തല തെ റി ച്ച വ ൻ….
രചന: റഹീം പുത്തൻചിറ
::::::::::::::::::::::
മരണ വീട്ടിലേക്ക് അയാൾ കടന്നു ചെല്ലുമ്പോൾ അവിടെയുള്ളവർ പിറുപിറുക്കുന്നുണ്ടായിരുന്നു…. “തല തെ റി ച്ച വൻ വരുന്നുണ്ട്…ആ ത.ള്ള ജീവനോടെയുള്ളപ്പോൾ തിരിഞ്ഞു നോക്കാത്തവനാ…എന്നിട്ട് ച ത്തിട്ടു കാണാൻ വന്നേക്കുന്നു.”
വെള്ള പുതച്ചു കിടന്ന അമ്മയുടെ അടുത്തേക്ക് അയാൾ പതിയെ ചെന്നു. ജീവിച്ചിരുന്നപ്പോൾ തന്നെ നോക്കി മോനെയെന്നു വിളിക്കാത്തവർ. എപ്പോഴും വഴക്കും, ചീത്തയും മാത്രം. അച്ഛൻ നേരത്തെ പോയിരുന്നു…
താഴെ രണ്ടു പേരെയും താരാട്ടു പാടി ഉറക്കിയിട്ടു തന്നെ മാത്രം മുറിയിലെ ഒരു മൂലയിൽ കീറിയ പായിയിൽ കിടത്തും..അവർക്ക് വാരിക്കൊടുക്കുമ്പോൾ താൻ തനിയെ എടുത്തു കഴിക്കണമായിരുന്നു. ഒരു അകൽച്ചയോടെ മാത്രം തന്നെ കണ്ടിരുന്നു. അന്നൊക്കെ ഒരുപാട് ആലോചിച്ചു. ഇനി ഞാൻ അവരുടെ മകൻ തന്നെയല്ലേ…അയൽ വക്കത്തുള്ള ഒരു പ്രായം കൂടിയ മനുഷ്യനോട് ഞാനതു രഹസ്യമായി ചോദിച്ചു…നീ അവരുടെ വയറ്റിൽ തന്നെയാ ജനിച്ചത്…അയാൾ ആണയിട്ട് പറഞ്ഞു…
പഠിത്തം കഴിഞ്ഞു..അല്ല അവസാനിപ്പിച്ചു പണിക്ക് പോകാൻ നിർബന്ധം പിടിച്ചു….പതിനാറാം വയസ്സിൽ വെട്ടു കല്ല് ചെത്തുന്ന മടയിൽ പണിക്ക് കയറി…വൈകീട്ട് വീട്ടിൽ വരുമ്പോൾ കയ്യും കാലും ഉരഞ്ഞു പൊട്ടിയിട്ടുണ്ടാകും…കിണറ്റിൻ കരയിൽ ചെന്നു തണുത്ത വെള്ളമൊഴിക്കുമ്പോൾ നീറുന്ന വേദന ഉള്ളിലെ വേദനയേക്കാൾ കുറവായിരുന്നു….അനിയൻ ക്രിക്കറ്റ് കളിച്ചു വന്നു കാലു പൊട്ടിയ ഭാഗത്തു വേവലാതിയോടെ മരുന്ന് വെക്കുന്ന അമ്മയുടെ മുൻപിൽ ഉള്ളും പുറവും നീറി നിൽക്കാനേ കഴിഞ്ഞിട്ടുള്ളു….
നാളുകൾ കഴിയും തോറും അകൽച്ച കൂടി വന്നേയുള്ളു…ഒരുനാൾ ഒന്നും പറയാതെ വീട്ടിൽ നിന്നും ഇറങ്ങി….ചോദിക്കാനും പറയാനും ആളില്ലാത്ത നാളുകൾ….ദു ശീ.ലങ്ങൾ കൂടി… നാട്ടുകാരുടെ മുൻപിൽ തല തെ റിച്ച വനായി…വീട്ടുകാർ പണ്ടത്തെ പോലെ തന്നെ കണ്ടില്ലന്നു നടിച്ചു…
അനിയൻ വിവാഹം കഴിച്ചു വേറെ വീട് വെച്ചു താമസിച്ചു. ഇപ്പോഴുള്ള വീട്ടിൽ സൗകര്യം പോരത്രേ…പഴയ വീട്ടിൽ അമ്മ തനിച്ചാണെന്ന് മാത്രം അറിഞ്ഞു…പെങ്ങളും വിവാഹം കഴിഞ്ഞു ചെറുക്കന്റെ കൂടെ ദുബായിലേക്ക് പറന്നു…രണ്ടു കല്യാണവും അകലെ നിന്നു കാണാനേ യോഗമുണ്ടായുള്ളു…എങ്കിലും കണ്ണു നിറഞ്ഞു ആരുടെ മുൻപിലും ചെന്നിട്ടില്ല…തല തെറിച്ചവൻ പണിയെടുത്തു തന്നെ ജീവിച്ചു.
