ചാര കാമുകി…
രചന: മുഹമ്മദ് ഫൈസൽ ആനമങ്ങാട്.
::::::::::::::::::
“”ഇന്ന് ഇവരെന്റെ ഒരു കാൽ വിരൽ മു റിച്ചു മാറ്റി അന്റോർണിയോ. എനിക്ക് വേദനിക്കുന്നു””…മിലാനയുടെ സ്വരം വളരേ നേർത്തതായിരുന്നു. തൊണ്ടകുഴിയിൽ കുടുങ്ങി ഞെരുങ്ങി വന്ന വാക്കുകൾക്ക് മേൽ വേദനയിൽ ചാലിച്ച ഞരക്കങ്ങളും അന്റോർണിയോ കേട്ടു. ഒപ്പം ശത്രു രാജ്യമായ സിയന്നയുടെ പട്ടാളക്കാരുടെ അട്ടഹാസ കൊ ല ചിരിയും തന്റെ റഡാർ സെറ്റിലൂടെ മുഴങ്ങി.
“”മിലാന…ഡാർലിംഗ്…മൈ ഏയ്ഞ്ചൽ…ഹലോ…ഹലോ””… അന്റോർണിയോ തൊണ്ടയിടറി വിളിച്ചു. അപ്പോഴേക്കും മിലാനയുടെ റഡാർ സെറ്റ് നിശബ്ദമായിരുന്നു. ജോർമിയൻ സൈന്യത്തിന്റെ ധീരനായ ജനറൽ കമാന്റർ അന്റോർണിയോയുടെ നെഞ്ച് നുറുങ്ങി പൊടിഞ്ഞു. ദുഃഖം കണ്ണീരായി പെയ്തിറങ്ങി. അയാളുടെ കൈ കാലുകൾ തളർന്നു. കയ്യിൽ നിന്നും കലാഷ് നിക്കോവ് തോക്ക് താഴെ വീണു. അയാൾ മുട്ട് കുത്തിയിരുന്നു തേങ്ങി..
“”ഓ…മൈ ജീസസ്…എന്റെ മിലാന…അവളെ രക്ഷിക്കേണമേ..അവൾക്ക് പിടിച്ചു നിൽക്കാനുള്ള ശക്തി കൊടുക്കണമേ””… അയാൾ മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു.
ഈ സമയം സിയന്നൻ സൈനിക മേധാവി ഫെഡിർ മിലാനയോട് ഉറക്കെ ആക്രോശിച്ചു…””കാമുകനോട് സല്ലപിച്ചത് മതി.. ഇനി ജോർമിയയുടെ സർവ്വ സൈന്യാധിപനായ നിന്റെ കിറുക്കനായ ഡാഡ് ചീഫ് ജനറൽ ഗുട്ടറസിനെ വിളിക്ക്””.. ഫെഡിർ പരിഹാസത്തോടെ പറഞ്ഞു ചുണ്ട് കോട്ടി. മറ്റു പട്ടാളക്കാർ ഉറക്കെ ചിരിച്ചു.
“”ഗുട്ടറസിനോട് സംസാരിക്കുമ്പോൾ ശബ്ദത്തിൽ വേദന പാടില്ല..രഹസ്യങ്ങൾ ചോർത്തി തരിക. അത് മാത്രം ചെയ്‌താൽ മതി.. ഇതിങ്ങനെ ഇടക്ക് ഓർമിപ്പിക്കേണ്ടി വരുന്നത് അറിയാതെയെങ്ങാനും നീ പിടിയിലായി എന്ന് ഗുട്ടറസ് അറിയാതിരിക്കാൻ വേണ്ടിയാണ്””.. ഫെഡിർ പറഞ്ഞു.
ഗുട്ടറസിന്റെ റഡാർ സെറ്റ് ശബ്ദിച്ചു…”” ഹാല ജി എസ്…ഹാല ജി എസ്.. കേൾക്കാമോ…സിയന്ന യുദ്ധത്തിനൊരുങ്ങുന്നു..അവിടെ തയ്യാറാണോ””…
“”ഹാല എം എൻ…ഹാല എം എൻ…തയ്യാറാണ്…ഹാല എം എൻ …ഇന്ന് രാത്രി പ്രസിഡന്റിനെ കൊ ല്ലും.. ജി എസ് ഭരണം പിടിക്കും””…
റഡാർ സെറ്റ് നിശബ്ദമായി. ഗുട്ടറസ് മകളേ കുറിച്ചോർത്തു അഭിമാനം പൂണ്ടു. അയാളുടെ രോമങ്ങൾ ദേശീയ ബോധത്തിൽ എഴുന്നേറ്റ് നിന്നു.
“”നിന്റെ സ്വീറ്റ് ഡാഡ് ഒരു മര കഴുതയാണ്. സിയന്നയുടെ രഹസ്യങ്ങൾ ചോർത്താൻ മകളെ പറഞ്ഞയച്ചിട്ടിപ്പൊ നിങ്ങളുടെ രഹസ്യങ്ങൾ ഞങ്ങൾ ചോർത്തുന്നു. അന്റോർണിയോ ബുദ്ധിമാനാണ്. അയാൾ ഗുട്ടറസിനോട് ഒരിക്കലും നീ പിടിയിലായത് പറയില്ല. അങ്ങനെ പറഞ്ഞാൽ നിന്നെ ഞങ്ങൾ കൊ ല്ലു മെന്നും ഗുട്ടറസ് യുദ്ധ കൊതി പൂണ്ട് സിയന്നയെ ആക്രമിക്കുമെന്നും അയാൾക്കറിയാം. ജോർമിയയുടെ സമ്പൂർണ പതനവും അന്റോർണിയോ ആഗ്രഹിക്കില്ലല്ലോ. കാമുകനോട് സംസാരിക്കാൻ അനുവദിച്ചത് ഒരു ചാര സ്ത്രീയോട് ഞങ്ങൾ കാണിച്ച ഏറ്റവും വലിയ ദയ.അല്ലെങ്കിൽ മാതൃ രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തി തരുന്നതിനുള്ള ഒരു പ്രത്യുപകാരം””..ജനറൽ ഫെഡിർ ഉറക്കെ ചിരിച്ചു. മറ്റു പട്ടാളക്കാരും ചിരിച്ചു.
“”മിലാനാ…ജോർമിയയുടെ ബുദ്ധി കേന്ദ്രം അന്റോർണിയോ മാനസികമായി തളരണം.. നിന്നോടുള്ള പ്രണയവും നാടിനോടുള്ള സ്നേഹവും കൂടി കുഴഞ്ഞു സംഘർഷത്തിൽ ആറാടി അയാളുടെ മനസ്സ് മുരടിക്കണം. തോക്ക് പോലും ഉയർത്താൻ പറ്റാത്ത വിധം അയാളുടെ കൈകൾ കുഴയണം. ഭ്രാന്തനെ പോലെ അയാൾ അലയണം. രാജ്യം വിടണം. അയാളെ മാത്രം ഞങ്ങൾ അല്പം ഭയക്കുന്നു….മിലാന…നിന്നെ ഞങ്ങൾ കൊ ല്ലില്ല.. നീ സ്വയം ഒടുങ്ങുകയുമില്ല..നിന്റെ ഓരോ അവയവങ്ങൾ അ റു ത്തു മാറ്റിയാലും ഒരു മാം സ പിണ്ടവും ജീവനും പ്രണയിക്കുന്ന മനസ്സും നിനക്കുണ്ടെങ്കിൽ അന്റോർണിയോ നിന്നെ രക്ഷിക്കുമെന്ന് നീ പ്രതീക്ഷിക്കുന്നു. അയാളുടെ ലോകവും നിന്നിലാണ്. നീ രഹസ്യങ്ങൾ ചോർത്തി തരുന്നതും അന്റോർണിയോയുമായുള്ള പ്രണയത്തിന് വേണ്ടിയാണ്. ഞങ്ങളുടെ അലിവ് നീ പ്രതീക്ഷിക്കേണ്ട. ഇനി നീ ഡാഡ് ന് വിളിക്കേണ്ട. ഇനി നീ ഒരു രഹസ്യവും ചോർത്തി തരികയും വേണ്ട. പ്രഡിഡന്റിനെ നിന്റെ ഡാഡ് കൊ ന്നു എന്ന കാരണം മതി ഞങ്ങൾക്ക് ഇരച്ചു കയറാൻ””..ഫെഡിർ പറഞ്ഞു.
