അതൊക്കെ ശരിയാണോ എന്നറിയാൻ കിച്ചു ഉടനെ വീഡിയോ കാളിൽ വരും. മാമിയും ഒപ്പം വന്നിരിക്കും. ചിലപ്പോൾ….

ഡയറിയെഴുതുന്ന പെൺകുട്ടി

രചന: ഭാഗ്യലക്ഷ്മി. കെ. സി.

::::::::::::::::::::::::

അച്ഛാ..ഈ ഡയറി ഞാനെടുത്തോട്ടെ..?

പിന്നെന്താ..എടുത്തോളൂ..

എന്തൊക്കെയാ അച്ഛാ ഡയറിയിൽ എഴുതുക..?

എന്തും എഴുതാം..ചില൪ അന്നന്നത്തെ ചിലവുകൾ എഴുതും..ചില൪ അന്നന്നത്തെ സംഭവങ്ങൾ എഴുതും. ചില൪ മറന്നുപോകാനിടയുള്ള സംഭവങ്ങൾ ഓ൪ക്കാനായി മുൻകൂട്ടി ഡയറിയിൽ രേഖപ്പെടുത്തിവെക്കും..

എന്നിട്ട് ആ ദിവസം ഡയറി നോക്കാൻ മറന്നുപോയാലോ..?

നയന കുസൃതിയോടെ ചോദിച്ചു.

ഹഹഹ..ചില൪ പാട്ടും കവിതയുമൊക്കെ എഴുതിസൂക്ഷിക്കും. ചില൪ ചിത്രം വരക്കും. മോളെന്താ എഴുതാൻ പോകുന്നത്..?

പ്രഗീത് ചിരിയോടെ ചോദിച്ചു

വരട്ടെ..ആലോചിച്ച് നോക്കട്ടെ…

നയന എഴുന്നേറ്റ് തന്റെ പഠനമുറിയിൽ പോയിരുന്നു. അച്ഛൻ പോലീസായതിനാൽ നയനക്ക് അച്ഛനെ അധികം അടുത്ത് കിട്ടാറില്ല. അതിന്റെ പരിഭവം വേണ്ടുവോളമുള്ളതിനിടയിലാണ് പ്രഗീതിന് പ്രമോഷൻ കൂടി കിട്ടിയത്. അതോടെ നിന്നുതിരിയാൻ സമയമില്ലാതായി.

പ്രഭ ട്രാൻസ്ഫർ കിട്ടി പോയതോടെ നയനയാണ് തീ൪ത്തും ഒറ്റപ്പെട്ടുപോയത് എന്ന് അയാൾക്കറിയാം. കൂടുതൽ കരുതൽവേണ്ട പ്രായമാണ്. പക്ഷേ ഒന്നിനും സമയം മതിയാകുന്നില്ല. അവൾ എട്ടിലാണ്. നന്നായി പഠിക്കുന്നുണ്ട്. പക്ഷേ സംസാരവും ചിരിയും കളിയും കുറഞ്ഞിരിക്കുന്നു. പ്രഭ വന്നാലാണ് വീട് വീടാകുന്നത്. അതുപക്ഷേ മൂന്ന് മാസമൊക്കെ കൂടുമ്പോൾ മാത്രമായിട്ടുണ്ട്.

രാവിലെ ഒരുങ്ങിയിറങ്ങി നേരത്തേപോകുന്ന അച്ഛനെ നയന നോക്കിയിരിക്കും. അതുകഴിഞ്ഞാണ് അവളുടെ കുളി, ബ്രേക്ക് ഫാസ്റ്റ് കഴിപ്പ്, യൂണിഫോമിടൽ, ബാഗ് റെഡിയാക്കി, വാതിൽ പൂട്ടി, റോഡിൽ സ്കൂൾബസ് വരുന്നയിടം വരെ നടക്കൽ ഒക്കെ. മൂന്ന് നാല് മിനുറ്റ് നടന്നാൽ ബസ് സ്റ്റോപ്പായി. അതിനിടയിൽ അവൾ സ്ഥിരമായി പത്ത് പന്ത്രണ്ടുപേരെ കാണും.

