രചന: ജിഷ്ണു രമേശൻ
::::::::::::::::::::::::
അവളുടെ ഭർത്താവ് മരിച്ച് നാലാം ദിവസം വീടൊഴിഞ്ഞു…സ്വല്പം കനത്തിൽ കരഞ്ഞ ബന്ധുക്കൾ ആരൊക്കെയോ “വിധി” എന്നൊരു കാരണവും പറഞ്ഞ് അവിടുന്നിറങ്ങി…
‘കല്യാണം കഴിഞ്ഞ് ഏഴ് വർഷമായിട്ടും മക്കളൊന്നും ആയില്ലല്ലോ ഇനി വേറൊരു കല്യാണം കഴിക്കാം’ എന്നാരോ പറഞ്ഞപ്പോ ആ പെണ്ണ് മറുപടി ഒന്നും പറയാതെ നിന്നിരുന്നു…
‘വിധവയല്ലെ ഇനി വെള്ള സാരി പതിവ് വേണോ ‘ എന്ന് തലമൂത്ത കാർന്നോര് ചോദിച്ചപ്പോഴും അവളൊന്നും മിണ്ടിയില്ല…
മുറ്റത്തെ പന്തലഴിച്ചപ്പോ ‘ഇപ്പോഴാ ഈ വീട്ടിലൊരു വെളിച്ചം വീണതെന്ന് ‘ കുന്നായ്മ പറയണ ആ പെണ്ണിൻ്റെ വല്യമ്മ പറഞ്ഞത് കേട്ട് ഭർത്താവിൻ്റെ ചുവരിലെ ഫോട്ടോയിലേക്കൊന്ന് വെറുതെ നോക്കി…
‘അമ്പലത്തിലെ ദീപാരാധന സമയത്ത് നീ പുറത്തേക്ക് ഇറങ്ങണ്ട ‘ എന്ന് കാർന്നോര് പറയുമ്പോ ആ പെണ്ണ് വിതുമ്പി…
അല്പം വർഷം കഴിഞ്ഞപ്പോഴും ‘ വിധവ ‘ എന്ന പേരിൽ ആ പെണ്ണിൻ്റെ മെക്കട്ട് കേറിയിരുന്നു…
നാത്തൂൻ്റെ ബന്ധത്തിലോരു കല്യാണത്തിന് വസ്ത്രം കൊണ്ട് കൊടുക്കാൻ തലേന്ന് കാറിൽ കയറിയ ആ പെണ്ണിനെ ‘ ഇങ്ങോട്ടിറങ്ങാൻ ‘ പറഞ്ഞ അവസ്ഥ ഓർത്ത് അവള് നെഞ്ച് വിങ്ങി, തൊണ്ട വരണ്ടു വിതുമ്പി…വിധവകൾ അങ്ങനെയുള്ള ചടങ്ങിന് പോവില്ലത്രെ…
അയാളുടെ ഭാര്യയായിരുന്നു എന്ന ബന്ധത്തിൽ ഒരു വെളുത്ത സാരിയിൽ അവള് അവിടെ ഒതുങ്ങി…
ഒരിക്കൽ ഒരു രാവിലെ അടുക്കള പുറത്തെ മുറ്റത്ത് തീ പാളണ കണ്ടിട്ട് ചെന്നോക്കിയ കാർന്നോര് കണ്ടു വിധവയുടെ വെളുത്ത സാരി കത്തണത്…
അല്പം വൈകിയെങ്കിലും ഒരു ബാഗിൽ കുറച്ച് ഉടുപ്പുകളും, ഒരു ചൊമല സാരിയും ചുറ്റി ആ വീടിൻ്റെ പടിയിറങ്ങുമ്പോ ആ പെണ്ണ് അവിടുത്തെ ദ്രവിച്ച് പഴകിയ ആചാരം അടിച്ചേൽപ്പിച്ച അവരോട് ഒന്നേ പറഞ്ഞുള്ളൂ,
“എൻ്റെ അച്ഛനൊരു ജോലി തരപ്പെടുത്തിയിരിക്കുന്നു, ഇനി ഈ കഴുത്തിലൊരു താലിയില്ലാതെ തന്നെ ജീവിക്കാൻ വേണ്ടി പോവാ ഞാൻ…തോന്നണ പോലെ മേക്കട്ട് കേറണ നാട്ടാരും ബന്ധുക്കളും ഇനിയവിടേക്ക് വരണമെന്നില്ല…”
ഒറ്റയ്ക്ക് ജീവിക്കാൻ ധൈര്യം പാകപ്പെടാൻ സ്വല്പം കാലമെടുത്ത ആ പെണ്ണിനിത് പറയാൻ തൊണ്ട ഇടറേണ്ടി വന്നില്ല…ചുണ്ട് വിറച്ചില്ല…തല താഴ്‌ന്നില്ല..