അവർ അത് പറഞ്ഞത് കേട്ടപ്പോൾ സംശയത്തോടെ സ്ക്രീനിൽ കാണുന്ന നമ്പറിലേക്ക് ഒന്നു നോക്കി….

അമ്മ…

രചന : അപ്പു

:::::::::::::::::::::

ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഫോണിലേക്ക് ഒരു കോൾ വന്നത്. പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ട് തന്നെ എടുക്കാൻ ഒന്നു മടിച്ചു. പക്ഷേ ഒരു തവണ ഫോൺ റിംഗ് ചെയ്തു തന്നിട്ടും എടുക്കാത്തത് കൊണ്ട് തന്നെ വീണ്ടും വീണ്ടും കോൾ വന്നു. അത് അസഹ്യമായി തോന്നിയപ്പോൾ കോൾ അറ്റൻഡ് ചെയ്തു.

” ഹലോ… “

ചോദിച്ചിട്ടും മറുവശത്തുനിന്ന് മറുപടിയൊന്നും കണ്ടില്ല. അത് കേട്ടതോടെ കോള് കട്ടായോ എന്നൊരു സംശയം ഉണ്ടായി. അതുകൊണ്ടുതന്നെ സ്ക്രീനിലേക്ക് ഒന്നുകൂടി നോക്കി. കട്ടായിട്ടൊന്നുമില്ല.. പിന്നെ എന്താണാവോ സംസാരിക്കാത്തത്..?

“ഹലോ.. മേ ഐ നോ ഹൂ ഈസ്‌ ദിസ്‌..?”

ദേഷ്യം അടക്കി വെച്ചുകൊണ്ടാണ് ചോദിച്ചത്. ഒന്നാമത്തെ കാര്യം ഓഫീസിൽ നിന്നിറങ്ങാൻ ലേറ്റായി. ജോലി തിരക്ക് തന്നെയായിരുന്നു കാരണം. അല്ലെങ്കിലും ഓഫീസ് ഡ്യൂട്ടി കഴിയാൻ സമയമാകുമ്പോൾ ഉള്ള ഹെവി വർക്ക് ലോഡ് ഇവിടത്തെ എന്നത്തെയും കാര്യമാണ്. മുതലാളിമാരോടുള്ള ഫ്രസ്ട്രേഷൻ മുഴുവൻ തീർത്തു കൊണ്ടാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. അതിനിടയ്ക്ക് ഇങ്ങനെയൊരു കോൾ വന്ന് അതിന്റെ പേരിലുള്ള പ്രശ്നങ്ങൾ കൂടിയാകുമ്പോൾ മനുഷ്യന് തലയ്ക്ക് ഭ്രാ ന്ത് എടുക്കില്ലേ..?

” മോളെ.. ഞാൻ.. നിന്റെ അമ്മയാണ്.. “

അവർ അത് പറഞ്ഞത് കേട്ടപ്പോൾ സംശയത്തോടെ സ്ക്രീനിൽ കാണുന്ന നമ്പറിലേക്ക് ഒന്നു നോക്കി.

അമ്മയോ..? അമ്മ എപ്പോഴാ വേറെ സിം എടുത്തത്..?

ആ ഒരു ചോദ്യത്തോടെയാണ് ഫോൺ ചെവിയിലേക്ക് അടുപ്പിച്ചത്.

” അമ്മയോ..? “

ഫോൺ ചെവിയിലേക്ക് ചേർത്തുകൊണ്ട് ചോദിച്ചു.

” അതെ നിന്റെ അമ്മയാണ് ഞാൻ. “

അവർ പറഞ്ഞത് കേട്ട് നെറ്റി ചുളിഞ്ഞു.

“നിങ്ങൾക്ക് നമ്പർ എങ്ങാനും മാറിപ്പോയതായിരിക്കും. എന്റെ അമ്മയുടെ ശബ്ദം, ഫോൺ നമ്പർ ഒന്നുമല്ല ഇത്. നമ്പർ നോക്കി വിളിക്കു കേട്ടോ..”

പരമാവധി സൗമ്യത കലർത്തിയാണ് പറഞ്ഞത്.

” എനിക്ക് നമ്പർ ഒന്നും മാറിയിട്ടില്ല. ഇത് സൗമ്യയല്ലേ..? ഞാൻ നിന്റെ അമ്മയാണ്.. രാഗിണി..”

