കറുത്ത നിറത്തിലുള്ള ടോപിന് നന്നായി ചേരുന്ന വെള്ള നിറത്തിലുള്ള സ്‌കെർട്ട്. മാറിന് കുറുകെ വെളുത്ത ഷിഫോൺ ഷാൾ…

കാട്ടു കോ ഴി ആയ ഞാൻ…

രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്

::::::::::::::::::::::::

“പതുക്കെ ചെന്നു അവളോട് പറഞ്ഞാലോ…എനിക്ക് നിന്നെ ഇഷ്ടമായെന്ന്”.. ഞാൻ ഒരു വേള ചിന്തിച്ചു.

എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ അവളോട് പ്രണയം മൊട്ടിട്ടിരുന്നു. ഇരു നിറത്തിൽ നല്ല ഭംഗി അവളുടെ മുഖത്തിന്‌. കരിമഷി എഴുതി നന്നേ കറുപ്പിച്ച വിടർന്ന കണ്ണുകൾ. എന്തൊക്കെയോ അത്ഭുതം കണ്ട പോലുള്ള നോട്ടവും ഭാവവും. ചുണ്ടിൽ തേച്ചു പിടിപ്പിച്ച പോലുള്ള പുഞ്ചിരി. കാതിലെ നീണ്ടു തൂങ്ങിയ വെള്ളികമ്മൽ വളരെ ആകർഷണീയമായി തോന്നി. കറുത്ത നിറത്തിലുള്ള ടോപിന് നന്നായി ചേരുന്ന വെള്ള നിറത്തിലുള്ള സ്‌കെർട്ട്. മാറിന് കുറുകെ വെളുത്ത ഷിഫോൺ ഷാൾ തൃകോണാകൃതിയിൽ നല്ല വൃത്തിയിൽ ഇട്ടിരിക്കുന്നു.

ഞാൻ ഊണ് കഴിക്കാൻ വീട്ടിൽ പോയി തിരിച്ചു വന്ന് കടയിലേക്ക് കയറിട്ടേയുള്ളൂ. അപ്പോഴാണ് അവളെ കാണുന്നത്..കടയിൽ നല്ല തിരക്കാണ്. ഓണ കച്ചവടം പൊടി പൊടിക്കുന്നു. ഉത്രാടത്തിന്റെ തലേ ദിവസമാണ്.. ഞാൻ അവളെ തന്നെ നോക്കി കൊണ്ട് കൗണ്ടറിന്റെ മേശയുടെ പുറകിലേക്ക് ചെന്നു നിന്നു. അവൾ തനിച്ചല്ല. കൂടെ അച്ഛനും അമ്മയുമുണ്ട്.

ഞാൻ അവളെ തന്നെ നോക്കി കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ മനസ്സിൽ പ്രണയത്തിന്റെ സ്വപനങ്ങൾ നെയ്തു കൊണ്ട് അങ്ങനെ നിന്നു. അവൾക്ക് യാതൊരു കൂസലുമില്ല.

“”ശെന്താണ്… ഇങ്ങനെയൊരുവൻ പ്രണയ പരവശനായി ഇവടെ തൊള്ളീം പൊളിച്ചു വായീ നോക്കി നിന്നിട്ട് ഓള്ക്ക് ഒരു അനക്കവുമില്ല””… ഞാൻ ഓർത്തു..

അവൾ മേശയിൽ വലിച്ചിട്ട ഡ്രസ്സുകൾ തിരയുകയാണ്.. ഓരോന്നായി എടുത്തു നോക്കുന്നു. ദേഹത്ത് വെച്ചു നോക്കുന്നു. “”എങ്ങനെയുണ്ടമ്മേ.. എങ്ങനെയുണ്ട് അച്ഛാ… ഭംഗിയുണ്ടോ… എനിക്ക് ചേരുമോ””?..എന്നെല്ലാം ചോദിക്കുന്നു…നല്ല കിളി കൊഞ്ചൽ നാദം അവളുടെ സ്വരത്തിന്

“”കുട്ടീ… ഇപ്പൊ മേത്തു വെച്ചോക്ക്യ ആ സിൽവർ മുത്തേള് ഇള്ള റോസ് കളർ ടോപ്‌ ഇടുത്തോ..നല്ല ചൊർക്ക്ണ്ടാവും അനക്ക്””.. ഞാൻ ഇങ്ങനെ മനസ്സിൽ പറഞ്ഞു..