പാലും വാങ്ങിവരുന്ന സുകുമാരനപ്പൂപ്പനെ, മുറ്റമടിക്കുന്ന രത്നാന്റിയെ, കോലം വരക്കുന്ന ലക്ഷ്മി മാമിയെ, പച്ചക്കറി വാങ്ങി അടുത്ത ഫ്ലാറ്റിലേക്കോടുന്ന ജോലിക്കാരിയെ, പിന്നെ മിനിച്ചേച്ചിയുടെ ബബുലു എന്ന് വിളിക്കുന്ന വാലാട്ടുന്ന നായയെ…അങ്ങനെ ഓരോരുത്തരെയും കണ്ടതും സ്കൂളിൽ നടന്നതുമായ കാര്യങ്ങൾ നയന ഡയറിയിലെഴുതിത്തുടങ്ങി.

പ്രഭാ..മോളൂനോട് മിണ്ടാൻ സമയമില്ലാതായിട്ടുണ്ട്..നീയൊന്ന് വീഡിയോകാളിന്റെ സമയം കൂട്ടണേ..

എന്തുപറ്റി പ്രഗ്ഗി..? വല്ല സീരിയസ് കേസും..?

ഉണ്ട്..അതൊക്കെ നീ ലീവിനിങ്ങ് വന്നിട്ട് പറയാം.

ഓകെ.

അവരുടെ സംസാരവും ചാറ്റും അത്രയേ ഉള്ളെങ്കിലും രണ്ടുപേരും പരസ്പരം ആഴത്തിൽ അറിഞ്ഞവരാണ്. കരിയർ ഓറിയന്റഡായതുകൊണ്ട് രണ്ടുപേരും ഉന്നതോദ്യോഗത്തിന്റെ തിരക്കിലുമാണ്.

ഇടയ്ക്ക് വല്ലപ്പോഴും പ്രഭയുടെ അനുജൻ അഖിൽ വരും. അപ്പോഴാണ് നയനക്ക് പുറത്തൊക്കെ‌ ചുറ്റിയടിക്കാനും ഐസ്ക്രീം കഴിക്കാനുമൊക്കെ അവസരം കിട്ടുക. കൈനിറയെ, പറയുന്നതൊക്കെ വാങ്ങിക്കൊടുത്ത്, രണ്ടുദിവസം നിന്ന്, സിനിമക്കൊക്കെ കൊണ്ടുപോയി, അഖിൽമാമനങ്ങ് പോയാൽ നയനക്ക് ആ ദിവസം വല്ലാത്ത ലോൺലിനെസ്സ് തോന്നും. അങ്ങ് വീട്ടിലെത്തി മാമൻ മോനോട് നയനയുമായി ചുറ്റിയടിച്ച കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞുകൊടുക്കും.

അതൊക്കെ ശരിയാണോ എന്നറിയാൻ കിച്ചു ഉടനെ വീഡിയോ കാളിൽ വരും. മാമിയും ഒപ്പം വന്നിരിക്കും. ചിലപ്പോൾ മാമി അടുക്കളയിൽ ഓരോന്ന് ചെയ്യുന്നതിന്റെ അടുത്ത് പോയിരുന്നാണ് കിച്ചു വിളിക്കുക.

മോളേ..നിന്റെ മാമന്റെ പുളുവടി കേട്ട് മടുത്തു…

മാമി ചിരിച്ചുകൊണ്ട് പറയും.

ചേച്ചീ..രാത്രി സിനിമ കഴിഞ്ഞ് വരുമ്പോൾ ആരോ ഫോളോ ചെയ്തിരുന്നു എന്ന് പറഞ്ഞത് നേരാണോ..?

പ്രഗീത് ലാപ്ടോപ്പിൽ എന്തോ കാര്യമായി നോക്കുന്നതിനിടയിലാണ് കിച്ചുവിന്റെ ഈ ചോദ്യം ചെവിയിൽ വീണത്.