അവർ പറഞ്ഞത് കേട്ടപ്പോൾ ഇത്രയും സമയം അടക്കിവെച്ച ദേഷ്യം ഒറ്റയടിക്ക് പുറത്തേക്ക് വന്നു പോകുമോ എന്ന് സൗമ്യയ്ക്ക് സംശയം തോന്നി.

” അമ്മയോ..? ഏതു വകയിലാണ് നിങ്ങൾ എന്റെ അമ്മയാകുന്നത്..? എന്റെ അമ്മ എന്റെ വീട്ടിലുണ്ട്. ഞാൻ ചെല്ലുന്നതും നോക്കി ഇപ്പോൾ വഴികണ്ണുമായി കാത്തിരിപ്പുണ്ടാവും.. “

പരമാവധി ദേഷ്യം നിയന്ത്രിച്ചു കൊണ്ടാണ് സൗമ്യ സംസാരിച്ചത്.

” അത് നിന്റെ രണ്ടാനമ്മയല്ലേ..? “

അവരുടെ സ്വരത്തിൽ പരിഹാസം ആയിരുന്നു എന്ന് സൗമ്യക്ക് സംശയം തോന്നി.

” നിങ്ങൾക്ക് അങ്ങനെയൊക്കെ തോന്നും. പക്ഷേ അതെന്റെ അമ്മ തന്നെയാണ്. എന്റെ അച്ഛനോടൊപ്പം ആ വീട്ടിൽ കയറി വന്നിട്ട് അന്നു മുതൽ ഇന്നു വരെയും എന്നെ സ്വന്തം മകളായി തന്നെയേ ആ അമ്മ കണ്ടിട്ടുള്ളൂ.. “

വാശിയോടെ വിളിച്ചു പറയുമ്പോൾ കൺമുന്നിൽ തെളിഞ്ഞത് അമ്മയുടെ മുഖം മാത്രമായിരുന്നു.

” എത്രയൊക്കെ ആണെങ്കിലും പത്തമ്മ ചമഞ്ഞാലും പെറ്റമ്മയ്ക്ക് തുല്യമാവില്ല എന്ന് കേട്ടിട്ടില്ലേ..? നിന്നെ പ്രസവിച്ചതും പാലൂട്ടി വളർത്തിയതും ഞാനാണ്.എനിക്കാണ് നിന്നോട് കൂടുതൽ ബന്ധം ഉള്ളത്. അവൾക്കുവേണ്ടി എന്നെ തള്ളിക്കളയാൻ നിനക്ക് നാണമാകുന്നില്ലേ..? “

ആ ഒരു ചോദ്യം കേട്ടതോടെ ഇത്രയും സമയം അടക്കിവെച്ചതൊക്കെ സൗമ്യയിൽ നിന്ന് പൊട്ടിത്തെറിയായി പുറത്തേക്ക് വരികയായിരുന്നു.

“നിർത്ത്.. നിങ്ങൾ വിളിച്ചപ്പോൾ മാന്യമായി രണ്ടു വാക്ക് സംസാരിച്ചത് ഞാൻ ചെയ്ത തെറ്റാണ്. നിങ്ങൾ എന്നോട് എന്റെ അച്ഛനോടും ചെയ്തതൊക്കെ വെച്ചിട്ട് ഞാൻ ഒരിക്കലും ഇങ്ങനെയൊന്നും പെരുമാറേണ്ടതല്ല. നിങ്ങൾ മറന്നു കാണും. പക്ഷേ എനിക്കൊ..എന്റെ അച്ഛനോ മറക്കാൻ കഴിയുന്ന കാര്യങ്ങൾ അല്ല അതൊന്നും..”

പറഞ്ഞു നിർത്തുമ്പോൾ സൗമ്യ കിതയ്ക്കുന്നുണ്ടായിരുന്നു. മറുവശത്ത് കനത്ത നിശബ്ദത പടർന്നത് അവൾ അറിഞ്ഞു.

” അമ്മ നിന്നെ സ്നേഹിച്ചിട്ടില്ലെന്ന് പറയരുത് മോളെ.. എന്നും നിന്നെ അമ്മയ്ക്ക് ഇഷ്ടമായിരുന്നു.. “

അവസാന വാചകം പോലെ അവർ പറയുമ്പോൾ അവൾക്ക് അവരോട് വെറുപ്പ് തോന്നി.

