ഉറപ്പോടെ നീതു പറയുന്ന ഓരോ വാക്കുകളും ശ്യാമിന്റെ നെഞ്ചിൽ വന്നു തറയ്ക്കുന്നുണ്ടായിരുന്നു

മരണത്തിലും വിടാതെ…

രചന : അപ്പു

:::::::::::::::::::::::::

” നീ ഇപ്പോഴും അയാളെ പ്രതീക്ഷിക്കുന്നുണ്ടോ..? നിന്റെ മഹിയേട്ടനെ..? “

ഉള്ളിലെ സങ്കടം പുറത്തു കാണിക്കാതെയാണ് അത് ചോദിച്ചത്.

” നിനക്ക് തോന്നുന്നുണ്ടോ എനിക്ക് എന്റെ മഹിയേട്ടനെ മറന്ന് മറ്റൊരു ജീവിതം ഉണ്ടാകുമെന്ന്.. അങ്ങനെ ഉണ്ടാകാൻ ആയിരുന്നെങ്കിൽ എത്രയോ കാലങ്ങൾക്ക് മുന്നേ അത് സംഭവിച്ചേനെ. ഒരിക്കലും അങ്ങനെയൊന്നും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. മഹിയേട്ടൻ അല്ലാതെ മറ്റാരും എന്റെ ജീവിതത്തിലേക്ക് കടന്നുവരില്ല.. “

ഉറപ്പോടെ നീതു പറയുന്ന ഓരോ വാക്കുകളും ശ്യാമിന്റെ നെഞ്ചിൽ വന്നു തറയ്ക്കുന്നുണ്ടായിരുന്നു. ആ നെഞ്ചിൽ അവൾ മാത്രമേ ഉള്ളൂ എന്നു തുറന്നു പറയാൻ അവൻ മടിച്ചു. അല്ലെങ്കിലും അവളുടെ പ്രണയത്തിന്റെ ആഴം കണ്ടവനാണ് ശ്യാം. അങ്ങനെയുള്ള ഒരുവന് അവളോട് അവളുടെ അവളുടെ പ്രണയത്തെ മറന്നു കളയാൻ പറയാൻ എങ്ങനെ സാധിക്കും..?

പിന്നീട് കൂടുതൽ സംസാരത്തിന് നൽകാതെ ശ്യാം നടന്നു നീങ്ങുമ്പോൾ നീതു അവനെ തന്നെ നോക്കി നിന്നു.

” എനിക്കറിയാം നിന്റെ മനസ്സിൽ ഞാൻ ആണെന്ന്. മറ്റാരും പറഞ്ഞില്ലെങ്കിലും നിന്റെ ഓരോ നോട്ടത്തിലും ഭാവത്തിലും എനിക്കത് മനസ്സിലാവുന്നുണ്ട്. പക്ഷേ എനിക്ക് നിന്നെ ഒരിക്കലും ആ സ്ഥാനത്ത് കാണാൻ പറ്റില്ല. എനിക്കെന്നും നീ നല്ലൊരു സുഹൃത്തായിരിക്കും. നല്ലൊരു സഹോദരൻ ആയിരിക്കും. അതിനപ്പുറത്തേക്ക് ഒന്നിനും എനിക്ക് കഴിയില്ല..”

സ്വയം എന്നതു പോലെ പറഞ്ഞുകൊണ്ട് നീതു അടുത്ത് കണ്ട ഒരു ബെഞ്ചിലേക്ക് ഇരുന്നു. അവളുടെ ഓർമ്മകൾ അവളുടെ പ്രണയത്തെ ചുറ്റിപ്പറ്റിയായിരുന്നു.

കോളേജിലെ ആദ്യ ദിനം. ഒരുപാട് പ്രതീക്ഷകളോടെ കോളേജ് ക്യാമ്പസിലേക്ക് വലതുകാൽ വച്ച് കയറി. പക്ഷേ പ്രതീക്ഷിച്ചത് പോലെ ഒരു അന്തരീക്ഷം ആയിരുന്നില്ല കോളേജിലേത്.മിഠായിയും ലഡുവും പ്രതീക്ഷിച്ചു ചെന്ന തനിക്ക് കൺമുന്നിൽ കാണേണ്ടി വന്നത് കൂട്ടതല്ലായിരുന്നു.അത് നൽകിയ ആഘാതം ചെറുതൊന്നുമായിരുന്നില്ല.