ഓള് ന്റെ മുഖത്തേക്ക് നോക്കോ… എവടെ… പൂരപ്പറമ്പിൽ കണ്ട പരിചയം പോലുമില്ലാതെ അവൾ മുഴുവനായും ഡ്രസ്സിന്റെ ഭംഗികളിൽ മുഴുകി അങ്ങനെ നിൽക്കുകയാണ്.. ഞാൻ അതും നോക്കി അങ്ങനെ നിന്നു..എന്തൊരു സുന്ദരമായ ചലനങ്ങൾ.. മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളും ചിരികളും. എന്നിലെ കാമുകൻ സട കുടഞ്ഞു എഴുന്നേറ്റു..

പതുക്കെ അവളുടെ പുറകിൽ ചെന്ന് പറഞ്ഞാലോ.. “അവളെ ഇഷ്ടമാണെന്ന്”…പറഞ്ഞാലോ?.. പറയണോ”?…

“അയ്യോ…വേണ്ട.. ഓള് ഒച്ചയിട്ടാൽ ഉള്ള മാനം കൂടി പോവും.. വേണ്ട.. ഇങ്ങനെ നോക്കി നിക്കാം”.. ഞാനിങ്ങനെ നിന്ന് കിനാവ് കണ്ടു..

“ഈ പണ്ടാര കാലത്തിക്ക് ഇന്നെ ഒന്ന് നോക്കിയാ എന്താ..ഇന്നാലല്ലേ ഇക്കൊന്നു ചിരിക്കാൻ പറ്റൂ. അല്ലേലും ഇജ്ജാതികൾക്കൊക്കെ ഒടുക്കത്തെ ജാഡയായിരിക്കും… ജാഡ കാണിക്കാൻ മാത്രോക്കെണ്ടോ ഇബള്”…

ഞാൻ ചുറ്റും നോക്കി. നിറയേ ആളുകളാണ്.ആരും ആരെയും ശ്രദ്ധിക്കുന്നില്ല. എല്ലാരും ഡ്രസ്സ്‌ നോക്കുന്ന തിരക്കിലാണ്.. ആകെ ഒച്ചയും ബഹളവും.. ഞാൻ പതുക്കെ മുന്നോട്ട് ചെന്നു. അവൾ നോക്കിയ ഡ്രസ്സുകൾ മടക്കി വെക്കാൻ എന്ന വ്യാജേന ഓരോന്ന് എടുത്തു മടക്കാൻ തുടങ്ങി.. എങ്ങാനും അവൾ നോക്കിയാലോ ഈ സുന്ദരനെ…

ഹേയ്… ഒരു രക്ഷയുമില്ല..നോട്ടം പോയിട്ട് തല ഒന്ന് തിരിക്കുന്നത് പോലുമില്ല… എന്നിലെ കാമുകൾ പത്തി മടക്കി.ശേഷം പൂവൻ കോഴി ഉണർന്നു..

“”ദാ… ഇത്ടുത്തോ… നിനക്ക് നന്നായി ചേരും.. ചെറ്യേ വെലേ ഉളളൂ””.. ഞാൻ പറഞ്ഞു..

ഇത് കേട്ട അവൾ തല പൊക്കി “ഇവനാരെടാ”… എന്ന മട്ടിൽ കനപ്പിച്ച് എന്നെ ഒന്ന് നോക്കി.. ഞാൻ ആദ്യമൊന്ന് പരുങ്ങി.. “ഞാൻ എന്തിന് പേടിക്കണം. തികച്ചും കച്ചവട തന്ത്രമല്ലേ. ഇക്കെന്റെ സാധനങ്ങൾ വിറ്റു പോണം. അയിന് ഞാൻ ഏതറ്റം വരേയും പോവും.. അല്ല പിന്നെ”.. ഞാൻ ഭംഗിയായി ഒന്ന് നിറഞ്ഞു ചിരിച്ചു. അവളും ചിരിച്ചു.ആ ചിരിക്ക് അതിലേറെ ഭംഗി..

“ആഹാ… ഒത്തു… ഇത്രള്ളൂ കാര്യം.. അയിനാണ് ഞാനീ കിടന്നു എരിപൊരി സഞ്ചാരം കൊണ്ടത്.. കാമുകാ നീയടങ്ങ് . കോഴീ നീയുണര്.. വീണ്ടും ഉണര്”.