അയാളും പട്ടാളക്കാരും പിരിഞ്ഞു പോയി. ഇരുട്ടറയിലെ തത്കാലിക വിളക്കുകൾ അണഞ്ഞു. വീണ്ടും കൂരാ കൂരിരുട്ട്. ഇരുട്ടിനെ പരിചയിച്ച അവൾ തപ്പി പിടിച്ചു ഒരു ഗ്ലാസ് വെള്ളം കുടിച്ചു. കയ്യിലെ നീണ്ട ചങ്ങലകൾ കിലുങ്ങി. അവൾ ഒന്ന് എഴുന്നേറ്റു നിന്നു. കാലിൽ കുരുക്കിയ നീണ്ട ചങ്ങലകൾ അവൾക്ക് നാലടി നടക്കാനുള്ള അനുവാദം മാത്രം നൽകി. അവൾ പൂർണ്ണ ന ഗ്ന യാണ്. വസ്ത്രങ്ങൾ ആത്മാഹുതിക്കുള്ള ഉപകരണങ്ങൾ ആണല്ലോ എന്ന് സിയന്നൻ സൈന്യം ഭയപ്പെട്ടു. അവൾ ശരീരത്തിലൂടെ ഒന്ന് കൈകൾ വളരേ ആയാസപ്പെട്ടു കൊണ്ട് ഓടിച്ചു.. എല്ലും തോലുമായിരിക്കുന്നു. വാരിയെല്ലുകൾ കനം വെച്ചു കൈകളിൽ തടയുന്നു. ഞെട്ടുകൾ ചെത്തി കളഞ്ഞ മാ റി ടങ്ങൾ മാത്രം നീരു വെച്ചു കനം വന്നിരിക്കുന്നു. അരക്കെട്ടിലെ എല്ലുകൾ ഉന്തി കൂർത്തിരിക്കുന്നു. “ഒരു കണ്ണാടി കിട്ടിയെങ്കിൽ. സ്ത്രീ രൂപം തന്നെയാണോ”.. അവൾ ആഗ്രഹിച്ചു.
“നിണമണിയുന്ന നാളുകളിൽ അല്പം കോട്ടൺ തുണി കിട്ടും നാണം മറക്കാനും ചോ ര കുതിർത്തി വലിച്ചെറിയാനും. അതും ഒരു ചാര യുവതി എന്ന പരിഗണനയിൽ. ഒരു നേരം ഭക്ഷണം കിട്ടും. മനുഷ്യൻ എന്ന പരിഗണയിൽ അല്ല. എന്റെ രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തി നൽകാനുള്ള ആരോഗ്യം നില നിർത്താൻ. എന്റെ ഡാഡ് എന്നോട് എന്തിനീ ക്രൂ ര ത ചെയ്തു. എന്ത് നേടി നിങ്ങൾ. എങ്കിലും ഞാൻ കത്തിരിക്കുന്നു. എന്റെ പ്രണയം പ്രതീക്ഷ നൽകുന്നു”.. അവൾ ഓർത്തു കണ്ണീർ വാർത്തു.
**************************
“”മിസ്റ്റർ ചീഫ്…താങ്കൾ വല്ലാതെ ഭയപ്പെടുന്നുവോ?.മുഖം അങ്ങനെ വിളിച്ചു പറയുന്നു. ഒരു യുദ്ധം ആരും ആഗ്രഹിക്കുന്നില്ല. കലാഷ് നിക്കോവ് തോക്കുകൾ കളിപ്പാട്ടങ്ങളെ പോലെ താലോലിക്കുന്ന പട്ടാളക്കാർ പോലും യുദ്ധം ആഗ്രഹിക്കുന്നില്ല””…അന്റോർണിയോ പട്ടാള ചിട്ടയിൽ അഭിവാദ്യം ചെയ്തു ആർമി ചീഫ് ജനറൽ ഗുട്ടറസിന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടു പറഞ്ഞു.
ഗുട്ടറസ് ഉറക്കെ ചിരിച്ചെങ്കിലും മുഖത്ത് പ്രസ്സന്നത വന്നില്ല. അന്റോർണിയോ ചിരിച്ചില്ല.
“”ജോർമിയ എന്ന നമ്മുടെ കൊച്ചു രാജ്യം പിറവി കൊണ്ടത് മുതൽ സിയന്നക്കെതിരെ നാല് യുദ്ധങ്ങൾ നയിച്ച എനിക്ക് ഭയമോ?””..ഗുട്ടറസ് ഉറക്കെ ചിരിച്ചു.
അന്റോർണിയോയും ചിരിച്ചു..””മിസ്റ്റർ ചീഫ്…സിയന്നയുടെ സൈനിക ശക്തിയേ നമ്മൾ ഭയപ്പെടുന്നില്ലല്ലോ. എന്തിനധികം അവരുടെ ആ ണവ ശക്തി പോലും ജോർമിയൻ സൈന്യത്തിന് വെറും പൂമാലകളാണ്””.. അന്റോർണിയോ ചിരിച്ചു കൊണ്ട് പറഞ്ഞു.തന്റെ മേലധികാരിയുടെ മുമ്പിൽ ഒന്നു കൂടി അച്ചടക്കത്തിൽ നിന്നു.
“”നമുക്ക് വേണ്ടി ചാര വൃത്തി ചെയ്യാൻ പോയ മകൾ മിലാനയുടെ ജീവനിൽ നിങ്ങൾ ഭയപ്പെടുന്നു..അതല്ലേ നിങ്ങളുടെ ഉൾ ഭയത്തിന്റെ കാരണം””.. അന്റോർണിയോ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞു. അയാളുടെ ഉള്ളിൽ മിലാനയുടെ ഇളം റോസ് നിറമാർന്ന മുഖം തെളിഞ്ഞു വന്നു. അതയാളുടെ എല്ലാ ആവേശവും ചോർത്തി കളഞ്ഞു.
“”ഓ ജീസസ്.. എന്റെ മിലാന””.. അന്റോർണിയോ ഉള്ളിൽ മന്ത്രിച്ചു. കാണാതായി ക്ലാവ് പിടിച്ച മിലാനയോടുള്ള പ്രണയം അയാളിലേക്ക് വീണ്ടും തുടച്ചു മിനുക്കിയ പിച്ചള തിളക്കം പോലെ വിളങ്ങിയെത്തി. കണ്ണുകൾ ചെറുതായി ഈറനണിഞ്ഞപ്പോൾ നിലത്തെ ചുവന്ന പരവതാനിയുടെ നാരുകൾ വെറുതെ ബൂട്ട് കൊണ്ട് ഇളക്കി ശ്രദ്ധയെ തിരിച്ചു വിടാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഹൃദയം ചുടു വെണ്ണീർ വീണ പോലെ നീറിയെങ്കിലും അയാൾ തന്റെ മേലുദ്യോഗസ്ഥന് മുന്നിൽ ഒന്നു കൂടി അച്ചടക്കത്തിൽ നിന്നു.
