സഹനത്തിന്റെ അടിത്തട്ടിൽ….
രചന : സജിത തോട്ടഞ്ചേരി
::::::::::::::::::::::::
“പത്ത് വർഷമായി ഞാനിവളെ സഹിക്കുകയായിരുന്നു “……….
രമേഷിൻ്റെ ആ വാക്കുകൾ രേഖയുടെ കാതുകളിൽ ആ കനത്ത ഇരുട്ടിനെ ഭേദിച്ചു പിന്നെയും തുളച്ച് കയറാൻ തുടങ്ങി.
എന്താണ് അയാൾക്ക് സഹനം എന്നു പറയാൻ മാത്രം താൻ ചെയ്തത്.
അയാളുടെ കടങ്ങളെ വീട്ടാൻ രാപകൽ ഇല്ലാതെ കൂട്ടുനിന്നതോ…… സ്വന്തം ശമ്പളം അവനവനു വേണ്ടി ഒന്നിനും ഉപയോഗിക്കാതെ അയാൾക്കും അയാളുടെ വീട്ടുകാർക്കും വേണ്ടി വിനിയോഗിച്ചതോ…….പണയം വച്ച സ്വർണ്ണം ലേലത്തിൽ പോകുമെന്ന നോട്ടീസ് വന്നപ്പോഴും കൂട്ടി വച്ചുണ്ടാക്കുന്ന ഓരോന്നും നഷ്ട്ടപ്പെടുത്തുമ്പോഴും സാരമില്ല പോയതൊക്കെ പോട്ടെ ഇനി നോക്കിയാൽ മതിയെന്നു പറഞ്ഞ് ആശ്വസിപ്പിച്ചതോ…… മ ദ്യപിച്ചു വരുമ്പോഴും നിരുത്തരവാദിത്വപരമായി പലപ്പോഴും പെരുമാറുമ്പോഴും വഴക്കടിച്ച് പിണങ്ങിയാലും പിന്നെയും സ്നേഹത്തോടെ അയാളുടെ അടുത്തേക്ക് ചെന്നതോ……
ഇതിൽ ഏതൊക്കെ ആയിരുന്നു അയാളുടെ സഹനം. എല്ലാത്തിനും ഒടുവിൽ അയാൾക്ക് വേറൊരു ബന്ധമുണ്ടെന്നും അവൾ അറിയാത്ത ഒരുപാട് കടങ്ങൾ ഉണ്ടെന്നും അറിഞ്ഞപ്പോൾ പ്രതികരിച്ചതാണോ തൻ്റെ തെറ്റ്. അവൾക്ക് ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. ഒന്നു കരയാൻ അവൾ വല്ലാതെ കൊതിച്ചു.കണ്ണുനീർ പോലും അവളോട് പിണങ്ങി കഴിഞ്ഞിരുന്നു.
ഇത്രയേറെ സഹിച്ചിട്ടും സ്നേഹിച്ചിട്ടും തനിക്ക് മാത്രം എന്തേ ഇങ്ങനെ വന്നതെന്ന് എത്ര ഓർത്തിട്ടും അവൾക്ക് മനസ്സിലായില്ല. എന്നാൽ പിറ്റേന്ന് രമേഷിൻ്റെ അമ്മയിൽ നിന്നും അവൾ അതിൻ്റെ കാരണം കണ്ടു പിടിച്ചു.
” ഭാര്യമാർ നല്ലതല്ലെങ്കിൽ ഭർത്താക്കൻമാർ വേറെ ബന്ധം തേടി പോകുമത്രേ”
സ്വന്തം മകൻ്റെ നീചമായ ആ പ്രവൃത്തിയെ ആ അമ്മ ന്യായീകരിക്കുന്നതു കണ്ടപ്പോൾ….
തനിക്ക് വേണ്ടി സംസാരിക്കേണ്ടവരെ ദൈവം നേരത്തെ വിളിച്ചതാണ് അതിൻ്റെ കാരണം.
അതെ……….തന്റെ അനാഥത്വം ആണ് എല്ലാത്തിന്റേം കാരണം…………..
അയാളോട് എതിർത്തപ്പോഴും അയാളുടെ മറുപടി അതായിരുന്നു.
” നീ ആരെ കണ്ടിട്ടാ നെഗളിക്കുന്നെ;എനിക്ക് ഇങ്ങനെയേ പറ്റുള്ളു,മിണ്ടാതെ അടങ്ങി ഒതുങ്ങി നിന്നോളണം”
സഹനത്തിൻ്റെ അവസാന കണികയും നഷ്ട്ടപ്പെട്ടപ്പോൾ സ്വന്തം കുഞ്ഞിന്റെ കയ്യും പിടിച്ച് അവൾ അവിടന്നു ഇറങ്ങി.
ഇറങ്ങി നടക്കുമ്പോൾ പിറകിൽ നിന്നും ഭീഷണി എന്നോളം അയാളുടെ വാക്കുകൾ മുഴങ്ങി.
“ആരുമില്ലാത്ത നീ എന്ത് കണ്ടിട്ടാ ഇറങ്ങുന്നെ. തെണ്ടിതിരിഞ്ഞ് നീ ഇങ്ങോട്ട് തന്നെ വരും. നോക്കിക്കോ”
അയാളെ കത്തുന്ന കണ്ണുകളോടെ തിരിഞ്ഞൊന്നു നോക്കി
അവളുടെ ആ കണ്ണുകളിൽ ഉണ്ടായിരുന്നു അയാൾക്കുള്ള മറുപടി.” ജീവിതത്തിൽ തോൽക്കാതിരിക്കാൻ എനിക്ക് തൻ്റെ ഈ വാക്കുകൾ മാത്രം മതി.”
ഒന്നും പറയാതെ ഉറച്ച കാൽവയ്പോടെ അവൾ മുന്നോട്ട് നടന്നു…….