ആ ആഗ്രഹം മനസ്സിലിട്ട് നടക്കുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി സഖാവിനെ കണ്മുന്നിൽ കിട്ടിയത്….

സഖാവ്…

രചന: അപ്പു

:::::::::::::::::::::

“സഖാവേ.. എനിക്ക് നിങ്ങളെ ഇഷ്ടമാണ്. ഇഷ്ടമെന്ന് പറഞ്ഞാൽ വെറുതെ ഒരു ഇഷ്ടമൊന്നുമല്ല കേട്ടോ. ഈ ജീവിതം മുഴുവൻ നിങ്ങളോടൊപ്പം ജീവിച്ചു തീർക്കാനുള്ള ഇഷ്ടം..! സഖാവിന്റെ തീരുമാനം എന്താണെന്ന് വെച്ചാൽ പറയാൻ മടിക്കേണ്ട.. “

സഖാവ് അഭിമന്യുവിന്റെ മുഖത്തു നോക്കി ഇതു പറയാനുള്ള ധൈര്യം എനിക്ക് എവിടെ നിന്ന് കിട്ടി എന്ന് ഇപ്പോഴും അറിയില്ല. പക്ഷേ എന്നെ നോക്കിയ സഖാവിന്റെ കണ്ണുകളിൽ കണ്ടത് ആശ്ചര്യമായിരുന്നു. പിന്നീട് അവിടെ ഒരു നിർവികാരത വന്നു നിറയുന്നത് ഭയത്തോടെയാണ് നോക്കി കണ്ടത്.യാതൊരു മറുപടിയും പറയാതെ എന്നെ കടന്നു പോയവനെ നോക്കി നിൽക്കാൻ മാത്രമേ എനിക്കും കഴിഞ്ഞുള്ളൂ.

സഖാവ് അഭിമന്യു..!എന്നാണ് അവനെ ആദ്യമായി കണ്ടത്..? ആ ചോദ്യത്തിന് ഒരേയൊരു മറുപടിയേ ഉള്ളൂ. ഈ കോളേജ് ക്യാമ്പസിലേക്ക് ഞാൻ കാലെടുത്ത് കുത്തിയ ദിവസമാണ് സഖാവ് അഭിമന്യു എന്റെ ജീവിതത്തിന്റെ ഭാഗമായത്.

അച്ഛനോടൊപ്പം ആണ് കോളേജിലേക്ക് എത്തിയത്.ഗ്രാമത്തിൽ നിന്ന് നഗരത്തിന്റെ തിരക്കുകളിലേക്ക് പെട്ടെന്ന് എത്തപ്പെട്ടപ്പോൾ ആകെ ഒരു പരവേശമായിരുന്നു അച്ഛനും തനിക്കും. ഇത്രയും വലിയൊരു കോളേജിൽ വന്നിട്ട് എന്ത് ചെയ്യണമെന്നോ എവിടെയാണ് അഡ്മിഷൻ എന്നോ അറിയാതെ പകച്ചു നിന്ന ഞങ്ങൾക്കു മുന്നിലേക്ക് ദൈവദൂതനെ പോലെയാണ് അവൻ വന്നു ചേർന്നത്.

” എന്തുപറ്റി..? എന്താ ഇവിടെ തന്നെ നിൽക്കുന്നത്..? “

ചുറ്റും കണ്ണോടിച്ചു നിന്ന് ഞങ്ങൾക്ക് മുന്നിലേക്ക് വന്നു യാതൊരു അപരിചിതത്വവും ഇല്ലാതെ അവൻ ചോദിച്ചു.

“മോനേ..ഞങ്ങളിവിടെ ആദ്യമായിട്ടാണ്.മോൾക്ക് അഡ്മിഷൻ കിട്ടിയത് ഇവിടെയാണ്. അപ്പോൾ അതിന്റെ കാര്യങ്ങളൊക്കെ എങ്ങനെയാണെന്ന്..!”

ഒരാളിനെ കണ്ടുകിട്ടിയ സന്തോഷത്തിൽ അച്ഛൻ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഞാൻ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ചുവന്ന കരയുള്ള മുണ്ടും ചുവന്ന ഷർട്ടും അവന്റെ ഭംഗി കൂട്ടിയതേയുള്ളൂ. ചുണ്ടിലെ പുഞ്ചിരി അവന്റെ സൗന്ദര്യം വർദ്ധിപ്പിച്ചു.

” ഏത് ഡിപ്പാർട്ട്മെന്റ് ആണ്..? “

പുഞ്ചിരിയോടെ ചോദ്യം എന്നെ തേടിയെത്തി.

