അച്ഛൻ….
രചന : അപ്പു
::::::::::::::::::::::
വൃദ്ധ സദനത്തിൽ മധുരം വിളമ്പാൻ എത്തിയ മകളെയും മുൻഭാര്യയെയും കണ്ടപ്പോൾ വല്ലാത്തൊരു കുറ്റബോധം മനസ്സിൽ ഉടലെടുക്കുന്നത് അറിഞ്ഞു.
പക്ഷേ അവർക്ക് രണ്ടുപേർക്കും തന്നെ കണ്ടിട്ട് പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങൾ ഒന്നും തോന്നിയില്ല. അല്ലെങ്കിലും കണ്ട മാത്രയിൽ അച്ചാ എന്ന് വിളിച്ച് ഓടി വന്ന് കെട്ടിപ്പിടിക്കാനും മാത്രം നന്മയൊന്നും ഞാൻ ആ മകൾക്ക് ചെയ്തിട്ടില്ല. ഇപ്പോഴും മകളെ തനിച്ചാണ് കണ്ടിരുന്നതെങ്കിൽ തനിക്ക് മനസ്സിലാവുക പോലും ഉണ്ടായിരുന്നില്ല. അവളെ തന്റെ ഭാര്യയായിരുന്ന അവളെ കണ്ടതുകൊണ്ട് മാത്രമാണ് അത് തന്റെ മകളാണ് എന്ന് മനസ്സിലായത്.
എന്തൊരു ദുർവിധിയാണ്..!
” മധുരം കഴിക്കൂ.. ഷുഗർ ഒന്നും ഇല്ലല്ലോ അല്ലേ..? “
ലഡു അടങ്ങിയ പാത്രം മുന്നിലേക്ക് നീട്ടിപ്പിടിച്ചു കൊണ്ട് മകൾ പറയുന്നത് കേട്ടപ്പോഴാണ് ഓർമ്മകളിൽ നിന്ന് ഉണർന്നത്.അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ഒരു ലഡു കയ്യിലേക്ക് എടുത്തു.പക്ഷേ തന്നോട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ അവൾ തൊട്ടടുത്ത ആളിലേക്ക് പോയി.
മകളുടെയും ഭാര്യയുടെയും ചിരിയിലേക്ക് നോക്കുമ്പോൾ വല്ലാത്ത പശ്ചാത്താപമാണ്. കൂടുതൽ സമയം അവിടെ നിൽക്കാതെ തനിക്കായി അനുവദിച്ചു തന്ന മുറിയിലേക്ക് പോന്നു.
അനുവാദം ചോദിക്കാതെ തന്നെ ഓർമ്മകൾ തേടിയെത്തി.
ജോലിയൊക്കെ കിട്ടി ആദ്യമായി എത്തിപ്പെട്ടത് അവളുടെ നാട്ടിലേക്ക് ആയിരുന്നു. അവൾക്ക് തുണയായി ആകെ ഉണ്ടായിരുന്നത് ഒരു മുത്തശ്ശിയാണ്.വില്ലേജ് ഓഫീസിലായതു കൊണ്ടുതന്നെ എന്തോ സർവേയുടെ കാര്യവും പറഞ്ഞ് അവൾ ഓഫീസിലേക്ക് കയറിയിറങ്ങുന്നത് താൻ ശ്രദ്ധിച്ചിരുന്നു.
പിന്നീട് സ്റ്റാഫിൽ ഒരാൾ പറഞ്ഞപ്പോഴാണ് അറിഞ്ഞത്, ഇവളുടെ ബന്ധുക്കൾ തന്നെ മുത്തശ്ശിയുടെ പേരിലുള്ള സ്ഥലം പിടിച്ചെടുത്തിരിക്കുന്നു എന്ന്. പ്രമാണമനുസരിച്ചുള്ള വസ്തു ഇപ്പോഴും അവരുടെ പേരിൽ തന്നെ വേണം എന്നു പറഞ്ഞ് ഇവർ കേസിനു പോയി. അതിന്റെ ബാക്കി പത്രമായിട്ടാണ് സ്ഥലം അളക്കാം എന്നൊരു തീരുമാനത്തിലേക്ക് എത്തിയത്. വില്ലേജ് ഓഫീസിൽ നിന്ന് ആരെങ്കിലും ചെന്നാൽ മാത്രമേ സർവ്വേ നടക്കൂ. പക്ഷേ ഓഫീസിൽ നിന്ന് ആരും പോകാൻ തയ്യാറായില്ല. കാരണം മറ്റൊന്നുമല്ല, അവളുടെ ബന്ധുക്കൾ കുറച്ചു പ്രശ്നക്കാരാണ്. തല്ലാനും കൊല്ലാനും ഒന്നും ഒരു മടിയുമില്ലാത്ത കുറേ ആളുകൾ..അതുകൊണ്ടുതന്നെ ധൈര്യപൂർവ്വം അവിടേക്ക് കയറി ചെല്ലാൻ ആരും ഉണ്ടായിരുന്നില്ല.