അവൾ ഒന്നു കൂടി എന്നെ ചെരിഞ്ഞൊന്നു നോക്കിയിട്ട് ആ ഡ്രസ്സ്‌ എടുത്തു ദേഹത്തു വെച്ചു നോക്കി. എന്നിട്ട് കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു ചാഞ്ഞും ചരിഞ്ഞും നോക്കി. മുഖത്ത് പുച്ഛ ഭാവം.. അവൾക്കത് ഇഷ്ടായില്ല എന്ന് ആ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി.. അവൾ തിരികെ വന്നു എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു കൊണ്ട് ആ ഡ്രസ്സ് അവിടെ വെച്ചു..

“അത് ചീറ്റി… നനഞ്ഞ ഓല പടക്കം പോലെ ചീറ്റി”.. എങ്കിലും എന്റെ പ്രണയം വിടാൻ പാടില്ലല്ലോ.. എന്റെ ഡ്രസ്സല്ലേ ഇഷ്ടല്ലാത്തുള്ളൂ. എന്നെ ഇഷ്ടല്ലാന്ന് ഇപ്പോഴും പറഞ്ഞില്ലല്ലോ.. പ്രതീക്ഷക്ക് വകയുണ്ട്”..

ഞാൻ വീണ്ടും അവളെയും നോക്കി കൊണ്ട് നിന്നു. അവൾ ഇടയ്ക്കിടെ എന്നെ നോക്കി. കണ്ണുകൾ തമ്മിൽ ഉടക്കി. “പെണ്ണുങ്ങൾ ഇടയ്ക്കിടെ നോക്കിയാൽ എന്താ അർത്ഥം.. ഇഷ്ടാണ് എന്നോ.. അതോ ഞാൻ നോക്കുന്നുണ്ടോ എന്ന് നോക്കുകയാണോ”.. എന്റെ മനസ്സ് ആശയ കുഴപ്പത്തിൽ ചാഞ്ചാടി..

“അല്ലാ… പ്രണയം ആദ്യ കാഴ്ച്ചയിൽ മൊട്ടിടും എന്നൊക്കെ കേട്ടിട്ടുണ്ട്. ആർക്ക് മൊട്ടിടും എന്നൊന്നും കേട്ടിട്ടില്ല. ഒരാൾക്ക് മാത്രം മൊട്ടിട്ടാൽ പോരല്ലോ. അത് പ്രണയം ആവുമോ. രണ്ടാൾക്കും മൊട്ടിടുമോ. എനിക്ക് എന്റെ കാര്യമല്ലേ പറയാൻ പറ്റൂ.. ഏതായാലും എനിക്ക് മൊട്ടിട്ടു. ഇനി അവൾക്ക്?”….

“ആ.. സിൽമേലൊക്കെ കാണിക്കുന്ന പോലെ ഒരു കണ്ണിറുക്കി കാണിച്ചാലോ.. അപ്പൊ അവൾ ചിരിക്കും. അതോട് കൂടി പ്രണയം പൂർത്തിയാവും. പിന്നീടങ്ങോട്ട് പ്രണയ സുരഭില നാളുകളിൽ ഞങ്ങൾ ആറാടും”… ഞാൻ തീരുമാനിച്ചുറപ്പിച്ചു..

“അപ്പൊ ഈ ആൾക്കൂട്ടത്തിൽ വെച്ച് എങ്ങിനെ ഞാൻ കണ്ണടിക്കും. അവൾ വന്ന് മോന്തക്ക് പൊട്ടിച്ചാലോ. ആകെ നാറും… അത് വേണോ”… മനസ്സ് ചാഞ്ചാടി.

“വേണം…അല്ലെങ്കിലും എന്ത് നെറികേടിനും നല്ലത് ആൾക്കൂട്ടമാണ്. തനിച്ചു ചെയ്യുന്നതാണ് പലരുടെയും കണ്ണിൽ പെടുന്നത്. ആൾക്കൂട്ടം ആവുമ്പോ ആരും ആരെയും ശ്രദ്ധിക്കില്ല”.. ഞാൻ മനസ്സിൽ ഉറപ്പിച്ചു.