കൂട്ടുകാരന്റെ അച്ഛനെ ആശുപത്രിയിൽ കാണാൻ ചെന്ന ദിവസമാണ് നടക്കാൻ വയ്യാത്ത ഒരു സ്ത്രീ മരുന്ന് മേടിക്കാൻ ബുന്ധിമുട്ടുന്നത് കണ്ടത്…അവരുടെ ചീട്ടു വാങ്ങി മരുന്ന് മേടിച്ചു കയ്യിൽ കൊടുക്കുമ്പോഴാണ് അമ്മയാണെന്നു തിരിച്ചറിഞ്ഞത്. പഴയ രൂപമേ അല്ല..കുളി മുറിയിൽ തെന്നി വീണെന്നും അനിയനും ഭാര്യയും പുറത്ത് ടൂർ പോയതാണെന്നും പറഞ്ഞു.
ഓട്ടോ വിളിച്ചു വീട്ടിൽ കൊണ്ടു വന്നു…മുറിയിൽ നിറയെ മരുന്നിന്റെ മണം മാത്രം. വീട് വൃത്തിയാക്കിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ട്.ഒറ്റ നോട്ടത്തിൽ തന്നെ അതു മനസിലായി.
അമ്മയെ കട്ടിലിൽ ഇരുത്തി കാലിൽ മരുന്ന് വെച്ചു കൊടുത്തു..പിന്നെ വീട് മുഴുവൻ തുടച്ചു വൃത്തിയാക്കി ഭക്ഷണവും ഉണ്ടാക്കി അമ്മയുടെ മുറിയിൽ വെച്ചു അവിടെ നിന്നും ഇറങ്ങി…
പിറ്റേന്നു ചെല്ലുമ്പോൾ കാലിൽ നീരുണ്ട്. ചെറിയ പനിയും. ഓട്ടോ വിളിച്ചു ആശുപത്രിയിൽ കൊണ്ട് പോയി അഡ്മിറ്റ് ചെയ്തു. ആ നാളുകളിൽ ഒരു കുഞ്ഞിനെ പോലെ പരിചരിച്ചു…അഞ്ചു നാൾ കഴിഞ്ഞു തിരികെ വീട്ടിലേക്ക്…ഒരു മാസം കാല് അനക്കരുതെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്..
വൈകുന്നേരം കഞ്ഞിയുണ്ടാക്കി വായിൽ കോരി കൊടുക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നുണ്ട്..എന്നിരുന്നാലും കണ്ടില്ലെന്ന് നടിച്ചു. ആ കണ്ണുകൾ ഒരുപാട് കഥകൾ പറയുന്നുണ്ട്. ഹൃദയം ഒരുപാട് വിങ്ങുന്നുമുണ്ട്…ചോദിക്കാൻ ഒരുപാട് കാര്യങ്ങൾ മനസിലുണ്ട്…പക്ഷെ ചോദിക്കുന്നില്ല.
വൈകീട്ട് അവിടെ നിന്നും ഇറങ്ങുമ്പോൾ ‘മോനെ’എന്നൊരു വിളി കേട്ടു…എങ്കിലും തിരിഞ്ഞു നോക്കിയില്ല…ആ വിളി കേട്ടു ഈ പടികൾ തിരിച്ചു കയറാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്.
ആ കാലം കഴിഞ്ഞിരിക്കുന്നു. എങ്കിലും ആ വിളി അതു ഹൃദയത്തിൽ നിന്നും തന്നെയാണ്…അതു മതി…തല തെ റി ച്ചവൻ…അതു അങ്ങിനെ തന്നെ നിൽക്കട്ടെ….
ഒരുപാട് കാര്യങ്ങൾ ചോദിക്കാനും പറയാനുമുണ്ടായിരുന്നു…പക്ഷെ ഒന്നും ബാക്കി വെക്കാതെ യാത്ര പോലും പറയാതെ അവർ പോയിരിക്കുന്നു.
ചടങ്ങുകൾ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു…ആ മുറിയിൽ നിന്നും ഇറങ്ങുവാൻ മനസ്സ് സമ്മതിക്കുന്നില്ല…എങ്കിലും പതിയെ അവിടെ നിന്നും ഇറങ്ങി…അപ്പോഴും ഒരു പിൻവിളി കേൾക്കുന്നുണ്ടായിരുന്നു…അതു വ്യക്തമായി കേൾക്കാൻ സാധിച്ചിരുന്നില്ല…എങ്കിലും മനസ്സ് മന്ത്രിച്ചു…അതു ‘മകനെ ‘എന്നു തന്നെ വിളിക്കുന്നതാ..