പക്ഷേ മുത്തശ്ശിയുടെ ചികിത്സയ്ക്ക് വേണ്ടി ആ സ്ഥലം വിൽക്കണമെന്നും, അതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലായെന്നും പറഞ്ഞ് അവൾ തന്റെ മുന്നിൽ വന്നു കരഞ്ഞപ്പോൾ മനസ്സലിഞ്ഞു. അതുകൊണ്ടാണ് അവളോടൊപ്പം സർവേയ്ക്ക് വേണ്ടി പോകാൻ താൻ തയ്യാറായത്. സഹപ്രവർത്തകർ പലരും അത് വേണ്ട എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അവളുടെ കണ്ണീരിൽ താൻ മയങ്ങിപ്പോയി എന്നു പറയുന്നതാണ് സത്യം.
വിചാരിച്ചത് പോലെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതെ തന്നെ സ്ഥലം അളന്നു. അവൾ പറഞ്ഞതുപോലെ തന്നെ ഇവൾ മുത്തശ്ശിയുടെ പേരിൽ ഉണ്ടായിരുന്ന വസ്തുവകകളിൽ പലതും മുത്തശ്ശിയുടെ ബന്ധുക്കൾ തന്നെ പിടിച്ചെടുത്തു വച്ചിട്ടുണ്ടായിരുന്നു. സ്ഥലം വിൽക്കാനും അവൾ എന്റെ സഹായം തേടി. പക്ഷേ പരിചയമില്ലാത്ത ആ നാട്ടിൽ എനിക്ക് ആ ഒരു കാര്യത്തിൽ അവളെ സഹായിക്കാൻ പറ്റില്ലായിരുന്നു.
എന്റെ കടമ കഴിഞ്ഞതോടെ ഞാൻ അവിടെ നിന്ന് തിരികെ പോന്നു. പിന്നീട് ഈ ഒരു വിഷയത്തെക്കുറിച്ച് ആലോചിച്ചത് പോലും ഉണ്ടായിരുന്നില്ല.
ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷം അവൾ ഒരിക്കൽ കൂടി അവിടേക്ക് വന്നു. അന്നാണ് ശരിക്കും പറഞ്ഞാൽ അവളെ കുറിച്ച് പിന്നീട് ആലോചിക്കുന്നത്. അവളുടെ മുത്തശ്ശി മരിച്ചു പോയെന്നും സ്ഥലം വിൽക്കാൻ കഴിഞ്ഞില്ലെന്നും ഒക്കെ അവൾ അന്നാണ് പറഞ്ഞത്. ഇത്രയൊക്കെ പ്രശ്നം നടത്തി ആ സ്ഥലം കിട്ടിയിട്ടും അതുകൊണ്ട് യാതൊരു ഉപയോഗവും ഉണ്ടാകാതെ പോയി എന്ന് പറഞ്ഞ് അവൾ കരഞ്ഞു. ഇപ്പോൾ സ്ഥലം ബന്ധുക്കളുടെ പേരിൽ എഴുതി കൊടുക്കാൻ വേണ്ടി അവൾക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടാകുന്നുണ്ട് എന്ന് അവൾ പറഞ്ഞു. അതിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ വേണ്ടിയാണ് അവൾ വന്നത്.
