടി ഒന്നും നൽകാതെ അവൾ അകത്തേയ്ക്ക് കയറിപ്പോയി.
ആ പോക്കിൽ എന്തോ പന്തികേട് തോന്നിയ പത്മജ മകളുടെ പിന്നാലെ അകത്തേയ്ക്ക് കയറിപ്പോയി.ചെന്നപ്പോൾ കട്ടിലിൽ കിടന്നു കരയുകയാണ് ദീപ്തി.
“നീ എന്തിനാ കരയുന്നെ;കാര്യം പറ മോളെ ;നീയെന്താ നേരം വൈകിയേ ?”ആധിയോടെ പത്മജ ചോദിച്ചു .
“നാളെ കുട്ടികൾക്ക് പരീക്ഷ ആയോണ്ട് കുറച്ചു കൂടുതൽ നേരം പറഞ്ഞു കൊടുക്കേണ്ടി വന്നു .അതാ വൈകിയേ.”തേങ്ങലിനിടയിൽ അവൾ പറഞ്ഞു .
“അതിനു നീയെന്തിനാ കരയുന്നെ ?”തല താഴ്ത്തി ഇരിക്കുന്ന മകളുടെ താടി പിടിച്ചുയർത്തി ചോദിച്ചു.
“അത് ഞാൻ വരുമ്പോൾ അവിടെ രണ്ടു മൂന്ന് പേര് നിൽപ്പുണ്ടായിരുന്നു. അതിലൊരുത്തൻ എന്നോട് ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞോ ;കൂടെ ചെന്നാൽ കുറച്ചു കൂടുതൽ പൈസ തരാമെന്നൊക്കെ പറഞ്ഞു.അവർ പിന്നാലെ വന്നപ്പോൾ ഞാൻ നമ്മുടെ അമ്പലം വരെ ഓടി .അവിടെ ആൾക്കാരെ കണ്ടപ്പോഴാണ് അവർ തിരിച്ചു പോയത് “.ഒരുവിധത്തിൽ അവൾ പറഞ്ഞു തീർത്തു.
“അമ്പലത്തിന്റെ അവിടെ കണ്ടവരോട് നീയെന്താ കാര്യം പറയാതിരുന്നേ ?”ദേഷ്യത്തോടെ അമ്മ ചോദിച്ചു .
“അത്…ഞാൻ പറഞ്ഞാൽ അവർ ചോദിക്കാൻ പോയാൽ ഭയങ്കര പ്രശ്നം ആവില്ലേ?എല്ലാരും അറിയുമ്പോ നാണക്കേടായാലോ.”ദീപ്തി വിക്കി വിക്കി പറഞ്ഞു .
“നാണക്കേടോ….എന്ത് നാണക്കേട് ;തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഒരുത്തനേം പേടിക്കേണ്ട കാര്യമില്ല.ഒരു നാണക്കേടും ഇല്ല .ഇത് ഇന്നത്തോടെ നിറുത്തിക്കണം .ഇന്ന് പ്രതികരിച്ചില്ലേൽ ഇനിയും അവർ ഇത് ആവർത്തിക്കും.പെണ്ണുങ്ങൾക്കും ഈ ലോകത്തു ജീവിക്കണ്ടേ.നേരം വൈകി വരുന്നവരൊക്കെ മോശക്കാരാണെന്നാണോ അവന്റെ ഒക്കെ ധാരണ .”ദേഷ്യം സഹിക്കാനാവാതെ പത്മജ എന്തൊക്കെയോ പറഞ്ഞു ഇറങ്ങി നടന്നു .
“അമ്മെ….വേണ്ട ;നിൽക്ക് ;വഴക്കിനൊന്നും പോവല്ലേ .”അമ്മയുടെ പിന്നാലെ കരഞ്ഞു പറഞ്ഞു കൊണ്ട് ദീപ്തി നടന്നു .
“മിണ്ടാതെ നടന്നോളണം.ഓരോന്നു കേട്ട് വീട്ടിൽ വന്നിരുന്നു കരഞ്ഞാൽ മതീല്ലോ.പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കരുത്.”മകളോട് താക്കീതെന്ന വണ്ണം പറഞ്ഞു കൊണ്ട് അമ്മ നടന്നു.
അമ്പലത്തിന്റെ നടയിലെത്തിയപ്പോൾ അടുത്ത വീട്ടിലെ ചന്ദ്രേട്ടനൊക്കെ അവിടെ സംസാരിച്ചു കൊണ്ട് ഇരിപ്പുണ്ട്.
“എന്താ പത്മജേ.ഈ നേരത്തു മോളേം കൊണ്ട് എങ്ങോട്ടാ “.ചന്ദ്രേട്ടൻ തിരക്കി.
പത്മജ അയാളോട് കാര്യങ്ങൾ വിശദീകരിച്ചു .