സ്കൂളിൽ പഠിക്കുന്ന സമയത്ത് പോലും ഇങ്ങനെയൊരു കൂട്ടത്തല്ല് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ വല്ലാത്ത ഒരു പേടി തോന്നി. പിന്നീടുള്ള ദിവസങ്ങളിൽ ഏത് സമയത്താണ് അടി നടക്കുക എന്ന് അറിയാത്തതു പോലെ ആയിരുന്നു നടപ്പ്.

മാസങ്ങൾ കടന്നു പോകവേ കോളേജിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. അധികം പ്രശ്നങ്ങൾ ഒന്നും ഉള്ള ചുറ്റുപാടല്ല. പക്ഷേ ഡിപ്പാർട്ട്മെന്റുകൾ തമ്മിൽ വലിയ വൈരാഗ്യമാണ്. അതാണ് പലപ്പോഴും അടിയിൽ കലാശിക്കുന്നത്.

അങ്ങനെ ആ കോളേജ് ക്യാമ്പസ് മുഴുവൻ കാത്തിരുന്ന പ്രണയദിനം വന്നെത്തി. അന്നായിരുന്നു ആദ്യമായി മഹിയേട്ടനെ കാണുന്നത്.അതും വെറുതെ ഒരു കാണൽ ഒന്നുമായിരുന്നില്ല.

അന്ന് പതിവു പോലെ കോളേജിൽ എത്തി. രാവിലെ ചെന്നപ്പോൾ തന്നെ കാണുന്നത് ഒരു പൂവും പിടിച്ച് മുന്നിലേക്ക് വന്ന മഹിയേട്ടനെയാണ്.

“ഹലോ.. തന്നോട് ഒരു കാര്യം പറയണമെന്ന് ഞാൻ കുറെ നാളുകളായി വിചാരിക്കുന്നു. ഇന്നാണ് അതിന് ഏറ്റവും അനുയോജ്യമായ ദിനം എന്ന് തോന്നുന്നു. എനിക്ക് തന്നെ ഇഷ്ടമാണ്. വെറുതെ ഒരു ഇഷ്ടമൊന്നുമല്ല. ആത്മാർത്ഥമായി തന്നെയാണ് ഞാൻ ഇത് പറയുന്നത്. നമുക്ക് കല്യാണം കഴിച്ച് നല്ല സുഖമായിട്ട് ജീവിക്കാമെടോ..”

അപരിചിതനായ ഒരു യുവാവ് മുന്നിൽ വന്നത് എന്ന് പറയുന്നതിന്റെതായ എല്ലാ ഭയവും തനിക്കുണ്ടായിരുന്നു. അത് അയാൾക്കും മനസ്സിലായി എന്ന് തോന്നുന്നു.

” എന്തായാലും താൻ തിടുക്കപ്പെട്ട് ഒരു മറുപടി ഇപ്പോൾ പറയേണ്ട. നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി.. തൽക്കാലം ആലോചിക്കുന്നത് വരെ ഈ പൂവ് തന്റെ കയ്യിലിരിക്കട്ടെ.. “

മറുത്ത് എന്തെങ്കിലും പറയാൻ അവസരം കിട്ടുന്നതിനു മുൻപ് ആ പൂവും കയ്യിൽ വച്ചിട്ട് അയാൾ നടന്നു. അടുത്ത സുഹൃത്തുക്കളോട് വിവരം പറഞ്ഞപ്പോൾ ആരുടെയെങ്കിലും തമാശയായിരിക്കും എന്നു പറഞ്ഞ് അവർ തള്ളിക്കളഞ്ഞു.

അന്നുവരെ മഹിയേട്ടനെ കോളേജിൽ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ഇങ്ങോട്ട് തിരിഞ്ഞാലും കാണുന്നതും ഏട്ടനെയായിരുന്നു. കണ്ടു കണ്ടു പതുക്കെ പതുക്കെ എനിക്കും അയാളോട് ഒരു ഇഷ്ടം തോന്നി എന്നു പറയുന്നതാണ് സത്യം. അത് അയാൾ തിരിച്ചറിഞ്ഞ ദിവസം എന്റെ അരികിലേക്ക് വന്നു.