അവളുടെ കഥകളൊക്കെ കേട്ടപ്പോൾ വല്ലാതെ സങ്കടം തോന്നി. ആരോരും തുണയില്ലാത്ത ഒരു പെൺകുട്ടി. പതിയെ പതിയെ അവൾ തന്റെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു. അവളെ ആ വീട്ടിൽ നിന്ന് ഇറക്കി വിടാനും ഉപദ്രവിക്കാനും ഒക്കെ ബന്ധുക്കൾ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം രാത്രിയിൽ അവളെ കടന്നു പിടിക്കാൻ ശ്രമിച്ചവരിൽ നിന്ന് ഓടിയൊളിക്കാൻ അവൾ തന്റെ വീട്ടിലേക്കാണ് വന്നു കയറിയത്.
അന്നുമുതൽ അക്ഷരാർത്ഥത്തിൽ താൻ അവളുടെ സംരക്ഷകൻ ആവുകയായിരുന്നു. യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ത്രീയും പുരുഷനും ഒന്നിച്ച് ഒരു വീട്ടിൽ താമസിക്കുന്നതിനെ ചോദ്യം ചെയ്യാൻ പലരും വന്നു. അവരുടെ വായടപ്പിക്കാൻ വേണ്ടിയാണ് തൊട്ടടുത്ത ഒരു ദിവസം തന്നെ ക്ഷേത്രത്തിൽ വച്ച് ഒരു താലി കെട്ടിയത്.സാവധാനം വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കാം എന്നായിരുന്നു കരുതിയത്.
ആദ്യമൊക്കെ അവൾക്ക് തന്നോട് അടുക്കാൻ മടിയായിരുന്നെങ്കിലും, പതിയെ പതിയെ അവൾ തന്നെ സ്നേഹിച്ചു തുടങ്ങി. ഒരുപക്ഷേ താൻ അവളെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ അവൾ തന്നെ സ്നേഹിച്ചിട്ടുണ്ടാവും. മാസങ്ങൾക്ക് ശേഷമാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെത്തുന്നു എന്ന സന്തോഷവാർത്ത അറിഞ്ഞത്. അന്ന് തനിക്കും അവൾക്കും ഉണ്ടായ സന്തോഷത്തിന് അതിരൊന്നും ഉണ്ടായിരുന്നില്ല.
ആരും തുണയില്ലാതെ ഗർഭകാലം കടന്നുപോകില്ല എന്ന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ എത്രയും വേഗം വീട്ടിലേക്ക് വിവരമറിയിക്കണമെന്ന് താൻ തീരുമാനിച്ചു. അതിനു വേണ്ടിയാണ് അന്ന് വീട്ടിലേക്ക് പോയത്. പക്ഷേ തീരെ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അതിനു പിന്നാലെ ഉണ്ടായത്.
വീട്ടിൽ നിന്ന് എതിർപ്പൊന്നും ഉണ്ടാകില്ല എന്നായിരുന്നു തന്റെ പ്രതീക്ഷ. പക്ഷേ അതിനെ അപ്പാടെ തെറ്റിച്ചു കൊണ്ട് അമ്മയും അച്ഛനുമൊക്കെ ഒരുപാട് എതിർത്തു. എത്ര പറഞ്ഞിട്ടും താൻ പിന്മാറില്ല എന്ന് കണ്ടതോടെ അമ്മ ആത്മഹത്യാ നാടകം പുറത്തെടുത്തു. അതിൽ താൻ പതറി പോയിരുന്നു.
അമ്മയുടെ വാശിക്ക് മുന്നിൽ അടിയറവ് പറഞ്ഞു കൊണ്ട് അമ്മയുടെ ആങ്ങളയുടെ മകളെ വിവാഹം കഴിക്കേണ്ടി വന്നു. അവളെ വിവാഹത്തിൽ നിന്ന് പിന്മാറാൻ വേണ്ടി തന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ പറഞ്ഞതാണ്. അതൊക്കെ അവൾക്കൊരു പ്രശ്നമല്ല എന്ന് പറഞ്ഞ് തന്നെ വിവാഹം കഴിക്കാൻ വേണ്ടി അവൾ ഒറ്റക്കാലിൽ തപസ്സു ചെയ്തു. പിന്നീട് എപ്പോഴോ ആണ് താൻ അറിഞ്ഞത് ചെറുപ്പം മുതൽക്ക് അവൾക്ക് തന്നെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അമ്മ വാശിപിടിച്ച് ആ വിവാഹം നടത്തിയത് എന്ന്.