“”എന്റെ ദേശീയ വികാരം. ജോർമിയ എന്ന നമ്മുടെ കൊച്ചു രാജ്യത്തിന്റെ അന്തസ്സും അഭിമാനവും.. അതിന് മുന്നിൽ ഞാനൊരു ക്രൂ ര നായ അച്ഛനായി അന്റോർണിയോ. മിലാന ജനിച്ച വിവരം പോലും ഞാൻ അതീവ രഹസ്യമാക്കി വെച്ചു. സിയന്നൻ രേഖകളിൽ അവളുടെ പിതാവിന്റെ പേര് ഗോൺസാലസ് എന്ന ഒരു ഗ്രാമീണനാണ്. പ്രസവത്തോടെ അവളെ ഞാൻ രാജ്യത്തിനു പുറത്തേക്ക് മാറ്റി. ജോർമിയയുടെ മോചനം അവളിലൂടെ വേണം എന്ന് ഞാൻ നേർച്ചയിട്ടു. അവളിൽ ജോർമിയൻ ദേശീയത നിരന്തരം ഞാൻ കുത്തി വെച്ചു. മനസ്സ് പരിവർത്തനപ്പെട്ട അവൾ ജനിച്ച രാജ്യത്തിന്റെ അന്തസ്സ് ഉയർത്തി പിടിക്കാൻ വേണ്ടി ചാര വൃത്തി സ്വയം ഏറ്റെടുത്തു. പതിനെട്ടാം വയസ്സിൽ ഉന്നത പഠനത്തിനെന്ന പേരിൽ അവളെ സിയന്നയിലേക്ക് പറഞ്ഞയച്ചു. പിന്നെ അവിടുത്തെ പൗരത്വം നേടി. സിയന്നയുടെ സൈന്യത്തിൽ നുഴഞ്ഞു കയറി””… ഗുട്ടറസ് പറഞ്ഞു നിർത്തി. കണ്ണുകൾ അമർത്തി തുടച്ചു.
“”എനിക്കെല്ലാം അറിയാം മിസ്റ്റർ ചീഫ്. ഞാനും ഉണ്ടായിരുന്നല്ലോ അവളുടെ കൂടെ സിയന്നയിൽ പഠിക്കാൻ. യുദ്ധം ആസന്നമായ ഈ വേളയിൽ ഇതിങ്ങനെ വീണ്ടും വീണ്ടും പറഞ്ഞു മനസ്സിന്റെ ഉള്ള ധൈര്യം പോലും കളയണോ””..അന്റോർണിയോ പറഞ്ഞു. അയാളുടെ പ്രണയ തിരകളുടെ ഇരമ്പൽ തേങ്ങലുകളായി നെഞ്ചിൽ അലിഞ്ഞെങ്കിലും അപ്പോഴും ഉള്ളിലൊതുങ്ങി.
“”പുകൾ പെറ്റൊരു രഹസ്യാന്വേഷണ ഏജൻസി സിയന്നക്കുണ്ടായിട്ടും മിലാനയുടെ റഡാർ സിഗ്നലുകൾ അവർക്ക് പിടിച്ചെടുക്കാൻ കഴിയുന്നില്ല അന്റോർണിയോ.എന്റെ മകൾ മിടുക്കിയാണ്. ജോർമിയൻ ദേശീയത നെഞ്ചിലേറ്റുന്ന വീര വനിതയാണവൾ. ഒരിക്കലും പിടി കൊടുക്കില്ല. അവൾ സുരക്ഷിതയായി തിരിച്ചു വരും””.അഭിമാനവും അഹങ്കാരവും ഗുട്ടറസിന്റെ വാക്കുകളിൽ തിളങ്ങി നിന്നു.
ഇത് കേട്ട അന്റോർണിയോ എന്തോ മറക്കാൻ ശ്രമിക്കുന്നത് പോലെ അസ്വസ്ഥത പെട്ടു. അയാൾ വളരേ പ്രയാസപ്പെട്ട് ചിരിച്ചു.
“”സിയന്നയേ പ്രതിരോധിക്കാൻ നമുക്കാവില്ല എന്നത് ഉറപ്പാണ്. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്നല്ലേ. നമുക്ക് നാളെ രാവിലെ തന്നെ തിരിച്ചു ആക്രമിച്ചാലോ. അപ്രതീക്ഷിതമായുള്ള ഒരാക്രമണത്തിൽ സിയന്ന വിറങ്ങലിച്ചു നിൽക്കും””.. ഗുട്ടറസ് പറഞ്ഞു.
അന്റോർണിയോ ഞെട്ടി. “ഓ ജീസസ്…ഈ മണ്ടൻ പിതാവിനെ എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും മകളെ എപ്പോഴേ സിയന്നൻ സൈന്യം തിരിച്ചറിഞ്ഞെന്ന്. അവളെ തടവിലാക്കി പീ ഡി പ്പിക്കുകയാണെന്ന്. അവർ പറഞ്ഞു കൊടുക്കുന്നതാണ് അവൾ വിളിച്ചു പറയുന്നതെന്ന്. അവരുടെ രഹസ്യങ്ങൾ നമുക്കല്ല. നമ്മുടെ രഹസ്യങ്ങൾ ഇദ്ദേഹത്തിന്റെ വായിലൂടെ അവരാണ് മനസ്സിലാക്കുന്നതെന്ന്”. അന്റോർണിയോ മനസ്സിൽ പിറു പിറുത്തു. അയാൾ വല്ലാതെ വിമ്മിഷ്ടപ്പെട്ടു.
“”നോക്കാം മിസ്റ്റർ ചീഫ്…പ്രസിഡന്റ് ഇപ്പൊ വരുമല്ലോ. അദ്ദേഹമല്ലേ തീരുമാനമെടുക്കേണ്ടത്. എന്തിനും നമ്മുടെ മൂന്ന് സേനകളും തയ്യാറാണ്.സമാധാന ചർച്ച അലസിയ അന്ന് മുതൽ””.. അന്റോർണിയോ അലസമായി മറുപടി പറഞ്ഞു. ഗുട്ടറസ് ഒരു നെടുവീർപ്പിട്ടു.
“”അന്റോർണിയോ.. മിലാന ചാര യുവതിയാണെന്ന് എനിക്കും താങ്കൾക്കും പിന്നെ എന്റെ ഭാര്യക്കും മാത്രമേ അറിയൂ. ഇനിയും അതങ്ങനെ തന്നെ ഇരുന്നോട്ടെ. പ്രസിഡന്റിനെ പോലും ഞാൻ വിശ്വസിപ്പിച്ചിരിക്കുന്നത് യുദ്ധ വിവരം നമ്മുടെ ആരോഗ്യം ക്ഷയിച്ച രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി എന്നാണ്. അയാൾ അത് വിശ്വസിച്ചു. പ്രസിഡന്റ് ഒരു വിഡ്ഢിയാണ്. വെറും അധികാര മോഹവും യുദ്ധ കൊതിയും മാത്രം””. ഗുട്ടറസ് പുച്ഛഭാവത്തോടെ ചിരിച്ചു.
