അയാളവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി..അന്ന് കണ്ട അതേ നിഷ്ക്കളങ്കത ഇന്നും അവന്റെ കണ്ണുകളിലുണ്ട്..

ലൈൻമാൻ…

രചന : പ്രവീൺ ചന്ദ്രൻ

:::::::::::::::::::::::

“ഒന്നുകൂടെ ആലോചിച്ചിട്ടു പോരേ കേശവേട്ടാ അഞ്ജുവിനെ ആ ലൈൻമാനെക്കൊണ്ട് കെട്ടിക്കുന്നത്?” ഉറ്റ സുഹൃത്തിന്റെ ആ ചോദ്യം അയാളെ തെല്ലൊന്നുമല്ല അലട്ടിയത്..

“എന്താ രഘൂ നീ അങ്ങനെ പറഞ്ഞത്? ലൈൻമാ ൻ ജോലി എന്താ അത്ര നല്ല ജോലിയല്ലേ?” അയാൾ ആശ്ചര്യത്തോടെ ചോദിച്ചു…

“അതല്ല കേശവേട്ടാ.. എപ്പോഴും ഈ പോസ്റ്റിലൊ ക്കെ കേറേണ്ടി വരില്ലേ..ഷോക്കടിക്കാനുളള സാദ്ധ്യത കൂടുതലല്ലേ? വല്ലതും സംഭവിച്ചിട്ട് പിന്നെ ചിന്തിച്ചിട്ട് കാര്യമില്ലല്ലോ അതാ..”

ആ പറഞ്ഞതിൽ പതിരുണ്ടെന്ന് അയാൾക്കും തോന്നി… മൂന്നു പെൺമക്കളാ തനിക്ക് അതിൽ മൂത്തവൾക്കാണ് ഈ ആലോചന വന്നിരിക്കു ന്നത്.. “സ്ത്രീധനമൊന്നും തരണ്ട അഞ്ജുവിനെ എനിക്ക് തന്നാ മതി” എന്ന് അവൻ പറഞ്ഞപ്പോൾ താൻ മറ്റൊന്നും ചിന്തിച്ചതുമില്ല..

അന്ന് അവന്റെ കണ്ണുകളിൽ കണ്ട നിഷ്കളങ്കത തന്നെ അവനിലേക്കാകർഷിക്കുകയായിരുന്നു..

പക്ഷെ തന്റെ മകളുടെ ഭാവി ഓർത്ത് ഇതിൽ നിന്നും പിൻമാറുന്നതാണ് നല്ലത് എന്ന് അയാൾക്ക് തോന്നി…

“ദീപു നീ എന്നോട് ക്ഷമിക്കണം.. ഞങ്ങൾക്ക് ഈ വിവാഹത്തിന് താൽപ്പര്യമില്ല..മറ്റൊന്നും നീ എന്നോട് ചോദിക്കരുത്”

ദീപു എന്തെങ്കിലും തിരിച്ചുചോദിക്കും മുമ്പേ അയാൾ തിരിച്ചു നടന്നിരുന്നു..അമ്പരപ്പോടെ നോക്കി നിൽക്കാനേ അവനായുളളൂ…

വിഷമത്തൊടെയാണ് അയാൾ വീട്ടിലേക്ക് കയറിയത്..

“അച്ഛൻ ചെയ്തത് ഒട്ടും ശരിയായില്ല.. ദീപുവേട്ടനെ മനസ്സിലാക്കാൻ അച്ഛന് പറ്റാത്തത് കൊണ്ടാ.. ചേട്ടൻ എന്റെ സീനിയറായിരുന്ന കാലം തൊട്ടേ എനിക്കറിയാം…

വളരെ നല്ല സ്വഭാവമാണ്.. ദീപുവേട്ടൻ എന്റെ ഏട്ടനാകാൻ പോകുന്നെന്നറിഞ്ഞപ്പോൾ എനിക്ക് എത്ര സന്തോഷമായെന്നോ? അച്ഛൻ മരിച്ചപ്പോൾ കുടുംബം പോറ്റാനായി സ്വന്തം പഠിപ്പ് പോലും മുഴുമിപ്പിക്കാതെ അച്ഛന്റെ ജോലി സ്വീകരിച്ച ആളാണ് ചേട്ടൻ.”