അവൾ വിരൽ ചുണ്ടിൽവെച്ച് അച്ഛൻ അടുത്ത മുറിയിലുണ്ട്  എന്ന് ആംഗ്യത്തിലൂടെ സൂചന നൽകി. എന്നിട്ട് പറഞ്ഞു:

എവിടെ…വെറും പുളു..പുളുമാമൻ..

അവരുടെ സംഭാഷണം കഴിഞ്ഞിട്ടും പ്രഗീതിന്റെ മുഖത്ത് എന്തോ ചില സംശയങ്ങൾ വിട്ടുമാറാതെ നിന്നു. നയന രാത്രി കിടക്കുന്നതിനുമുമ്പ് ഡയറി എഴുതുന്നത് പ്രഗീത് പലപ്പോഴും കണ്ടിട്ടുണ്ട്. അയാൾ അവളുറങ്ങാൻ കാത്തുനിന്നു. അവൾ ലൈറ്റണച്ച് കിടന്നിട്ടും അരമണിക്കൂറോളം അയാൾ അവളുടെ മുറിയിലേക്ക് പോയതേയില്ല.

എങ്ങുമെത്താത്ത ഒരു കേസിന്റെ പിറകേ നടക്കാൻ തുടങ്ങിയിട്ട് നാല് മാസമായി. ആകെ ഒരു ‌ദുരൂഹത. മാത്രവുമല്ല സ്റ്റേഷനിൽ ആരോ വിവരങ്ങൾ ചോ൪ത്തുന്നുണ്ടോ എന്നൊരു സംശയം. എല്ലാം സൂക്ഷിച്ചുചെയ്തിട്ടും കൈയെത്തും ദൂരത്തുവരെ എത്തിയിട്ടും കുറ്റവാളി രക്ഷപ്പെട്ടു പോകുന്നത് ഇതിപ്പോൾ മൂന്ന് തവണയായി..

അയാൾ മകളുടെ മുറിയിൽ കടന്ന് അവളുടെ ‌ഡയറി എടുത്തു. ബാൽക്കണിയിൽ ചെന്നിരുന്ന് പതിയെ അത് തുറന്നു.

അമ്മ വിളിച്ചതും വിശേഷങ്ങളൊക്കെ പറഞ്ഞതും സ്കൂളിലെ സ്പോർട്സ് ഡേയുടെ ദിവസത്തെ രസങ്ങളുമൊക്കെയായിരുന്നു ആദ്യത്തെ പേജുകളിൽ. പിന്നീടാണ് മറ്റൊരു വരി പ്രഗീതിന്റെ ശ്രദ്ധയിൽപ്പെട്ടത്.

സെപ്റ്റംബർ നാല്:

മിനിച്ചേച്ചിയുടെ നായ ബബുലു എന്നെക്കണ്ട് വാലാട്ടുകയായിരുന്നു. ഞാനതിനെ ഗേറ്റിനിടയിലൂടെ കൈയിട്ട് തൊട്ടുതലോടി പോകാനൊരുങ്ങുമ്പോൾ ഒരാൾ ബൈക്കിൽ വന്ന് എന്റെ അരികിലൂടെ സ്പീഡിൽ  ഓടിച്ചുപോയി. റോഡിൽ ഇത്രയും സ്ഥലമുണ്ടായിട്ടും എന്തിനാണ് എന്റെ അരികിലൂടെ പോയത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. എന്നെ പേടിപ്പിക്കാനാണോ…അച്ഛനോട് പറഞ്ഞാൽ വെറുതേ ടെൻഷനാവും.അതുവേണ്ട..അല്ലാതെതന്നെ ഇഷ്ടംപോലെ ടെൻഷനുണ്ട് അച്ഛന്..

പ്രഗീതിന് ആകെ പരിഭ്രമമായി. അയാൾ അടുത്ത പേജുകളിലേക്ക് ധൃതിയിൽ കണ്ണുകളും വിരലുകളും പായിച്ചു.