“അദ്ദേഹത്തേക്കാൾ വലിയ മണ്ടനാണ് ചീഫ് നിങ്ങൾ. സ്വന്തം മകളുടെ ഇല്ലാത്ത കഴിവിൽ അഹങ്കരിച്ചു ഊറ്റം കൊള്ളുന്ന നിങ്ങൾ.. ഒരു മഹാ രാജ്യത്തേക്ക് മകളെ ചാര വൃത്തി ചെയ്യാൻ പറഞ്ഞയച്ചിട്ട് ഒരിക്കലും പിടിക്കപ്പെടില്ല എന്ന് വിശ്വസിക്കുന്ന നിങ്ങളെക്കാൾ വലിയ മണ്ടൻ ഈ ലോകത്തില്ല ചീഫ്”.. അന്റോർണിയോ ഉള്ളിൽ പറഞ്ഞു പരിഹസിച്ചു ചിരിച്ചു.
********************
ജോർമിയയുടെ പ്രസിഡന്റ് ഖദിരോവ് കയറി വന്നു. ആർമി ചീഫ് ജനറൽ ഗുട്ടറസും ജനറൽ കമാന്റർ അന്റോർണിയോയും അച്ചടക്കത്തിൽ നിന്ന് ബഹുമാന പൂർവ്വം അഭിവാദ്യം ചെയ്തു സ്വീകരിച്ചു.
“”സ്വാഗതം മൈ ലോർഡ് പ്രസിഡന്റ്.. ജോർമിയ ജയിക്കട്ടെ””.. ഗുട്ടറസ് കൈനീട്ടി.
“”നന്ദി…ജോർമിയ ജയിക്കട്ടെ””..പ്രസിഡന്റ് ഖദിരോവ് ചിരിച്ചു കൊണ്ട് ഗുട്ടറസിന്റെ കൈകൾ പിടിച്ചു കുലുക്കി. അവരുടെ ചിരിയെ പെട്ടെന്ന് തന്നെ ആശങ്കയുടെ കാർമേഘം വന്നു മൂടി. മൂവരും അലങ്കരിച്ച കസേരകളിൽ ഇരുന്നു. ഭയവും ചിന്തകളും നിറഞ്ഞ മൗനത്തിൽ മൂവരുടെയും മുഖങ്ങൾ പരസ്പരം നോക്കി.
“”മിസ്റ്റർ ചീഫ്.. ഞാനും സിയന്നൻ പ്രസിഡന്റും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടു എന്നത് നേര് തന്നെ.. പക്ഷേ ഉടൻ സിയന്ന ജോർമിയയിൽ കയറി ആക്രമിച്ചു കീഴടക്കും എന്ന് അതിനർത്ഥമുണ്ടോ?. മിസ്റ്റർ ചീഫ്..ഒന്ന് ചോദിച്ചോട്ടെ. സിയന്നയെ പോലെ ഒരു വൻശക്തിയായ രാജ്യത്തിലെ യുദ്ധ വിവരങ്ങൾ ഇത്രയും സൂക്ഷ്മമായി ചോർത്തി കൊണ്ട് വരാനുള്ള മിടുക്കൊക്കെ നമ്മുടെ രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടോ?.. എനിക്കെന്തോ അവിശ്വസനീയത തോന്നുന്നു..അന്റോർണിയോ നിങ്ങളെന്ത് പറയുന്നു?””.. പ്രസിഡന്റ് അന്റോർണിയോക്ക് നേരേ നോക്കി..
ഗുട്ടറസിൽ നിരാശയും രോഷവും നിറഞ്ഞെങ്കിലും അയാൾ ചിരിച്ചു. അന്റോർണിയോ എഴുന്നേറ്റു ഭാവ്യതയോടെ നിന്നു.
“”മൈ ലോർഡ് പ്രസിഡന്റ്.നമ്മുടെ രഹസ്യാന്വേഷണ വിഭാഗത്തിന് പിഴവ് പറ്റി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പതിനഞ്ചു ലക്ഷമാണ് സിയന്നയുടെ സൈനിക ബലം. നമുക്കോ വെറും രണ്ട് ലക്ഷം.. ആയുധ ബലം നമുക്കുള്ളതിന്റെ പതിനഞ്ച് ഇരട്ടിയോളം വരും. നമ്മുടെ ആദ്യ യുദ്ധ വിമാനങ്ങൾ അതിർത്തി കടക്കുന്നതും അവർ വെടി വെച്ചിടും. അവർ ഇരച്ചു കയറും. പിടിച്ചു നിൽക്കാൻ കഴിയില്ല മൈ ലോർഡ് നമുക്ക്. ലക്ഷ കണക്കിന് പൗരൻമാരുടെ ജീവൻ മഞ്ഞിൽ പുതയും. ജോർമിയ എന്ന രാജ്യം എന്നെന്നേക്കുമായി നമാവശേഷമാകും.. കാത്തിരിക്കാം നമുക്ക്. അതാണ് നല്ലത്””..അന്റോർണിയോ പറഞ്ഞു.
പ്രസിഡന്റ് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ തലകുലുക്കി. അദ്ദേഹം ഗുട്ടറസിനെ നോക്കി..””അതേ ഗുട്ടറസ്..നമുക്ക് കാത്തിരിക്കാം. ജോർമിയക്ക് വേണ്ടി…നമ്മുടെ പട്ടിണിയും പരിവട്ടവുമുള്ള ജനങ്ങൾക്ക് വേണ്ടി.സിയന്ന ഇങ്ങോട്ട് ആക്രമിക്കട്ടെ. അപ്പോൾ നമുക്ക് സർവ്വ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കാം. അവസാന യുദ്ധത്തിനായി ഒരുങ്ങാം””.. ഖദിരോവ് പറഞ്ഞു.
ഗുട്ടറസ് ആകെ അസ്വസ്ഥനായി. തന്റെ രാജ്യത്തോടുള്ള ആത്മാർത്ഥതക്ക് മങ്ങലേറ്റത് അയാൾക്ക് സഹിച്ചില്ല. അയാൾ രോഷം കൊണ്ട് വിറച്ചു. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ അയാൾ ഉറക്കെ അലറി.
“”മ ണ്ടൻ പ്രസിഡന്റ്…രാജ്യത്തോട് കൂറില്ലാത്ത നിങ്ങൾ ഇനി വേണ്ട””…
പൊടുന്നനെ ഗുട്ടറസ് തോക്കെടുത്ത് പ്രസിഡന്റിന്റെ തല ലക്ഷ്യമാക്കി വെ ടി വെച്ചു. അദ്ദേഹം എന്തെങ്കിലും പറയാൻ നാക്ക് ഉയർത്തും മുമ്പ് വെടിയുണ്ട നെ റ്റി തു.ളച്ചു തലക്ക് പുറകിലൂടെ പാഞ്ഞു. സൈലൻസർ പിടിപ്പിച്ച തോക്കിൽ നിന്നും ഒച്ച പുറത്തേക്ക് വന്നില്ല. പ്രസിഡന്റ് ഖദിരോവ് ഒരു ശബ്ദം പോലും പുറപ്പെടുവിക്കാതെ പിളർന്ന വദനവുമായി പുറകിലേക്ക് മറിഞ്ഞു വീണു. ഗുട്ടറസിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അന്റോർണിയോ ഞെട്ടി തരിച്ചു. ഒന്നും മനസ്സിലാവാതെ കണ്ണ് തുറിച്ച് നെറ്റി ചുളിച്ച് കൊണ്ട് മരിച്ചു കിടക്കുന്ന ഖദിരോവിനെയും ഗുട്ടറസിനെയും മാറി മാറി നോക്കി. എന്തൊക്കെയോ വികാരത്താൽ അയാൾ നിന്ന് വിറച്ചു. പിന്നെ നിയന്ത്രണം വിട്ട് ഗുട്ടറസിനു നേരേ ചീറിയടുത്തു.