അവളുടെ അടുത്ത നോട്ടത്തിനായി ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഒരു ഭയം പെട്ടെന്ന് വന്നു നെഞ്ചിൽ തിങ്ങി. ചങ്ക് വരണ്ടു. ശ്വസന നിരക്ക് കൂടി..ആകെ വിയർക്കാൻ തുടങ്ങി..

“വികാരം പ്രണയമാണ്.. ഇങ്ങനെയൊക്കെയുണ്ടാവും. ചിലപ്പോൾ ചങ്കു പൊട്ടി ചത്തു വീണെന്നും വരും. നീയെന്ത് കരുതി പ്രണയത്തെ കുറിച്ച്. തേങ്ങയും ചക്കരയും കൂട്ടി കുഴച്ചു തിന്നുന്ന പോലെ എളുപ്പമാണെന്നോ… ഹും… കാഞ്ഞിര കുരു പോലെ കൈയ്ക്കും ഹേ”… മനസ്സ് ഇങ്ങനെ ധൈര്യം തന്നും ഇടക്ക് ചോർത്തി കളഞ്ഞും കൊണ്ടിരുന്നു.

ഞാനിങ്ങനെ ചിന്താകുഴപ്പം പുൽകി നിൽക്കെ അവൾ ആ ദിവ്യ നോട്ടം വീണ്ടും എറിഞ്ഞു..മനസ്സറിയാതെ തന്നെ എന്നിലെ കാമുകൻ ഉണർന്നു. എന്റെ ഒരു കണ്ണ് മാത്രം പെട്ടെന്ന് അടഞ്ഞു തുറന്നു. ഞാൻ മനസ്സറിഞ്ഞു ചിരിച്ചു. പെട്ടെന്ന് അവളുടെ മുഖം മങ്ങി. എവിടെ നിന്നോ കുറച്ചു കാർമേഘങ്ങൾ അവളുടെ മുഖത്തേക്ക് ഇരച്ചെത്തി. അവളുടെ സ്വത സിദ്ധമായ ചിരി എങ്ങോട്ടോ പോയി മറഞ്ഞു. കണ്ണുകളിൽ കനൽ നിറഞ്ഞു. തീ പാറും കണ്ണുകളോടെ എന്നെ ചുണ്ട് കൂർപ്പിച്ചു കൊണ്ട് നോക്കി..

“നാഥാ….കൈവിട്ടു പോയല്ലോ.. അവൾക്കിഷ്ടമായില്ല…പെണ്ണേ ചതിക്കരുത്… അല്ലെങ്കിൽ തന്നെ വാപ്പാന്റെ മുമ്പിൽ ഒരു പാട് കേസുകളിൽ പ്രതിയാണ്. ബസ്സു കാരുമായി അടിയുണ്ടാക്കിയ കേസ്.. സ്കൂളിന് അടുത്തുള്ള തൊടി കത്തിച്ച കേസ്..സിഗ രറ്റ് വലിച്ച കേസ്.. അങ്ങനെ ഒത്തിരിയുണ്ട് പെൺപിറന്നോളെ… ഇതു വരെ സ്ത്രീ പീ ഡന കേസിൽ ഞാൻ പെട്ടിട്ടില്ല. ഇതും കൂടി ആയാൽ എല്ലാം തികയും. ദയവ് ചെയ്തു ആരോടും പറയരുത്.. കരണം അടിച്ചു പുകക്കരുത്. ഒച്ച വെക്കരുത്.എനിക്ക് ഇരുപത് വയസ്സ് ആവുന്നേ ഉളളൂ”…ഞാൻ ഇങ്ങനെ മനസ്സിൽ പറഞ്ഞു കൊണ്ട് ദയനീയമായി അവളെ നോക്കി…

