ധനം
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
===================
കനാൽ തീരത്തേ തീരെ ചെറിയ ഓടുവീടിൻ്റെ തിണ്ണയിൽ ചടഞ്ഞിരിക്കുമ്പോഴും, മുകുന്ദൻ്റെ നോട്ടമത്രയും ചെന്നു തറച്ചത് അപ്പുറത്തേ ടാർ നിരത്തിനഭിമുഖമായി നിന്ന ആ ഇരുനില വീട്ടിലേക്കാണ്.
ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൻ്റെ വ്യത്യസ്ത തലങ്ങളുടെ ദൃഷ്ടാന്തം കണക്കേ, ടാർ നിരത്തും, കനാലും അതിരു തിരിച്ച ഭൂവിടത്തിൽ ആ വീടുകൾ മുഖാമുഖം നിന്നു.
അന്തിവെയിലു പൊതിഞ്ഞ വെൺമാളികയുടെ ചുവരുകൾ, രാജപ്രതാപങ്ങളുടെ ഗർവ്വും പേറി നിലകൊണ്ടു. ഉമ്മറത്തും, മുറ്റത്തും, മേൽക്കൂരയിലുമെല്ലാം ചെടികൾ നിറഞ്ഞു നിൽക്കുന്നു. ചാരുപടിയുള്ള പൂമുഖത്തേ കാഴ്ച്ചയിൽ നിന്നും മറച്ച്, അനേകം ചെടിച്ചട്ടികൾ തൂങ്ങിക്കിടന്നു. അവയിലോരോന്നിലും നേർത്ത ഇലകളുള്ള വള്ളിച്ചെടികൾ തഴച്ചു തൂങ്ങി നിന്നു.
മുറ്റത്തു വിരിച്ച ചെഞ്ചുവപ്പൻ വിരിയോടുകളിൽ സന്ധ്യ, നിറമേറ്റിപ്പരന്നു. പലയിനത്തിനുള്ള മൂന്നു കാറുകൾ. രണ്ടു ഇരുചക്രവാഹനങ്ങൾ. മതിൽക്കെട്ടിനപ്പുറത്തേക്കു ദൃഷ്ടി പായിക്കുന്ന ക്ലോസ്ഡ് സർക്യൂട്ട് കാമറകൾ.
ഗേറ്റു തുറന്നു ഒരു യുവാവും യുവതിയും പുറത്തേക്കു വന്നു. ഇരുവർക്കും ജോഗിംഗിനു വേണ്ടിയുതകുന്ന വസ്ത്രങ്ങളാണ്. ഇരുവരും ട്രാക്ക് സ്യൂട്ടും, ടീ ഷർട്ടും ധരിച്ചിരിക്കുന്നു. വ്യായാമം ചെയ്ത്, മേദസ്സുരുക്കാൻ മാത്രം കൊ ഴുപ്പ് ഇരുവർക്കുമുള്ളതായി തോന്നിയില്ല.
കഴിഞ്ഞ വർഷം, ഏതാണ്ടിതേ സമയത്തായിരുന്നു അവർ വിവാഹിതരായത്..കല്യാണത്തിനു കുടുംബസമേതം പോയിരുന്നു. ഉടലാകെ പൊന്നിൽ പൊതിഞ്ഞാണ് നവവധു നിന്നിരുന്നത്. അതു കണ്ട്, ഹേമ പിറുപിറുത്തു.
“മുകുന്ദേട്ടാ….ഇത് നൂറോ, നൂറ്റമ്പതോ പവനുണ്ടാകും….ഏക്കറുകണക്കിനു ഭൂമിയും, കാറുമൊക്കെ കൊടുക്കുന്നുണ്ടത്രേ….നമ്മുടെ അയൽക്കാര് ചില്ലറക്കാരല്ലല്ലോ….ചെറുക്കൻ ബാങ്ക് മാനേജരല്ലേ….പൈതൃകസ്വത്ത് വേറേയും…..ഈ സാരിക്ക് എത്രായിരമായിട്ടുണ്ടാകും….?അമ്പതിനായിരമെങ്കിലുമായിക്കാണും…”
മുകുന്ദന് അതു കേട്ടപ്പോൾ, അരിശമാണ് വന്നത്.