അയാളുടെ രണ്ടാമത്തെ മകൾ ആതിരയാണ് അത് പറഞ്ഞത്..അത് കേട്ട് ഒന്നും മിണ്ടാതെ തലകുനിച്ച് നിൽക്കാനെ അയാൾക്ക് കഴിഞ്ഞുളളൂ..

“അച്ചൂ നീ അകത്ത് കയറിപോ അച്ഛൻ ചെയ്തതിലെന്താ തെറ്റ്? എനിക്കും അയാളുടെ ജോലി ഇഷ്ടപെട്ടിട്ടില്ലായിരുന്നു… കൂട്ടുകാരിക ളോട് പറയാൻ തന്നെ നാണക്കേടാ! ഒഴിഞ്ഞ് പോയത് നന്നായി”

അവൾ ചേച്ചിയുടെ മുഖത്തേക്ക് തന്നെ നോക്കി..

“എന്താ ചേച്ചി ഇത്.. ഒരാളുടെ ജോലിയാണോ അയാളുടെ വ്യക്തിത്ത്വം തീരുമാനിക്കുന്നത്? ഛെ! മോശം.. ഇത്രയും അറിവുളള ചേച്ചി ഇത് പറയരുതായിരുന്നു”

” നീ അധികം വായാടണ്ട! പോയി പഠിക്കാൻ നോക്ക്… വാ അച്ഛാ ചോറെടുക്കാം”

അയാൾ ആതിരയുടെ മുകത്തേക്ക് നോക്കി..

ദേഷ്യമായിരുന്നു ആ മുഖത്ത്.. അയാളവളുടെ തലയിൽ തലോടിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി..

കാലം കടന്ന് പോയിക്കൊണ്ടിരുന്നു.. നാളെ അയാളുടെ മകളുടെ കല്ല്യാണമാണ്.. കല്ല്യാണ തലേന്നത്തെ ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു…സദ്യവട്ടങ്ങൾക്കുളള പച്ചക്കറികളൊക്കെ പാചകക്കാർ ശരിയാക്കി ക്കൊണ്ടിരിക്കുന്നു..

ആ സമയത്താണ് ശക്തമായ ഇടിവെട്ടോട് കൂടി മഴപെയ്യാൻ തുടങ്ങിയത്…

മഴയുടെ ആഘാതത്തിൽ വൈദ്യുതി കമ്പിയിൽ മരച്ചില്ല വീണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു…

“ഹോ എന്തൊരു മഴയാ കേശവേട്ടാ ഇത്.. കരണ്ടും പോയല്ലോ ദൈവമേ!.. കരണ്ട് വന്നി ല്ലേൽ പരിപാടികളാകെ കുഴയുട്ടോ.. ഗ്രൈൻഡ റും മിക്സിയൊന്നും വർക്ക് ചെയ്യിക്കാതെ പാചകം നടക്കുമെന്ന് തോന്നുന്നില്ല.. തന്നെയുമല്ല ഈ പാതിരാത്രിക്ക് ഇനി ജനറേറ്ററും കിട്ടില്ല.. കമ്പിപൊട്ടിയത് കൊണ്ട് ലൈൻമാൻമാരാരെങ്കി ലും വന്ന് നന്നാക്കിയേ പറ്റൂ.. ഈ മഴയത്ത് ആരുവരാനാ? തന്നെയുമല്ല നാളെ ഞായറാഴ്ച്ച യുമാണ്..എന്താ ചെയ്യാ ചേട്ടാ?”

പാചകക്കാരൻ ഗോപിയുടെ ചോദ്യത്തിന് മുന്നിൽ എന്ത് പറയണമെന്നറിയാതെ അയാൾ കുഴങ്ങി..

“കേശവേട്ടാ ദീപൂനെ ഒന്ന് വിളിച്ചാലോ?”

“അത്.. അത് വേണ്ട രഘൂ.. ഞാനെങ്ങനെയാ അവനെ വിളിക്കാ.. അവൻ വരാൻ വഴിയില്ല! ” അയാൾ വിഷമത്തോടെ പറഞ്ഞു..

“ഞാനൊന്ന് പോയി നോക്കാം! കേശവേട്ടൻ വിഷമിക്കാതിരിക്ക്”..

അപ്പോഴേക്കും മഴയ്ക്ക് ശക്തികുറഞ്ഞിരുന്നു..

കുറച്ച് സമയത്തിന് ശേഷം രഘു ഒറ്റയ്ക്ക് വരുന്നത് കണ്ട് അയാൾ ആരാഞ്ഞു..