“”പോടാ… പ ട്ടി””… അവൾ ഒച്ചയുണ്ടാകാതെ എന്റെ മുഖത്ത് നോക്കി പറഞ്ഞു.. ഹാവൂ.. ആശ്വാസം അവിടം കൊണ്ട് നിന്നല്ലോ.. ഞാൻ ഉപ്പാനെ നോക്കി..സ്റ്റാഫുകളെ നോക്കി.. അവിടെ ഉള്ള ബാക്കി എല്ലാരേം നോക്കി. ആരും കേട്ടിട്ടില്ല.. ആരും ഒന്നും അറിഞ്ഞിട്ടില്ല. എന്നിലെ പൂവൻ കാമുകൻ പത്തി താഴ്ത്തി. ഞാൻ പിന്നെ അവളെ നോക്കിയില്ല. അവളുടെ കൺനോട്ടം എത്താത്ത ഒരു സ്ഥലത്തേക്ക് മാറി നിന്നു. ഒന്നു രണ്ട് നല്ല ശ്വാസം എടുത്തു. അവളെ പാളി നോക്കി. പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നും അവൾക്കില്ല. സംഗതി ഇവിടം കൊണ്ട് തീർന്നിരിക്കുന്നു. ഇങ്ങനെ എത്ര കണ്ടതാ എന്നാവും അവളുടെ ഉള്ളിൽ.. അഹങ്കാരി.. ഹും..

“അല്ലാ… അവൾ പോടാ പ ട്ടി എന്ന് തന്നെയല്ലെ പറഞ്ഞത്.. അതോ പോടാ പ ന്നി യെന്നോ.. “പ” എന്ന് പറഞ്ഞപ്പോൾ ചുണ്ട് കൂർക്കാത്തത് കൊണ്ട് വേറെയൊന്നുമാവാൻ വഴിയില്ല. എന്തായാലും ഇനിയൊരു പ്രണയം ജീവിതത്തിൽ ഇല്ല.. എന്തൊരു എടങ്ങേറ് ന്റെ ഇമ്മാരെ”….

ഞാൻ പിന്നെ അവളെ നോക്കിയതേ ഇല്ല. “എന്തിന് നോക്കണം. എന്റെ ആദ്യ പ്രണയം മുളയിലേ നുള്ളി കളഞ്ഞ അവളെ ഇനി എന്റെ പട്ടി നോക്കും. ഈ തേങ്ങടെ മൂടാണോ പ്രണയം. ഒന്ന് കണ്ണിറുക്കി കാണിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത പിണ്ണാക്കിലെ പ്രണയം…ഹും”..

അവൾ ഡ്രസ്സ്‌ എടുത്തു പോയി കഴിഞ്ഞപ്പോൾ ഞാൻ കൗണ്ടറിലേക്ക്‌ വന്നു. ഒരു പാർട്ടിയുടെ ബില്ല് എഴുതാൻ തുടങ്ങി..

“ർണീം.. ർണീം”… പെട്ടെന്ന് കടയിലെ ലാൻഡ് ഫോൺ ബെല്ലടിച്ചു. ഉപ്പ ഫോൺ എടുത്തു..

“എന്ത്….എന്തിന്….ഓക്കെ.. ഞാമ്പറഞ്ഞോളാം.. ഇങ്ങള് ആരാ?”.. ഇങ്ങനെ മാത്രം ഉപ്പ ഫോണിൽ കൂടി പറയുന്നത് കേട്ടു.

“”അന്നോട് ഒരു പെണ്ണ് സോറി പറയാൻ പറഞ്ഞു””.. ഉപ്പ എന്നോട് പറഞ്ഞു.

“”എന്ത്… ഏത് പെണ്ണ്?”.. ഞാൻ ചോദിച്ചു.

“”ആരാന്നൊന്നും ഇച്ചറീല. “ആ വെള്ള ഷർട്ട് ഇട്ട പയ്യനോട് ഒരു സോറി പറഞ്ഞേക്ക്”.. എന്ന് പറഞ്ഞു. ആരാന്ന് ചോയിച്ചപ്പളേക്ക് ഓള് ഫോൺ വെച്ചു. ഇബടെ ഇപ്പൊ വെള്ള ഷർട്ട് ഇട്ടിട്ട് ഇജ്ജ് മാത്രള്ളൂ. അപ്പൊ അന്നോടെന്നല്ലേ”..

ഞാൻ ആശങ്കയോടെ ഉപ്പാനെ നോക്കി. മൂപ്പർ ഒരു ബ ലാ ത്സം ഗ കേസിലെ പ്രതി യെ പോലെ എന്നെ തുറുപ്പിച്ചു നോക്കി. എനിക്ക് കാര്യം മനസ്സിലായി.