” മാത്‍സ്.. “

ഒന്നു വിറച്ചുവെങ്കിലും മറുപടി കൊടുത്തു.

” ആഹാ.. അപ്പോൾ കോളേജിലെ ബുജി ടീമിൽ ഉള്ളതാണല്ലോ.. “

ചിരിയോടെ പറഞ്ഞുകൊണ്ട് അവൻ മുന്നേ നടന്നു. അവനെ അനുഗമിക്കാൻ കൈ കൊണ്ട് ഞങ്ങളെ വിളിക്കുകയും ചെയ്തു.

” ഡാ.. രാഹുലെ.. പുതിയ അഡ്മിഷൻ ആണ്. എന്താണെന്ന് വച്ചാൽ ഒന്ന് പറഞ്ഞു കൊടുക്ക്.. “

സ്റ്റുഡൻസ് ഹെൽപ്പ് ഡെസ്റ്റിനു മുന്നിൽ ഒരു സുഹൃത്തിനോട് പറഞ്ഞ ഏൽപ്പിച്ചുകൊണ്ട് സഖാവ് ഞങ്ങളെ കടന്നു പോകുമ്പോൾ ആരാധനയോടെ അവനെ നോക്കി നിൽക്കുകയായിരുന്നു ഞാൻ.

പിന്നീട് കോളേജിൽ ചേർന്നതിനു ശേഷം പലയിടത്ത് വച്ചും അവനെ കണ്ടു. എല്ലാവരെയും നോക്കി പുഞ്ചിരിക്കുന്നത് പോലെ ഒരു പുഞ്ചിരി പലപ്പോഴും എനിക്കും കിട്ടിയിരുന്നു. അവനെക്കാൾ അധികം അവനെ പരിചയപ്പെടണമെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു. പക്ഷേ അതിനുള്ള അവസരം ഒരിക്കലും കിട്ടിയതുമില്ല.

കോളേജ് ഇലക്ഷൻ സമയത്താണ് പിന്നീട് പരസ്പരം പരിചയപ്പെടുന്നത്. ആ തവണത്തെ യൂണിയൻ ചെയർമാൻ കാൻഡിഡേറ്റ് അദ്ദേഹം ആയിരുന്നു. അങ്ങനെ എല്ലാവരെയും പരിചയപ്പെട്ട കൂട്ടത്തിൽ ആണ്, എന്നെയും പരിചയപ്പെട്ടത്.അന്നാണ് അദ്ദേഹത്തിന്റെ പേര് ഞാൻ അറിഞ്ഞത്.

അയാളെ കാണാനായി കാത്തിരുന്ന എത്രയോ ദിനങ്ങൾ..! അയാൾക്ക് വേണ്ടി മാത്രം ആ ക്യാമ്പസ്‌ മുഴുവൻ ചുറ്റി നടന്നിട്ടുണ്ട്..!ഒന്ന് കാണാൻ കണ്ണ് കൊതിച്ച ദിനങ്ങൾ..! ആ ശബ്‌ദം ഒന്ന് കേൾക്കാൻ മാത്രം അയാളെ ചുറ്റി നടന്ന സമയം..!

രണ്ടു വർഷങ്ങൾ കടന്നുപോയത് എത്ര പെട്ടെന്നാണ്.. അതിനിടയിൽ അയാളെ കാണാൻ വേണ്ടി മാത്രം എത്രയോ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അയാളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ വേണ്ടി മാത്രം പാർട്ടി മീറ്റിങ്ങുകളിൽ മനപൂർവ്വം പോയി ഇരുന്നിട്ടുണ്ട്. ഇത് എപ്പോഴെങ്കിലും സഖാവ് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് ഒരിക്കലും ഞാൻ ചിന്തിച്ചിട്ടില്ല.

ഈ രണ്ടു വർഷത്തിനിടയിൽ ഉണ്ടായ ഒരേയൊരു മാറ്റം, പരസ്പരം ചെറിയ രീതിയിൽ എങ്കിലും ഒരു സൗഹൃദം ഉടലെടുത്തു എന്നുള്ളതായിരുന്നു.

ഇനി വളരെ കുറച്ച് നാളുകളാണ് സഖാവിന് ഈ ക്യാമ്പസിൽ അവശേഷിക്കുന്നത്. അവരുടെ ക്ലാസുകൾ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. അവർ ഈ കോളേജിൽ നിന്ന് പോകുന്നതിനു മുൻപ് എങ്ങനെയെങ്കിലും എന്റെ ഇഷ്ടം സഖാവിനെ അറിയിക്കണം എന്നുള്ളത് വളരെ വലിയൊരു ആഗ്രഹമായിരുന്നു.

