മിന്നൽച്ചിത്രങ്ങൾ
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
==================
“അമ്മാ….നമ്മുടെ ഫോണിലും നെറ്റ് വേണമെന്ന് ഞാനിന്നലേ പറഞ്ഞതല്ലേ, ടീച്ചറു പറഞ്ഞിട്ടുണ്ട് ഇടിമിന്നൽച്ചിത്രങ്ങൾ വരയ്ക്കാൻ. പടിഞ്ഞാറേലേ ആൻ മരിയ പറഞ്ഞൂലോ, മഴയുടേയും മിന്നലിൻ്റെയും ചിത്രങ്ങൾ വരയ്ക്കാൻ, അവളെ സഹായിച്ചത് ഗൂഗിൾ ആണെന്ന്. ഞാനെങ്ങനെയാണ് ഇതൊക്കെ വരച്ചെടുക്കുക.അമ്മ, അച്ഛനോടു പറഞ്ഞില്ലേ..? നെറ്റ് ചാർജു ചെയ്യാൻ…”
രണ്ടാം ക്ലാസുകാരിയുടെ പരിദേവനങ്ങൾ തുടരുകയാണ്.
“മിന്നലിൻ്റെ ചിത്രത്തിൻ്റെ മാതൃക അമ്മ കാട്ടിത്തരാട്ടാ, മോള് വിഷമിക്കേണ്ട…”
അത്രയും പറഞ്ഞ്, അവൾ അലമാരയുടെ ചില്ലിനു മുന്നിലേക്ക് മകളെ കൊണ്ടുവന്നു. തകർന്ന അലമാരച്ചില്ലിൽ ഒരു മിന്നൽച്ചിത്രമുണ്ടായിരുന്നു. കെട്ടി മേയാത്ത പുരയുടെ, ചായ്ഞ്ഞുതുടങ്ങിയ ചായ്പ്പിൻ്റെ പച്ചയിഷ്ടികയിൽ തീർത്ത ചുവരിലൊരു, മിന്നൽ വേരു പടർന്നിരിക്കുന്നു. അടുത്ത വർഷക്കാലം കാണാൻ, ഈ ഭിത്തിയുണ്ടാകുമോ എന്തോ..
പുകയാത്ത അടുക്കളയുടെ ചുവരിൽ, ചിതലൊരു മിന്നൽ വരച്ചുചേർത്തിരിക്കുന്നു. അസംഖ്യം വേരുകളായ് പടർന്നു കയറുന്ന, പഴമ തിന്നുന്ന പുറ്റുകൾ
“മോളിതൊക്കെ നോക്കി വരച്ചോ ട്ടാ, ഇതൊക്കെയാണ് ഇടിമിന്നലിൻ്റെ അതേ രൂപം”
കുഞ്ഞു സമ്മതമറിയിച്ചു. നോട്ടുബുക്കിൽ, ഇടിമിന്നലൊരുങ്ങുന്ന നേരത്ത്, അമ്മ മനസ്സിൽ വേറെയും മിന്നൽച്ചിത്രങ്ങൾ തെളിയുന്നുണ്ടായിരുന്നു. അരങ്ങിലവതരിപ്പിക്കാൻ കഴിയാത്ത ചിത്രങ്ങൾ,
ഇനിയും ഇടിഞ്ഞുതൂങ്ങാത്ത മാ റിടങ്ങളും, അ ടിവയറും മറച്ച പഴകിപ്പിഞ്ഞിയ അടിവ സ്ത്രങ്ങളിലെ തുന്നൽ രേഖകൾക്കും മിന്നൽ സാദൃശ്യമുണ്ടായിരുന്നു. ഭർത്താവിൻ്റെ, സി ഗ രറ്റു വലിച്ചു കറുത്ത കീഴ്ച്ചുണ്ടിൽ, രോഗാതുരതയുടെ മിന്നൽ സൂചനകളുണ്ടായിരുന്നു.
ഏതോ, വിഫല സു.ര.തത്തിനിടയിലെ അ ശ്ലീലപ്പെ യ്ത്തിൽ, അയാൾ മുറുമുറുത്ത ഏതോ പെൺവി.ഴുപ്പിൻ്റെ പേരാണ്, അവളുടെ ഹൃദയത്തിൽ മിന്നൽപ്പിണർ വരകളുണ്ടാക്കിയത്.
അങ്ങനേ, അനേകം മിന്നൽച്ചിത്രങ്ങൾ അവൾക്കു ചുറ്റുമുണ്ടായിരുന്നു. ആർക്കും കാണിച്ചുകൊടുക്കാൻ വയ്യാത്ത, ദുരന്തചിത്രങ്ങളായി…