” എനിക്ക് നിന്റെ മനസ്സിൽ എന്തെങ്കിലും ഒരു സ്ഥാനം ഉണ്ടായിട്ട് മാത്രമേ ഇനി നിന്റെ അടുത്തേക്ക് വരൂ എന്നായിരുന്നു എന്റെ തീരുമാനം. ഇപ്പോൾ എന്തായാലും നിന്റെ മനസ്സിൽ ഞാനുണ്ട് എന്ന് എനിക്കറിയാം. കാരണം എന്നെ കാണാത്ത സമയത്തൊക്കെ എന്നെ കാണാൻ വേണ്ടി മാത്രം നിന്റെ കണ്ണുകൾ തുടിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇനി അത് മറച്ചു പിടിക്കാൻ ശ്രമിക്കേണ്ട.. “

അങ്ങനെ മഹിയേട്ടൻ പറയുമ്പോൾ ഒരു കള്ളത്തരം വെളിപ്പെട്ട അവസ്ഥയായിരുന്നു എനിക്ക്.പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ പരസ്പരം പ്രണയിക്കുകയായിരുന്നു. എല്ലാത്തരത്തിലും മനോഹരമായ ഒരു ബന്ധം.

എല്ലാദിവസവും പരസ്പരം കാണാനും സംസാരിക്കാനും ഒക്കെ ശ്രമിച്ചിട്ടുണ്ട്. ഒരിക്കൽ പോലും തമ്മിൽ കാണാതെ ഇരുന്നിട്ടില്ല. കോളേജ് അവധിയുള്ള ദിവസങ്ങളിൽ, വളരെ ബുദ്ധിമുട്ടി ആയിരുന്നു ആ ദിവസങ്ങൾ കടത്തി വിട്ടിരുന്നത്. പതിയെ പതിയെ ഫോൺവിളികളും മെസ്സേജിനും ഒക്കെ ഉണ്ടായിരുന്നു.

ആ സമയത്താണ് ഞാനറിഞ്ഞത്, ഞാൻ കോളേജിൽ എത്തിയ ദിവസം മുതൽ തന്നെ പുള്ളിക്കാരൻ എന്നെ വായിനോക്കാറുണ്ട്. പക്ഷേ ഞാൻ ശ്രദ്ധിക്കാറില്ലായിരുന്നു എന്ന് മാത്രം. പിന്നീട് ഇഷ്ടം പറഞ്ഞു കഴിഞ്ഞപ്പോൾ മനപ്പൂർവ്വം കണ്ണിനു മുന്നിലേക്ക് വന്നതാണ്.

ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി. പക്ഷേ എല്ലാകാലത്തും ദൈവം എല്ലാവർക്കും സന്തോഷം മാത്രം വിധിക്കില്ലല്ലോ. അതായിരുന്നു തങ്ങളുടെ കാര്യത്തിലും സംഭവിച്ചത്.

ഒരു ദിവസം കോളേജിലേക്ക് എത്താം എന്ന് പറഞ്ഞ മഹിയേട്ടൻ വൈകുന്നേരം ആയിട്ടും കോളേജിൽ വന്നില്ല. ഒരുപാട് തവണ വിളിച്ചു നോക്കിയെങ്കിലും വിവരമൊന്നും അറിയാൻ പറ്റിയില്ല. ഇടക്കൊക്കെ എന്നെ പറ്റിക്കാൻ വേണ്ടി പുള്ളിക്കാരൻ ഈ വക പരിപാടികളൊക്കെ ചെയ്യുന്നതുകൊണ്ട് തന്നെ പിറ്റേന്ന് കാണാം എന്നൊരു ചിന്തയിലായിരുന്നു താൻ.

അന്ന് എത്രയൊക്കെ വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും മഹിയേട്ടന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായിരുന്നില്ല.പക്ഷേ പിറ്റേന്ന് കോളേജിൽ എത്തിയ എന്നെ വരവേറ്റത് വളരെ ഭീകരമായ ഒരു വാർത്തയായിരുന്നു.