“എല്ലാരും, നിന്നേപ്പോലെ അഞ്ചു സെൻ്റു കോളനീല് ജനിച്ചോരാവോ….ക ള്ളിൻ്റെ ചൂരുള്ള ത ന്തയും, കാറിയ മെഴുക്കു മണക്കുന്ന അമ്മയും എല്ലാവർക്കും വേണോ….? പ്രേമിക്കുമ്പോ, ഇത്തിരി ഉള്ളോടത്തു നിന്നും നോക്കി പ്രേമിക്കണം….അന്ന്, പ്രത്യയശാസ്ത്രങ്ങളുടെ പുറകേ ആയതോണ്ടു, കല്യാണം വിപ്ലവമായിത്തോന്നി…..ഇപ്പോൾ, ഓർക്കുമ്പോൾ പ്രാന്ത് പിടിക്കുന്നു…..”
അയാൾ മനസ്സിലാണ് പിറുപിറുത്തതെങ്കിലും, ഉള്ളിലെ കഠിന സംഘർഷങ്ങളാൽ അയാളുടെ ചുണ്ടുകൾ വിറ പൂണ്ടു….
“ഏട്ടനെന്തെങ്കിലും, പറഞ്ഞോ…?”
എന്ന അവളുടെ ചോദ്യം, തീർത്തും അവഗണിച്ചു.
വിവാഹനാളിൽ മാത്രമേ, ആ പെൺകുട്ടിയേ സർവ്വാഭരണ വിഭൂഷിതയായി കണ്ടിട്ടുള്ളൂ….പിന്നീടുള്ള കാഴ്ച്ചകളിലെല്ലാം, മൂർത്തമായ ലാളിത്യമാണ് അവളിൽ തെളിഞ്ഞു നിന്നത്. പുതുമോടികൾ പതിവായി, കാറിൽ സഞ്ചരിച്ചു. ആ ചുവന്ന കാറാണ്, അവൾക്കു സ്ത്രീധനമായി ലഭിച്ചത്. ലോക്ക് ഡൗൺ കഴിഞ്ഞ്, ഇന്നലെ മുതലാണ് ടൗണിൽ ഓട്ടോയുമായി പോകാൻ തുടങ്ങിയത്.
നിരനിരന്ന ഓട്ടോകൾക്കരികിൽ ഊഴം കാത്തു കിടക്കുമ്പോളാണ്, കൂട്ടുകാരിൽ നിന്നും മറ്റൊരു വാർത്തയറിഞ്ഞത്. അതിലൊരാളുടെ ബന്ധുവിന് മുപ്പതു പവനോളം സ്ത്രീധനം കിട്ടിയെന്ന്….
ഒറ്റ മോളാണത്രേ,
അവൻ്റെ ഭാഗ്യം…ഭാവിയിൽ, ആ വീടും സ്ഥലവും അവനു സ്വന്തം….
മുകുന്ദനു തന്നോടു തന്നേ വിരക്തി തോന്നി. അയാൾ, ഹേമയേക്കുറിച്ചോർത്തു….
ടൗണിലെ കോളേജിലെ, ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന കാലത്തായിരുന്നു അപ്രതീക്ഷിതമായ ആ പരിചയപ്പെടലും പ്രണയവും….
നാലു വർഷത്തോളം അതു തുടർന്നു.
ഇരു വീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു വിവാഹം. അവൾ, ആ വീട്ടിലേക്ക് സമസ്ത ഐശ്വര്യങ്ങളുമായാണ് കടന്നുവന്നത്.
ഒൻപതു വർഷങ്ങൾ കഴിഞ്ഞത് എത്ര പൊടുന്നനേയാണ്…
മോന്, എട്ടു വയസ്സാകാറായിരിക്കുന്നു. അവൾ, ഒരു ജോലിക്കു വേണ്ടി കഠിനമായി പരിശ്രമിക്കുന്നുണ്ട്. പി എസ് സി കോച്ചിംഗിനായി ലോക്ക്ഡൗണിനു മുൻപു വരേ പോകുന്നുണ്ടായിരുന്നു. മോൻ, സ്കൂളിൽ പോകാതായപ്പോൾ, അവൾക്ക് പുറത്തു പോകാൻ കഴിയാതായി. അല്ലെങ്കിൽ, എന്തെങ്കിലും പ്രൈവറ്റ്.ജോലിക്കായാലും പോയേനേയെന്നവൾ ഇടയ്ക്കിടെ പറയാറുണ്ട്…..
ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോളും, മുകുന്ദൻ്റെ ചിന്തകൾ അവനവനേക്കുറിച്ചു തന്നെയായിരുന്നു. എന്തിനാണ്, താനിപ്പോൾ ഹേമയോടു മനസ്സിൽ പരിഭവിക്കുന്നത്..അവളുടെ കുടുംബം തീർത്തും ദരിദ്രമാണെന്ന് കല്യാണത്തിനും എത്രയോ മുൻപ് തനിക്കറിയാമായിരുന്നതാണ്..ഈ വീട്ടിലെ സകല കാര്യങ്ങളും അവളാണ് ചെയ്യുന്നത്.