“ദീപു വന്നില്ലല്ലേ? എനിക്കറിയാം അവൻ വരില്ല! അത്രയ്ക്ക് വലിയ തെറ്റാ ഞാനവനോട് ചെയ്തത്”

അയാളത് പറഞ്ഞ് തീർന്നതും അവിടമാകെ പ്രകാശം തെളിഞ്ഞു… എല്ലാവരുടെ മുഖത്തും ആ പ്രകാശം പരന്നു..

“ഹാവൂ.. ആശ്വാസമായി.. ദൈവം കാത്തു”

“ദൈവമല്ല കേശവേട്ടാ.. ദീപുവാ കാത്തത്… ഞാനിവിടത്തെ കാര്യം പറഞ്ഞതും ഒരു മടിയും കൂടാതെ അവനെന്നോടൊപ്പം പോരുകയായി രുന്നു..സ്വന്തം സുരക്ഷ പോലും നോക്കാതെ ആ പോസ്റ്റിൽ കയറാൻ മനസ്സ് കാണിച്ച അവൻ തന്നെയല്ലേ ചേട്ടാ ദൈവം.. അവൻ പുറത്തു നിൽക്കുന്നുണ്ട് കേശവേട്ടാ”

അത് കേട്ടതും അയാൾ വേഗത്തിൽ പുറത്തേക്കു നടന്നു…

പുറത്ത് ആളുകളിൽ നിന്നൊഴിഞ്ഞ് കയ്യിലൊരു ടോർച്ചുമായി ഒരു കോണിൽ നിൽപ്പുണ്ട് അവൻ…

അയാളവന്റെ അടുത്തേക്ക് നടന്നു..

അയാളെ കണ്ടതും അവനൊന്ന് പുഞ്ചിരിച്ചു.. ആ പുഞ്ചിരിയിൽ എല്ലാമുണ്ടായിരുന്നു..

അയാളവന്റെ കൈപിടിച്ച് കൊണ്ട് പറഞ്ഞു..

“മോനെ നിന്നെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല! എന്നോട് ക്ഷമിക്കണം.. തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്.. നിന്നെ എന്റെ മരുമകനായി കിട്ടിയില്ലല്ലോ എന്നോർത്ത് എന്റെ മനസ്സ് ഇപ്പോൾ വേദനിക്കുന്നു..”

അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

“സാരമില്ല കേശവേട്ടാ.. എനിക്കതിൽ പരാതിയില്ല.. ഞാനെന്റെ ജോലിയല്ലേ ചെയ്തുളളൂ.. പിന്നെ നേരത്തേ പറഞ്ഞത് മനസ്സീന്നാണെങ്കിൽ ഞാനൊരു കാര്യം ചോദിച്ചോട്ടെ?”

ആകാംക്ഷയോടെ അയാൾ അവന്റെ മുഖത്തേക്ക് നോക്കി..

“വിരോധമില്ലെങ്കിൽ ആതിരയെ എനിക്ക് വിവാഹം കഴിച്ച് തരാമോ.. ഞങ്ങൾ തമ്മിലിഷ്ടത്തിലാണ്.. കല്ല്യാണം മുടങ്ങിയതിന് ശേഷം നിങ്ങൾക്ക് വേണ്ടി മാപ്പ് ചോദിക്കാൻ അവളെന്റെ അടുത്ത് വന്നിരുന്നു.. അതിന് ശേഷം ഞങ്ങളൊരുപാട് തവണ കണ്ട്മുട്ടി… ആ കൂടിക്കാഴ്ച്ചകൾ ഞങ്ങളെ തമ്മിലടുപ്പിക്കുകയാ യിരുന്നു… സമ്മതമാണെങ്കിൽ അവളെ ഞാൻ പൊന്ന് പോലെ നോക്കിക്കൊളളാം”

അയാളവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി.. അന്ന് കണ്ട അതേ നിഷ്ക്കളങ്കത ഇന്നും അവന്റെ കണ്ണുകളിലുണ്ട്..

“വാ.. മോനേ..ഇനി നീ വേണം കാര്യങ്ങളൊക്കെ നോക്കാൻ..” അവന്റെ തോളിൽ കൈവച്ച് കൊണ്ട് അയാൾ അകത്തേക്ക് കയറി.

ആ കാഴ്ച്ച കാണാനായി ആകാംക്ഷയോടെ അവൾ വാതുക്കൽ തന്നെ നിന്നിരുന്നു..