” നിങ്ങൾ എന്നേ സ്നേഹിച്ചു എന്നല്ലേ..? എങ്ങനെയാ എന്നേ സ്നേഹിച്ചത് എന്ന് കൂടി പറഞ്ഞു തരാമോ..? നിങ്ങളുടെ നിറമോ ഭംഗിയോ എനിക്കില്ല എന്ന പേരും പറഞ്ഞു ആളുകൾക്ക് മുന്നിൽ നിങ്ങൾ എന്നേ മകളായി പരിചയപ്പെടുത്താറു പോലുമില്ലായിരുന്നു. ആ നിങ്ങൾ എന്നേ എങ്ങനെ സ്നേഹിച്ചെന്നാണ്..? “

മറു വശത്ത് ചെറുതായി എങ്ങലടിക്കുന്ന ശബ്‌ദം കേട്ടു തുടങ്ങി. അത്‌ സൗമ്യക്ക് വല്ലാത്തൊരു സന്തോഷം ആണ് നൽകിയത്.

” എന്റെ പ്രായമോ, ആരോഗ്യമോ പോലും നോക്കാതെ എന്റെ നാലാം വയസ്സ് മുതൽ നിങ്ങൾ എന്നെക്കൊണ്ട് ഓരോ ജോലികൾ ചെയ്യിച്ചിട്ടില്ലേ..? എന്നിട്ട് എല്ലായ്പോഴും അച്ഛന്റെ മുന്നിൽ നിങ്ങൾ നല്ല പിള്ള ചമയും.. ഞാൻ ഒന്ന് ചോദിച്ചോട്ടെ.. എന്റെ അച്ഛൻ നിങ്ങൾക്ക് എന്ത് കുറവാണ് വരുത്തിയത്..? നിങ്ങളുടെ ഇഷ്ടങ്ങൾ മാത്രമാണ് ആ വീട്ടിൽ നടന്നിട്ടുള്ളത്. നിങ്ങൾ എന്നേം എന്റെ അച്ഛനെയും ഉപേക്ഷിച്ചു പോകുമ്പോൾ എനിക്ക് പ്രായം എട്ട് വയസ്സാണ്. കാര്യങ്ങൾ വേണ്ട വിധത്തിൽ മനസ്സിലാക്കാൻ ഉള്ള പ്രായം എനിക്ക് അന്നുണ്ടായിരുന്നു.. “

പറയുമ്പോൾ തന്റെ സ്വരം ഇടറാതിരിക്കാൻ സൗമ്യ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.

” അമ്മ എന്ന വാക്ക് കേൾക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് എന്താണെന്ന് അറിയാമോ..? ആ പോലീസ് സ്റ്റേഷനിൽ ഏതോ ഒരു തമിഴന്റെ കൈയും പിടിച്ചു നിന്നു കൊണ്ട് അയാൾക്കൊപ്പം പോയാൽ മതി എന്ന് പറയുന്ന നിങ്ങളുടെ മുഖം.. അന്ന് വെറുത്തതാണ് ഞാൻ നിങ്ങളെ. അതിൽ ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. അതിന് ശേഷം ഞങ്ങളുടെ ജീവിതം എങ്ങനെ ആയിരുന്നെന്നു നിങ്ങൾക്ക് അറിയാമോ..?ഭാര്യ ഇറങ്ങി പോയത് എന്റെ അച്ഛന്റെ കഴിവ് കേടു കൊണ്ടാണെന്ന് പറഞ്ഞു പരിഹസിക്കാൻ ആളുകൾ നിരവധി ആയിരുന്നു.ദിവസങ്ങളോളം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റാതെ, അപമാനം കൊണ്ട് തല ഉയർത്തി നോക്കാൻ പോലും പറ്റാതെ ഞങ്ങൾ കടന്ന് പോന്ന ആ ദിവസങ്ങൾ ഈ ആയുസ്സിൽ ഒരിക്കലും ഞാൻ മറക്കില്ല. ഞാൻ അതോർക്കുന്ന ഓരോ നിമിഷവും എനിക്ക് നിങ്ങളെ കൊന്ന് കളയാൻ തോന്നാറുണ്ട്.. “

അവൾ പറയുന്ന ഓരോ വാക്കും മറു വശത്തുള്ള സ്ത്രീയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു.