കടയിൽ പോകാനും,.സർക്കാർ ഓഫീസുകളിൽ ചെന്നു കാത്തിരിക്കാനും, അമ്മയെ പൊന്നുപോലെ നോക്കാനും, ഇഷ്ടമുള്ള വിഭവങ്ങളുണ്ടാക്കാനും അവൾ എത്ര തന്മയത്വമാണ് പ്രകടിപ്പിക്കുന്നത്. കുടുംബചക്രം തിരിക്കാൻ അവളില്ലെങ്കിൽ താനെത്ര കഷ്ടപ്പെട്ടേനേ….
എന്നിട്ടുമിപ്പോൾ, വെറുതേ നിരാശനാകുന്നു. പാതിരാത്രി പിന്നിട്ടിരിക്കുന്നു. മുറിയിൽ, ചുവരരുകിൽ മകൻ സുഖമായുറങ്ങുന്നു. ഹേമ, കുളി കഴിഞ്ഞു വന്ന് അയാളുടെ അരികിൽ കിടന്നു.
ഇരുട്ടിലും, അവളുടെ ഉടലിലെ രാധാസ് ഗന്ധം അയാളുടെ നാസികയിലേക്കു പ്രവേശിച്ചു. അവൾ, മുകുന്ദനരികിലേക്കു തിരിഞ്ഞു കിടന്നു. ഒരു കാലെടുത്ത്, അയാളുടെ അരക്കെട്ടിലേക്കു കയറ്റിവച്ചു. എന്നിട്ട്, ആ നെഞ്ചിൽ വിരലോടിച്ചു കൊണ്ട് ചോദിച്ചു….
“എന്താ, ഏട്ടന് കുറച്ചു നാളായൊരു നിരാശ….? എല്ലാം ശരിയാകും…കഴിഞ്ഞ പരീക്ഷേടെ റിസൽട്ടിൽ എനിക്ക് ഒരുപാടു പ്രതീക്ഷയുണ്ട്….അതുമല്ലെങ്കില് വേറെയെന്തെങ്കിലും നോക്കാം. ഒരു പ്രൈവറ്റ് കമ്പനീല് പോയാലും എനിക്കൊരു പതിനായിരം കിട്ടാതിരിക്കില്ല….മോനൊന്നു കൂടി ഉഷാറാകട്ടേ…രണ്ടു കൊല്ലം കഴിഞ്ഞാൽ, അവൻ്റെ കാര്യങ്ങൾ അവൻ ചെയ്തോളും….വെറുതെ ടെൻഷനടിക്കേണ്ടാ….”
മുകുന്ദൻ അവൾക്കഭിമുഖമായി തിരിഞ്ഞു കിടന്നു. അഴിഞ്ഞു വേർപ്പെട്ട പുടവകളിൽ നിന്നും സ്വതന്ത്രമായ ശരീരങ്ങളിൽ അവർ പരസ്പരം തിരഞ്ഞുകൊണ്ടിരുന്നു..രാവു, പുലരിക്കു വഴിമാറി….
“മുകുന്ദേട്ടാ, എണീറ്റേ….അപ്പുറത്തെ വീട്ടില് നിറയെ ആളുകളും, പോലീസും…..ആ പെൺകുട്ടി തൂങ്ങി മ രി ച്ചൂന്ന്….സ്ത്രീധനം പോരാന്നു പറഞ്ഞ്, അതിനേ എന്നും തല്ലാറുണ്ടത്രേ….കൊ ന്നതാ വുന്നാ, തെക്കേലെ സുമതിച്ചേച്ചി പറയണ്….”
മുകുന്ദൻ, പിടഞ്ഞെഴുന്നേറ്റ് വസ്ത്രങ്ങൾ മാറി കനാലിന്നപ്പുറത്തേ വീട്ടിലേ തിരക്കിലേക്കു കുതിച്ചു. അപ്പോൾ, അയാളുടെ മനസ്സിൽ ഇല്ലായ്മകളുടെ വ്യഥകളില്ലായിരുന്നു.
പകരം, ഹേമയോടുള്ള പ്രണയം നിറഞ്ഞുനിന്നു. രാധാസ് മണമുള്ള, ഹൃദ്യമായ ഓർമ്മകളും…..
പുലരി പൂത്തുലയാൻ തുടങ്ങിയിരുന്നു.