“ആഹാ അങ്ങനെ ഉണ്ടായോ.അവിടെ കുറച്ചു പിള്ളേർ നിൽക്കുന്ന ഞങ്ങളും കണ്ടിരുന്നു.അടുത്ത പഞ്ചായത്തിലെയാ .അവർ എന്താ ഇവിടെ കൂടി നിൽക്കുന്നെന്നു ഞങ്ങൾ ഇപ്പൊ പറഞ്ഞേയുള്ളു .ഇവിടെ വന്നു ഏതവന്മാരാ നമ്മുടെ നാട്ടിലെ കുട്ടികളെ വൃത്തികേട് പറയുന്നേ .ഇതൊന്നു ചോദിക്കണമല്ലോ .നീ തനിച്ചു പോകണ്ട ;ഞങ്ങളും വരാം “അവിടെ കൂടിയിരിക്കുന്നവർ എല്ലാം പത്മജയുടെ കൂടെ കൂടി .
അടുത്തെത്തിയപ്പോൾ തന്നെ കിട്ടിയ മണത്തിൽ നിന്നും ഒന്നിനും വെളിവില്ലാതെയാണ് നിൽക്കുന്നതെന്ന് അവർക്ക് മനസ്സിലായി.
“എന്താടാ ഇവിടെ?നീയൊക്കെ എന്താ പെൺകുട്ടികളെ വഴി നടക്കാൻ അനുവദിക്കില്ലേ?”ചന്ദ്രേട്ടൻ അവരുടെ അടുത്തു ചെന്ന് ചോദിച്ചു .
“അത് ചേട്ടാ ;ഞങ്ങൾ രാത്രി വരുന്ന കണ്ടപ്പോൾ ……അറിയാതെ “കാര്യം കൈ വിട്ട് പോയെന്നു മനസ്സിലായ അവർ നിന്ന് പരുങ്ങി.
“എന്താടാ ;നേരം വൈകി വരുന്ന പെണ്ണുങ്ങൾ ഒക്കെ മോശമാണോ .നീയൊക്കെ ഏത് ലോകത്താ ജീവിക്കുന്നെ.ഇന്നാട്ടിൽ പെണ്ണുങ്ങൾക്കും ജീവിക്കണ്ടേ .നിന്റെ വീട്ടിലും ഇല്ലേ പെണ്ണുങ്ങൾ.നിനക്കൊക്കെ എന്തേലും പറ്റിയാൽ രാത്രി എന്തേലും ആവശ്യങ്ങൾക്ക് പുറത്തിറങ്ങേണ്ടി വന്നാൽ അവരോടും ഇതൊക്കെ ചോദിക്കുമോ.”പത്മജയുടെ ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലാതെ അവർ തല കുമ്പിട്ട് നിന്നു.
അപ്പോഴേക്കും നാട്ടുകാരുടെ കൂട്ടത്തിൽ ഒരാൾ അവന്മാരിൽ ഒരുത്തനെ കേറി തല്ലി.
ഇനിയും നിന്നാൽ കൂട്ടത്തല്ല് വരുമെന്ന് മനസ്സിലായ അവന്മാർ വണ്ടിയുമെടുത്തു ഓടി രക്ഷപ്പെട്ടു .
“നിന്നെയൊന്നും മേലാൽ ഈ ഏരിയയിൽ കണ്ട പോകരുത്”പുറകിൽ നിന്ന് ചന്ദ്രേട്ടൻ വിളിച്ചു പറഞ്ഞു .
“എന്റെ പത്മജേ ;മോള് വരുമ്പോൾ ഞങ്ങൾ അവിടെയുണ്ട് ഒരു വാക്ക് പറഞ്ഞിരുന്നേൽ ഞങ്ങൾ അപ്പോഴേ ഓടിച്ചേനെ അവന്മാരെ .”ചന്ദ്രേട്ടൻ പറഞ്ഞു.
“ഇപ്പൊ മനസ്സിലായോ ;പ്രതികരിക്കാൻ ആദ്യം നമ്മൾ വിചാരിക്കണം .പരാതി പറഞ്ഞു കരയാൻ ആർക്കും കഴിയും ,പ്രതികരിക്കുന്നവർക്കേ ഇന്നത്തെ ലോകത്തു നിലനിൽപ്പുള്ളൂ .ഇനിയെങ്കിലും അത് മനസ്സിലാക്കി ജീവിക്ക് .”തിരിച്ചു നടക്കുന്നതിനിടയ്ക്ക് പത്മജ മകളോടായി പറഞ്ഞു .
അമ്മയുടെ വാക്കുകൾ ശെരിയാണെന്നു ദീപ്തിയ്ക്കും മനസ്സിലായി.നാണക്കേട് വിചാരിച്ചു മിണ്ടാതെ ഇരിക്കുന്നതാണ് തെറ്റ് .മോശമായി പെരുമാറുന്നവരോട് പ്രതികരിക്കുക തന്നെ ചെയ്യും ഇനി മുതൽ.അല്ലേൽ ഇത് പോലൊരു സിംഹപ്പെണ്ണിന്റെ മകളാണെന്ന് പറയാൻ നാണക്കേടാവില്ലേ.അവൾ മനസ്സിൽ പറഞ്ഞു .