“അവളാണ്.. ആ ഇരു നിറക്കാരി സുന്ദരി കോത ജാഡ കാരി.. ഒന്ന് കണ്ണടിച്ചതിന് തെറി വിളിച്ചില്ലേ അവൾ. ഈ സുന്ദരനും സുമുഖനും സർവോപരി നല്ലവനുമായ എന്നോട് അങ്ങനെ പറഞ്ഞതിൽ അവൾ പിന്നെ ഖേദിക്കുന്നുണ്ടാവും.. ഖേദിക്കട്ടെ.. പശ്ചാതാപം കൊണ്ട് നെഞ്ച് വിങ്ങി പൊട്ടട്ടെ.. അല്ലെങ്കി എന്താ അങ്ങനെയൊരു പറച്ചില്. ഇനി ഇങ്ങട്ട് വരട്ടെ പ്രേമമാണെന്നും പറഞ്ഞു കൊണ്ട്. എന്റെ ചെകുത്താൻ പ്രേമിക്കും”… ഞാൻ ഇരുന്നു സന്തോഷം കൊണ്ട് പുളകം കൊണ്ടു. അഭിമാനം കൊണ്ട് രോമം എഴുന്നേറ്റ് നിന്നു.

ഉപ്പ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. എന്തോ കുരുത്ത ക്കേട് ഞാൻ പതിവ് പോലെ ഒപ്പിച്ചു വെച്ചിരിക്കുന്നു എന്ന് മൂപ്പരുടെ മുഖം ഭാവം വിളിച്ചു പറയുന്നുണ്ട്. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ബില്ല് എഴുതി തീർത്തു..അതും ഒരു പുഞ്ചിരിയോടെ..

ആ പാർട്ടി പോയി കഴിഞ്ഞപ്പോൾ ഉപ്പ എന്റെ അടുത്തേക്ക് വന്നു. “”എടാ.. ഇജ്ജ് സത്യം പറഞ്ഞോ. ഇജ്ജ് എന്താടാ ആ പെണ്ണിനെ കാട്ടിയത്?””. ഉപ്പ ആരും കേൾക്കാതെ പതുക്കെ എന്റെ ചെവിയിൽ പറഞ്ഞു.

“”ഏത് പെണ്ണിനെ?””.. ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു. അപ്പോഴും സന്തോഷം കൊണ്ട് ഞാൻ ചിരിക്കുകയായിരുന്നു.

ആ ചിരി ഉപ്പാന്റെ ദേഷ്യം കൂട്ടി..””എടാ..ലക്ഷണം കെട്ടോനേ..ഇപ്പൊ ഫോണീക്കൂടി അന്നോട് സോറി പറയാമ്പറഞ്ഞില്ലേ. ഓളെ.. ഓളെ ഇജ്ജ് എന്താ ചെയ്തത് ന്ന്””.. ഉപ്പ പതുക്കെ പല്ലിറുമ്മി കൊണ്ട് ചോദിച്ചു.

അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു..””ഒരു തൊയ്രം തരോ…ന്റെ പൊന്നാര ഇപ്പാ… ഞാനെന്തേലും കാട്ടീറ്റാണെങ്കി ആ പെണ്ണെന്തിനാ ഇന്നോട് സോറി പറയ്‌ണത്. ഞാനല്ലേ സോറി പറയണ്ടത്. എന്തൊരു തൊയ്രാണ് റബ്ബേ ഇക്ക്””.. ഞാൻ പറഞ്ഞു.

ഉപ്പ പിന്നെ ഒന്നും മിണ്ടിയില്ല.. ഞാൻ പതുക്കെ പുറത്തേക്കിറങ്ങി. ടൗണിൽ എവിടെയെങ്കിലും അവൾ നിൽക്കുന്നുണ്ടോ എന്നൊന്ന് കറങ്ങി നോക്കി.. എവിടെയും കണ്ടില്ല.. ഞാൻ വിഷണ്ണനായി തിരികെ കടയിലേക്ക് കയറി.

ഉപ്പ വീണ്ടും സംശയത്തോടെ എന്നെ നോക്കി.””ഇജ്ജ് ഈ തിരക്കിന്റടീല് എങ്ങട്ടാ ഈ പെരുച്ചായിന്റെ പോലെ കറങ്ങ്ണത്””..

ഞാൻ ഒരു ചിരിയിൽ മറുപടി ഒതുക്കി… ഉപ്പാന്റെ സംശയം അപ്പോഴും ബാക്കി….

ശുഭം… നന്ദി…