“”ചീഫ്…നമ്മുടെ പ്രസിഡന്റിനെ നിങ്ങൾ കൊ ന്നോ.. നിങ്ങൾക്ക് ഭ്രാ ന്തുണ്ടോ””..ഗുട്ടറസിന്റെ ഒലീവ് നിറത്തിലുള്ള പട്ടാള യൂണിഫോമിൽ പിടിച്ചു ഉലച്ചു കൊണ്ട് ഉറക്കെ അലറി.
“”അന്റോർണിയോ…വിട്…രാജ്യ സ്നേഹമില്ലാത്ത ഈ വിഡ്ഢി ഇനിയും ജോർമിയ ഭരിക്കണമോ. ആലോചിച്ചു നോക്ക്. ജോർമിയ രൂപപ്പെട്ട കാലം മുതൽ ഇയാൾ അധികാരത്തിൽ അട്ടയേ പോലെ കടിച്ചു തൂങ്ങി കിടക്കുകയാണ്. ഒരു ഉപകാരവുമില്ലാതെ. സൈന്യത്തിൽ മുറു മുറുപ്പ് തുടങ്ങിയിട്ട് കാലം കുറെയായി””.. ഗുട്ടറസ് ഉറക്കെ പറഞ്ഞു.
അന്റോർണിയോ അല്പം ശാന്തമായി. ഗുട്ടറസും. “”ചീഫ്.. ഇതിന്റെ പ്രത്യാഘാധം എന്താണെന്ന് ഇത്രയും കാലം സൈനിക തലവനായിരുന്നിട്ട് നിങ്ങൾക്കറിയില്ലേ””.. അന്റോർണിയോ വീണ്ടും ശബ്ദമുയർത്തി. വെറുപ്പോടെയും ദേഷ്യത്തോടെയും ഗുട്ടറസിനെ നോക്കി കണ്ണ് തുറുപ്പിച്ചു.
ഗുട്ടറസ് ഉറക്കെ ചിരിച്ചു…ആർത്ത് അട്ടഹസിച്ചു ചിരിച്ചു.””അന്റോർണിയോ…ഈ സമയം കൊണ്ട് നമ്മുടെ സൈന്യം പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും പിടിച്ചിട്ടുണ്ടാവും””.. അയാൾ വീണ്ടും ചിരിച്ചു.
“”എല്ലാം എന്റെ ബുദ്ധിയാണ്. പ്രസിഡന്റിനെ അട്ടിമറിക്കാൻ ഞാൻ ശ്രമം തുടങ്ങിയിട്ട് കുറേ നാളായി. നിങ്ങളെ ഇവിടെ വിളിച്ചു വരുത്തിയതും എന്റെ ബുദ്ധിയാണ്. നിങ്ങളും ഞാനും ഇവിടെ സംസാരിക്കുന്ന സമയത്ത് നിങ്ങൾ തയ്യാറാക്കിയ നമ്മുടെ സൈന്യം പാർലമെന്റ് ലക്ഷ്യമാക്കി മാർച്ച് ചെയ്യുകയായിരുന്നു. പ്രസിഡന്റിനെ കബളിപ്പിച്ചു ഇവിടേക്ക് വിളിച്ചു വരുത്തി ഞാൻ കൊന്നു. ഇനി ഈ രാജ്യത്തെ ഞാൻ നയിക്കും. ഞാൻ ജനങ്ങളെ അഭിസംബോധന ചെയ്യാൻ പോവുകയാണ്. പട്ടാളം ജോർമിയയുടെ ഭരണം പിടിച്ചു. ഞാൻ പ്രസിഡന്റ് നിങ്ങൾ സർവ്വ സൈന്യാധിപൻ. നിങ്ങൾ കൂടെ നിന്നില്ലെങ്കിൽ നിങ്ങളെയും എനിക്ക്””…… ഗുട്ടറസ് പറഞ്ഞു ഉറക്കെ ചിരിച്ചു.
അന്റോർണിയോയും അതേ ശബ്ദത്തിൽ ചിരിച്ചു. “”മിസ്റ്റർ ചീഫ്…നിങ്ങൾ ബുദ്ധിമാനാണോ..അല്ല….പ്രസിഡന്റി നേക്കാൾ വലിയ വിഡ്ഢിയാണ് നിങ്ങൾ. പട്ടാളം ഭരണം പിടിച്ചു എന്ന ഒറ്റ കാരണം മതി. സിയന്ന നമ്മേ ആക്രമിക്കാൻ””.. അന്റോർണിയോ പുച്ഛത്തോടെ അയാളെ നോക്കി.
ഗുട്ടറസ് ഉറക്കെ പരിഹസിച്ചു ചിരിച്ചു. അന്റോർണിയോക്ക് നേരേ തോക്ക് ചൂണ്ടി.
“”ചീഫ്…നിങ്ങളുടെ മകൾ മിലാന എന്നേ സിയന്നൻ സൈന്യത്തിന്റെ പിടിയിലായി കഴിഞ്ഞു.””..അന്റോർണിയോ ഭാവമേതുമില്ലാതെ പറഞ്ഞു.
ഗുട്ടറസ് ഒന്ന് ഞെട്ടി. പുരികങ്ങൾ ചുളിച്ചു അവിശ്വസനീയതയോടെ തോക്ക് താഴ്ത്തിക്കൊണ്ട് അന്റോർണിയോയെ നോക്കി.
“”അവൾ എന്റെ കാമുകിയാണ്. എന്റെ ജീവന്റെ പാതി അവളാണ്. പകുതി പകുത്ത കരളിന്റെ കഷ്ണം അവളിൽ തുടിക്കുന്നു””..അന്റോർണിയോ പറഞ്ഞു. ഗുട്ടറസ് ഉണങ്ങിയ ചങ്കുമായി ഒന്നും ഉരിയാടാനാവാതെ തരിച്ചു നിന്നു.
“”ഇല്ല അന്റോർണിയോ.. നിങ്ങൾ പിന്നെ കണ്ടിട്ടില്ല.. സംസാരിച്ചിട്ടില്ല.. നിങ്ങൾ പ്രണയത്തിലാണെങ്കിൽ മിലാന പറയേണ്ടതാണ്. നിങ്ങൾ സംസാരിക്കുന്നുണ്ടെങ്കിൽ അവൾ പറയേണ്ടതാണ്. ഒരു ചാരൻ രണ്ട് പേരോട് സംസാരിക്കില്ല എന്നത് യുദ്ധ തന്ത്രമാണ്. അവൾ ശ്വാസത്തിൽ പോലും ജോർമിയൻ വികാരം പേറുന്ന എന്റെ മകളാണ്.. ദേശ സ്നേഹം അലിഞ്ഞൊഴുകുന്ന രക്തമുള്ള ജോർമിയക്കാരിയാണ്.. അവൾ പിടിക്കപ്പെടില്ല.. എനിക്കുറപ്പാണ്.. ഞാനിത് വിശ്വസിക്കില്ല””… ഗുട്ടറസ് അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് പോയി. രണ്ട് സൈനികൾ വന്ന് പ്രസിഡന്റ് ഖദിരോവിന്റെ ജഡം പുറത്തേക്ക് കൊണ്ടു പോയി. അന്റോർണിയോ അതും നോക്കി ആകെ തളർന്നു ചുവരും ചാരി നിന്നു..
“”അന്റോർണിയോ””. ഒരു സ്ത്രീ ശബ്ദമാണ്. അയാൾ തിരിഞ്ഞു നോക്കി.
ലെബദേവയാണ്.. ഗുട്ടറസിന്റെ ഭാര്യ. മിലാനയുടെ മമ്മ..അന്റോർണിയോ അവരെ നോക്കി. കണ്ണുകൾ നിറഞ്ഞു തുളുമ്പി അവർ ചിരിക്കാൻ ശ്രമിക്കുന്നു.