തലേന്നുണ്ടായ ഒരു ആക്സിഡന്റിൽ മഹിയേട്ടൻ മരണപ്പെട്ടു എന്ന്. കോളേജിൽ എത്തിയപ്പോൾ തന്നെ കണ്ടത് കോളേജിന്റെ കവാടത്തിൽ കെട്ടിയ കാര്യം ബാനർ ആയിരുന്നു. പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ എന്നെഴുതിയ ആ ബാനറിൽ മഹിയേട്ടന്റെ പുഞ്ചിരിക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നു.

കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ പറ്റാതെ തളർന്നു വീഴുമ്പോൾ, ഇനിയൊരിക്കലും ഒരു ചിരിയോടെ മഹിയേട്ടൻ എന്റെ അടുത്തേക്ക് വരില്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി.

അതിന്റെ ബാക്കി പത്രം ആയിരുന്നു തന്റെ മെന്റൽ ചികിത്സ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മഹിയേട്ടൻ തിരികെ വരില്ല എന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ ഒരു ഡോക്ടറിന്റെ സഹായം തേടേണ്ടി വന്നു.

അന്നൊക്കെ താങ്ങായും തണലായും കൂടെ നിന്നത് ശ്യാം ആയിരുന്നു. മഹിയേട്ടന്റെ അടുത്ത സുഹൃത്തായിരുന്നു ശ്യാം. കോളേജിൽ വച്ച് തന്നെ പരിചയപ്പെടുത്തി തന്നിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പിന്നീടുള്ള എല്ലാ കാര്യങ്ങളിലും കൂട്ടായ് നിന്നത് ശ്യാം ആയിരുന്നു.

എന്റെ വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനും എനിക്ക് നല്ലൊരു സുഹൃത്തായും സഹോദരനായും നിന്നത് അയാൾ ആയിരുന്നു. തുടർന്ന് പഠിക്കാനും നല്ലൊരു ജോലി വാങ്ങാനും എന്നെ പ്രോത്സാഹിപ്പിച്ചത് അവനായിരുന്നു. എന്റെ ജീവിതത്തിൽ അന്നുമുതൽ ഇന്നുവരെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ഞാൻ പങ്കുവയ്ക്കുന്നത് അവനോട് ആയിരുന്നു.

പക്ഷേ ഈ അടുത്തായി അവന്റെ സ്വഭാവത്തിൽ ഒരു മാറ്റം ഉള്ളത് ശ്രദ്ധിച്ചിരുന്നു. എപ്പോഴോ ഒരു തമാശ പോലെ അവൻ പറഞ്ഞിട്ടുണ്ട്, മഹിയെക്കാൾ മുന്നേ നിന്നെ കണ്ടത് ഞാനായിരുന്നു. എന്റെ മനസ്സിൽ നീ ഉണ്ടായിരുന്നു. പക്ഷേ അപ്പോഴാണ് മഹി നിന്നെ ഇഷ്ടമാണെന്ന് അറിയുന്നത്.അതോടെ ഞാൻ അതൊക്കെ മനസ്സിൽ നിന്ന് കളഞ്ഞു എന്ന്.

പക്ഷേ അതൊരു വെറും പറച്ചിലായിരുന്നു എന്ന് ഉറപ്പായി.

പക്ഷേ എനിക്ക് ഒരിക്കലും സാധിക്കില്ല ശ്യാം.. നിന്നെയെന്നല്ല ഒരാളെയും എന്റെ ജീവിതത്തിൽ മഹിയേട്ടന്റെ സ്ഥാനത്ത് കാണാൻ ഒരിക്കലും സാധിക്കില്ല. എല്ലാവരും കരുതുന്നതുപോലെ എന്നെ വിട്ടു പോയ ഒരാൾ അല്ല മഹിയേട്ടൻ.. ഇപ്പോഴും കണ്ണടച്ചാൽ എന്റെ ചുറ്റും ആ സാമീപ്യം എനിക്കറിയാം…!

ഓർത്തുകൊണ്ട് കണ്ണുകൾ മുറുകെ അടച്ച് അവൾ മഹിയുടെ സാമീപ്യത്തിനായി കൊതിച്ചു.