പഠിത്തം ബോറായിട്ടാണ് ഇൻസ്റ്റായിൽ കിട്ടുന്ന സമയം മുഴുവനും ചിലവഴിക്കുന്നത് തന്നെ. അവിടെ നിന്ന് കിട്ടിയ ഒരുപാട്….

രചന: ശാലിനി മുരളി

::::::::::::::::::::::::::

അവരന്നു ചാറ്റിയത് മുഴുവനും പഠിത്തത്തെ കുറിച്ച് മാത്രമായിരുന്നു. അവനാണെങ്കിൽ വല്ലാത്ത മുഷിച്ചില് തോന്നുന്നുമുണ്ട്. പക്ഷെ, അവളെ എങ്ങനെ പിണക്കും.

പഠിത്തം ബോറായിട്ടാണ് ഇൻസ്റ്റായിൽ കിട്ടുന്ന സമയം മുഴുവനും ചിലവഴിക്കുന്നത് തന്നെ. അവിടെ നിന്ന് കിട്ടിയ ഒരുപാട് ഫ്രണ്ട്സുകളിൽ ഒ രു ത്തിയോട് ആകട്ടെ വല്ലാത്ത ആകർഷണവും!

പത്താം ക്ലാസ്സിൽ എത്തിയതേയുള്ളൂ എന്ന് പറയാൻ മടിച്ചിട്ട് അവൻ രണ്ട് വയസ്സ് കൂട്ടിയാണ് അവളോട് പറഞ്ഞിരിക്കുന്നത് !

എന്നും സ്കൂളും ട്യൂഷനും കഴിഞ്ഞു വന്നാലുടനെ മൊബൈലും കൊണ്ട് മുറിയിൽ കയറുന്നതാണ്. സന്ധ്യ കഴിയുമ്പോ തുടങ്ങും വീട്ടുകാർ പഠിക്ക് പഠിക്ക് എന്ന പല്ലവി.

ആർക്ക് വേണം ഈ പഠിത്തം. ഇത് കണ്ട് പിടിച്ചവനെ തല്ലണം. വെളുപ്പാൻ കാലം വരെ ഉറക്കമില്ലാതെ ഇൻസ്റ്റയിൽ ആണ് കണ്ണും മനസ്സും. അങ്ങനെയുള്ള അവനോടാണ് അന്നവൾ പഠിത്തത്തെ കുറിച്ച് മാത്രം സംസാരിച്ചത്.

“നിനക്ക് പഠിക്കാൻ ഒരുപാട് ഉണ്ടാവുമല്ലോ അല്ലേ. ഞാനും പ്ലസ് ടുവിന്റെ എക്സാം പ്രിപയറിങ്ങിലാണ്. അതുകൊണ്ട് നമുക്ക് കൂടുതൽ ടൈം പഠിത്തത്തിനു ചിലവഴിക്കാം. എന്നും വൈകിട്ട് ഒരു മൂന്നു മണിക്കൂർ പഠിത്തം കഴിഞ്ഞു അല്പം ചാറ്റിങ്ങ്. ഓക്കേ ആണോ?”

അവനെന്തു പറയാൻ ! ആ നേരത്ത് അവളുടെ പ്രണയം നഷ്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ട് ഓക്കേ എന്ന് ടൈപ്പ് ചെയ്ത്, മനസ്സില്ലാമനസ്സോടെ അവനും ഫോൺ ഓഫ് ചെയ്തു പഠിക്കാനുള്ള ബുക്ക്‌ എടുത്തു.

ഇടയ്ക്ക് അമ്മ വന്നു നോക്കീട്ടു പോകുന്നത് കണ്ടു..ബുക്ക്‌ കൈയിലിരിക്കുന്നത് കണ്ടാവും ഒന്നും മിണ്ടാതെ തിരിച്ചു പോയത്. അങ്ങനെ അവളുടെ പ്രേരണയാൽ അവൻ ദിവസവും പഠിത്തത്തിന് വേണ്ടി കൂടുതൽ സമയം ചിലവഴിച്ചു. അതിന്റെ മാറ്റം പരീക്ഷപേപ്പറിൽ കണ്ടു തുടങ്ങിയപ്പോൾ പഠിത്തം അവനൊരു ഹോബിയായി മാറി !

അമ്മയാകട്ടെ അപ്പോഴേക്കും ഇൻസ്റ്റയിലെ തന്റെ ഫേക്ക് അക്കൗണ്ടിലെയ്ക്ക് നോക്കി അടക്കിച്ചിരിക്കാനും പഠിച്ചുകഴിഞ്ഞിരുന്നു !!