“”സത്യം പറ മകനേ അന്റോർണിയോ. എന്റെ മിലാന ജീവിച്ചിരിപ്പുണ്ടോ. അതോ അവളെ സിയന്നക്കാർ കൊന്നോ?””.. ലെബദേവയുടെ തുളുമ്പിയ കണ്ണുനീർ ഒഴുകി വീണു.
അന്റോർണിയോ എന്ത് പറയണം എന്നറിയാതെ കുറച്ചു നേരം പകച്ചു നിന്നു. ലെബദേവ വിതുമ്പി കൊണ്ട് അയാളെ തന്നെ നോക്കി നിന്നു. “”മാം…അത് സൈനീക രഹസ്യമാണ്.. പുറത്തു പറയാൻ എനിക്ക് കഴിയില്ല. ഈ വേഷമിട്ട് പോയി””..അയാൾ അവരുടെ മുഖം കാണാനാവാതെ താഴേക്ക് നോക്കി കൊണ്ട് പറഞ്ഞു.
“”അന്റോർണിയോ…ഞാൻ അവളുടെ മമ്മയാണ്. മൂന്നേ മൂന്ന് ദിവസം മാത്രേ ഞാൻ അവൾക്ക് മു ല കൊടുത്തിട്ടുള്ളൂ. അവളെ കണ്ടിട്ടുള്ളൂ..എന്നിട്ട് ഈ നിമിഷം വരെ അവളെ ഒരു നോക്ക് കാണാൻ പറ്റാതെ ഞാൻ അനുഭവിച്ച വേദനയുടെ തോത് എന്റെ കിറുക്കൻ ഭർത്താവിനെ പോലെ നിനക്കും മനസ്സിലാവില്ലേ..നിങ്ങൾക്ക് നിങ്ങളുടെ രാജ്യം വലുതാണ്. എനിക്ക് എന്റെ മകളും വലുതാണ്.ഞാനും രാജ്യത്തോട് കൂറുള്ള ഒരു ജോർമിയക്കാരിയാണ്””.. അവർ നിയന്ത്രണം വിട്ടു കരഞ്ഞു.
അന്റോർണിയോയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ചുണ്ടുകൾ വിതുമ്പി..””മാം.. അവൾ ശരിക്കും സിയന്നൻ സൈന്യത്തിന്റെ പിടിയിലാണ്. അവൾ ഒരു പെണ്ണായത് കൊണ്ടോ എന്തോ അവർ അവളെ കൊ ന്നില്ല. മുഖ സാമ്യതയിൽ ചീഫിന്റെ മകളാണ് മിലാനയെന്ന് സൈന്യത്തിലെ വിദഗ്ദർക്ക് സംശയം തോന്നി. പക്ഷേ ഉറപ്പില്ലായിരുന്നു. കഴിഞ്ഞ യുദ്ധത്തിന് ശേഷം നടന്ന സമാധാന ചർച്ചക്കിടെ സൈനിക നേതാക്കന്മാർക്ക് സിയന്ന ഒരു അത്താഴ വിരുന്ന് ഒരുക്കി. അതൊരു കെണിയായിരുന്നു. അന്ന് വിളമ്പിയ ആ ട്ടി റച്ചി കു ത്തിയെടുക്കാൻ ചീഫിന് മാത്രം അവർ അറ്റം സൂചി പോലെ കൂർപ്പിച്ച ക ത്തി കൊടുത്തു. ആ കത്തി ചീഫിന്റെ നാവിൽ കു ത്തി ര ക്തം പൊടിഞ്ഞു. കത്തിയിൽ പതിഞ്ഞ ര ക്തത്തിൽ നിന്നും അവർ ഡി എൻ എ പരിശോധന നടത്തി. മിലാന ചീഫിന്റെ മകളാണെന്ന് അവർ ഉറപ്പിച്ചു. മറിച്ചൊരു റിപ്പോർട്ടാണ് കിട്ടിയതെങ്കിൽ അവർ അവളെ ഉടൻ കൊന്നേക്കാം. പട്ടാള മേധാവിയുടെ മകളല്ലേ.. അവർ അവളെ നമുക്കെതിരെ ഉപയോഗിച്ചു. അവളെ കൊണ്ട് നുണകൾ പറയിച്ചു. നിങ്ങളുടെ മടയൻ ഭർത്താവ് അതെല്ലാം വിശ്വസിച്ചു നമ്മുടെ സൈനിക രഹസ്യങ്ങൾ അവളോട് പറഞ്ഞു””..
“”അവളെ അവർ ദ്രോഹിക്കുന്നുണ്ടോ…ഉണ്ടാകും.. അവളെ കൊ ല്ലു മോ അന്റോർണിയോ. ഈ യുദ്ധ കൊതിയിൽ അവൾ ബലി കഴിക്കപ്പെടുമോ””.. ലെബദേവയുടെ ചങ്ക് പൊട്ടിയുള്ള ആ കരച്ചിൽ അന്റോർണിയോ മനപ്പൂർവം കേട്ടില്ലെന്ന് നടിച്ചു. അയാൾ വിറങ്ങലിച്ച മനസ്സുമായി നടന്നു നീങ്ങി. ഈ സമയം ഗുട്ടറസ് ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു കഴിഞ്ഞിരുന്നു.
*************************
തന്റെ ക്വാർട്ടേഴ്സിൽ മടങ്ങിയെത്തിയ അന്റോർണിയോ മിലാനയുടെ ഫോട്ടോയിൽ നോക്കി കുറച്ചു നേരം ഇരുന്നു. അയാളുടെ റഡാർ സെറ്റ് ശബ്ദിച്ചു.
പട്ടാളക്കാരുടെ ചിരികൾ ആദ്യം മുഴങ്ങി. “”അന്റോർണിയോ””… മിലാന പതുക്കെ വിളിച്ചു.
“”ഡാർലിംഗ്””… അയാളുടെ കണ്ഠം ഇടറി..
“”എന്റെ ആ കാല് മുറിച്ചു””…മിലാന കരഞ്ഞില്ല.
അന്റോർണിയോ പതുക്കെ മൂളി. “”വേദനിക്കുന്നുവോ””.
“”ഇല്ല””… അവളുടെ പതിഞ്ഞ ഞരക്കവും നിശ്വാസവും അന്റോർണിയോ അറിഞ്ഞു. ഹൃദയം നുറുങ്ങുന്ന പോലെ അയാൾക്ക് തോന്നി. കൈകാലുകൾ തളർന്നു. അന്റോർണിയോ മൗനം പൂണ്ടു.
“”അന്റോർണിയോ.. ഈ കൊല്ലം എങ്ങനെയുണ്ടായിരുന്നു പൂക്കാലം. ലാവണ്ടർ പൂക്കൾ നന്നായി വിരിഞ്ഞിരുന്നുവോ?””. മിലാന ചോദിച്ചു.
“”ഇല്ല.. കുറവാണ്.. പൂക്കൾക്കൊക്കെ ചോരയുടെ മണം””.. അന്റോർണിയോ പറഞ്ഞു.
“”എനിക്കുള്ള വിഹിതം പറിച്ചു വെച്ചുവോ.. അതോ ചോ ര യുടെ മണം കാരണം ഉപേക്ഷിച്ചോ.. അല്ല ഡാർലിംഗ്…പട്ടാള കാരന് ചോ രയുടെ മണം അറപ്പോ””.. മിലാന വളരേ പതുക്കെ ചിരിച്ചു.