സെപ്റ്റംബർ എട്ട്:

ഇന്ന് വൈകുന്നേരം വരുമ്പോൾ സുകുമാരനപ്പൂപ്പൻ ആരെയോ ചീത്ത വിളിച്ചുകൊണ്ട് കടയിൽനിന്ന് വരുന്നുണ്ടായിരുന്നു. സ്ഥിരമായി തലയിൽ വെക്കുന്ന തൊപ്പി കാണാഞ്ഞ് ഞാൻ ചോദിച്ചപ്പോൾ ആ തെമ്മാടി ബൈക്കിൽ പോകുമ്പോൾ എടുത്തിട്ടുപോയി എന്ന് പറഞ്ഞു. അതേയാളാണോ എന്തോ..എനിക്ക് പേടിയായി.

പ്രഗീത് കിച്ചനിൽപ്പോയി ഫ്രിഡ്ജ് തുറന്ന് കുറച്ചു വെള്ളമെടുത്ത് കുടിച്ചു.

സെപ്റ്റംബർ ഒമ്പത്:

അമ്മയുടെ  കാൾവന്ന് സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് ജനലിനടുത്ത് ആരോ ഉള്ളതായി തോന്നിയത്. വേഗം പോയി വാതിലെല്ലാം പൂട്ടിയിട്ടില്ലേ എന്ന് നോക്കി. അച്ഛനെ വെറുതേ വിളിക്കുന്നതുപോലെ ഉച്ചത്തിൽ അച്ഛനെത്താറായി അല്ലേ എന്നൊക്കെ ചോദിച്ചു. പക്ഷേ ഇന്ന് അച്ഛൻ ഏറെ വൈകിയാണ് വന്നത്. അത്രയും നേരം വലിയ ടെൻഷനോടെയാണ് ഞാനിരുന്നത്. പഠിക്കാനൊന്നും തീരെ മനസ്സ് വന്നില്ല..

എന്റെ മോൾ ഒന്നും പറഞ്ഞില്ലല്ലോ എന്ന് പ്രഗീത് തലകുടഞ്ഞു. വിയ൪പ്പുചാലുകൾ നെറ്റിയുടെ ഇരുവശങ്ങളിലൂടെയും താഴോട്ടൊഴുകി.

ചെറിയമ്മയെ കുറച്ചുനാൾ ചെന്നൈയുള്ള മകളുടെ ഫ്ലാറ്റിൽനിന്നും ഇവിടെവന്നുനിൽക്കാൻ പറഞ്ഞാലോ എന്ന് ചിന്തിച്ചു. ഷുഗറും പ്രഷറും ഒക്കെയായി വയ്യാതായിരിക്കുന്നു പാവത്തിന്. വരുമോ എന്തോ…

സെപ്റ്റംബർ പതിനാല്:

ഇന്ന് വൈകുന്നേരം സ്കൂൾ വിട്ടുവരുമ്പോൾ റോഡിൽ അടിനടക്കുകയായിരുന്നു. ആരൊക്കെയോ പിടിച്ചുമാറ്റുന്നു. ഞാനും കുറച്ചുനേരം നോക്കിനിന്നു. പിന്നീട് വീട്ടിലേക്ക് വരുമ്പോൾ ലക്ഷ്മിമാമി പറഞ്ഞു, രണ്ട് കാറുകളിൽ വന്നവർ നി൪ത്തി പുറത്തിറങ്ങി ഓരോന്ന് പറഞ്ഞ് അടിയായതാണെന്ന്. പക്ഷേ ലക്ഷ്മിമാമി വീട്ടിലേക്ക് കയറിപ്പോവുന്നത് ഒരാൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു. ആ ബൈക്കിൽ വന്ന ആൾ. ഞാനത് ശ്രദ്ധിക്കാത്തതുപോലെ വീട്ടിലേക്ക് വന്നു. അകത്ത് കയറി വാതിലടച്ചു. ജനലിലൂടെ ക൪ട്ടൻ മാറ്റി നോക്കുമ്പോൾ അയാളവിടെ ഉണ്ടായിരുന്നില്ല.

നാളെ മകളോട് അഴഗപ്പന്റെ ഫോട്ടോ കാണിച്ച് ചോദിക്കണം ഇയാളാണോ ബൈക്കിൽ വരുന്ന ആൾ എന്ന്..പക്ഷേ ഞാൻ ഡയറി വായിച്ചത് അവളറിയും…ഇയാളെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കാം…പ്രഗീത് തീരുമാനിച്ചു.