ആ ആഗ്രഹം മനസ്സിലിട്ട് നടക്കുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി സഖാവിനെ കണ്മുന്നിൽ കിട്ടിയത്. എന്ത് ധൈര്യത്തിന്റെ പുറത്താണെന്ന് അറിയില്ല മനസ്സിലെ ഇഷ്ടം തുറന്നു പറഞ്ഞു. പക്ഷേ അത് കേട്ട് കഴിഞ്ഞതും നിർവികാരതയോടെ നടന്നു നീങ്ങിയ സഖാവ് എന്റെ മനസ്സിൽ ഒരു നോവ് ആയി.

പിന്നീടുള്ള ദിവസങ്ങളിൽ സഖാവിനെ എവിടെയെങ്കിലും വച്ച് കണ്ടാൽ പോലും എന്റെ മുഖത്തേക്ക് നോക്കാറില്ല. വല്ലപ്പോഴും കിട്ടിയിരുന്ന പുഞ്ചിരിയും സൗഹൃദ സംഭാഷണങ്ങളും അവസാനിച്ചു എന്ന് തന്നെ ഞാൻ കരുതി. എന്റെ ഇഷ്ടം എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടിയിരുന്നെങ്കിൽ ഒരുപക്ഷേ എന്റെ നല്ലൊരു സൗഹൃദം അവസാനിക്കുമായിരുന്നില്ല എന്ന് വരെ എനിക്ക് തോന്നി. നിരാശയുടെ പടുകുഴിയിൽ തന്നെയായിരുന്നു ഞാൻ.

ആ ഒരു അവസ്ഥയിൽ നിന്ന് കരകയറി വരാൻ ഒരുപാട് സമയമെടുത്തു. അപ്പോഴേക്കും സഖാവ് കോളേജിൽ നിന്ന് പാസ് ഔട്ട് ആയി പോയിരുന്നു. പിന്നീട് എപ്പോഴോ സർട്ടിഫിക്കറ്റും ടിസിയും ഒക്കെ വാങ്ങാൻ കോളേജിൽ എത്തിയ സഖാവിനെ കണ്ടിരുന്നു. ദേഷ്യത്തോടെ പിരിഞ്ഞു പോകണ്ട എന്ന് കരുതി സംസാരിക്കാൻ ചെന്ന എന്നെ ശ്രദ്ധിക്കുക പോലും ചെയ്യാതെ അദ്ദേഹം കടന്നു പോയപ്പോൾ, ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു ആ പ്രൊപ്പോസൽ എന്ന് സ്വയം തീരുമാനിച്ചു.

പിന്നീട് ആർക്കോ വേണ്ടി ദിവസങ്ങൾ തള്ളിനീക്കുന്നതു പോലെയായിരുന്നു താൻ. എല്ലാദിവസവും കോളേജിൽ പോകുന്നു പഠിക്കുന്നു എന്നല്ലാതെ, മറ്റൊരു കാര്യങ്ങളും എന്നെ ബാധിക്കാത്ത അവസ്ഥ.

എന്റെ കോഴ്സ് കംപ്ലീറ്റ് ആവാൻ രണ്ടു മാസങ്ങൾ കൂടി അവശേഷിക്കുന്ന സമയത്താണ് എന്റെ ജീവിതത്തിലേക്ക് വീണ്ടും ദൈവം പരീക്ഷണം നടത്തുന്നത്. ഒരു അവധി ദിവസം ക്ഷേത്രത്തിൽ പോയിട്ട് വന്ന എന്നെ കാത്തിരുന്നത് വീട്ടുമുറ്റത്ത് കിടക്കുന്ന ഒരു കാറും കുറെയേറെ ചെരുപ്പുകളും ആയിരുന്നു. ഞാൻ ക്ഷേത്രത്തിലേക്ക് പോകുന്നത് വരെയും ഇങ്ങനെ അതിഥികൾ ഉള്ള കാര്യം പറയാതിരുന്നത് കൊണ്ട് തന്നെ ആകപ്പാടെ ഒരു പകപ്പായിരുന്നു.