“”ആ ചോ ര എന്റെ പ്രിയപ്പെട്ടവളുടെ ആണെങ്കിൽ അറക്കില്ലേ””..അന്റോർണിയോ പറഞ്ഞു.
മിലാന ചങ്കിൽ നിന്നും ഒരു ശബ്ദം അനക്കി.
“”കുറച്ചു പറിച്ചു വെച്ചിട്ടുണ്ട് മിലാന.. എല്ലാ തവണത്തെയും പോലെ ഉണങ്ങി പോയി””..
“”ഓ…ഉണങ്ങിയോ…ആ തണുപ്പിലും ഇത്രയും വേഗം ഉണങ്ങിയോ””..
“”യൂണിഫോമിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നെഞ്ചോട് ചേർന്നിട്ടല്ലേ ആ പൂക്കൾ കിടക്കുന്നത്. നെഞ്ചിലെ ചൂട് കുറച്ചു കൂടുതലാ ഇപ്പൊ.. വേഗം ഉണങ്ങും””.. അന്റോർണിയോ വിങ്ങി പൊട്ടി..
“”കരയാതെ….. എനിക്കൊരു ചുമ്പനം തരാമോ അന്റോർണിയോ””… മിലാന പറഞ്ഞു. അന്റോർണിയോ മറുപടി പറയാൻ ഒരുങ്ങിയതും റഡാർ സെറ്റ് നിശബ്ദമായി.
******************
“”നാളെ രാവിലെ ആക്രമിക്കണം ജോർമിയയെ. പ്രസിഡന്റിനെ വ ധിച്ചു പട്ടാള മേധാവി അധികാരം പിടിച്ചു. അവിടെ അരക്ഷിതാവസ്ഥയാണ്. ലോക രാജ്യങ്ങൾ എതിർക്കാൻ വഴിയില്ല. നമ്മൾ ജോർമിയയെ രക്ഷിക്കാൻ അല്ലേ പോവുന്നത്””.. ജനറൽ ഫെഡിർ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.
പിറ്റേന്ന് രാവിലെ സിയന്നയുടെ യുദ്ധ വിമാനങ്ങൾ ഇരമ്പിയാർത്തു ജോർമിയൻ സൈനിക കേന്ദ്രങ്ങളിൽ ബോംബുകൾ വർഷിച്ചു. നൂറു കണക്കിന് ടാങ്കുകൾ തീ തുപ്പിക്കൊണ്ട് ഇരച്ചു കയറി. ജോർമിയൻ സൈന്യം അന്റോർണിയോയുടെ നേതൃത്വത്തിൽ സർവ്വ ശക്തിയുമെടുത്ത് തിരിച്ചടിച്ചു. എങ്കിലും സിയന്നൻ സൈന്യം മുന്നേറി കൊണ്ടിരുന്നു. ജോർമിയയുടെ സൈനീക ശക്തിയും ആയുധ ബലവും ദിനേന ശോഷിച്ചു വന്നു. അവശേഷിച്ച സൈന്യം നിയന്ത്രിക്കാൻ ആളില്ലാതെ ചിതറി തെറിച്ചു.
അന്റോർണിയോയുടെ റഡാർ സെറ്റ് ശബ്ദിച്ചു. ഗുട്ടറസാണ്..””ക്യാപ്റ്റൻ അന്റോർണിയോ. സിയന്ന നമ്മേ മുഴുവനായി വിഴുങ്ങാൻ പോവുന്നു..നിങ്ങൾ ഒളിച്ചിരിക്കുന്നോ. പ്രണയമോ രാജ്യമോ നിങ്ങൾക്ക് വലുത്””.. ഗുട്ടറസ് വെപ്രാളത്തോടെ ചോദിച്ചു.
“”എല്ലാം നിങ്ങളുടെ സ്വാർത്ഥത കാരണം ഉണ്ടായതാണ് ചീഫ്.. ഒരു രാജ്യവും ഇനി നമ്മേ സഹായിക്കില്ല.. കഴിയുന്ന പോലെ തിരിച്ചടിക്കുന്നുണ്ട്. ഞാൻ യുദ്ധ മുഖത്തുണ്ട്. നിങ്ങളല്ലേ ഒളിച്ചിരിക്കുന്നത്. നമ്മൾ രണ്ട് വഴിക്കായത് നമ്മുടെ പതനത്തിന്റെ ആക്കം കൂട്ടി. സൈന്യത്തിന് നിയന്ത്രണമില്ലാതായി…ചീഫ്…മിലാന പിന്നെ വിളിച്ചിരുന്നോ?””. അന്റോർണിയോ ചോദിച്ചു. ഗുട്ടറസ് മിണ്ടിയില്ല.
രാത്രി സൈനിക ബങ്കറിൽ ഗുട്ടറസും അന്റോർണിയോയും കണ്ടു.
“”ഒളിയുദ്ധം എന്നൊരു ആയുധം നമുക്കില്ലേ അന്റോർണിയോ. സിയന്നക്ക് വശമില്ലാത്ത ആ യുദ്ധ മുറ നമ്മുടെ കരുതൽ സേനക്ക് അറിയാം.. അവരെ ഇറക്കൂ.. കെട്ടിടത്തിനു മുകളിലും മരങ്ങൾക്ക് മുകളിലും മതിലുകൾക്ക് പുറകിലും ഒളിച്ചു നിന്ന് നമുക്കവരെ നേരിടാം. വെടിയും മിസൈലുകളും കൊണ്ട് അവർ മരിച്ചു വീഴും. ഉറവിടം കണ്ടെത്താനാവാതെ അവർ കുഴയും..ഒരു പക്ഷേ ഈ ഒളിയുദ്ധം വർഷങ്ങൾ നീണ്ടേക്കാം. പക്ഷേ ഉറപ്പായും അവർ പിന്മാറും .. പോകൂ അന്റോർണിയോ.. ഒളി പോരാളികളെ തയ്യാറാക്കൂ.. മിലാനയെ കുറിച്ചോർത്തു ഇനി നിങ്ങൾ വിഷമിക്കേണ്ട. അവളുടെ വിവരങ്ങൾ കിട്ടാത്ത സ്ഥിതിക്ക് അവർ മരിച്ചു കാണണം. ഒരച്ഛനായ എനിക്കില്ലാത്ത വിഷമം നിങ്ങൾക്കെന്തിന്.. നമ്മുടെ ജോർമിയ.. അതിന്റെ മോചനം. അത് മാത്രം ലക്ഷ്യമാക്കൂ.. പ്രണയം ഉണ്ടെങ്കിൽ തന്നെ രാജ്യ സ്നേഹത്തിനു മുന്നിൽ അതെത്ര നിസ്സാരം””.. ഗുട്ടറസ് പറഞ്ഞു.