അപ്പോഴൊക്കെയും എന്റെ മനസ്സിൽ ഉണ്ടായിരുന്നത് താലി ചാർത്തിയ പെണ്ണും അവളുടെ വയറ്റിലെ കുഞ്ഞുമായിരുന്നു. പക്ഷേ അവളിലേക്ക് ഞാൻ എത്തിപ്പെടാതിരിക്കാൻ വേണ്ടി എല്ലാ മാർഗങ്ങളും എന്റെ വീട്ടുകാർ തന്നെ അടച്ചിരുന്നു. എനിക്ക് നിർബന്ധമായി ആ നാട്ടിൽ നിന്ന് ട്രാൻസ്ഫർ വാങ്ങി. ഓഫീസിലെ കാര്യങ്ങൾക്ക് വേണ്ടി അവിടെയെത്തിയ ഞാൻ അവളെ കണ്ടുമുട്ടാതിരിക്കാൻ വേണ്ടി, കൂട്ടിന് ആളെ വരെ ഏർപ്പാടാക്കിയിരുന്നു.
അച്ഛനും അമ്മയും വാശിപിടിച്ചു നേടിക്കൊടുത്ത ജീവിതം കൊണ്ട് അവൾ എന്ത് നേടിയെന്ന് എനിക്കറിയില്ല. കുറെ നാളുകൾ ഞാൻ സ്നേഹിക്കാത്തതിനെ കുറിച്ച് പരാതി പറഞ്ഞു. പതിയെ പതിയെ എന്റെ സ്വഭാവത്തിനെ അവളും അംഗീകരിച്ചു തുടങ്ങി.
എപ്പോഴും അവൾക്ക് തന്നെ സ്വന്തമായി വേണമെന്ന് അവൾ വാശി പിടിക്കാൻ തുടങ്ങി. അങ്ങനെ എപ്പോഴും ആണ് അവളെ ഭാര്യയായി അംഗീകരിച്ചത്. ആ സമയം തന്റെ ആദ്യ ഭാര്യയും കുഞ്ഞുമൊക്കെ മറവിയിലേക്ക് പോയിരുന്നു. രണ്ടാമത് വിവാഹം കഴിച്ചവളിൽ രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായി.
മകൻ സന്തോഷമായി ജീവിക്കുന്നു എന്ന് കണ്ട് സംതൃപ്തിയോടെയാണ് അച്ഛനും അമ്മയും മരണത്തിന് കീഴടങ്ങിയത്. തനിക്ക് ഗവൺമെന്റ് ജോലിയുണ്ടായിരുന്നത് കൊണ്ട് തന്നെ, ജീവിതത്തിൽ യാതൊരു അല്ലലും അറിയിക്കാതെയാണ് മക്കളെ വളർത്തിയത്. അതൊരു അബദ്ധമായി പോയി എന്ന് ഇപ്പോൾ തോന്നുന്നു.
അച്ഛനിൽ നിന്നുള്ള വരുമാനം നിലച്ചു,അമ്മയും മരിച്ചതോടെ മക്കൾക്ക് താനൊരു ബാധ്യതയായി. അങ്ങനെ നടതള്ളിയതാണ് തന്നെ ഇവിടെ. മാസത്തിലൊരിക്കൽ ഒരു ചടങ്ങ് തീർക്കാനായി അവർ തന്നെ തേടി വരാറുണ്ട്.
ഇപ്പോൾ ആദ്യ ഭാര്യയെയും മകളെയും കാണുമ്പോൾ, എല്ലാതരത്തിലും വിജയിച്ച ഒരു അമ്മയായിരുന്നു അവൾ. ഭർത്താവില്ലാതെ ഈ സമൂഹത്തിന് മുന്നിൽ ഒരു കുഞ്ഞിനെ വളർത്തിയെടുക്കാൻ അവൾ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടായിരിക്കും എന്നെനിക്കറിയാം.എങ്കിലും മകളെ ഐഎഎസ്കാരിയാക്കി മാറ്റിയ അവളുടെ നിശ്ചയദാർഢ്യം അഭിനന്ദിക്കാതെ വയ്യ..!
ചിന്തകളിൽ നിന്ന് ഉണരുമ്പോൾ,ഗേറ്റ് കടന്നുപോകുന്ന വാഹനത്തിൽ ആ അമ്മയുടെ ചൂടിലേക്ക് പറ്റിച്ചേർന്നിരിക്കുകയായിരുന്നു ആ മകൾ..!