പിന്നെ അടുക്കള വഴി അകത്തേക്ക് കയറി. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് എന്നെ പെണ്ണുകാണാൻ വന്ന ആളുകളാണ് ഉമ്മറത്തിരിക്കുന്നത് എന്ന്. വല്ലാതെ അമ്പരന്നു പോയിരുന്നു. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ..! ആ ഒരു നിമിഷം സഖാവിനെ കുറിച്ചുള്ള ഓർമ്മകൾ എന്റെ മനസ്സിലേക്ക് ഇരച്ചെത്തി.

മനസ്സ് വല്ലാതെ വേദനിക്കുമ്പോഴും അച്ഛനും അമ്മയ്ക്കും വേണ്ടി ചായയുമായി ഞാൻ ആ വന്നിരിക്കുന്നവർക്ക് മുന്നിലേക്ക് എത്തി. ചായ കൊടുത്തു കഴിഞ്ഞ് ആരെയും ശ്രദ്ധിക്കാതെ അകത്തേക്ക് കയറി പോകുമ്പോൾ പെൺകുട്ടിക്ക് നാണമാണ് എന്നുള്ള കമന്റുകൾ പിന്നിൽ നിന്ന് കേട്ടിരുന്നു. പക്ഷേ അതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല താൻ.

മുറിയിൽ നിന്നിരുന്ന എന്റെ അടുത്തേക്ക് ആരോ നടന്നു വന്നത് അറിഞ്ഞിട്ടാണ് തിരിഞ്ഞു നോക്കിയത്. മുന്നിൽ നിൽക്കുന്ന ആളിനെ കണ്ട് ഞാൻ സ്വപ്നം കാണുകയാണോ എന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു.

” താൻ ഇങ്ങനെ അത്ഭുതപ്പെട്ട് നോക്കുകയൊന്നും വേണ്ട. ഞാൻ തന്നെയാണ്. നിന്റെ സഖാവ്.. “

ചിരിച്ചുകൊണ്ട് അദ്ദേഹം അത് പറയുമ്പോൾ ദേഷ്യമാണോ സങ്കടമാണോ എന്ന് എനിക്ക് തന്നെ നിർവചിക്കാൻ പറ്റാത്ത ഒരു ഭാവമായിരുന്നു ഉണ്ടായിരുന്നത്.

“താൻ എന്നെ ഇങ്ങനെ പകച്ചു നോക്കുകയൊന്നും വേണ്ട.ശരിക്കും പറഞ്ഞാൽ താൻ എന്നെ പ്രൊപ്പോസ് ചെയ്യുന്നതിന് മുൻപ് തന്നെ എനിക്കിഷ്ടമായിരുന്നു. പക്ഷേ ഒരു കോളേജ് പ്രണയത്തിന് ഒന്നും എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. അതിലൊന്നും വലിയ കാര്യമില്ലല്ലോ. കല്യാണം കഴിഞ്ഞിട്ട് വേണമെങ്കിലും നമുക്ക് പ്രണയിക്കാം. എത്രയും പെട്ടെന്ന് ഒന്ന് സെറ്റിൽ ആയി തന്നെ കല്യാണം കഴിക്കാൻ ഉള്ള നെട്ടോട്ടമായിരുന്നു ഇത്രയും നാൾ. അതിന്റെ അവസാന ഘട്ടം എന്നുള്ള നിലയ്ക്കാണ് ഈ ഒരു പെണ്ണ് കാണൽ. ഇവിടെ ആർക്കും എതിർപ്പൊന്നും ഉണ്ടാകാൻ വഴിയില്ല.”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ദേഷ്യം തോന്നി.

” ഇവിടെ ആർക്കും എതിർപ്പ് ഒന്നുമില്ല എന്ന് താൻ സ്വന്തമായിട്ട് അങ്ങ് തീരുമാനിച്ചാൽ മതിയോ..? എനിക്ക് താല്പര്യമില്ല. എനിക്കിഷ്ടമല്ല.. “

ദേഷ്യത്തോടെയും വാശിയോടെയും വിളിച്ചുപറഞ്ഞു.

“ശരി ശരി ഞാൻ വിശ്വസിച്ചു. ഇനി എന്താ വേണ്ടേ..?”

കൈ രണ്ടും പിണച്ചു കെട്ടി ചോദിക്കുന്നത് കേട്ട് സങ്കടം വന്നു. ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ ഒഴുകിത്തുടങ്ങി.

” എടി പൊട്ടിക്കാളി.. കരയാതെ.. നീ എന്റെ അല്ലേ പെണ്ണേ..!”

ആ ഒരു ചോദ്യത്തോടെ നെഞ്ചിലേക്ക് വലിച്ചു ചേർക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നു അവിടെ ഞാൻ മാത്രമാണെന്ന്…!!!