അന്റോർണിയോ അല്പ നേരം അവിശ്വസനീയതയോടെ അയാളെ നോക്കി നിന്നു. ഉള്ളിൽ മിലാനയുടെ മുഖം തെളിഞ്ഞു. അത് മുഖത്ത് പ്രണയ നൊമ്പരം വിടർത്തി.””ചീഫ്.. നിങ്ങളുടെ മകളാണ് മിലാന.നിങ്ങൾക്ക് ഒരു വിഷമവും ഇല്ലേ. ഇങ്ങനെയൊക്കെ എങ്ങനെ പറയാൻ കഴിയുന്നു””.. അന്റോർണിയോ കണ്ണീരിനെ അടക്കി നിർത്തി. ഗുട്ടറസ് മുഖം മ്ലാനമാക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
*****************
നിനക്കാതെയുള്ള ഒളിയുദ്ധത്തിൽ സിയന്നൻ സേന ഞെട്ടി. തെരുവുകളിൽ ഉരുണ്ടു തീ തുപ്പിയ അവരുടെ ടാങ്കുകൾ മിസൈലുകൾ പതിഞ്ഞു ചിതറി തെറിച്ചു. കവചിത വാഹനങ്ങൾ തീ പിടിച്ചു പാഞ്ഞു. ആയുധങ്ങൾ വന്നു പതിക്കുന്നതിന്റെ ഉറവിടം അറിയാതെ സിയന്നയുടെ പുകൾ പെറ്റ സേന നിന്നു വട്ടം കറങ്ങി. സൈനികർ പതുക്കെ ഓരോരുത്തരായി മരിച്ചു വീണു. ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ അവർക്ക് ജോർമിയയുടെ അധിനിവേശ പ്രദേശം വിട്ട് പുറകിലേക്ക് മാറേണ്ടി വന്നു. ഗുട്ടറസ് ഉള്ളിൽ ചിരിച്ചു. അന്റോർണിയോയും അല്പം ആശ്വസിച്ചു.
***********************
“”മിസ്റ്റർ ചീഫ്…മിസ്റ്റർ ചീഫ്.…താങ്കൾക്ക് കേൾക്കാമോ””. യുദ്ധ രംഗത്ത് നിന്ന് ഒരു സൈനികൻ ഗുട്ടറസിനെ വിളിച്ചു.
“”കേൾക്കാം.. എന്തായി സ്ഥിതികൾ””..
“”സിയന്നൻ സൈന്യം ഒരു പാട് പുറകോട്ട് പിൻ വലിഞ്ഞിരുന്നു.. പക്ഷേ…ഇന്ന് നൂറ് കണക്കിന് ടാങ്കറുകൾ വീണ്ടും ഇരച്ച് കയറിയിരിക്കുന്നു. ഒളിഞ്ഞിരുന്നു റോക്കറ്റുകൾ വിട്ട് നമുക്ക് തകർക്കാം .. പക്ഷേ..ഏറ്റവും മുന്നിലെ ടാങ്കിൽ ഒരു യുവതിയെ കെട്ടിയിട്ടിരിക്കുന്നു. നമ്മുടെ ഏതോ ഒരു യുവതിയെ അവർ മനുഷ്യ കവചമാക്കിയിരിക്കുന്നു. ആ യുവതിക്ക് കൈകളും കാലുകളും ഇല്ല. എന്ത് ചെയ്യണം ചീഫ് ഞങ്ങൾ””..
“”കാത്തു നിൽക്കൂ.. ഞാൻ അന്റോർണിയോയോട് ഒന്ന് ആലോചിക്കട്ടെ””.. ഗുട്ടറസ് പറഞ്ഞു.
“”അന്റോർണിയോ.. പരാജയം ഭയന്ന സിയന്നൻ സൈന്യം നമ്മുടെ ഒരു വികലാംഗയേ മനുഷ്യ കവചമാക്കിയിരിക്കുന്നു. ഒരു വികലാംഗയല്ലേ. അവർക്ക് വേണ്ടി നമ്മൾ ഔദാര്യം കാണിക്കണോ. തകർക്കാൻ പറഞ്ഞാലോ””.. ഗുട്ടറസ് ചോദിച്ചു.
അന്റോർണിയോ ഞെട്ടി തരിച്ചു. “ഓ ജീസസ് അത് മിലാനയാണ്.അവളെ മനുഷ്യ കവമാക്കിയിരിക്കുന്നു”.അന്റോർണിയോ മന്ത്രിച്ചു.
“”അത് നിങ്ങളുടെ മകളാണ്. എന്റെ മിലാനയാണ്””.. അന്റോർണിയോ ഉറക്കെ അലറി. അയാൾ ഒരു വെള്ള കൊടിയും ഒരു തോക്കുമെടുത്തു പുറത്തേക്ക് പാഞ്ഞു.
“”ഞാൻ കീഴടങ്ങുകയാണ് ചീഫ്. മിലാന മ രിച്ചിട്ടില്ല. എനിക്കവളെ വേണം. മാം സ പി ണ്ഡമാണെങ്കിലും ആ ഹൃദയം എനിക്ക് വേണ്ടി തുടിക്കുന്നു. എന്റെ പ്രണയം അതിൽ മിടിക്കുന്നു. അത് നിലക്കുവോളം പ്രണയം മരിക്കില്ല. നിലക്കും മുമ്പ് എന്റെ പ്രണയം കൂടി ചേർക്കണം. ജോർമിയ എന്റെ രാജ്യമാണ്. ഈ നാടിന് വേണ്ടി പൊരുതി മരിക്കാൻ തന്നെയാണ് സൈന്യത്തിൽ ചേർന്നത്. എന്റെ ആത്മാർത്ഥതയെ ചീഫിന് സംശയം കാണില്ല.. പക്ഷേ.. ഒരു ഏകാധിപതിയുടെ കീഴിൽ എനിക്കീ രാജ്യത്ത് സൈനിക സേവനം നടത്താൻ വയ്യ””.അന്റോർണിയോ കിതച്ചു കൊണ്ട് പറഞ്ഞു. “”വേണ്ടാ.. വേണ്ടാ””…ഗുട്ടറസ് വിളിച്ചു പറഞ്ഞു കൊണ്ട് അയാളുടെ പുറകേ പാഞ്ഞു.
വെള്ള കൊടി വീശി അന്റോർണിയോയും പുറകിൽ ഗുട്ടറസും ഓടി വരുന്നത് കണ്ട് സിയന്നയുടെ ടാങ്കുകൾ നിന്നു. “”അവർ കീഴടങ്ങി എന്ന് തോന്നുന്നു. ജോർമിയയുടെ സൈനിക മേധാവികളാണ് വെള്ള കൊടി വീശി വരുന്നത്. ഇനി ആക്രമണം നിർത്തൂ. നമ്മുടെ തന്ത്രം വിജയിച്ചു””..
“”ഞാൻ കീഴടങ്ങി. ദയവ് ചെയ്തു എന്റെ മിലാനയെ വിട്ടു തരൂ. ഞങ്ങൾ ഈ രാജ്യം വിട്ടു തന്നെ പോയേക്കാം””. അന്റോർണിയോ ഉറക്കെ വിളിച്ചു പറഞ്ഞു. മിലാന കണ്ണ് തുറന്നു അന്റോർണിയോയെ നോക്കി ചിരിക്കാൻ ശ്രമിച്ചു. പല്ലുകൾ പറിച്ചെടുത്ത് കളഞ്ഞ അവളുടെ വായിൽ നിന്നും ചോ ര താടിയിലൂടെ ഒഴുകി. അന്റോർണിയോ ആർത്തു കരഞ്ഞു കൊണ്ട് അവളെ കയ്യിലെടുത്തു കവിളിൽ ചുമ്പനം നൽകി. സിയന്നൻ സൈനികർ മൗനം പൂണ്ടു നിന്നു.
“”ഞാൻ കീഴടങ്ങില്ല. നിങ്ങളുടെ തൂക്കു കയർ എനിക്ക് ആവശ്യമില്ല. ഞാൻ ജോർമിയക്കാരനാണ്. ജോർമിയയിൽ തന്നെ എന്റെ ര ക്തം വീണലിയട്ടെ””.. ഗുട്ടറസ് തോക്ക് നെറ്റിയിൽ വെച്ച് കാ ഞ്ചി വ ലിച്ചു. ഒരു നാടിനെ നശിപ്പിച്ചു അയാൾ ആ മണ്ണിൽ മരിച്ചു വീണു…
ശുഭം…നന്ദി…