തമിഴ്നാട്ടിൽനിന്ന് സ്വന്തം അമ്മയെ തലക്കടിച്ച് കൊ ന്ന് കേരളത്തിലേക്ക് കടന്നതായി സംശയിക്കുന്ന കൊടുംക്രി മിന ലാണ യാൾ. വേറെയും പല കേസുകളുമായി നടക്കുന്ന പിടികിട്ടാപ്പുള്ളി…

അയാൾ ബാൽക്കണിയുടെ വാതിലടച്ച് മുറിയിലേക്ക് പോയി. മേശവലിപ്പ് തുറന്ന് റി വോ ൾവ൪ അവിടെത്തന്നെ ഇല്ലേയെന്ന് പരിശോധിച്ചു. കിടക്കയിൽ കിടന്ന പില്ലോയെടുത്ത് ചാരിവെച്ച് ഇരുന്നുകൊണ്ട് ഡയറിയുടെ അടുത്ത പേജുകൾ ആകാക്ഷയോടെ മറിച്ചു.

സെപ്റ്റംബർ പതിനാറ്:

മാമൻ വന്നിരുന്നു. സിനിമക്ക് പോയി. വരുമ്പോൾ കുറേദൂരം അയാൾ മാമന്റെ കാറിനെ ഫോളോ ചെയ്തു. മാമന് സംശയമായി. ഞാൻ അറിയാത്തതുപോലെ ഇരുന്നു. എനിക്കറിയാം, മാമന് വല്ല സ്പെല്ലിങ് മിസ്റ്റേക്കും തോന്നിയാൽ അവന്റെ പൊടിപോലുമുണ്ടാവില്ല പിന്നെ കണ്ടുപിടിക്കാൻ എന്ന്.. മാമന് കീരിക്കാടൻ ജോസിനെപ്പോലൊരു മിലിട്ടറി ക്യാപ്റ്റൻ ഫ്രന്റായുള്ളത് അവനറിയില്ലല്ലോ..മാത്രവുമല്ല അച്ഛന് നിയമത്തിന്റെ വഴിയാണിഷ്ടമെങ്കിലും ക്യാപ്റ്റനങ്കിൾ അത്ര ക്ഷമയില്ലാത്ത കൂട്ടത്തിലാണെന്ന് അയാൾക്ക് അത്രപെട്ടെന്ന് മനസ്സിലാകാനിടയില്ല..

പ്രഗീതിന്റെ കണ്ണുകൾ ജിജ്ഞാസകൊണ്ട് വികസിച്ചു. അയാൾ തുട൪ന്ന് വായിച്ചു.

സെപ്റ്റംബർ പതിനെട്ട്:

അതിന്നാണല്ലോ ദൈവമേ എന്ന് അയാളോ൪ത്തു. അതേസമയം അയാൾക്ക് സ്റ്റേഷനിൽനിന്ന് ഒരു മേസേജ് വന്നു.

സ൪, ആ ആക്സിഡന്റായ വ്യക്തി മരണപ്പെട്ടു. സ൪ പറഞ്ഞ അടയാളങ്ങളൊക്കെയുണ്ട്. പോസ്റ്റ് മോ൪ട്ടം നടന്നാലേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ..

പ്രഗീത് ബാക്കി കൂടി വായിച്ചു.

ഇന്നൊരു ആക്സിഡന്റ് നടന്നതായി രത്നാന്റി പറഞ്ഞു. അപ്പോൾത്തന്നെ ആംബുലൻസ് വന്ന് കൊണ്ടുപോയത്രേ.. മിക്കവാറും അത് ആ ബൈക്കുകാരനാവാനാണ് സാധ്യത. നാളെ പേപ്പറിൽനോക്കിയാലറിയാം. ക്യാപ്റ്റനങ്കിൾ പണിയും കഴിഞ്ഞു നാട്ടിലെത്തിക്കാണും…