” ഒടുവിൽ ആ നാട്ടിൽ നിൽക്കാൻ പറ്റാതെ വന്നതോടെ ആണ് ഞങ്ങൾ ആ നാട് വിട്ട് പോന്നത്. ആരുടേയും കണ്ണെത്താത്ത ഒരിടത്ത് ജീവിക്കണം എന്ന് മാത്രമാണ് അന്ന് ഞങ്ങൾ ചിന്തിച്ചത്. ആരെയും പരിചയം ഇല്ലാത്ത ഈ നാട്ടിൽ വന്നു ജീവിതം കരുപ്പിടിപ്പിക്കാൻ ഞങ്ങൾ ഒത്തിരി ബുദ്ധിമുട്ടി.ഞങ്ങൾ അനുഭവിക്കുന്ന ഓരോ ദുരിതവും നിങ്ങളായി ഞങ്ങൾക്ക് വച്ചു തന്നതാണ്. മറക്കില്ല ഞാൻ ഈ ജന്മത്തിൽ..!”

ദേഷ്യം നിറഞ്ഞിരുന്നു അവളുടെ വാക്കുകളിൽ..

” അതിനൊക്കെ ഒരു മാറ്റം വന്നത് എപ്പോഴാണെന്ന് അറിയാമോ..? എന്റെ ശ്രീയമ്മ ഞങ്ങളുടെ ജീവിതത്തിലേക്കു വന്നതിന് ശേഷം.. ഒരു നല്ല അമ്മ എങ്ങനെ ആവണമെന്ന് ഞാൻ കണ്ടത് അവരിലൂടെ ആയിരുന്നു. അമ്മയെ ജീവിതത്തിലേക്ക് കൂട്ടാൻ അച്ഛന് നല്ല ഭയമായിരുന്നു.അത്‌ നിങ്ങളുമൊത്തുള്ള ജീവിതത്തിന്റെ ബാക്കിയാണെന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലോ.. സ്വതവേ.. എല്ലാർക്കും ഉള്ളൊരു ചിന്തയാണ് രണ്ടാനമ്മാർ ക്രൂരകളാണെന്ന്..! പക്ഷെ എന്റെ കാര്യത്തിൽ നേരെ വിപരീതമാണ്. ഒരു അമ്മയുടെ സ്നേഹവും കരുതലും ഞാൻ അറിഞ്ഞത് ശ്രീയമ്മയിൽ നിന്നാണ്.ഒരു തരത്തിൽ ചിന്തിച്ചാൽ, നിങ്ങൾ എന്റെ അച്ഛനെ ഉപേക്ഷിച്ചു പോയത് കൊണ്ടാണ് ഞങ്ങൾക്ക് ഞങ്ങളെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു അമ്മയെ കിട്ടിയത്. എന്റെ ശ്രീയമ്മയെ. ഞങ്ങളുടെ ജീവിതം മനോഹരമായത് ശ്രീയമ്മ കൂടെ എത്തിയതിനു ശേഷമാണ്. ആ ഒരു കാര്യത്തിൽ എനിക്ക് നിങ്ങളോട് നന്ദി ഉണ്ട്.പിന്നെ ഇനി അമ്മയാണ് മോളാണ് എന്ന് പറഞ്ഞു എന്റെ ഫോണിലേക്ക് വിളിക്കരുത്. ഞാനും എന്റെ അച്ഛനും അറിഞ്ഞു കൊണ്ട് മറവിക്ക് വിട്ടു കൊടുത്ത ഒരു പേരാണ് നിങ്ങളുടേത്. അത്‌ വെറുതെ പോലും ഇനിയും ഞങ്ങൾക്കിടയിലേക്ക് വരുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല.. “

അത്രയും പറഞ്ഞു കൊണ്ട് മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ കാൾ കട്ട്‌ ചെയ്തു. പിന്നെ ഒരു നിമിഷം പോലും കാത്ത് നിൽക്കാതെ ആ നമ്പർ ബ്ലോക്ക്‌ ലിസ്റ്റിലേക്ക് മാറ്റുമ്പോൾ,അമ്മ ❤️ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്ന് അവൾക്ക് കാൾ വരുന്നുണ്ടായിരുന്നു..!